ആരാണ് പെന്തെക്കോസ്തുകാർ ? എന്താണ് അവരുടെ പൈതൃകം ?

ആരാണ് പെന്തെക്കോസ്തുകാർ ? എന്താണ് അവരുടെ പൈതൃകം ?
March 14 00:54 2023 Print This Article

അധ്യായം : 3    

ക്രിസ്തീയ സഭയ്ക്ക് അടിസ്ഥാന പരമായി മൂന്ന് ലക്ഷണങ്ങൾ ഉണ്ട് എന്ന് തിരു വചന പഠനത്തിൽ നിന്നും മനസ്സിലാക്കുവാൻ കഴിയും. എപ്പിസ്കോപ്പൽ സഭകൾ ഉൾപ്പടെ ഏതാണ്ട് എല്ലാ ക്രിസ്തീയ സംഘടനകളും  ഈ മൂന്ന് ലക്ഷണങ്ങളെ ദൈവശാസ്ത്രപരമായി അംഗീകരിക്കുകയും ചെയ്യുന്നു.  

അത് താഴെപ്പറയുന്നവയാണ്.

A ) ക്രിസ്തീയ സഭ ഏകമാണ്. B ) ക്രിസ്തീയ സഭ ശ്ലൈഹികമാണ്. C ) ക്രിസ്തീയ സഭ കാതോലികമാണ്.

a) ക്രിസ്തീയ സഭ ഏകമാണ്:

സഭ ഏകമാണ് എന്നു പറഞ്ഞാൽ അത് സംഘടനാ പരമായ ഏകത്വം അല്ല. അത് ആന്തരീകവും അദൃശ്യവുമായ ഏകത്വമാണ്. വിശുദ്ധ തിരുവെഴുത്തുകളിൽ ഉള്ളതും, കർത്താവും അപ്പോസ്തോലൻമാരും കല്പിച്ചതും  അതേപടി വിശ്വസിക്കുകയും- അത് പ്രായോഗിക ജീവിതത്തിൽ പൂർണ്ണമായും അനുസരിക്കുകയും ചെയ്യുന്ന ഏതൊരു വ്യക്തിയും ക്രിസ്തുവിന്റെ മണവാട്ടിയായ ഏക സത്യ സഭയുടെ ഭാഗമാണ്. 

ഇന്ന് ക്രിസ്ത്യാനികൾ എന്ന പേരിൽ അറിയപ്പെടുന്നവരുടെ ഇടയിൽ  നിരവധി സംഘടനകൾ ഉണ്ട് . അതതു രാജ്യത്തെ നിയമങ്ങൾക്ക്  അനുസരിച്ച് രജിസ്റ്റർ ചെയ്യപ്പെട്ട ഭൗതിക ക്രമീകരണങ്ങൾ മാത്രമാണ് അത്തരം സംഘടനകൾ  . അത് എപ്പിസ്കോപ്പൽ  സഭകളിലായാലും – പെന്തെക്കോസ്തു സഭകളിലായാലും ഒരു പോലെ തന്നെ .  പ്രത്യേകിച്ച് നമ്മുടെ രാജ്യത്ത് മതങ്ങൾ എന്ന നിലയിൽ  പ്രത്യേകം രജിസ്ട്രേഷൻ സാധ്യമല്ലാത്തതിനാൽ മതങ്ങളുമായി ബന്ധപ്പെടുന്ന സംഘടനകളാണ് രജിസ്റ്റർ ചെയ്യപ്പെടുന്നത്.

അത് സൊസൈറ്റി ആക്റ്റിനു കീഴിലോ – കമ്പനി നിയമ പ്രകാരമോ ഒക്കെ രജിസ്ട്രേഷൻ നടത്താവുന്നതാണ്. ഇവിടെ പല പേരുകളിൽ അറിയപ്പെടുന്ന എപ്പിസ്കോപ്പൽ സഭാ സംഘടനകളും പെന്തെക്കോസ്തു സംഘടനകളും എല്ലാം ഇങ്ങനെ ഭൗതിക കാര്യങ്ങളുടെ നടത്തിപ്പിനായി രൂപീകരിച്ചവയാണ്. 

