ബിജെപിയുടെ  ഗൂഢ തന്ത്രങ്ങളെ അതിജീവിക്കാൻ തമിഴകത്തിനാകുമോ…

ബിജെപിയുടെ  ഗൂഢ തന്ത്രങ്ങളെ അതിജീവിക്കാൻ തമിഴകത്തിനാകുമോ…
February 12 10:53 2017 Print This Article

വൈകാരികതയിൽ ആടിയുലയുന്ന തമിഴ് രാഷ്ട്രീയം ആണ് ഇപ്പോൾ തമിഴകത്ത് അരങ്ങേറുന്നത്. കുറച്ചു നാളുകൾ ആയി തുടരുന്ന രാഷ്ട്രീയ നാടകത്തിൽ പുതിയ വഴിത്തിരിവ് ആയിരുന്നു ഇക്കഴിഞ്ഞ മണിക്കൂറുകളിൽ കണ്ടതും.  മുഖ്യമന്ത്രിആരാകണം എന്ന കാര്യത്തിൽ അഭിപ്രായഭിന്നത രൂക്ഷമായതോടെ, പൊതുസമ്മതനായ ഒരാളെ മുഖ്യമന്ത്രിയാക്കി പ്രശനം പരിഹരിക്കാനുള്ള വെമ്പലിലാഒരുകൂട്ടർ. മറ്റൊരു കൂട്ടർ പാരമ്പര്യം വിളിച്ചോതി വൈകാരികമായ നീക്കങ്ങളും നടത്തുന്നു .

ജയലളിതയുടെ മരണത്തോടെ തമിഴ്‌ രാഷ്ട്രീയത്തിൽ അരങ്ങേറിക്കൊണ്ടിരിക്കുന്ന മാറ്റങ്ങൾ വൈകാരികതക്ക് അപ്പുറത്തേക്ക് നീളുന്ന കൈ അബദ്ധനാടകത്തിന്റെ പ്രതി രൂപം കൂടിയാണ് എന്ന് പറയാതെ വയ്യ എല്ലാ വിഷയങ്ങളെയും അതിവൈകാരികമായാണ്‌ തമിഴ്‌ ജനത കൈകാര്യം ചെയ്തുപോരുന്നത്‌ എന്നതിന് ഇതിൽ കൂടുതൽ തെളിവുകൾ വേണ്ടല്ലോ ..ഇത്തരം ഇടപെടലുകൾ ആണ് തമിഴകരാഷ്ട്രീയത്തിന്റെയും സാമൂഹ്യാവസ്ഥയുടെയും പ്രത്യേകത. ഏതു ചെറുതോ വലുതോ ആയ പ്രശ്നമായാലും എല്ലാത്തിലും ആ വൈകാരികത യുക്തിയേക്കാളും ചിന്ത ശക്തിയേക്കാളും മേൽത്തട്ടിൽ നിൽക്കുന്നതായി അനുഭവങ്ങൾ പഠിപ്പിക്കുന്നു .

ജയലളിത കുറ്റാരോപിതയായി പുറത്തുപോകേണ്ടി വന്ന ഘട്ടത്തിൽ മുഖ്യമന്ത്രിയായ പനീർ ശെൽവം അവരുടെ നിര്യാണത്തിന്‌ ശേഷവും മുഖ്യമന്ത്രി പദത്തിലെത്തി. അതുകഴിഞ്ഞ്‌ മാസങ്ങൾ തികയും മുമ്പാണ്‌ ജയലളിതയുടെ സന്തതെസഹചാരിയായിരുന്ന ശശികലയുടെ അധികാരാരോഹണം നടത്തുവാൻ വ്യഗ്രത കണ്ടതും ജനങ്ങൾക്കിടയിൽ സംശയത്തിന്റെ നിഴൽ വീശിയതും .ജയലളിതയുടെ നിര്യാണം മൂലം ഒഴിവു വന്ന പാർട്ടി നേതൃസ്ഥാനത്തേയ്ക്ക്‌ ശശികല തിരഞ്ഞെടുക്കപ്പെട്ടുവെങ്കിലും പനീർ ശെൽവമാണ്‌ മുഖ്യമന്ത്രിയായത്‌. എന്നാൽ പെട്ടെന്ന്‌ അധികാര മാറ്റത്തിനുള്ള സാഹചര്യം ഉണ്ടാകുകയായിരുന്നു.മറ്റു പല സംസ്ഥാനങ്ങളും ദേശീയ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ അധികാര കേന്ദ്രമായിരുന്നപ്പോഴും പ്രാദേശിക രാഷ്ട്രീയത്തിന്‌ മുൻതൂക്കമുണ്ടായിരുന്ന ആദ്യസംസ്ഥാനമാണ്‌ തമിഴകം.

