വേമ്പനാട്ടു കായൽ നീന്തിക്കയറി മാളു ചരിത്രമെഴുതി

by Vadakkan | February 20, 2017 3:48 pm

ആലുവ: വേമ്പനാട്ടു കായൽ നീന്തി കയറി ആലുവ സ്വദേശി മാളു ഷെയ്ക എന്ന പെൺകുട്ടി താരമായി. വേമ്പനാട്ടു കായലിലെ 8 കിലോമീറ്റർ വീതിയുള്ള കുമരകം മുഹമ്മ ഭാഗം നീന്തിക്കടന്നാണ്‌ 20 കാരിയായ മാളു ഷെയ്ക വേമ്പനാട്ടു കായൽ നീന്തി കടന്ന ആദ്യ വനിതയെന്ന ബഹുമതി കരസ്ഥമാക്കിയത്‌.
കായലിലൂടെ നീന്തുമ്പോൾ മാളുവിന്‌ ധൈര്യം പകർന്ന്‌ പരിശീലകൻ സജി വളാശേരിയും കൂടെ ഉണ്ടായിരുന്നു.
നീന്തലിന്‌ സുരക്ഷയൊരുക്കി പൊലീസും മുങ്ങൽ വിദഗ്ദരും വിവിധ ബോട്ടുകളിൽ അനുഗമിച്ചു. നാലു മണിക്കൂർ 20 മിനൈറ്റ്ടുത്ത്‌ 11.40 ഓടെയാണ്‌ ആലപ്പുഴ ജില്ലയിലെ മുഹമ്മ ജെട്ടിയിൽ മാളു നീന്തി കയറിയത്‌. ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും ആർപ്പ്‌ വിളികളോടെ മാളുവിനെ വരവേറ്റു. തന്റെ പ്രവൃത്തി നീന്തൽ പഠിക്കാത്ത പെൺകുട്ടികൾക്ക്‌ പ്രചോദനമാകുമെന്ന പ്രതീക്ഷയിലാണെന്ന്‌ മാളു ഷെയ്ക പറഞ്ഞു. ബി കോം പാസായ ശേഷം ഇൻഷുറൻസ്‌ കമ്പനിയിൽ അഡ്വെസറായി ജോലി ചെയ്യുകയാണ്‌ മാളു. പരിശീലകൻ സജി വാളശ്ശേരിയുടെ പരിശീലനത്തിൽ പെരിയാർ നീന്തി കടന്നവരും മാളുവിനു ആവേശം നൽകാൻ എത്തിയിരുന്നു.
എടയാർ സ്വദേശിനിയും ഇപ്പോൾ അത്താണി ഹോളി ഫാമിലി ലേഡീസ്‌ ഹോസ്റ്റലിലെ താമസക്കാരിയുമായ മാളു ഷെയ്ക്ക  യുണൈറ്റഡ്‌ ഇന്ത്യ ഇൻഷുറൻസ്‌ ലിമിറ്റഡ്‌ ആലുവ ശാഖയിലെ അഡ്വൈസറാണ്‌. ഈ കൊച്ചുമിടുക്കി മലയാളം, ഇംഗ്ലീഷ്‌, തമിഴ്‌, കന്നട, ഹിന്ദി തുടങ്ങിയ ഏഴോളം ഭാഷകൾ അനായാസം കൈകാര്യം ചെയ്യും.
പെരിയാറിൽ ആറര മണിക്കൂർ വരെ തുടർച്ചയായി നീന്തൽ പരിശീലനം നേടിയതിന്റെ പിൻബലത്തിലാണ്‌ മാളു വേമ്പനാട്ടു കായലിലെ ഓളപ്പരപ്പിന്‌ കുറുകെ നീന്താനിറങ്ങിയത്‌. കാഴ്ച ശക്തിയില്ലാത്ത 12 കാരൻ എം എസ്‌ നവനീത്‌ അടക്കം 700 ഓളം കുട്ടികളെയാണ്‌ കഴിഞ്ഞ വർഷത്തിനുള്ളിൽ സജി വളാശേരി നീന്തൽ പഠിപിച്ചത്‌. നീന്തി കയറിയ മാളുവിന്‌ മുഹമ്മ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ മായ മജു, സ്ഥിരം സമിതി അദ്ധ്യക്ഷ സിന്ധു രാജീവ്‌, പഞ്ചായത്തംഗങ്ങളായ അജിത രാജീവ്‌, എസ്‌.ടി. റെജി, രാധമണി, ആലപ്പുഴ സ്പോർട്ട്സ്‌ കൗൺസിൽ നീന്തൽ പരിശീലകൻ ജോസഫ്‌ മാത്യു എന്നിവരും ഉപഹാരങ്ങൾ നൽകി. ചടങ്ങിൽ വിവിധ യുവജന സംഘടനകൾ മാളുവിനെ ആദരിച്ചു, നേരത്തെ കോട്ടയം ജില്ലാ പഞ്ചായത്തംഗം ജയേഷ്‌ ഫ്ലാഗ്‌ ഓഫ്‌ ചെയ്തു.

Source URL: https://padayali.com/%e0%b4%b5%e0%b5%87%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81-%e0%b4%95%e0%b4%be%e0%b4%af%e0%b5%bd-%e0%b4%a8%e0%b5%80%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%95/