ആത്മാവിനു ‘വിവശതയോ’…??

ആത്മാവിനു ‘വിവശതയോ’…??
June 05 19:45 2021 Print This Article

ദൈവവചനവും യേശുവിന്റെ സാക്ഷ്യവും നിമിത്തം പത്മൊസ് എന്ന ദ്വീപിലേക്കു നാടു കടത്തപ്പെട്ട യോഹന്നാൻ കർത്തൃദിവസത്തിൽ ‘ആത്മവിവശനായി’ എന്നെഴുതിയിരിക്കുന്നു. ഇവിടെ ‘ആത്മവിവശൻ’ എന്ന വാക്കു തർജ്ജമയിൽ എങ്ങനെ അപ്രകാരം കടന്നുകൂടിയെന്നു മനസ്സിലാകുന്നില്ല. ശരിയ്ക്കും ‘ഞാൻ ആത്മാവിൽ ആയിത്തീർന്നു’ എന്നു വേണം വിവർത്തനം ചെയ്യുവാൻ.

തെറ്റായ വാക്കുകൾ തെറ്റായ സന്ദേശങ്ങൾ നൽകുന്നതിനാൽ ‘ആത്മവിവശത’ എന്ന പ്രയോഗവും തെറ്റായ സന്ദേശമാണു മലയാളികളായ പെന്തക്കോസ്തു സഹോദരങ്ങൾക്കു നൽകിയിരിക്കുന്നതു. ‘ആത്മവിവശത’ എന്ന വാക്കിന്റെ അർത്ഥം ബോധക്കേടു, മയക്കം, മോഹാലസ്യം എന്നൊക്കെയാകുന്നു.

അതുകൊണ്ടുതന്നെ ആത്മവിവശതയെന്നു കേൾക്കുമ്പോൾ തന്നെ ഒരു പെന്തക്കോസ്തു വിശ്വാസിക്കു ആയതു ബോധക്കേടോ, മോഹാലസ്യമോ, മയക്കമോ ഒക്കെ ആണെന്നു തോന്നുന്നതിൽ ഒട്ടും അതിശയിക്കാനില്ല. വെളിപ്പാടു പുസ്തകം 1:10 ലെ ‘ആത്മവിവശൻ’ എന്നതു മലയാള പരിഭാഷയിൽ വന്നുകൂടിയ തകരാറാണു. അതിന്റെ ബലം പിടിച്ചുകൊണ്ടു ഇന്നു പെന്തക്കോസ്തിൽ ഒട്ടനവധി ദുരുപദേശങ്ങളും അവയുടെ വക്താക്കളും ഇറങ്ങിയിട്ടുണ്ടു. ഇത്തരം വിഷവിത്തുകളുടെ മൊത്തവ്യാപാരം പ്രധാനമായും നടക്കുന്നതു ബാംഗ്ലൂർ ആസ്ഥാനമാക്കിയാണു.

ഈ ദുർഭൂതത്തെ നമ്മുടെ നാട്ടിൽ കെട്ടഴിച്ചു വിട്ടു വ്യാപാരം നടത്തുന്ന ഒരു പെന്തക്കോസ്തു സ്ഥാപനം തന്നെ അവിടെയുണ്ടു. ആയിരങ്ങളാണു ഈ ചതിക്കെണിയിൽ വീണുകൊണ്ടിരിക്കുന്നതു. ദൈവജനം അടിസ്ഥാനപരമായി ദൈവവചനം ഗ്രഹിക്കാത്തതിന്റെ ദുര്യോഗമാണു ഇവിടെ കാണുന്നതു. Spiritual Trance, Slain in spirit‌ എന്നീ കുപ്പികളിലാക്കി ഈ വിഷവിത്തുകളെ പെന്തക്കോസ്തിലെ ഭക്തജനങ്ങൾക്കു വിൽക്കുന്ന ഇക്കൂട്ടർ പണ്ടു പരിശുദ്ധാത്മാവിനു വിലപേശിയ ശീമോനേക്കാൾ മേച്ഛമായ പണിയാണു ചെയ്യുന്നതു.

