വൈഗയുടെ മരണം: പിതാവ് സനു മോഹന്‍ പിടിയില്‍

by Vadakkan | April 18, 2021 3:01 pm

ബംഗളൂരു: മുട്ടാര്‍ പുഴയില്‍ ദുരൂഹസാഹചര്യത്തില്‍ മുങ്ങിമരിച്ച വൈഗയുടെ പിതാവ് കാക്കനാട് കങ്ങരപ്പടി ശ്രീഗോകുലം ഹാര്‍മണി ഫ്ളാറ്റില്‍ സനു മോഹന്‍ പിടിയില്‍. കര്‍ണാടകയില്‍ നിന്നാണ് ഇയാള്‍ പിടിയിലായതെന്നാണ് സൂചന. സനു മോഹന്‍ കൊല്ലൂര്‍ വനമേഖലയിലേക്ക് കടന്നു എന്ന സംശയം ബലമാകുന്നതിനിടെയാണ് നിര്‍ണായക വഴിത്തിരിവ്.

കര്‍ണാടക പൊലീസാണ് ഇയാളെ പിടികൂടിയതെന്നാണ് ലഭിക്കുന്ന വിവരം. കൊല്ലൂര്‍ മൂകാംബിക ക്ഷേത്ര പരിസരത്ത് സനുമോഹന്‍ താമസിച്ചിരുന്നെന്ന വിവരം കിട്ടിയതോടെ കര്‍ണാടക പൊലീസിനോട് കേരള പൊലീസ് സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. ഇന്ന് രാത്രിയിലോ നാളെ രാവിലെയോ ഇയാളെ കേരളത്തിലെത്തിക്കും.

സനു മോഹനായി മൂകാംബികയിലും പരിസരങ്ങളിലും തെരച്ചില്‍ നടത്തിയെങ്കിലും കൂടുതല്‍ സൂചനകളൊന്നും ലഭിച്ചിരുന്നില്ല. സംഭവശേഷം സനു മോഹന്‍ മൊബൈല്‍ ഫോണോ എടിഎമ്മോ ഉപയോഗിച്ചിട്ടില്ല എന്ന് പൊലീസ് പറയുന്നു. അതേസമയം, കുട്ടിയുടെ ശരീരത്തില്‍ ആല്‍ക്കഹോളിന്റെ അംശമുണ്ടായിരുന്നു എന്ന സൂചന നല്‍കുന്ന രാസപരിശോധനഫലം കൂടുതല്‍ ദുരൂഹത ഉണ്ടാക്കുകയാണ്. കുട്ടിക്ക് ആല്‍ക്കഹോള്‍ സാന്നിധ്യമുളള ഭക്ഷ്യവസ്തു നല്‍കി മയക്കിയ ശേഷം പുഴയില്‍ തളളിയതാണോയെന്ന സംശയമാണ് ഉയരുന്നത്. ഇക്കാര്യവും പൊലീസ് വിശദമായി തന്നെ പരിശോധിച്ചുവരികയാണ്.

Source URL: https://padayali.com/%e0%b4%b5%e0%b5%88%e0%b4%97%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%aa%e0%b4%bf%e0%b4%a4%e0%b4%be%e0%b4%b5%e0%b5%8d-%e0%b4%b8%e0%b4%a8%e0%b5%81-%e0%b4%ae/