ആ ചോദ്യത്തിന്റെ ഉത്തരം

ആ ചോദ്യത്തിന്റെ ഉത്തരം
September 27 15:26 2017 Print This Article

നിങ്ങൾ ദൈവത്തെ കണ്ടിട്ടുണ്ടോ ? ദൈവം നിങ്ങളോട് എപ്പോഴെങ്കിലും സംസാരിച്ചിട്ടുണ്ടോ ? ചോദിക്കട്ടെ, എന്നെങ്കിലും ദൈവത്തെ തൊട്ടു നോക്കിയിട്ടുണ്ടോ ? ഇങ്ങനെയൊക്കെ ചോദിച്ചാൽ എന്താകും നിങ്ങളുടെ ഉത്തരം ?

തേൻകട്ടക്ക് എന്ത് രുചിയാണുള്ളത് ? പഞ്ചസാരക്കോ ? മധുരമെന്നല്ലേ മറുപടി ? അപ്പോൾ മധുരത്തെ നമ്മൾ കണ്ടിട്ടുണ്ടോ എന്നു ചോദിച്ചാൽ ? ഒരിക്കലും മധുരത്തെയും കയ്പിനെയും വിശപ്പിനെയും തണുപ്പിനെയും ഒന്നും നാം കണ്ടിട്ടില്ല. എങ്കിലും ഇതെല്ലാം ഉണ്ടെന്ന് വിശ്വസിക്കുന്നു. ഒരാൾ ചൂടിനെ കണ്ടിട്ടില്ല എന്നു പറഞ്ഞ് തീയിൽ കയ്യിട്ടാൽ എന്താകും സ്ഥിതി ?

മറക്കേണ്ട, ലോക ജനസംഖ്യയിൽ നല്ലൊരു ശതമാനവും ദൈവവിശ്വാസികളാണ്. ചിലർ ഏക ദൈവ വിശ്വാസികളെങ്കിൽ മറ്റുള്ളവർ ബഹുദൈവ വിശ്വാസികൾ ! അപ്പോൾ നിരിശ്വരവാദികൾ ചോദിക്കും – ബഹുഭൂരിപക്ഷം പേർ തെറ്റായ വഴിയിൽ നടക്കുന്നു എന്നു കരുതി ഞങ്ങളും? അവരുടെ അഭിപ്രായത്തിൽ മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്. എങ്ങനെ തെറ്റുപറയാനാവും ? ഇന്ന് ലോകത്തിലുള്ള എല്ലാ പ്രസ്ഥാനങ്ങളും ഒന്നല്ലെങ്കിൽ മറ്റൊരു രീതിയിൽ മനുഷ്യനെ ചൂഷണം ചെയ്യുകയല്ലേ ? അതു കണ്ട് സാധാരണക്കാരൻ ഇതിനെ കറുപ്പ് എന്നു വിളിച്ചില്ലെങ്കിൽ മാത്രമല്ലേ അതിശയമുള്ളൂ ?

എങ്കിലും ചോദ്യം ഇവിടെ തുടരുകയാണ്- ദൈവമുണ്ടെങ്കിൽ എവിടെ ? എങ്ങനെ കണ്ടെത്തനാകും? ദൈവത്തെ അന്വേഷിച്ചിറങ്ങിയ അനേകരെ നമുക്കറിയാം . അവരിൽ പലരും ചെന്നെത്തിയത് എവിടെയാണെന്നും ചരിത്രം പഠിപ്പിക്കുന്നുണ്ട്. നമ്മിൽ നിന്നും ചുറ്റുപാടിൽ നിന്നും അനുഭവങ്ങളിൽ നിന്നും ദൈവത്തെ കണ്ടെത്താനാകുമെന്നാണ് ഇന്ന് പറയാൻ ആഗ്രഹിക്കുന്നത്. നോക്കുക! ഈ പ്രപഞ്ചത്തെ, സമൂഹത്തെ, നമ്മെ നോക്കുമ്പോൾ എന്താണ് മനസിലാകുന്നത് ? വചനം പറയുന്നു – ആകാശവും ഭൂമിയും അവന്റെ കൈവേലയെ പ്രസിദ്ധമാക്കുന്നു .

