മഹാകവി അക്കിത്തം അന്തരിച്ചു

മഹാകവി അക്കിത്തം അന്തരിച്ചു
October 15 09:35 2020 Print This Article

തൃശൂര്‍: മലയാള മഹാകവി അക്കിത്തം അച്യുതന്‍ നമ്ബൂതിരി അന്തരിച്ചു. 94 വയസ്സായിരുന്നു. രാവിലെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ക്ക് ചികിത്സയിലായിരുന്നു.

പാലക്കാട് ജില്ലയിലെ കുമരനല്ലൂരിലെ അമേറ്റൂര്‍ അക്കിത്തത്ത് മനയില്‍ 1926 മാര്‍ച്ച്‌ 18ന് അക്കിത്തത്ത് വാസുദേവന്‍ നമ്ബൂതിരിയും ചേകൂര്‍ മനയ്ക്കല്‍ പാര്‍വ്വതി അന്തര്‍ജ്ജനത്തിന്റേയും മകനായാണ് അക്കിത്തത്തിന്റെ ജനനം. മംഗളോദയം, യോഗക്ഷേമം എന്നിവയുടെ സഹ പത്രാധിപരായി പ്രവര്‍ത്തിച്ചു. 1956 മുതല്‍ കോഴിക്കോട് ആകാശവാണി നിലയത്തില്‍ സ്‌ക്രിപ്റ്റ് എഴുത്തുകാരനായിരുന്നു. 1975ല്‍ ആകാശവാണി തൃശ്ശൂര്‍ നിലയത്തില്‍ എഡിറ്ററായും ചുമതല വഹിച്ചിട്ടുണ്ട്. 1985ല്‍ ആകാശവാണിയില്‍ നിന്ന് വിരമിച്ചു.

കവിതകളും നാടകവും ചെറുകഥകളും ഉപന്യാസങ്ങളുമായി 46 ഓളം കൃതികള്‍ മഹാകവി അക്കിത്തത്തിന്റെ സംഭാവനയായി മലയാളത്തിന് ലഭിച്ചിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, ഭാഗവതം, നിമിഷ ക്ഷേത്രം, വെണ്ണക്കല്ലിന്റെ കഥ, ബലിദര്‍ശനം, മനസ്സാക്ഷിയുടെ പൂക്കള്‍, അക്കിത്തത്തിന്റെ തിരഞ്ഞെടുത്ത കവിതകള്‍, നിമിഷ ക്ഷേത്രം, പഞ്ചവര്‍ണ്ണക്കിളി, അരങ്ങേറ്റം, മധുവിധു, ഒരു കുല മുന്തിരിങ്ങ, ഇടിഞ്ഞു പൊളിഞ്ഞ ലോകം, അമൃതഗാഥിക, കളിക്കൊട്ടിലില്‍, സമത്വത്തിന്റെ ആകാശം, കരതലാമലകം, ആലഞ്ഞാട്ടമ്മ, പ്രതികാരദേവത, മധുവിധുവിനു ശേഷം, സ്പര്‍ശമണികള്‍, അഞ്ചു നാടോടിപ്പാട്ടുകള്‍, മാനസപൂജ എന്നിവയാണ് പ്രധാനകൃതികള്‍. ഉപനയനം, സമാവര്‍ത്തനം എന്നീ ഉപന്യാസങ്ങളും അദ്ദേഹത്തിന്റേതായി പുറത്തുവന്നിട്ടുണ്ട്.

ബലിദര്‍ശനം എന്നകൃതിക്ക് 1972 ല്‍ കേരള സാഹിത്യഅക്കാദമി അവാര്‍ഡ് ലഭിച്ചു. 1973 ലെ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, 1974 ലെ ഓടക്കുഴല്‍ അവാര്‍ഡ്, സഞ്ജയന്‍ പുരസ്‌കാരം, പത്മപ്രഭ പുരസ്‌കാരം, അമൃതകീര്‍ത്തി പുരസ്‌കാരം, സമഗ്രസംഭാവനയ്ക്കുള്ള 2008 ലെ എഴുത്തച്ഛന്‍ പുരസ്‌കാരം , 2008 ലെ മാതൃഭൂമി സാഹിത്യ പുരസ്‌കാരം, 2012ലെ വയലാര്‍ അവാര്‍ഡ്, 2016ലെ എഴുത്തച്ഛന്‍ പുരസ്‌കാരം, 2017ലെ പത്മശ്രീ പുരസ്‌കാരം, ജ്ഞാനപീഠ സമിതിയുടെ മൂര്‍ത്തിദേവി പുരസ്‌കാരം തുടങ്ങിയവ മഹാകവി അക്കിത്തത്തിന് ലഭിച്ചിട്ടുണ്ട്.

2019 ല്‍ ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ചു. ജ്ഞാനപീഠം നേടുന്ന ആറാമത്തെ മലയാളിയാണ് അദ്ദേഹം.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.