തിരുവനന്തപുരം: നാല് പാര്‍ട്ടികളെ കൂടി ഉള്‍പ്പെടുത്തി മുന്നണി വിപുലീകരിക്കാന്‍ ഇടതു മുന്നണി യോഗം തീരുമാനിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് എല്‍ഡിഎഫ് നിര്‍ണായക നീക്കം നടത്തിയിരിക്കുന്നത്.
എം.പി.വീരേന്ദ്രകുമാറിന്റെ പാര്‍ട്ടിയായ ലോക് താന്ത്രിക് ജനതാദള്‍, കേരള കോണ്‍ഗ്രസ്-ബി, ജനാധിപത്യ കേരള കോണ്‍ഗ്രസ്, ഐഎന്‍എല്‍ എന്നീ കക്ഷികളെയാണ് മുന്നണിയുടെ ഭാഗമാക്കിയത്. അടുത്ത യോഗം മുതല്‍ ഇടതു മുന്നണി യോഗത്തില്‍ ഈ പാര്‍ട്ടികളുടെ പ്രതിനിധികളും പങ്കെടുക്കും.
25 വര്‍ഷത്തോളമായി എല്‍ഡിഎഫുമായി സഹകരിക്കുന്ന പാര്‍ട്ടിയാണ് ഐഎന്‍എല്‍. നിരവധി തവണ മുന്നണി പ്രവേശനം എന്ന ആവശ്യം അവര്‍ മുന്നോട്ടുവച്ചിരുന്നെങ്കിലും നീണ്ടു പോവുകയായിരുന്നു. ഇടയ്ക്ക് എന്‍സിപിയുമായി ലയിച്ച് കേരള കോണ്‍ഗ്രസ്-ബി മുന്നണിയുടെ ഭാഗമാകുമെന്ന് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും ചര്‍ച്ചകള്‍ വിജയിച്ചില്ല. ഇതിനിടെയാണ് ബാലകൃഷ്ണപിള്ളയുടെ പാര്‍ട്ടിയെ എല്‍ഡിഎഫ് സ്വീകരിച്ചത്.
കേരള കോണ്‍ഗ്രസ്-എമ്മുമായി പിണങ്ങിയിറങ്ങിയ ജോസഫ് വിഭാഗം നേതാക്കള്‍ രൂപീകരിച്ച പാര്‍ട്ടിയാണ് ജനാധിപത്യ കേരള കോണ്‍ഗ്രസ്. ഫ്രാന്‍സിസ് ജോര്‍ജ് ചെയര്‍മാനായ പാര്‍ട്ടിക്ക് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നാല് സീറ്റുകള്‍ എല്‍ഡിഎഫ് നല്‍കിയെങ്കിലും ഒരിടത്തും കച്ചിയടിച്ചിരുന്നില്ല. കേരള കോണ്‍ഗ്രസ്-ബിയുമായി ജനാധിപത്യ കേരള കോണ്‍ഗ്രസും ഒരുവട്ടം ലയന ചര്‍ച്ച നടത്തിയിരുന്നു. ഇതും മുന്നോട്ടുപോയില്ല. അതിനിടെയാണ് ഇടതുമുന്നണി പ്രവേശനം സാധ്യമായത്.
2009-ല്‍ വടകര ലോക്സഭാ സീറ്റിന്റെ പേരില്‍ സിപിഎമ്മുമായി പിണങ്ങി മുന്നണിവിട്ട വീരേന്ദ്രകുമാര്‍ ലോക്താന്ത്രിക് ജനതാദള്‍ എന്ന പാര്‍ട്ടിയുമായാണ് മുന്നണിയില്‍ തിരിച്ചെത്തുന്നത്. മുന്നണി വിട്ടതോടെ പാര്‍ട്ടി പിളരുകയും ചെയ്തു. മുന്നണി വിട്ടതോടെ വീരേന്ദ്രകുമാര്‍ വിഭാഗം എച്ച്.ഡി.ദേവഗൗഡയുടെ പാര്‍ട്ടിയായ ജെഡിഎസില്‍ നിന്നും പിരിഞ്ഞ് നിതീഷ് കുമാറിന്റെ പാര്‍ട്ടിയായ ജെഡി-യുവില്‍ ചേര്‍ന്നു.
പിന്നീട് നിതീഷ് എന്‍ഡിഎയുമായി സഹകരിക്കാന്‍ തീരുമാനിച്ചതോടെ ശരത് യാദവ് പാര്‍ട്ടി പിളര്‍ത്തി ലോക്താന്ത്രിക് ജനതാദള്‍ രൂപികരിച്ചപ്പോള്‍ കേരളത്തിലെ വീരേന്ദ്രകുമാര്‍ വിഭാഗവും ഒപ്പം പോയി.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.