ഇട്ടിയച്ചന്റെ ജീവിത വഴികൾ ഒരു ജീവചരിത്രം” (നർമ്മ കഥ)

ഇട്ടിയച്ചന്റെ ജീവിത വഴികൾ ഒരു ജീവചരിത്രം” (നർമ്മ കഥ)
April 27 14:41 2018 Print This Article

“താഴത്തുംകര കുടുംബം” അമേരിക്കയിലെ അറിയപ്പെടുന്ന വീട്ടുകാരാണ്. മക്കളും, കൊച്ചുമക്കളും, ബദ്ധുക്കളും കൂടി ഏകദേശം അറുന്നുറോളം അംഗങ്ങളുള്ള ഒരു വലിയ കുടുംബം. ഡോക്റ്റേഴ്‌സ്, എൻജിനിയേഴ്സ് തുടങ്ങി സ്വന്തമായി ബിസിനസ് സാബ്രാജ്യം വരെ ഉള്ള ആൾക്കാർ താഴത്തുംകര വീട്ടിൽ നിന്നും ഉണ്ട്.

ഇന്ന്, കുടുംബത്തിലെ മൂത്ത സഹോദരനായ സക്കറിയായുടെ വീട്ടിൽ എല്ലാവരും ഒരുമിച്ച് കുടിയിരിക്കുകയാണ്. നിർണായകമായ ചില തീരുമാനങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കേണ്ടി ഇരിക്കുന്നു. തങ്ങളുടെ സംപൂജ്യനായ പിതാവ് താഴത്തുംകര  ഇട്ടിയച്ചൻ വേർപിരിഞ്ഞിട്ട് പതിനഞ്ച് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. അപ്പന്റെ ഓർമ്മയ്ക്കായി എന്നും നിലനിൽക്കുന്ന തരത്തിൽ എന്തെങ്കിലും ചെയ്യണം എന്ന സംസാരം തുടങ്ങിയിട്ട് കുറെക്കാലങ്ങളായി. നമ്മൾ അമേരിക്കക്കാരായിട്ട് അപ്പന്റെ ഓർമ്മയ്ക്കായി ഒന്നും ചെയ്തില്ലെങ്കിൽ മോശമല്ലെ? എല്ലാ വർഷവും ഓർമ്മ ദിവസം ചിക്കൻ ബിരിയാണിയും, മട്ടൻ ബിരിയാണിയും മാറി മാറി ആൾക്കാരെ തീറ്റിക്കുന്നുണ്ടെങ്കിലും അത് പോരാ. എന്തെങ്കിലും കാര്യമായി ചെയ്യണം അങ്ങനെ ഒരു തീരുമാനത്തിൽ എത്താൻ വേണ്ടിയാണ് എല്ലാവരും കൂടിയിരിക്കുന്നത്.

പല പല അഭിപ്രായങ്ങൾ പലരിൽ നിന്നും വന്നു.” അപ്പന്റെ ഒരു പൂർണ്ണകായ പ്രതിമ നിർമ്മിക്കാം” എന്ന അഭിപ്രായം പൊതുവെ പൊന്തി വന്നു. അപ്പോഴാണ് ആരോ പറഞ്ഞത് “എന്തിനാ പ്രതിമ വഴിയേ പോകുന്ന കാക്കയക്കും കിളികൾക്കും അപ്പന്റെ തലയിൽ വന്നിരുന്ന് കാഷ്ടിക്കാനോ? ” സ്വയമെ ബുദ്ധിമാനെന്ന് കരുതുന്ന ഇളയ മകനായ കുഞ്ഞച്ചൻ ഇടപെട്ട് പറഞ്ഞു “അത് കുഴപ്പമില്ല നമുക്കൊരു കുട പിടിപ്പിക്കാം, അപ്പോൾ അപ്പന് വെയിലും കെള്ളില്ല കിളികൾ കാഷ്ടം ഇടും എന്ന പേടിയും വേണ്ട അതുകൊണ്ട് പ്രതിമ മതി … പ്രതിമ ആകുംബോൾ കാലാകാലങ്ങളോളം നിലനിൽക്കുകയും ചെയ്യും വല്ലപ്പോഴും ആരെയെങ്കിലും വിട്ട് ഒന്ന് വ്യത്തിയാക്കിയാൽ മതി”. എല്ലാവർക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്രം നൽകിക്കൊണ്ട് കാർന്നോരായ സക്കറിയാ സഹോദരൻ മിണ്ടാതെ ഇരുന്നു.

