ഹരിത കേരളവും, ഐ.പി.സിയും

ഹരിത കേരളവും, ഐ.പി.സിയും
December 18 06:46 2016 Print This Article

ആരാന്റെ അമ്മക്ക് ഭ്രാന്ത് പിടിക്കുന്പോൾ കണ്ടു നിൽക്കാന്‍ രസം എന്ന് കേട്ടിട്ടില്ലേ അതുപോല ആണ് ഇപ്പോള്‍ പെന്തക്കോസ്തുകാര്‍ക്കും, മുഖ്യധാര സഭകള്‍ക്കും കാലങ്ങളായി കുത്തഴിഞ്ഞ പുസ്തകം പോലെ ഒരു അടുക്കും ചിട്ടയും ഇല്ലാതെ സഭയുടെ ഭരണതലത്തിലും പ്രായോഗിക തലത്തിലും പരിഹരിക്കാതെ കിടക്കുന്ന അനേകായിരം വിഷയങ്ങളും അതിന്റെ മാറാപ്പും വിവാദങ്ങളും ചുമക്കുന്ന ഐ പിസിക്ക് സ്വന്തം കുറവുകള്‍ ഒന്നും പരിഹരിക്കാന്‍ സമയം ഇല്ല. അതിനു മിനക്കെടാനോ,തിരുത്താനോ അവർ തയാറല്ല. കാരണം അപ്പന്റെ വകയല്ലേ? അഴിമതികളും അനീതികളും,കുംഭകോണം പോലെ പെരുകി സോഷ്യല്‍ മീഡിയായിലും നവ മാധ്യമങ്ങളിലും വരികയും അനേകര്‍ കുംബനാട്ടെ നേതൃത്വത്തെ അറിയിച്ചിട്ടും ചോദിച്ചിട്ടും പരിഹരിക്കാന്‍ കഴിയാത്തവര്‍ ഇതാ ലോകം നന്നാക്കാന്‍ ഇറങ്ങിയിരിക്കുന്നു. സാമൂഹ്യപ്രവർത്തനങ്ങളിലും ഭാഗവാക്കാകാൻ ഐ പി സി ക്കു കഴിഞ്ഞാൽ നന്ന്. ഏക്കറു കണക്കിന് നെല്പാടം നികത്തി തിയോളജിക്കല്‍ സെമിനാരി ഉണ്ടാക്കി അമേരിക്കകാരനെ ‘പിഴിഞ്ഞ’ ആൾക്കാർ ആണ് ഹരിത കേരളത്തെക്കുറിച്ച് ഘോഷിക്കുന്നതു. ‘നികത്തിയ കണ്ടം പഴയ സ്ഥിതിയില്‍ ആക്കാന്‍ ചുണ ഉണ്ട ഇവർക്ക് ‘ ജീവകാരുണ്യ പ്രവർത്തനങ്ങളും സാമൂഹ്യ പ്രവർത്തനങ്ങളും പ്രസ്ഥാനം വഴി സുതാര്യതയോടെ നടക്കണം എന്നാണ് അഭിപ്രായം. എന്നാൽ ഐപിസിയിൽ അതുണ്ടാവില്ല എന്ന് നല്ല ബോധ്യം ഉണ്ട്. എന്നാൽ ഭൗതിക കാര്യങ്ങളിൽ കാണിക്കുന്ന ഈ ഊർജ്ജസ്വലത സഭയുടെ ആത്മീകകാര്യങ്ങളിലും കാണിക്കണമായിരുന്നു. എല്ലാ തോന്ന്യവാസങ്ങളും കള്ളവും ചതിവും ചെയ്ത്‌ ജീവിക്കുന്ന ഇവർ ആത്മീകമായി അധഃപതിക്കുകയും, അതിനു ഒരു മാറ്റവും വരുവാൻ ഒരാഗ്രഹവും കാണിക്കാതെ ഭൗതീക കാര്യങ്ങളിൽമാത്രം ശ്രദ്ധിക്കുകയും ചെയയുന്നത്‌ ശരിയാണോ എന്ന് തോന്നുന്നില്ല. അതുമാത്രമാണ് ഇത് എഴുതുവാൻ പ്രേരിപ്പിക്കുന്നതും, മറ്റു നാമമാത്ര ക്രൈസ്തവ സഭകളും കാത്തലിക്ക് സഭകളും മടങ്ങിവന്നു കൊണ്ടിരിക്കുമ്പോൾ ഇപ്പോഴും പെന്തക്കോസ്തു പ്രസ്ഥാനങ്ങൾ അതേ ഗതിയിൽ തന്നെ. മാനസാന്തരം എന്ന പദം പോലും ഇവർക്ക് ഇന്ന് അന്യം ആണ്.
