മതപ്രീണനം നടത്തി ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന മുന്നണികളെ തിരിച്ചറിയുക.

മതപ്രീണനം നടത്തി ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന മുന്നണികളെ തിരിച്ചറിയുക.
May 08 21:32 2022 Print This Article

നാണംകെട്ട മതപ്രീണനം നടത്തി ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന ഇരുമുന്നണികളെയും ജനങ്ങൾ തിരിച്ചറിയുക. എല്ലാ മതങ്ങളെയും തുല്യമായി കാണുന്ന, എല്ലാ മതങ്ങളെയും തുല്യ ദൂരത്തിൽ നിർത്തുന്ന ഒരു രാഷ്ട്രീയ സാഹചര്യം ഉണ്ടെങ്കിൽ തീർച്ചയായും അവർക്ക് മാത്രമേ വോട്ട് ചെയ്യാവൂ. ഇന്ന് കേരളത്തിലെ രാഷ്ട്രീയം ഇത്രയും മലീമസം ആയത് ഇവിടുത്തെ മത പ്രീണന രാഷ്ട്രീയക്കാരെ കൊണ്ടാണ്.

തൃക്കാക്കര ഒരു ക്രൈസ്തവ ഭൂരിപക്ഷ മേഖലയായതിനാൽ രണ്ടു പാർട്ടിക്കാരും നാണംകെട്ട തരംതാണ കളികളുമായി ഇറങ്ങിയിരിക്കുകയാണ്. ഇതുവരെ കാലിനടിയിൽ ചവിട്ടി തിരികി വച്ചിരുന്ന ക്രൈസ്തവരുടെ വികാരങ്ങളുടെ മുകളിൽ ഐസ്സ് കയറ്റി തണുപ്പിക്കുവാൻ ആയിരിക്കാം ഒരു കുഞ്ഞാടിനെ കൊണ്ടുവന്നു അച്ഛന്റെ സാന്നിധ്യത്തിൽ പ്രതിഷ്ഠിക്കുന്നത്.

എന്നാൽ പൊതുജനം ഒന്നോർക്കണം ഇപ്പോൾ ഭരണത്തിലിരിക്കുന്ന കക്ഷി മറ്റാരെയോ സുഖിപ്പിക്കാൻ വേണ്ടി ക്രൈസ്തവരോട് കേവലം നീചമായി തന്നെയാണ് ഇന്നും പെരുമാറുന്നത്. അതിൽ സംവരണം മുതൽ കോവിഡ് റെസ്ട്രിക്ഷൻ മുതൽ ഇങ്ങു പിസി ജോർജിനെ അറസ്റ്റ് വരെ ( പിഎസ്സി പറഞ്ഞതിനോട് ഞാൻ അനുകൂലിക്കുന്നില്ല). ചേർത്തു വായിക്കേണ്ടതാണ്.

നിയമം എല്ലാവർക്കും തുല്യമായി കിട്ടേണ്ടതാണ്. അതിൽ രാഷ്ട്രീയക്കാർ മതങ്ങളെ സൂഖിപ്പിക്കുവാൻ ഇറങ്ങുമ്പോൾ ഈ നാട്ടിൽ നിലനിൽക്കുന്ന മതസൗഹാർദ്ദം തകർക്കുന്നത് അവർ മാത്രമാണ്. അതിനു വളം വെച്ച് കൊടുക്കുന്നതും അവർ മാത്രമാണ് ബാക്കിയൊക്കെ നാം ഇന്ന് സമൂഹത്തിൽ കാണുന്നത് അതിന്റെയൊക്കെ പ്രതിഫലനങ്ങൾ മാത്രമാണ്.

