ആത്മീയ ലോകത്തെ കാളവണ്ടി ഡ്രൈവേഴ്‌സ്

ആത്മീയ ലോകത്തെ കാളവണ്ടി ഡ്രൈവേഴ്‌സ്
June 23 14:22 2022 Print This Article

അനുകരണം ഒരു കലയാണ്. അത് ആത്മീയ ലോകത്തേക്ക് വ്യാപാരിച്ചാലും അതിനെ കലയായി മാത്രമേ കണക്കാക്കാൻ സാധിക്കുകയുള്ളൂ.

യഹോവയുടെ നിയമപെട്ടകം ഫെലിസ്ത്യരുടെ ദേശത്തു ചെന്നപ്പോൾ അത് മുഖാന്തരം വലിയ ബാധ അവർക്കുണ്ടായി. അതു നിമിത്തം പെട്ടകം മടക്കി ഇസ്രായേൽ ദേശത്തേക്ക് അയക്കുവാൻ അവർ തീരുമാനിച്ചു. ആയതിന് അവർ ഉപയോഗിച്ച മാർഗം പെട്ടകം ഒരു വണ്ടിയിൽ വച്ച് കറവയുള്ള രണ്ടു പശുക്കളെ കെട്ടി അത് അയക്കുക എന്നതായിരുന്നു.

കുറേ കഴിഞ്ഞപ്പോൾ യിസ്രായേൽ രാജാവായ ദാവീദിനും ഒരു ആഗ്രഹം ഉണ്ടായി. പെട്ടകം അതിനായി ഒരുക്കിയ സ്ഥലത്തേക്ക് കൊണ്ടുവരണം. അത് കൊണ്ടുവരുവാൻ വണ്ടിയിൽ കറവയുള്ള പശുക്കളെ കെട്ടുന്നതിന് പകരം രണ്ടു കാളകൾ ആയിക്കോട്ടെ എന്ന് അദ്ദേഹം തീരുമാനിച്ചു.

ദൈവത്തിന്റെ നിയമപെട്ടകം അതിനായി നിയോഗിക്കപ്പെട്ട പുരോഹിതന്മാർ തങ്ങളെത്തന്നെ ശുദ്ധീകരിച്ച് അവരുടെ ചുമലിൽ ചുമക്കണം എന്നാണ് പുറപ്പാട് പുസ്തകത്തിൽ നാം വായിക്കുന്നത്. എന്നാൽ പുറപ്പാട് പുസ്തകത്തിൽ അത് അങ്ങനെയൊക്കെ പറഞ്ഞിട്ടുണ്ട് എങ്കിലും ദാവീദും കൂട്ടരും ആലോചിച്ചത് പോലെ ആകട്ടെ എന്ന് അവർ തീരുമാനിച്ചു.

അങ്ങനെയാണ് ജാതികളായ ഫെലിസ്ത്യർ കാണിച്ച മാതൃക പോലെ ഒരു കാളവണ്ടിയിൽ ആ പെട്ടകം കൊണ്ടുവരുവാനുള്ള ക്രമീകരണം ദാവീദ് ചെയ്തത്. ഇസ്രായേലിന്റെ രാജാവായിരുന്ന ദാവീദ് കുറഞ്ഞപക്ഷം പെട്ടകം കൊണ്ടുവരുന്നതിന് മുമ്പ് അതുകൊണ്ടുവരേണ്ട രീതി എങ്ങനെ എന്ന് ന്യായപ്രമാണ പുസ്തകത്തിലേക്ക് എത്തിനോക്കി ഒന്നു മനസ്സിലാക്കിയിട്ട് വേണമായിരുന്നു ആ പ്രവർത്തി ചെയ്യുവാൻ.

പക്ഷേ അവൻ അത് ചെയ്തില്ല. സ്വന്തം ഇഷ്ടപ്രകാരം ഒരു പുതിയ കാളവണ്ടിയിൽ തന്നെ പെട്ടകം കൊണ്ടുവരുവാൻ അവൻ ക്രമീകരണം ചെയ്തു. പെട്ടകവുമായി വലിയ ഗമയിൽ ദാവീദ് മുൻപോട്ടു പോകുമ്പോൾ ആ വണ്ടി തെളിയിച്ചിരുന്നത് ഉസാ അഹ്യോ എന്ന് പറയുന്ന രണ്ട് വ്യക്തികൾ ആയിരുന്നു. അതിന്റെയും പിമ്പിൽ ഒരു കാരണമുണ്ട്. ഈ പെട്ടകം കുറച്ചുനാൾ അവരുടെ വീട്ടിൽ ഇരുന്നതാണ്. അതുകൊണ്ട് അത് ഡ്രൈവ് ചെയ്യുവാൻ യോഗ്യത അവർക്കാണ് എന്നായിരുന്നു അവരുടെ ചിന്ത.

പണ്ട് കാളവണ്ടി ഉണ്ടായിരുന്ന പല ആളുകളും ഇപ്പോൾ ദൈവ സഭകളിൽ യഹോവയുടെ പെട്ടകം ചുമക്കുവാൻ സഭയിലും സംഘടനകളിലുമായി രംഗത്തുണ്ട് . പണ്ട് ഓടിച്ചിരുന്ന കാളവണ്ടിയുടെ പരിചയം വെച്ച് ദൈവത്തിന്റെ പെട്ടകം കയറ്റിയ വണ്ടി ഓടിക്കാം എന്ന് വിചാരിച്ചാൽ, കുറേ ദൂരം ആ കാളകൾ വണ്ടി വലിച്ചു കൊണ്ട് പോയി എന്ന് വരാം. കാളവണ്ടിയിൽ ഡ്രൈവേഴ്സ് ആയിരിക്കുന്ന ഉസക്കും ആഹ്യോവിനും വണ്ടി ഓടിക്കാൻ കിട്ടിയ അവസരം ഒരു അതുലഭ സന്ദർഭമായി ഒരുപക്ഷേ അവർ കരുതിയിരിക്കാം. വണ്ടി മുമ്പോട്ടു പെട്ടകവുമായി പോവുകയാണ്.