ചേട്ടനൊന്നും മിണ്ടാതെ ഇരിക്കുന്നത് കണ്ട്, പണ്ട് സ്കൂളിൽ കുട്ടികൾ സൈൻതീറ്റ, കോസ് തീറ്റ പഠിപ്പിക്കുംബോൾ കണക്ക് മാഷിന്റെ വായിലേക്ക് നോക്കി ഇരിക്കുന്നതു പോലെ എല്ലാവരും സക്കറിയാ സഹോദരന്റെ മുഖത്തേയ്ക്ക് നോക്കി ഇരുന്നു. ഒരു തത്വജ്ഞാനിയെപ്പോലെ എല്ലാവരെയും ഒന്നു നോക്കിയ ശേഷം സഹോദരൻ സക്കറിയാ തന്റെ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റു. ചേട്ടൻ എഴുന്നേൽക്കുന്നതു കണ്ട് ബാക്കി എല്ലാവരും എഴുന്നേൽക്കണോ വേണ്ടയോ എന്ന് ശങ്കിച്ച് ഇരിപ്പിടത്തിൽ നിന്ന് പകുതി പൊങ്ങി, എല്ലാരും ഇരുന്നോളു എന്ന് കൈയ്യാൽ ആഗ്യം കാണിച്ച് സക്കറിയാ മുഖത്ത് അല്പം കൂടെ ഗൗരവം വരുത്തി.

“നമ്മുടെ അപ്പന് സ്മാരകം വേണം പക്ഷേ അത് പ്രതിമ ഒന്നും പോരാ നമ്മുടെ എല്ലാം കാലം കഴിഞ്ഞാലും ഭൂമി ഉള്ള കാലത്തോളം അപ്പന്റെ ഓർമ്മ നിലനിൽക്കണം. അതിന് എന്ത് ചെയ്യാൻ കഴിയും എന്ന് ആലോചിക്ക്”. താഴത്തുംകര കുടുംബം മുഴുവനും തലകുത്തി ആലോചിക്കാൻ തുടങ്ങി. ഒടുവിൽ സക്കറിയയയുടെ തലയിൽ തന്നെ ഒരു ഉഗ്രൻ ആശയം ഉരുത്തിരിഞ്ഞു. ” അപ്പന്റെ ജീവചരിത്രം എഴുതുക” ആദ്യം എല്ലാവരും ഒന്ന് ഞെട്ടിയെങ്കിലും പറഞ്ഞത് സക്കറിയാ സഹോദരനായതുകെണ്ട് അതിലെന്തെങ്കിലും കാര്യം കാണും എന്ന് എല്ലാവർക്കും തോന്നി. സക്കറിയാ സഹോദരൻ കാര്യങ്ങൾ വിശദീകരിച്ചു. കാശ് കുറച്ച് ചിലവാകും എങ്കിലും ഭാവിയിൽ കേരള യൂണിവേഴ്സിറ്റിയോ, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയോ അപ്പന്റെ ജീവചരിത്രം ഒരു സിലബസ് ആയി തിരഞ്ഞെടുത്താൽ അതിലൂടെ നമ്മൾ എല്ലാവരും ലോകാവസാനത്തോളം ജീവിക്കും. സക്കറിയാച്ചന്റെ കാഞ്ഞ ബുദ്ധിയിൽ കുടുംബാഗംങ്ങൾ കോൾമയിർ കൊണ്ടു. പക്ഷേ ആരെഴുതും? എല്ലാവരും പരസ്പരം നോക്കി. ഒടുവിൽ നോട്ടം സക്കറിയായിൽ തന്നെ എത്തിനിന്നു. “എനിക്കറിയാവുന്ന ഒരാളുണ്ട് നാട്ടിൽ, പേര് ….റ്റോംകുട്ടി സി.കെ…. കാശു കൊടുത്താൽ അപ്പന്റെ അല്ല നമുക്കിനി ജനിക്കാൻ പോകുന്ന കുഞ്ഞിന്റെ വരെ ചരിത്രം കക്ഷി എഴുതി തരും. ”

