ഇന്തോനേഷ്യയില്‍ ഭൂകമ്പം; 46 മരണം; എഴുന്നൂറിലധികം പേര്‍ക്ക് പരുക്ക്

ഇന്തോനേഷ്യയില്‍ ഭൂകമ്പം; 46 മരണം; എഴുന്നൂറിലധികം പേര്‍ക്ക് പരുക്ക്
November 21 19:04 2022 Print This Article

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ജാവ ദ്വീപില്‍ ഉണ്ടായ ഭുകമ്പത്തില്‍ ശക്തമായ ഭൂചലനത്തില്‍ 46 പേര്‍ മരിച്ചു. 700ല്‍ അധികം പേര്‍ക്ക് പരുക്കേറ്റു. നരവധി കെട്ടിടങ്ങള്‍ തകര്‍ന്നുവീണു. റിക്രര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. തലസ്ഥാനമായ ജക്കാര്‍ത്ത ഉള്‍പ്പെടെ പരിസര പ്രദേശങ്ങളില്‍ ആളുകള്‍ പരിഭ്രാന്തരായി പുറത്തിറങ്ങി. കെട്ടിടങ്ങള്‍ എല്ലാം ഒഴിപ്പിച്ചിട്ടുണ്ട്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പടിഞ്ഞാറന്‍ ജാവ പ്രവിശ്യയിലെ സിയാന്‍ജൂര്‍ മേഖലയില്‍ 10 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. സാമാന്യം ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഭൂചലനത്തിന്റെ ആഘാതത്തില്‍ ഒരു ബോര്‍ഡിംഗ് സ്‌കൂള്‍, ഒരു ആശുപത്രി, മറ്റ് പൊതു സൗകര്യങ്ങള്‍ എന്നിവയുള്‍പ്പെടെ ഡസന്‍ കണക്കിന് കെട്ടിടങ്ങള്‍ തകര്‍ന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയാണ് ഭൂരിഭാഗം പേര്‍ക്കും പരുക്കേറ്റത്.

ഭൂകമ്പത്തിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്. തകര്‍ന്ന കെട്ടിടങ്ങളും അവശിഷ്ടങ്ങളും തകര്‍ന്ന കാറുകളും ഇവയില്‍ കാണാം. തുടര്‍ചലനങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ കെട്ടിടങ്ങളില്‍ നിന്ന് പുറത്തിറങ്ങാന്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്തോനേഷ്യന്‍ സര്‍ക്കാരിന്റെ ക്വിക്ക് റെസ്‌പോണ്‍സ് ടീം സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്. ഭൂകമ്പ ബാധിത പ്രദേശത്തിന് ആയിരം കിലോമീറ്റര്‍ ചുറ്റളവിലുള്ള തീരങ്ങളില്‍ അപകടകരമായ തിരമാലകള്‍ക്ക് സാദ്ധ്യതയുള്ളതായി പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു.

പസഫിക് സമുദ്രത്തിലെ റിങ്ങ് ഒഫ് ഫയര്‍ എന്നറിയപ്പെടുന്ന പ്രദേശത്താണ് ഇന്തോനേഷ്യ സ്ഥിതി ചെയ്യുന്നത്. ഇതാണ് തുടര്‍ച്ചയായി ഭൂചലനങ്ങള്‍ക്കും അഗ്‌നിപര്‍വത സ്‌ഫോടനങ്ങള്‍ക്കും ഇടയാക്കുന്നത്. 2004ല്‍ സുമാത്ര തീരത്ത് 9.1 തീവ്രതയില്‍ ഉണ്ടായ ഭൂകമ്പത്തെത്തുടര്‍ന്ന് ഉണ്ടായ ഭീകര സുനാമിയില്‍ ഇന്തോനേഷ്യയില്‍ 170,000 പേരാണ് മരിച്ചത്. ഈ സുനാമിയില്‍ മേഖലയിലുടനീളം 220,000 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 2018ല്‍ ലൊംബോക്ക് ദ്വീപിലുണ്ടായ ഭൂകമ്പത്തില്‍ ഹോളിഡേ ദ്വീപിലും സുംബാവയിലുമായി 550 കൂടുതല്‍ പേര്‍ മരിച്ചിരുന്നു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.