എന്നാൽ നാഖോന്റെ കളത്തിന്റെ പടിക്കൽ എത്തിയപ്പോൾ വണ്ടിയുടെ ഡ്രൈവേഴ്സ് കാണാത്ത ആരോ ഒരാൾ വഴിയിൽ വണ്ടിയെ ഏർപ്പെടുന്നതായി കാളകൾ കണ്ടു. കണ്ടമാത്രയിൽ കാളകൾ വിരണ്ടുപോയി. കാള വിരണ്ടു എന്ന് മനസ്സിലാക്കിയ ഡ്രൈവർമാരിൽ ഒരാൾ പെട്ടകം താഴെ വീഴാതിരിക്കാൻ വേഗത്തിൽ പെട്ടകത്തെ കയറിപ്പിടിച്ചു. ഉടൻതന്നെ യഹോവ ഉസായെ അടിച്ചു. അവൻ മരണപ്പെടുകയാണ് ഉണ്ടായത്.

ഉസയെ യഹോവ ചേദിച്ച ചേദം ദാവീദിനെ വളരെ ചിന്തിപ്പിച്ചു. വേഗത്തിൽ പെട്ടെകം ഇറക്കി അവിടെ ഒരു വീട്ടിൽ വച്ചു. കുറേക്കാലം പെട്ടകം അവിടെ ഇരുന്നു. തന്നിമിത്തം യഹോവ ആ ഗൃഹത്തെ അനുഗ്രഹിച്ചു എന്നും നാം വായിക്കുന്നു. ദാവീദിന് പെട്ടെന്ന് തനിക്കു പറ്റിയ അമളി മനസ്സിലായി. കുറേക്കാലം അവൻ അരമനയിൽ പോയിരുന്നു. വേദപുസ്തകം നന്നായി വായിച്ചു. ദൈവത്തിന്റെ നിയമപെട്ടകം ചുമക്കേണ്ടത് കാളവണ്ടിയും കാളയുമല്ല, അതിനായി നിയോഗിക്കപ്പെട്ട ദൈവത്തിന്റെ പുരോഹിതന്മാർ ആണെന്ന് അവൻ മനസ്സിലാക്കി.

കഴിഞ്ഞ അനേക ദശകങ്ങളായി നമ്മുടെയൊക്കെ മധ്യേ ആത്മീയ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് ദൈവം അതിനായി നിയോഗിച്ച ആളുകളല്ല മറിച്ച് കാളകൾക്കു തുല്യമായ മരുക്കമില്ലാത്ത ചില ജന്മങ്ങൾ ആണ്. ഇപ്പോൾ കുറേക്കാലത്തേക്ക് പെട്ടകം പുതിയ വണ്ടിയിൽ കയറ്റി മുമ്പോട്ടു കൊണ്ടു പോകുവാൻ ദൈവം ഈ ആധുനിക കാളകളേ അനുവദിച്ചു എന്ന് വരാം. എന്നാൽ ദൈവത്തിന്റെ ന്യായവിധി വരേണ്ട തക്കസമയത്ത് കയ്യിൽ ഊരിപ്പിടിച്ച വാളുമായി യഹോവയുടെ ദൂതൻ വഴിവക്കിൽ നിൽക്കുകയും വണ്ടി തെളിയിക്കുന്നവനെ സർവ്വശക്തൻ തന്റെ കരങ്ങൾ കൊണ്ട് അടിക്കുകയും ചെയ്യും അടി കിട്ടും വരെ അവൻ താൻ ഡ്രൈവർ.. അതോടെ അവന്റെ ഗമയും ഏർപ്പാടും തീരും.

അതുവരെ വണ്ടിയെ അനുഗമിക്കുന്ന വചനത്തെ അനുസരിക്കാത്ത ചില ക്രമം കെട്ടവർ ഉ സായുടെ ഡ്രൈവിങ്ങിന് എല്ലാവിധ പ്രോത്സാഹനവും നൽകി പിറകിൽ ഉണ്ടായിരിക്കും. പണ്ട് കാളവണ്ടി ഓടിച്ച പരിചയം വെച്ചാണ് പെട്ടകം ചുമലിൽ ചുമക്കേണ്ട പുരോഹിതന്മാരെ ഒരു കോണിക്ക് അടിപ്പിച്ചിട്ട് ഇക്കാലത്ത് ചില കാളവണ്ടി ഡ്രൈവർമാർ ദൈവ സഭകൾ ഭരിക്കു ക്കുന്നതും, പ്രസ്ഥാനങ്ങൾ ആയ വണ്ടികൾ തെളിയിക്കുന്നതും. ഇപ്പോൾ പിറകിൽനിന്ന് ഓരി ഇടുന്നവരുടെ ഒത്താശകളും പ്രോത്സാഹനങ്ങളും നാഖോന്റെ കളത്തിന്റെ പടിവരെ മാത്രമേ സഹായകമാകു.

അവിടെ ചെല്ലുമ്പോൾ ദൈവം തമ്പുരാന്റെ നല്ല കീറ് കിട്ടുകയും അതോടെ പെട്ടകം കാളവണ്ടിയിൽ കൊണ്ടുപോകാനുള്ള ഉത്സാഹം അവസാനിക്കുകയും ചെയ്യും. അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും എന്ന് ഒരു ചൊല്ലും നമ്മുടെ നാട്ടിൽ ഉണ്ടല്ലോ?

-ഇ എസ് തോമസ്‌

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.