പോസ്റ്റ്മോർട്ടത്തിന്റെ പേരിൽ ബന്ധുക്കളെ കൊള്ളയടിക്കുന്ന റാക്കറ്റ് വ്യാപകം. ചില താലൂക്ക് ആശുപത്രികൾ കേന്ദ്രീകരിച്ചാണു റാക്കറ്റിന്റെ പ്രവർത്തനം.
ഒരു പോസ്റ്റ്മോർട്ടത്തിനു 10000 മുതൽ 15000 രൂപ വരെയാണു മരിച്ചയാളിന്റെ ബന്ധുക്കളിൽ നിന്ന് ഇവർ വാങ്ങുന്നത്. പോസ്റ്റ്മോർട്ടത്തിനു സഹായിക്കുന്നവർ മുതൽ ചില പൊലീസുകാരും ഡോക്ടർമാരും വരെ ഇൗ കച്ചവടത്തിൽ പങ്കാളികളാണെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. വാഗമണ്ണിൽ ആത്മഹത്യ ചെയ്ത മുട്ടം കോടതിയിലെ ക്ലറിക്കൽ അസിസ്റ്റന്റ് വിജു ഭാസ്കറിന്റെ മൃതദേഹം വിട്ടുനൽകുന്നതിനു പൊലീസ് കൈക്കൂലി ചോദിച്ച സംഭവം പുറത്തായതോടെയാണു ജില്ലയിൽ പോസ്റ്റ്മോർട്ടത്തിന്റെ പേരിൽ കച്ചവടം നടത്തുന്ന സംഘം വ്യാപകമാണെന്നു വ്യക്തമായത്.
സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു ബന്ധുക്കൾ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചു. ഡിവൈഎസ് പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്നു സംസ്ഥാന മനുഷ്യവകാശ കമ്മിഷൻ ആക്ടിങ് ചെയർപഴ്സൻ പി. മോഹൻദാസ് ഉത്തരവിട്ടു. ഒരുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണു കമ്മിഷന്റെ നിർദേശം. തൂങ്ങിമരണമെങ്കിൽ പൊലീസ് എത്തിയാണു മൃതദേഹം മാറ്റുന്നത്. ഇതിനുശേഷം മൃതദേഹത്തിലെ മുറിവുകളോ, ചതവുകളോ, മുറിയിലെ രക്തക്കറകളോ പരിശോധിക്കുകയാണു ചെയ്യുന്നത്. ഇൻക്വസ്റ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണു പൊലീസുകാർ മൃതദേഹം ആശുപത്രിയിലെത്തിക്കുക. തുടർന്നാണു പോസ്റ്റ്മോർട്ടം.
ഇതിനിടെ മൃതദേഹം പുറത്തെത്തിക്കുന്നതിനും മറ്റുമായി പൊലീസിനു നിശ്ചിത തുക നൽകണമെന്നാണ് ആരോപണം. ഇതിനുശേഷം പോസ്റ്റ്മോർട്ടം നടപടികൾക്കു സഹായിക്കുന്ന ചില അറ്റൻഡർമാർക്കു മദ്യവും പണവും നൽകണം. ഇല്ലെങ്കിൽ പോസ്റ്റ്മോർട്ടത്തിനു കാലതാമസം നേരിടേണ്ടി വരുമെന്നാണ് അനുഭവസ്ഥർ പറയുന്നത്. ദിവസങ്ങൾക്കുശേഷം കണ്ടെത്തുന്ന ചീഞ്ഞളിഞ്ഞ മൃതദേഹങ്ങൾക്കു ‘വൻ ഡിമാൻഡ്’ ആണ്. ഇത്തരം മൃതദേഹങ്ങൾ പുറത്തെത്തിക്കുന്നതിനായി ഓരോ സ്റ്റേഷൻ പരിധികളിലും മൃതദേഹം എടുത്തു മാറ്റുന്നവരുണ്ട് ഇവർക്കു മദ്യവും പണവുമാണ് ആവശ്യം. സാധാരണ 2000 മുതൽ 4000 രൂപ വരെയാണ് ഇത്തരത്തിലുള്ള മൃതദേഹം എടുത്തു മാറ്റുന്നതിന് ഇവർ പ്രതിഫലമായി ആവശ്യപ്പെടുന്നത്.
മൃതദേഹം മാറ്റുന്നതിനു ബന്ധുക്കളുടെ സാമ്പത്തിക നില പരിഗണിച്ചു 10000 രൂപ മുതൽ 25000 രൂപ വരെ വാങ്ങുന്ന ചില പൊലീസുകാരും ജില്ലയിലുണ്ട്. മൃതദേഹം എടുത്തു മാറ്റുന്നയാൾക്കു പ്രതിഫലം 2000 രൂപ മാത്രം. ബാക്കി തുക ചില പൊലീസുകാർ കൈക്കലാക്കും. പരാതികൾ വ്യാപകമായതോടെ ഇതേക്കുറിച്ചു സ്പെഷൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി.
Comment:*
Nickname*
E-mail*
Website