പിതാക്കന്മാരുടെ കാലഘട്ടം സുവിശേഷം വ്യക്തമായി പറയുമായിരുന്നു. എന്നാല്‍ കാലചക്രം തിരിഞ്ഞപ്പോള്‍ സകലതും മാറിമറിഞ്ഞു. ഇന്ന് പഴയ പേരിലാണ് സുവിശേഷ പ്രസംഗങ്ങള്‍ നടക്കുന്നതെങ്കിലും യഥാര്‍ത്ഥ സുവിശേഷം പ്രസംഗിക്കപ്പെടുന്നില്ല. ഈ ഭൂമിയിലെ താല്‍ക്കാലിക വിടുതലിനു വേണ്ടിയുള്ള സൂപ്പര്‍ മാര്‍ക്കറ്റുകളായി പല യോഗങ്ങളും അധഃപതിച്ചു. കോമഡികളും തമാശയും നിറഞ്ഞ രസഗുള കേള്‍ക്കുവാന്‍ ഒരുവിഭാഗം. അത്ഭുതങ്ങള്‍ക്കും വിടുതലുകള്‍ക്കും വേണ്ടി വേറൊരു വിഭാഗം. വളരെ പണംമുടക്കി ചെയ്യുന്നെങ്കിലും യോഗങ്ങള്‍ പലതും ചടങ്ങുകളായിത്തീരുന്നു. ചിലരുടെ പോക്കറ്റ് നിറയ്ക്കുവാനുള്ള കുറുക്കുവഴി. മറ്റുചിലര്‍ക്ക് ഉദരവഴിപാട്.
ഇന്ന് പല കണ്വന്ഷന് പന്തലുകളും കള്ളന്മാരുടെ ഗുഹ ആയിരിക്കുന്നു. വര്ഷിപ്പുകാരുടെ കൈയ്യില്‍ നിന്ന് മൈക്ക് ലഭിക്കുമ്പോള്‍ ഒരു സമയമാകും. മനോഹരമായ പാട്ടുകള്‍ കേട്ടുകൊണ്ട് പൊതുജനം റോഡിലും മതിലിലും ഇരിക്കും. പെട്ടെന്ന് പ്രാര്‍ത്ഥിച്ച് ദൈവവചനം പറയുവാന്‍ തുടങ്ങിയാല്‍ ആ ശ്രോതാക്കളെ ലഭിക്കും. എന്നാല്‍ ഇതിനിടയില്‍ ഇനിയും നമുക്ക് ഒന്നിച്ച് കരങ്ങള്‍ അടിച്ച് ആരാധിക്കാം എന്ന് ആഹ്വാനം നല്‍കും. അപ്പോഴേക്കും റോഡിലും മതില് കെട്ടിലും ഇരുന്നവര്‍ സ്ഥലംവടും. സഭാഹാളിനകത്ത് എന്നും കരങ്ങള്‍ അടിച്ച് ആരാധിക്കുന്നില്ലേ? പൊതുവില്‍ അതില്ലാതെ യോഗം നടക്കുകയില്ലേ? ആവലോടും ആത്മഭാരത്തോടും ആത്മാവില്‍ ദൈവവചനം ഘോഷിക്കേണ്ട സമയം കവര്‍ന്ന് കളയണോ? ഞങ്ങളുടെ ചെറുപ്പത്തില്‍ ഇങ്ങനെ ഒരു സംവിധാനമില്ല. അന്ന് ക്വയറില്ല. കൈ വീശി വീശി, കൈ പൊക്കി സ്തുതിപ്പിക്കുന്ന ഈ സംവിധാനം പോട്ടയില്‍ തുടങ്ങിയതാണ്. അത് അതുപോലെ തന്നെ പകര് ത്തുന്ന മിടുക്കന്മാര് ജനത്തെക്കൊണ്ട് ചെയ്യിക്കുന്നു. പുനര്‍ വിചിന്തനത്തിന് തയ്യാറാകുക. ഇനിയും വിടുതല്‍ മഹോത്സവങ്ങള്‍ നോക്കാം. ലോക്കല്‍, സെന്റര്‍, ജനറല്‍ ഇങ്ങനെ വ്യത്യസ്ത പേരില്‍ എല്ലാവര്‍ഷവും ഉത്സവങ്ങള്‍ നടക്കുന്നതു കൂടാതെ വിശേഷാല്‍ ചില വിടുതല്‍ മേളകളും അരങ്ങേറുന്നുണ്ട്.