കോൺഗ്രസ് പാർട്ടിയും ഇതേ തത്വം തന്നെ മുതലെടുത്തു. വോട്ടുബാങ്ക് മാത്രം കണ്ണിൽ കണ്ട അവർ സംവരണ ബില്ലിൽ മറുകണ്ടം ചാടിയ മുതൽ കൂടുതൽ വോട്ടു കിട്ടുന്ന മതത്തിനെ സുഖിപ്പിക്കൽ വരെ ഇന്ന് തുടർന്നുപോരുന്ന കാര്യമാണ്…

പി.ടി തോമസ്, അച്ഛന്മാർ തന്റെ ശവപ്പെട്ടിയുമായി ജാഥ നടത്തി എന്ന് പരസ്യമായി പലവട്ടം സ്റ്റേജിൽ പ്രസംഗിച്ചതാണ്. ഒരിക്കലും നടന്നിട്ടില്ലാത്ത ഒരു കാര്യം. അതുകൊണ്ടുതന്നെ തന്റെ ഭൗതികശരീരം പള്ളിയിൽ അല്ല കുഴിച്ചിടേണ്ടത്‌ എന്നും , ചിതാഭസ്മം ആക്കി പലയിടത്തായി നിക്ഷേപിക്കണമെന്നും പറഞ്ഞു. അതിന്റെ ഒരു ചെറിയ അംശം പേരിനു വേണ്ടി ഒരു കല്ലറയിൽ വെക്കുകയും ചെയ്തു.. ക്രൈസ്തവ വോട്ട് ലക്ഷ്യമാക്കി ഭാര്യ ഉമ ഇപ്പോൾ കല്ലറയിൽ പോയി നാടകം കളിക്കലും ആരാധനാ മധ്യേ പള്ളിയിൽ പോയി സെൽഫി എടുക്കൽ ഒക്കെ നടക്കുന്നു. ഇതെല്ലാം ക്രൈസ്തവരുടെ വോട്ട് മാത്രം ലക്ഷ്യമാക്കിയുള്ളതാണ്… പി ടി തോമസ് ജീവിച്ചിരുന്നപ്പോൾ പതിനഞ്ച് ആയിരത്തോളം കുടുംബങ്ങൾ നേരിട്ടും അനേകം ആയിരങ്ങൾ പരോക്ഷമായും ജീവിച്ചുപോരുന്ന കിറ്റക്സ്സ് അടച്ചുപൂട്ടാൻ അശ്രാന്തപരിശ്രമം നടത്തിയ ആളാണ്..

തൃക്കാക്കരക്കാർ മാത്രമല്ല, കേരളം മുഴുവൻ ചിന്തിക്കേണ്ട ഒരു സത്യമുണ്ട്. മതങ്ങളെ സുഖിപ്പിച്ചും ദണ്ഡിപ്പിച്ചും മുന്നേറുന്ന പാർട്ടികളെ നാം വളർത്തേണ്ടത് ഉണ്ടോ?. ഒരിക്കലും പാടില്ല. മതം ഒരാളുടെ വ്യക്തിപരമായ കാര്യം മാത്രമാണ്. അത് രാഷ്ട്രത്തിനും രാഷ്ട്രീയത്തിനും ഇടയിൽ കലക്കിയാൽ ഈ നാട് നശിക്കുക തന്നെ ചെയ്യും.

അതുകൊണ്ട് ഇവിടെ ക്രൈസ്തവൻ എന്നോ, ഹിന്ദുവെന്നോ മുസ്ലിം എന്നോ അല്ല നാം കാണേണ്ടത്. എല്ലാവരെയും ഒരുപോലെ കാണുന്ന, എല്ലാവർക്കും ഒരുപോലെ നീതി ലഭ്യമാക്കുന്ന, എല്ലാവരോടും സാഹോദര്യവും സമത്വവും പരിപാലിക്കപ്പെടുന്ന ഒരു സമൂഹത്തെ കെട്ടിപ്പടുക്കുവാൻ കഴിയുന്ന രാഷ്ട്രീയ സംവിധാനം ആണ് നമുക്ക് വേണ്ടത്. അല്ലാതെ മതങ്ങളെ പ്രീണിപ്പിച്ചു കൊണ്ട് താൽക്കാലിക ലാഭത്തിനും വോട്ടുബാങ്കുകൾ മാത്രം തേടി പോകുന്നുവെങ്കിൽ നമ്മൾ ഇന്ന് ആയിരിക്കുന്ന സമാധാന സാഹചര്യം ഇല്ലാതെ ആയി പോകും.