സഭയിൽ ഉള്ളവരിൽ ഏറെപ്പേരും ഏതെങ്കിലും ക്രിസ്തീയ സംഘടനകളിൽ അംഗങ്ങളായിരിക്കും . എന്നാൽ സംഘടനകളിലെ അംഗങ്ങളെല്ലാം ക്രിസ്തുവിന്റെ മണവാട്ടിയായ സഭയുടെ ഭാഗമാകണം എന്ന് ഇല്ല.

b) ക്രിസ്തീയ സഭ ശ്ലൈഹികമാണ്:

ശ്ലൈഹികം എന്ന വാക്ക് “അപോസ്റ്റൊലൊസ്” എന്ന ഗ്രീക്കുപദത്തിനു സമാനമായ “ശ്ലീഹാ” എന്ന സുറിയാനി പദത്തില്‍നിന്നു രൂപംകൊണ്ടതാണ്. സഭ അപ്പോസ്തോലികമാണ് എന്നാണ് ഇതു കൊണ്ട് അർത്ഥമാക്കുന്നത്. “അയക്കപ്പെട്ടവൻ” എന്നാണ് ഈ പദത്തിന്‍റെ അര്‍ത്ഥം. ക്രിസ്തുവിന്‍റെ  ശിഷ്യന്മാരെ സൂചിപ്പിക്കുന്ന സാങ്കേതിക പദമായാണ് ഇത് പൊതുവെ  പ്രയോഗിക്കപ്പെടുന്നത് .

തന്മൂലം “ശ്ലൈഹികം” എന്ന പദത്തിലൂടെ സഭ ക്രിസ്തുവിന്‍റെ അപ്പോസ്തോലന്മാരുമായി ബന്ധപ്പെട്ടതാണ് എന്നാണ് അർത്ഥമാക്കുന്നത്. അപ്പോസ്തോലൻ മാർ ഉപദേശിച്ച ക്രിസ്തീയ ഉപദേശ സത്യങ്ങൾക്ക് കീഴ്പ്പെടുന്ന ഏതു വ്യക്തിയും ശ്ലൈഹിക മായ ക്രിസ്തീയ  സഭയുടെ ഭാഗമാണ് എന്നു പറയാം.

c)  ക്രിസ്തീയ സഭ കാതോലികമാണ്:

സാർവത്രികമായ  സഭ എന്നതാണ് ഇതു കൊണ്ട് അർത്ഥമാക്കുന്നത്. രാഷ്ട്രങ്ങളുടെ അതിർത്തികൾക്ക് അതീതമായി ഭാഷയുടെ പരിമിതികൾക്ക് അപ്പുറം ലോകം മുഴുവൻ വ്യാപിച്ചു കിടക്കുന്നതാണ് ക്രിസ്തീയ സഭ. ലോകമെമ്പാടും പോയി സകല സൃഷ്ടിയോടും സത്യ സുവിശേഷം അറിയിച്ച് അവരെ ശിഷ്യത്വത്തിലേയ്ക്ക് വഴി നടത്തുകയാണ് ക്രിസ്തീയ സഭയുടെ സാർവ്വത്രികവും പ്രധാനപ്പെട്ടതുമായ ദൗത്യം.

എന്നാൽ കാലം കടന്നപ്പോൾ സഭ ശിഷ്യത്വത്തിന്റെ ബാല പാഠങ്ങൾ പോലും മറന്നു . കർത്താവു കല്പിച്ചതിലും പ്രധാനം  ജാതീയ ഉപ ദേവീ ദേവതാ  സങ്കൽപ്പത്തിൽ നിന്നും ഉരുത്തിരിഞ്ഞ പുണ്യവാളൻമാരുടെയും അമ്മ ദൈവങ്ങളുടെയും വാക്കുകൾക്കായി .ഒന്നാം നൂറ്റാണ്ടിലെ ക്രിസ്തീയ സഭയുമായി യാതൊരു സാമ്യവും ഇല്ലാത്ത സംവിധാനമായി  സഭ മാറി . പേരിൽ മാത്രമായി ക്രിസ്തുവിനെ അവർ ഒതുക്കാൻ ശ്രമിച്ചു.  

(തുടരും)

സ്കറിയ ഡി. വർഗീസ്, വാഴൂർ

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.