ഇനി കുറച്ച് ഫ്ലാഷ്ബാക്കിലേക്ക് പോകാം. ഇത് തുവിലഞ്ഞി ഗ്രാമം, സ്വാതന്ത്രസമരത്തിന് ശേഷം പത്ത് പതിനഞ്ച് വർഷം പിന്നിട്ടിട്ടുണ്ടാവും. ദേശത്ത് എങ്ങും മാറ്റത്തിന്റെ കാറ്റ് വീശിക്കൊണ്ടിരിക്കുന്നു. ക്യസ്തുമത വിശ്വാസത്തിന് പുതിയ മാനങ്ങൾ കൈവരികയും, സുവിശേഷ പ്രഘോഷണത്തിനായും ബൈബിൾ പഠനത്തിനായും അനേകം ആളുകൾ യൂറോപ്പിലേയ്ക്കും വിശേഷാൽ അമേരിക്കയിലേയ്ക്കും കുടിയേറുകയും ചെയ്യുന്നു. സായിപ്പുംമാർ ഇന്ത്യയിൽ പ്രത്യേകിച്ച് കേരളത്തിൽ വരികയും പാവപ്പെട്ട പുറജാതിക്കാരായ ആൾക്കാരെ കൃസ്തുമതത്തിലേയ്ക്ക് പരിവർത്തനം നടത്തുകയും ചെയ്യുന്ന കാലത്ത്, താഴത്തുംകര വീട്ടിലെ പിള്ളേച്ചനും കുടുംബവും സായിപ്പുംമാരുടെ കൈയിലെ പൂത്ത പണത്തിലും, ഇംഗ്ലീഷും മലയാളവും കലർന്ന അവരുടെ ഭാഷയിലും മതിമറന്ന് കൃസ്തുമതം സ്വീകരിച്ച് സുവിശേഷവേലക്കായി ഇറങ്ങിത്തിരിച്ചു.

അങ്ങനെ താഴത്തുംകര വീട്ടിലെ പിള്ളേച്ചൻ പേര് മാറ്റി താഴത്തുംകര ഇട്ടിയച്ചൻ എന്ന പേര് സ്വീകരിച്ചു. കുനിഷ്ടുബുദ്ധി കൂടുതൽ ഉള്ള ഇട്ടിയച്ചൻ സായിപ്പുംമാരുമായി പെട്ടെന്ന് സൗഹൃദത്തിലാവുകയും കൂട്ടത്തിലുണ്ടായിരുന്ന ഒരു മദാമ്മ പാസ്റ്ററെ പാട്ടിലാക്കി സൂത്രത്തിൽ ബൈബിൾ പഠിക്കാനെന്ന വ്യാജേന അമേരിക്കയിൽ എത്തിച്ചേരുകയും ചെയ്തു. അമേരിക്കയിലേയ്ക്ക് പോരുന്ന സമയത്ത് ചക്കയുടെ കാലമായിരുന്നതിനാൽ കുറെ ഏറെ ചക്കക്കുരു കൂടെ കൈയ്യിൽ എടുക്കാൻ ഇട്ടിയച്ചൻ മറന്നില്ല. ചക്കക്കുരു പൊതിയുന്ന സമയത്താണ് ഇട്ടിയച്ചൻ ഓർത്തത് ശ്ശെടാ കഴിഞ്ഞ വർഷം വാട്ടി ഉണക്കിയ കപ്പ ഇരുപ്പുണ്ടല്ലോ അതും കൂടെ കുറച്ച് എടുത്തേയക്കാം. വളരെ കഷ്ടപ്പെട്ട് പത്തായം തുറന്ന് നോക്കുംമ്പോൾ ഇട്ടിയച്ചന്റെ നെഞ്ചകം തകർക്കുന്ന കാഴ്ച്ച; ഉണക്ക കപ്പ മുഴുവൻ ചെറിയ ചെറിയ പ്രാണികൾ. മനസില്ലാ മനസോടെ ഉണക്കക്കപ്പ ഉപേക്ഷിച്ച് ചക്കക്കുരു ഒരു “കായ” സഞ്ചിയിൽ പൊതിഞ്ഞ് എടുത്തു.