അതുകൊണ്ട് മതങ്ങളെ തീണ്ടാപ്പാടകലെ നിർത്തി മനുഷ്യരെ ഒന്നായി കാണുന്ന ആംആദ്മിപാർട്ടി/20:20 പോലെയുള്ള സംവിധാനങ്ങൾ മുന്നോട്ടു വരുന്നില്ല എങ്കിൽ നമ്മുടെ നാട് അതിവേഗം തകർച്ചയിലേക്കും പലവിധ പ്രത്യാഘാതങ്ങൾക്കും. കാരണമായിത്തീരും. ഇന്നത്തെ രാഷ്ട്രീയക്കാരാണ് മതത്തെ ഇത്രയും ജീർണമായ് രീതിയിൽ രാഷ്ട്രീയത്തിലേക്ക് വലിച്ചു കൊണ്ടു വന്നത്. പൊതുജനം പ്രത്യേകിച്ച് ഇപ്പോൾ ക്രൈസ്തവർ അത് തിരിച്ചറിയുക. നമുക്കുവേണ്ടത് സമാധാനവും സാഹോദര്യവും രാഷ്ട്ര നിർമ്മാണവും ആണ്. എന്റെ അയൽക്കാരൻ നന്നായിരിക്കുന്നു എങ്കിൽ മാത്രമേ എനിക്ക് സമാധാനം ഉണ്ടാവുകയുള്ളൂ എന്നുള്ള സാഹചര്യം ഉണ്ടായില്ലെങ്കിൽ നാം നാശത്തിന്റെ വക്കിലാണ് എന്ന് ഓർത്തു കൊള്ളുക.

അതുകൊണ്ട് ഇപ്പോൾ തൃക്കാക്കരയിൽ ക്രൈസ്തവ വോട്ടിനു വേണ്ടി കടിപിടി കൂടുന്ന ഇരുമുന്നണികളോടും അവരുടെ നാറിയ സിദ്ധാന്തങ്ങളും മനസ്സിലാക്കി രണ്ടിനെയും ചവിട്ടി പുറത്താക്കി ആം ആദ്മി 20 സഖ്യത്തെ ജയിപ്പിച്ചാൽ, അത് കേരളമൊന്നാകെ പടർന്നു പിടിച്ചാൽ, എല്ലാവർക്കും സമാധാനവും സന്തോഷവും ആയി കഴിയുവാനുള്ള സാഹചര്യം ഉണ്ടാകും എന്ന് ഞാൻ വിശ്വസിക്കുന്നു. അതുകൊണ്ട് മതം വ്യക്തിപരവും രാഷ്ട്രീയം സാമൂഹികപരവുമായ തീരട്ടെ. കേരളത്തെ ഇത്രയും മലീമസമാക്കുന്ന സാഹചര്യം ഇനിയും ഉണ്ടാവരുത്. അതുകൊണ്ട് ഏത് അരമനയിൽ നിന്ന് കൊണ്ടാക്കിയ പുന്നാരമോന് എങ്കിലും, ഏത് പള്ളിയിൽ ഓടിക്കയറി സെൽഫി എടുത്താലും ഇലക്ഷൻ കഴിയുമ്പോൾ നിങ്ങളുടെ സാഹചര്യം പഴയതു തന്നെയാണ്.

മതം അത് സ്വകാര്യമാണ്. അതിനപ്പുറത്ത് യാതൊരു പ്രസക്തിയുമില്ല. മതമല്ല വലുത് മനുഷ്യനാണ്. മതമല്ല വലുത് സമൂഹമാണ്. മതമല്ല വലുത് രാഷ്ട്രമാണ്….
ബ്ലസൺജി

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.