തർജ്ജമയിൽ പറ്റിയ നിസ്സാരമായ ഒരു തെറ്റു ചില തുമ്പുകെട്ട ഇടയന്മാരുടെ കയ്യിൽ കിട്ടിയതുമൂലം പെന്തക്കോസ്തു സമുദായത്തിൽ ബഹുഭൂരിപക്ഷവും ദുരുപദേശത്തിന്റെ പെരുവഴിയിൽ വീണു വഴിപിഴച്ചുപോയി. ഇവിടെ സത്യത്തിൽ എന്താണു സംഭവിച്ചതു? യോഹന്നാൻ കർത്തൃദിവസത്തിൽ ആത്മാവിൽ ആയിത്തീർന്നു.

അതിന്റെ ഇംഗ്ലീഷ്‌/ഗ്രീക്കു പാഠാന്തരം നോക്കുക: “εγενομην [I BECAME] εν [IN “THE”] πνευματι [SPIRIT] εν [ON] τη [THE] κυριακη [LORD’S] ημερα [DAY,]” “കർത്തൃദിവസത്തിൽ ഞാൻ ആത്മാവിൽ ആയിത്തീർന്നു” എന്നാണു ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നതു. പരിശുദ്ധാത്മാവിനാൽ വീണ്ടും ജനിക്കപ്പെട്ട ഒരു ആത്മാവു യോഹന്നാന്റെ ഉള്ളിൽ നിക്ഷിപ്തമായിരുന്നു. ആ ആത്മാവിനെക്കുറിച്ചു പൗലോസ്‌ 2 തിമൊഥെയൊസ് 1:7ൽ പറയുന്നതു “ഭീരുത്വത്തിന്റെ ആത്മാവിനെ അല്ല, ശക്തിയുടെയും സ്നേഹത്തിന്റെയും സുബോധത്തിന്റെയും ആത്മാവിനെയത്രേ ദൈവം നമുക്കു തന്നതു.” അങ്ങനെ കർത്തൃദിവസം വന്നപ്പോൾ യോഹന്നാൻ തന്റെ ആത്മാവിൽ ആയിത്തീർന്നു.

എന്തിനുവേണ്ടിയാണു യോഹന്നാൻ തന്റെ ആത്മാവിൽ ആയിത്തീരുവാൻ ആഗ്രഹിച്ചതു? എന്തെന്നാൽ നമ്മുടെ അതിപരിശുദ്ധസ്ഥലമായ ആത്മാവിലാണു കൃപാസനം ഇരിക്കുന്നതു. കൃപാസനത്തിന്മേലാണു ആത്മാവാകുന്ന നമ്മുടെ ദൈവം വസിക്കുന്നതു. അവിടെയാണു നാം ദൈവത്തെ സന്ധിക്കുന്നതും. കർത്തൃദിവസം വന്നപ്പോൾ ദൈവീക സാന്നിദ്ധ്യം അനുഭവിക്കുവാൻ വേണ്ടി യോഹന്നാൻ തന്റെ ആത്മാവിൽ ആയിത്തീർന്നു. ഇവിടെ യോഹന്നാൻ തന്റെ ആത്മാവിൽ മയങ്ങുകയോ (Trance) അത്മാവിൽ കൊല്ലപ്പെടുകയോ (Slain) അല്ല ചെയ്തതു. പിന്നെയോ സുബോധത്തിന്റെ ആത്മാവിൽ ദൈവീക സാന്നിദ്ധ്യം അനുഭവിക്കുകയും ദർശനങ്ങളെ ദർശിക്കുകയും ആയിരുന്നു ചെയ്തതു.

എന്നാൽ ഈ വാക്യത്തിന്റെ ചുവടു പിടിച്ചു ഇന്നത്തെ പെന്തക്കോസ്തു സമൂഹങ്ങളിൽ എന്തെല്ലാം കോപ്രായങ്ങളാണു നടക്കുന്നതു!! തള്ളുന്നു, ഉരുളുന്നു, വീഴുന്നു, ചാടുന്നു, കുരയ്ക്കുന്നു, അപശബ്ദങ്ങൾ പുറപ്പെടുവിക്കുന്നു അങ്ങനെ എന്തെല്ലാം എന്തെല്ലാമാണു കാട്ടിക്കൂട്ടുന്നതു. ദൈവം നമുക്കു നൽകിയിരിക്കുന്നതു വിവരക്കേടിന്റെ ആത്മാവിനെയല്ല, സുബോധത്തിന്റെ ആത്മാവിനെ അത്രേ ആകുന്നു.

-മാത്യു തോമസ്

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.