ഇട്ടിയച്ചനെ യാത്രയാക്കാൻ എത്തിയവർ ചോദിച്ചു “എന്തിനാ പിള്ളേച്ചാ…അല്ല ഇട്ടിയച്ചാ ഈ ചക്കക്കുരു”. ഇട്ടിയച്ചൻ എന്ന പിള്ളേച്ചൻ മറുപടി പറഞ്ഞു “ഒരു വഴിക്ക് പോകുന്നതല്ലെ ഇരിക്കട്ട്… തന്നെമല്ല ചക്കയും ചക്കക്കുരുവും ഒരിക്കലും ചതിക്കില്ല എന്നാ കാർന്നോമാര് പറയാറ്” പിന്നെ കൂടുതലൊന്നും ആരും ചോദിക്കാൻ മുതിർന്നില്ല. ചക്കക്കുരു പൊതിഞ്ഞ സഞ്ചിയും മറ്റു സാമാനങ്ങളുമായി ഇട്ടിയച്ചൻ വിമാനം കയറി അമേരിക്കയിലെത്തി.

അങ്ങനെ അബത് വയസുള്ള ഇട്ടിയച്ചൻ സ്റ്റുഡൻസ് വിസയിൽ അമേരിക്കയിൽ ചെന്ന് ബൈബിൾ പഠിക്കാൻ തുടങ്ങി. നാട്ടിൽ സ്കുളിന്റെ പടി പോലും കണ്ടിട്ടില്ലാത്ത ഇട്ടിയച്ചൻ, പഠിക്കാൻ വിട്ട കാലത്ത് പഠിപ്പിച്ച ടീച്ചറിനെ തെറിയും പറഞ്ഞ് പാഠപുസ്തകം വലിച്ചെറിഞ്ഞ് എന്നന്നേയ്ക്കുമായി പഠനം ഉപേക്ഷിച്ച ഇട്ടിയച്ചൻ ഒരു കൊച്ചു കുട്ടിയെപ്പോലെ രാവിലെ എഴുന്നേറ്റ് പതിവില്ലാതെ കുളിച്ച് കോട്ടും ടൈയും കെട്ടി ഒരു നാടൻ സായിപ്പായി. ഒരുങ്ങിയിട്ടും ഒരുങ്ങിയിട്ടും മതിവരാതെ കണ്ണാടിയുടെ മുൻപിൽ നിന്നു. മനസിലൂടെ പല പല ചിന്തകൾ കയറി ഇറങ്ങി. നിക്കറും ബനിയനും മാത്രം ധരിച്ച സുന്ദരികളായ മാദാമ്മ പെണ്ണുങ്ങളോടൊപ്പം ഒരേ ബഞ്ചിൽ ഇരുന്ന് പഠിക്കുന്നതോർത്ത് ഇട്ടിയച്ചന്റെ മനസിൽ ലഡു പൊട്ടി.