ഒരിക്കൽ ഒരു വ്യക്തി ദൈവത്തെ കണ്ടുമുട്ടാൻ തീരുമാനിച്ചു. അയാൾ മനസിൽ യാചിച്ചു: “ദൈവമേ എന്നോട് സംസാരിക്കേണമേ” അപ്പോൾ വാനമ്പാടി ഉച്ചത്തിൽ ചിലെച്ചു. അയാൾ അത് കേട്ടതേയില്ല.
വീണ്ടും അയാൾ നിലവിളിച്ചു: “ദൈവമേ എന്നോട് .. എന്നോട്…” അപ്പോൾ അകാശത്ത് വലിയ ഇടിമുഴക്കം ഉണ്ടായി. അയാൾ അത് ഗൗനിച്ചതേയില്ല.

പ്രാർത്ഥന തുടർന്നു: “ദൈവമേ എനിക്ക് നിന്നെ കാണണം” ആകാശത്ത് ഒരു നക്ഷത്രം മിന്നിത്തിളങ്ങി. അതിന്റെ സൗന്ദര്യം ആരെയും ആകർഷിക്കുന്നതായിരുന്നു. പക്ഷേ അയാൾ അതും കണ്ടില്ല. അയാൾ അലറുകയായിരുന്നു: “ദൈവമേ എനിക്ക് ഈ ക്ഷണം ഒരു അദ്ഭുതം കാണണം. “അപ്പോൾ തൊട്ടടുത്ത ആശുപത്രിയിൽ ഒരു കുഞ്ഞ് ജനിച്ചു. അതിന്റ കരച്ചിൽ എങ്ങും മുഴങ്ങി. അത് ഒരു അദ്ഭുതമായി അയാൾക്ക് തോന്നിയില്ല.”ദൈവമേ ഈ സ്ഥലത്ത് നീ ഉണ്ടോ ? എനിക്ക് നിന്നെ ഒന്നു തൊട്ടു നോക്കണം ” സ്വർഗ്ഗം തുറന്നു . ഒരു പൂമ്പാറ്റ അയാളെ തലോടി. ആ മനുഷ്യൻ പൂമ്പാറ്റയെ ഞെരിച്ച മർത്തി മുമ്പോട്ട് നടന്നു കൊണ്ട് പറഞ്ഞു: ” ദൈവമേ നീ എന്നെ സഹായിച്ചേ പറ്റൂ” ആ നിമിഷം അയാളുടെ മൊബൈലിൽ ഒരു സന്ദേശം വന്നു. അയാളെ പ്രൊത്സാഹിപ്പിക്കുന്ന ഏറ്റവും നല്ല ഒരു സന്തോഷ വാർത്തയായിരുന്നു അത്. എന്താണെന്നു പോലും നോക്കാതെ ഡിലിറ്റ് ചെയ്തതിനു ശേഷം അയാൾ കരഞ്ഞുകൊണ്ടെയിരുന്നു – “ദൈവമേ… ”

നോക്കൂ, വിവിധ നിലകളിൽ ദൈവം ആ മനുഷ്യനോട് ഇടപെടാൻ ശ്രമിച്ചു. അയാൾ അതൊന്നും അറിഞ്ഞില്ല. മറിച്ച് എല്ലാ അവസരങ്ങളും തട്ടിത്തെറിപ്പിക്കുകയും ചെയ്തു. ഒടുവിൽ ഇന്നും കരയുകയാണ്. അലയുകയാണ്.

ചോദിക്കട്ടെ, ആ വ്യക്തി നമ്മിൽ ആരെങ്കിലുമാണോ ? ഓരോ നിമിഷങ്ങളിലും ഒരോ അവസരങ്ങളിലും ദൈവം നമ്മുടെ മുമ്പിൽ മുട്ടിവിളിക്കുകയാണ്. എന്നാൽ നാം അത് അറിയുന്നുണ്ടോ എന്നാണ് പ്രധാനം.

ഇവിടെ ആദ്യത്തെ ചോദ്യം ഞാൻ ആവർത്തിക്കുന്നു – എവിടെയാണ് ദൈവം ? നമ്മുടെയുള്ളിൽ, തൊട്ടടുത്തെന്നാണ് ഉത്തരം. പക്ഷേ നമ്മുടെ പരിമിതമായ അറിവിനുള്ളിലല്ല, മറിച്ച് ദൈവിക ജ്ഞാനത്തിന് അനുസരിച്ച് നമ്മുടെ ദൃഷ്ടി പ്രകാശിക്കുമ്പോഴാണ് ആ കാഴ്ച കാണാനാവുന്നത്.

                                                     ബ്ലസിൻ ജോൺ മലയിൽ

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.