സ്വന്തം വീട് ഇടിഞ്ഞു കിടക്കുന്പോൾ അന്യന്റെ മതില്‍ നന്നാക്കാന്‍ ഇറങ്ങിയത് പോലെയാണ് ഇത്തരം പ്രവര്‍ത്തികള്‍ കാണിക്കുന്പോൾ തോന്നുന്നത്. പരിശുദ്ധാത്മാവിനെ നഷ്ടപ്പെടുത്തിയും സഭയടെ മൂല്യങ്ങള്‍ നഷ്ടപ്പെടുത്തിയും സാധുക്കളെ അവരുടെ കഷ്ടതയിൽ സഹായിക്കാൻ പ്രാപ്തിയില്ലാത്തവരും ആണ് ക്രിസ്തുവിനെ വീണ്ടും വീണ്ടും ക്രൂശിച്ചു കൊണ്ട് പരിസരം ഹരിതമാക്കാന്‍ ഇറങ്ങുന്നത്. പ്രത്യക്ഷതയില്‍ ഉദ്ദേശ്യ ശുദ്ധി കാണിച്ചു സമൂഹത്തിന്റെ കണ്ണില്‍ പൊടിയിടാന്‍ ശ്രദ്ധ വെക്കും മുന്പേ നിത്യജീവനെ പിടിച്ചാല്‍ നന്നായിരുന്നു നേതാക്കന്മാരെ.
നിങ്ങൾ വീണു കിടക്കുന്ന നിങ്ങളുടെ മതിലുകൾ പണിയുകയും നിങ്ങൾ ആത്മീയ കാര്യങ്ങൾക്കു മുൻ‌തൂക്കം കൊടുക്കയും ചെയ്താൽ എല്ലാം ഹരിതമാകും, നിങ്ങളുടെ ഈ ലക്ഷ്യം നല്ലതെന്ന് വിശ്വാസികൾക്കും തോന്നും.
എന്നാല്‍ നിങ്ങളെ ഏല്‍പ്പിച്ച ദൌത്യം നിങ്ങള്‍ മറക്കാതിരിക്കുക. നിങ്ങളെ വിളിച്ചവന്റെ സത്ഗുണങ്ങളിൽ ഒന്നെങ്കിലും ചെയ്തു തൃപ്തിയടയു. സ്വന്തം ആത്മീകതയും ക്രിസ്തീയ ജീവിതവും കളഞ്ഞു കുളിച്ചു കോടതിയും, മദ്യവും, വ്യഭിചാരവും കൊണ്ടുനടക്കുന്നവർ ആണ് ലഹരി വിരുദ്ധ സമ്മേളനങ്ങൾ നടത്തുന്നത്. …നാടകമേ ഉലകം.
നഷ്ടപ്പെട്ട അത്മീയത മടക്കി എടുക്കാതെ സഭയുടെ പരിസരത്തെ ഹരിത വല്കരിക്കാന്‍ വെന്പൽ കൊള്ളുന്നു. സത്യത്തില്‍ നിങ്ങള്‍ സഭക്ക് അപമാനം ആയികൊണ്ടിരിക്കുന്നു.
മഴവെള്ളം സംഭരിക്കൽ, മാലിന്യ നിർമ്മാർജ്ജനം ഒക്കെ നല്ല കാര്യങ്ങള്‍ തന്നെ, എന്നാല്‍ ഇറങ്ങും മുന്പേ സ്വന്തം മാലിന്യങ്ങൾ ഒന്ന് കുഴിച്ചു മൂടിയാൽ നാന്നായിരുന്നു സെക്രട്ടറി.
എന്താണ് സഭ എന്നുപോലും നിങ്ങള്‍ മറന്നു കൊണ്ടുള്ള ഈ പോക്ക് അധികം പോകില്ല. കാര്‍ഷിക കേരളത്തെ വെട്ടി പിടിക്കാന്‍ വെമ്പുമ്പോൾ, സഭ അന്നാൽ വേറെ ആരെയെങ്കിലും ഏല്‍പ്പിക്കു.
ശുശ്രൂഷകർക്കു ബോധവൽക്കരണ ക്ലാസുകൾ നടത്തും മുന്പ് സ്വയം ഒന്ന് ബോധവൽകരിക്കപ്പെട്ടിരുന്നേൽ ബാറുകളിൽ നിന്നും, മദ്യത്തിൽ നിന്നും ഒരു മോചനം കിട്ടിയേനേ. ഐപിസി കാഴ്ചപ്പാടുകൾ നഷ്ടപ്പെടുത്തി വെറും കോമരങ്ങൾ ആയി മാറുകയാണ്. ഇതിനു ചുക്കാൻ പിടിക്കാൻ യൂത്തന്മാരെയാണ് ചുമതല ഏൽപ്പിക്കുന്നതും. സംസ്ഥാനം ഒട്ടാകെ ഹരിതമാക്കി ഉടനെ സ്വർഗത്തിൽ കൊണ്ടുപോകും. മറ്റു സഭകളിൽ നിന്നും, മതങ്ങളിൽ നിന്നും പെന്തക്കോസ്ത് വേറിട്ടു നിന്നിരുന്നു, എന്നാൽ ഇപ്പോൾ നാടോടുന്പോൾ നടുവേ ഓടണ്ടേ, ഇല്ലേൽ സാമൂഹ്യ രാഷ്ട്രീയ തലത്തിൽ ഡിമാൻഡ് കുറയും.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.