ആദ്യ ദിവസം ക്ലാസിലേയ്ക്ക് കയറിയ ഇട്ടിയച്ചൻ തന്റെ കൂടെ പഠിക്കാൻ വന്നവരെ കണ്ട് ഇടി വെട്ടേറ്റതുപോലെ നിന്നു പോയി.ലോകത്തിന്റെ നാനാഭാഗത്ത് നിന്നും തന്നെ പോലെ അമേരിക്കൻ മോഹവുമായി വന്നിരിക്കുന്ന കുറെ ആണുങ്ങൾ മാത്രം. മരുന്നിന് പോലും ഒറ്റപെണ്ണില്ല. ആകെ നിരാശനായ ഇട്ടിയച്ചൻ പഠനം ഉപേക്ഷിച്ച് മടങ്ങിയാലോ എന്നു പോലും ചിന്തിച്ചു. ക്ലാസിൽ കയറി പരസ്പരം കൈ കൊടുത്ത് ഹലോ പറഞ്ഞ് കസേരയിൽ ഇരുപ്പുറപ്പിച്ചു.അദ്യാപകർ ഓരോരുത്തരായി വന്ന് ക്ലാസ് എടുത്തു തുടങ്ങി. ഒന്നും മനസിലാകാതെ ഇട്ടിയച്ചൻ അന്തം വിട്ട് കുന്തം വിഴുങ്ങിയതു പോലെ കുത്തി ഇരുന്നു. അദ്യാപകൻ പേരു ചോദിച്ചപ്പോൾ “ഇട്ടിയച്ചൻ ഫ്രം ഇന്ത്യ”എന്ന് മറ്റുള്ളവർ പറയുന്നത് കേട്ട് ഒരുവിധം പറഞ്ഞൊപ്പിച്ചു.”സൗണ്ട്സ് ഗുഡ്”എന്ന് വാദ്യാർ തിരിച്ചു പറഞ്ഞപ്പോൾ തന്റെ ശബ്ദത്തിൽ ആദ്യമായി ഇട്ടിയച്ചന് അഭിമാനം തോന്നി. ഇതാ ഒരു സായിപ്പ് തന്റെ ശബ്ദം കൊള്ളാം എന്ന് പറഞ്ഞിരിക്കുന്നു.

ആദ്യമൊക്കെ പെണ്ണുങ്ങൾ പഠിക്കാനില്ലാത്തതിന്റെ പ്രയാസം ഇട്ടിയച്ചന് ഉണ്ടായെങ്കിലും സാഹചര്യവുമായി പെട്ടെന്ന് തന്നെ പൊരുത്തപ്പെട്ടു. ചെറിയ ചെറിയ ജോലികളും ബൈബിൾ പഠിത്തവും ഒരുമിച്ച് കൊണ്ടു പോകെ തന്നെ നാട്ടിൽ നിന്നും സ്വന്തം കുടുംബത്തെ കൂടെ അമേരിക്കയിലേയ്ക്ക് കൊണ്ടുവരാനുള്ള ശ്രമവും ആരംഭിച്ചു. എംബസിയിൽ സായിപ്പിനെ കാണാൻ പോകവെ കൈയ്യിൽ കുറെ ചക്കക്കുരു കൂടെ ഇട്ടിയച്ചൻ കരുതി. കടല് കടന്ന് എത്തിയതുകൊണ്ടോ അതോ കാലാവസ്ഥ പിടിക്കാഞ്ഞോ ഇട്ടിയച്ചൻ കൊണ്ടുവന്ന ചക്കക്കുരു നല്ല പാറ പോലെ ഉറച്ച് കട്ടിയായി. സായിപ്പിന്റെ മുൻപിൽ കരഞ്ഞ് കാലുപിടിക്കവെ കൈയ്യിൽ കരുതിയ ചക്കക്കുരു സായിപ്പിനെ കാണിക്കുകയും തന്റെ വീട്ടുകാർ വളരെ കഷ്ടത്തിൽ ആണെന്നും അവര് കഴിക്കുന്നത് ഇതാണെന്നും മറ്റും പറഞ്ഞ് സായിപ്പിന്റെ മനസ് അലിയിപ്പിച്ച് വീട്ടുകാരെ മുഴുവൻ ഇട്ടിയച്ചൻ അമേരിക്കയിൽ എത്തിച്ചു. അങ്ങനെ ചക്കയും ചക്കക്കുരുവും ചതിക്കില്ല എന്ന ഇട്ടിയച്ചന്റെ വിശ്വാസം ഫലം കണ്ടു. ഇട്ടിയച്ചൻ ചക്കക്കുരു കാണിച്ച് സായിപ്പിനെ മയക്കിയാണ് വീട്ടുകാരെ അമേരിക്കയിൽ കൊണ്ടുവന്നത് എന്നൊരു ദുഷ് പ്രചരണം ചില തൽപ്പരകക്ഷികൾ നടത്തുന്നുണ്ടെങ്കിലും ഇട്ടിയച്ചൻ അത് കാര്യമാക്കായില്ല.