ഒട്ടുമിക്ക ക്രിസ്തീയ പത്രങ്ങളിലും വിടുതല്‍ മഹോത്സവത്തിന്റെ പരസ്യം കൊടുക്കുന്ന ഒരുമഹാന്‍ കഴിഞ്ഞയിടെ മദ്ധ്യതിരുവിതാംകൂറിലെ ഒരു ക്രിസ്തീയ പത്രത്തിന്റെ ചീഫ് എഡിറ്ററോട് ഇപ്രകാരം പറഞ്ഞു. ഒരു ലേഖകന്റെ ആര്‍ട്ടിക്കിള്‍ ഒഴിവാക്കിയിട്ട് തന്റെ വിടുതല്‍ മഹോത്സവത്തിന്റെ പരസ്യം കൊടുക്കണം. പറയുന്ന തുക സംഭാവന ചെയ്യാം. പത്രാധിപര്‍ അത് നിരസിച്ചു. അതിനു പകരം ഞാന്‍ ഒരു ആര്‍ട്ടിക്കിള്‍ നല്‍കാമെന്നു പറഞ്ഞിരുന്നെങ്കില്‍ സന്തോഷമായിരുന്നു. അതിനുള്ള ചങ്കൂറ്റമില്ല. തലയില്‍ ആള്ത്താമസമില്ലാത്തവരുടെ കഥ തഥൈവ. വിടുതലിന്റെ മറവില്‍ സമ്പാദിച്ച മാമ്മോന് വാരി എറിയുന്നതിന് ശങ്കിക്കേണ്ടല്ലോ. പണംകൊണ്ട് തൂലികയുടെ ശക്തി ഇല്ലാതാക്കാമെന്ന് വ്യാമോഹിക്കരുത്. അപ്പോ. 3:12 നോക്കുക.
അത് കണ്ടിട്ട് പത്രോസ് ജനങ്ങളോട് പറഞ്ഞത് യിസ്രായേല്‍ പുരുഷന്മാരേ ഇതില്‍ ആശ്ചര്യപ്പെടുന്നതു എന്ത്? ഞങ്ങളുടെ സ്വന്തശക്തികൊണ്ടോ ഭക്തികൊണ്ടോ ഇവനെ നടക്കുമാറാക്കി എന്നപോലെ ഞങ്ങളെ ഉറ്റുനോക്കുന്നതെന്ത്? ഇവിടെ അതിശയപ്പെടാന്‍ ഒന്നുമില്ലെന്നാണ് പറയുന്നത്. ആജാനുബാഹുവായ ഒരു മനുഷ്യന് 50 കിലോയുടെ ഒരു അരിചാക്ക് തലയില്‍ ചുമന്നു കൊണ്ടുപോയാല്‍ അത് അത്ഭുതമല്ല. അതേസമയം പത്തുവയസ്സുള്ള ഒരു കൊച്ചുകുട്ടി അത് ചെയ്താല്‍ തികച്ചും അത്ഭുതം തന്നെ. സകലത്തിനും ലാക്കും കാരണഭൂതനും സകലത്തിനും ആധാരവുമായ സാക്ഷാല്‍ ദൈവത്തിന് കുരുടനെയോ മുടന്തനെയോ സൗഖ്യമാക്കുന്നത് വലിയ കാര്യമല്ല. യേശുക്രിസ്തുവിന്റെ നാമത്തിലുള്ള ശക്തി തിരിച്ചറിയണം. അവിടുന്ന് ആരാണെന്ന് ബോധ്യമല്ലാത്തതുകൊണ്ടാണ് അത്ഭുതമായി തോന്നുന്നത്. അപ്പസ്തോലന്മാര് പറയുന്നത് ഞങ്ങളുടെ കഴിവുകൊണ്ടല്ലെന്നാണ്. ഇവിടുത്തെ ചില വിടുതലുകാര്‍ പറയുന്നത് ‘ഞാന്‍ ഒരുഗ്ലാസ്സ് വെള്ളം പ്രാര്‍ത്ഥിച്ച് നല്കിയപ്പോള്…. എന്നെ കണ്ടതായ മാത്രയില്‍തന്നെ…. ഞാന്‍ കൈവച്ച് പ്രാര്‍ത്ഥിച്ച ഉടന്‍തന്നെ….’ ഇങ്ങനെ പോകുന്നു അതിന്റെ പട്ടിക. മാനവും മഹത്വവും ഇവിടുത്തെ തിരുമേനിമാര് എടുക്കുന്നു.
ചില കണ്‍വന്‍ഷനുകളില്‍ വീരകൃത്യങ്ങളുടെ നീണ്ട പട്ടികയാണ് പലരും നിരത്തുന്നത്. പരേതനായ പാസ്റ്റര്‍ വി.എ. തോമസ്സിന്റെ ഭാഷയില്‍ ‘കുഞ്ഞേ ഇന്നത്തെ ഹീലിങ്ങെല്ലാം ഒരുതരം ഫീലിങ്ങാണ്’. ഒരു അത്ഭുതവും നടക്കുന്നില്ല എന്നതാണ് ഏറ്റവും വലിയ അത്ഭുതം. സുവിശേഷ പ്രഭാഷകര്‍ ഇന്നുധാരാളമാണ്. കസേരകൊണ്ട് സ്റ്റേജ് പിടിക്കുന്നവര്‍ ഒരുഭാഗത്ത്. പണംകൊണ്ട് പ്രസംഗ പീഠത്തില്‍ കയറുന്ന മറ്റൊരു കൂട്ടര്. വിടുതല്‍ മാജിക്കുകള്‍ കൊണ്ട് വിഹരിക്കുന്ന വിരുതന്മാരുടെ മറ്റൊരു ഗണം. ഈ കാരണങ്ങാല്‍ വചനം ദുര്‍ല്ലഭമായി. യഥാര്‍ത്ഥമായ വചനത്തിന്റെ ആഴങ്ങള്‍ ശ്രോതാക്കളില്‍ ചെല്ലുന്നില്ല എന്ന ദുഃഖസത്യം വിസ്മരിക്കാന്‍ കഴിയില്ല. ഇടിനിടയില്‍ നെടുവീര്‍പ്പിടുന്നവരുടെ സങ്കടത്തിന് ആരും ചെവികൊടുക്കാറില്ല. ക്രൂശിക്കപ്പെട്ടവനായ ക്രിസ്തുവിനെയും തന്റെ വരവിനെയും രക്ഷയെ ഗണ്യമാക്കാതെ പോയാലുള്ള ന്യായവിധിയെയും പ്രസംഗിക്കാതെ മേളാങ്കങ്ങളായി സുവിശേഷ യോഗങ്ങള്‍ അധഃപതിക്കുന്നുണ്ട്. തീയതി നല്‍കിയിട്ട് തക്കസമയത്ത് സ്ഥലത്ത് എത്തിച്ചേരാതെ ഇരുന്നവരും ഇതിനിടയില്‍ ഉണ്ട്. ആളുകള്‍ കുറവാണെന്ന് കണ്ടപ്പോള്‍ ഉഴപ്പി എനിക്ക് മറ്റൊരു പ്രോഗ്രാം മുന്‍ ഏറ്റെടുത്തു പോയിരുന്നു എന്നായി. കടിച്ചാല്‍ പൊട്ടാത്ത പദങ്ങളും പ്രയോഗങ്ങളും നടത്തി ആര്‍ക്കും ഒന്നും മനസ്സിലാകാതെ പ്രഭാഷണം അവസാനിപ്പിക്കുന്നവര്‍ ധാരാളം. വായിച്ച കുറിവാക്യത്തോട് നീതി പുലര്‍ത്താതെ കാടുകയറി കാട് അടച്ച് വെടിവെക്കുന്ന വിരുതന്മാരും ഇല്ലാതില്ല. വെറുതെ കാറിക്കൂകി ഒന്നര മണിക്കൂര്‍ ജനത്തെ വിഷമിപ്പിക്കുന്ന ചില കുമാരന്മാരും വിഹരിക്കുന്നു.
ആഴമേറിയ ആത്മീയ ദൂതുകള്‍ പറയുവാന്‍ കൃപയുള്ളവര്‍ക്ക് അവസരമില്ല. പഴക്കവും തഴക്കവും ചെന്ന ചിലരെ സ്ഥിരമായി വിളിക്കുന്നു. സോണി, പാനാസോണിക് തുടങ്ങിയ ബ്രാന്‍ഡ് ആയിട്ട് പേരെടുത്തവര്‍ ഒന്നും പറയണമെന്നില്ല. അവരുടെ പേരുമതി കിട്ടുവാനുള്ള കവര്‍ കിട്ടും. സ്വര്‍ഗ്ഗീയ രാജാവിന് പറയുവാനുള്ള സന്ദേശം അതിന്റെ ഗൗരവം കളയാതെ വിളിച്ച് പറയുവാന്‍ കൃപയുള്ളവര്‍ എഴുന്നേല്ക്കട്ടെ! പാപത്തിന്റെ അന്ധകാരത്തില്‍ നിന്ന് വിടുവിച്ച മഹത്വമേറിയ വിടുതല്‍ ഘോഷിക്കുവാന്‍ നാം തയ്യാറാകണം. വരുവാനുള്ളവന് വരാറായി. നമുക്കൊരുങ്ങാം
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.