ഉള്ളതോ എന്തോ അതിന് ശേഷം ഇന്ത്യയിൽ നിന്ന് ഒരു നാണ്യ മണികളും കൊണ്ടുവരാൻ അമേരിക്കൻ എംബസി സമ്മതിച്ചിട്ടില്ല. അങ്ങനെ നാട്ടിൽ പശുവിനെ കറന്നും കാളെ തീറ്റിയും നടന്ന തന്റെ വീട്ടുകാരെ മുഴുവൻ ഇട്ടിയച്ചൻ അമേരിക്കയിലാക്കി. ഇട്ടിയച്ചനെ വീട്ടുകാർ ദൈവത്തെപ്പോലെ കണ്ടു. മൂന്ന് നാല് കൊല്ലം മുൻപ് അമേരിക്കയിലേയ്ക്ക് പോയ ഇട്ടിയച്ചനല്ല ഇപ്പോൾ, ആളാകെ മാറിയിരിക്കുന്നു. കുടവയറിന് മുകളിലൂടെ താഴെയ്ക്ക് തൂങ്ങിക്കിടക്കുന്ന ടൈയും സ്വർണ്ണ നിറത്തിലുള്ള കണ്ണടയും ചറപറഎന്നുള്ള ഇംഗ്ലീഷ് പറച്ചിലും എല്ലാം കൂടെ ഇട്ടിയച്ചന് ദൈവീക പരിവേഷം ലഭിച്ചു. മക്കളെയും ബദ്ധുക്കളെയും അമേരിക്കയിലാക്കി ഇട്ടിയച്ചൻ ഭാര്യാസമേതം നാട്ടീൽ പോയി അവിടെ അദ്ധ്യശ്വാസം പ്രാപിച്ചു.

താനൊരു വലിയ സംഭവം ആണെന്ന് സ്വയം വിശ്വസിച്ചും നാട്ടുകാരെ കൊണ്ട് വിശ്വസിപ്പിക്കാൻ പെടാപാട് പെടുകയും ചെയ്യുന്ന ഒരു തൂലിക ഉന്തലുകാരനാണ് റ്റോംകുട്ടി. പ്രമുഖരായ എഴുത്തുകാരുടെ പുസ്തകങ്ങൾ തപ്പിപ്പിടിച്ച് എല്ലാറ്റിൽ നിന്നും കുറെശ്ശെ ചുരണ്ടി ഒന്ന് രണ്ട് പുസ്തകങ്ങളും സ്വന്തം ചിലവിൽ ഇറക്കിയിട്ടുമുണ്ട്. തുവിലഞ്ഞി ഗ്രാമത്തിന്റെ അഭിമാനമാണ് താനെന്നാണ് കക്ഷിയുടെ വെപ്പ്.  വല്ലപ്പോഴും നാട്ടിൽ ചെല്ലുന്ന സക്കറിയായെ തന്റെ സാഹിത്യത്തിലുള്ള അഭിരുചികൾ പറഞ്ഞ് വിശ്വസിപ്പിക്കുന്നതിൽ റ്റോംകുട്ടീ വിജയിച്ചു. അതുകൊണ്ടാണ് മറ്റൊന്നും ആലോചിക്കാതെ സക്കറിയാ സഹോദരൻ റ്റോംകുട്ടി സി.കെ എന്ന റ്റോംകുട്ടിയെ ഇട്ടിച്ചന്റെ ആത്മകഥ എഴുതാൻ തിരഞ്ഞെടുത്തത്.

സക്കറിയാ തുടർന്നു ” ഒരു കാര്യം ഉണ്ട് നല്ല കാശാകും” ബിസിനസ്സ് കാരനായ അനിയൻ നല്ലൊരു തുക ഓഫർ ചെയ്തു. ഒറ്റ നിർബന്ധം തന്റെ പേരും അപ്പന്റെ ജീവചരിത്രത്തിൽ വരണം. കൊച്ചുമകനായ സാംപി ഇട്ടിച്ചൻ കൈ പൊക്കി എഴുന്നേറ്റ് നിന്നു. (ഉള്ള കൊച്ചുമക്കളിൽ നല്ലൊരു വാഗ്മിയും, എഴുത്തുകാരനും ബൈബിൾ കോളെജിൽ പഠിക്കാനായി പോവുകയും ചെയ്തിട്ടുള്ള കക്ഷിയാണ് സാംപ് .) “നിങ്ങൾക്ക് അറിയാവുന്നതു പോലെ എനിക്ക് മലയാളത്തിൽ എഴുതാൻ വശമില്ല എഴുതി കിട്ടിയാൽ ഞാനത് ഇംഗ്ലീഷിലേയ്ക്ക് പരിഭാഷപ്പെടുത്തിക്കോളാം. മത്രമല്ല എനിക്കറിയാവുന്ന ചില പ്രഫസറുമാർ ഇവിടെ ഉണ്ട് അവരോട് സംസാരിച്ച് ഞാനിത് ഇവിടുത്തെ യൂണിവേഴ്സിറ്റിയിലെ സിലബസ് ആക്കാൻ പറ്റുമോ എന്ന് ശ്രമിക്കാം. അങ്ങനെ എങ്കിൽ ഇത്യയിലെയും അമേരിക്കയിലെയും യൂണിവേഴ്സിറ്റികളിൽ ഇട്ടിയച്ചന്റെ (കൂട്ടത്തിൽ നമ്മുടെയും) ജീവചരിത്രം കുട്ടികൾ പഠിക്കും.

എല്ലാവർക്കും പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം. അമേരിക്കയിൽ വന്നതിന് ശേഷം ചക്കക്കുരു തിന്നാൻ പോലും ഫോർക്ക് അന്വേഷിക്കുന്ന ഇട്ടിയച്ചന്റെ മക്കളും കൊച്ചുമക്കളും ആ സന്തോഷ തള്ളിച്ചയിൽ നല്ലൊരു തുക ഓഫർ ചെയ്ത് പിരിച്ചു. പിരിഞ്ഞ് കിട്ടിയ ഭീമമായ തുകയുമായി സക്കറിയാ ജീവചരിത്ര എഴുത്തുകാരനായ റ്റോംകുട്ടിയെ തപ്പി ഇന്ത്യയിലേയ്ക്ക് വിമാനം കയറി.

താഴത്തും കര വീട്ടുകാർക്കൊപ്പം നമുക്കും കാത്തിരിക്കാം പുതിയ ഒരു യുണിവേഴ്സിറ്റി സിലബസിനു വേണ്ടി…. ‘ഇട്ടിയച്ചന്റെ ജീവിത വഴികൾ… ഒരു ജീവപ്രരിത്രം’ …….

വാൽക്കഷ്ണം : ഈ കഥ തികച്ചും എന്റെ ഭാവനയിൽ നിന്നും എഴുതിയതാണ്. ജീവിച്ചിരിക്കുന്നവരുമായോ, മരിച്ചുപോയവരുമായോ ഇതിലെ കഥാപാത്രങ്ങൾക്ക് സാമ്യം തോന്നുന്നെങ്കിൽ ഞാനതിന് ഉത്തരവാദി ആയിരിക്കില്ല. ഇതിന്റെ പേരിൽ ആരും എന്റെ നെഞ്ചത്ത് കേറാൻ വന്നേക്കരുത്. വായിക്കുക ആസ്വദിക്കുക…. നന്ദി….

         റോബിൻ കൈതപറമ്പ്

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.