ദേശീയ രാഷ്ട്രീയത്തെ അധികാരത്തിലേയ്ക്ക്‌ അടുപ്പിക്കാതെ ദ്രവീഡിയൻ നിലപാട്‌ അവർ ആവർത്തിച്ചുകാത്തു. ഡിഎംകെയായും എഐഎഡിഎംകെയായും അധികാരം പ്രാദേശിക രാഷ്ട്രീയകക്ഷികളിൽ കറങ്ങിനിന്നു.അണ്ണാദുരൈയുടെ കാലശേഷം കരുണാനിധിയുടെ കാലമായിരുന്നുവെങ്കിൽ അദ്ദേഹവും എംജിആറും തമ്മിലുണ്ടായ തർക്കമാണ്‌ എഐഎഡിഎംകെയുടെ രൂപീകരണത്തിലേയ്ക്കും എംജിആറിന്റെ അധികാരത്തിലേയ്ക്കും വഴി തുറന്നത്‌.എംജിആറിന്റെ കാലശേഷം പത്നി ജാനകി രാമചന്ദ്ര ൻ മുഖ്യമന്ത്രിയായെങ്കിലും ആ ഭരണത്തിന് ആയുസുണ്ടായിരുന്നില്ല .ജയലളിത എംജിആറിന്റെ ജനപക്ഷ നിലപാടുകളെ ഉയർത്തികാണിച്ചു ജനങ്ങളുടെ ദുർബലത മുതലെടുക്കുന്ന രീതിയിൽ അവർക്ക്‌ ജനപ്രിയനായികയാകാൻ സാധിച്ചു.ജാനകിക്ക്‌ അധികാരത്തിൽ നിന്നും പൊതുരംഗത്തു നിന്നുതന്നെയും മാറേണ്ടി വന്ന കാഴ്ചയാണ്‌ തമിഴകം നൽകിയത്‌. പിന്നീട്‌ മാറിമാറി ഇരുകക്ഷികളെയും തുണയ്ക്കുന്ന രാഷ്ട്രീയ നിലപാടാണ്‌ തമിഴ്ജനത സ്വീകരിച്ചത്‌. അതിനാൽ കരുണാനിധിയുടെയും ജയലളിതയുടെയും ചുറ്റിലുമായി തമിഴ്‌നാട്‌ രാഷ്ട്രീയം നിലകൊണ്ടു.അല്ലെങ്കിൽ അവർ അതി ബുദ്ധിയോടെ കാര്യങ്ങളെ കാണാൻ ഒരു ശ്രമം നടത്തി എന്ന് വേണം കരുതാൻ .

ജയലളിതയുടെ നിര്യാണത്തിന്‌ ശേഷം അധികാരം സ്വാപനം കാണുകയും അത് കുറച്ചു നാളെത്തേക്കു എങ്കിലും കൈയിൽ കൊണ്ട് നടന്ന പനീർ ശെൽവം ഒഴിഞ്ഞ്‌ ശശികല മുഖ്യമന്ത്രിയാകുമെന്ന തീരുമാനം കഴിഞ്ഞ ദിവസം ആണ് പ്രബലപ്പെട്ടതു അധികാരത്തെ ചൊല്ലി പാർട്ടിയിൽ രൂക്ഷമായ ഭിന്നത ഉണ്ടാവുകയും ചെയ്തു. ശശികല മുഖ്യമന്ത്രിയാകുന്ന വിഷയം നിയമപോരാട്ടത്തിനുമിടയാക്കിയിട്ടുണ്ട്‌.ഗുരുതരാരോപണങ്ങളുമായി നേതാക്കൾ തന്നെയാണ്‌ രംഗത്തെത്തിയിട്ടുള്ളത്‌. അണ്ണാ ഡിഎംകെ നേതാവും മുൻ സ്പീക്കറുമായ പി എച്ച്‌ പാണ്ഡ്യൻ ഇന്നലെ പരസ്യമായി രംഗത്തെത്തുകയും ജയലളിതയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന്‌ ആരോപിക്കുകയും ചെയ്തിട്ടുണ്ട്‌. ശശികലയെക്കുറിച്ച്‌ അന്വേഷണം നടത്തണമെന്നും ജയലളിതയുടെ ആരോഗ്യനിലയെക്കുറിച്ച്‌ പാർട്ടി പ്രവർത്തകരിൽ നിന്ന്‌ മറച്ചുവച്ചുവെന്നും അദ്ദേഹം ആരോപിച്ചു ഇതിനെതിരെ പാർട്ടി നേതൃത്വം രംഗത്തെത്തിയെങ്കിലും എഐഎഡിഎംകെ പിളർപ്പിന്റെ വക്കിലാണ്‌. ഇത്‌ ശശികലയുടെ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിലാക്കിയിട്ടുമുണ്ട്‌.

പാർട്ടി പിളരുന്നതിനോ കുറേ എംഎൽഎമാർ ഡിഎംകെയിൽ ചേരുന്നതിനോ സാധ്യതയുണ്ടെന്നാണ്‌ ഒടുവിൽ പുറത്തുവന്നിരിക്കുന്ന വാർത്തകൾ.വൈകാരികതയാണ്‌ മുഖമുദ്രയെങ്കിലും അഴിമതിയും സംസ്ഥാന താൽപര്യങ്ങളും ചർച്ച ചെയ്യപ്പെടുമ്പോൾ അതിൽ വ്യക്തമായ നിലപാട്‌ അഴിമതിക്കെതിരായും സംസ്ഥാന താൽപര്യങ്ങൾക്ക്‌ അനുരോധമായും അവർ പ്രകടിപ്പിച്ചിട്ടുണ്ട്‌. എന്നുമാത്രമല്ല തെന്നിന്ത്യയിൽ വേരോട്ടമുണ്ടാക്കാനുള്ള വർഗീയ രാഷ്ട്രീയ ശക്തിയായ ബിജെപിയുടെ ശ്രമങ്ങളെ കരുതലോടെ നേരിടാനും – ചില ഘട്ടങ്ങളിൽ ദേ ശീയ രാഷ്ട്രീയത്തിൽ അവരെ പിന്തുണയ്ക്കുന്ന നിലപാടെടുത്തിരുന്നുവെങ്കിലും – അവർ തയ്യാറായിട്ടുണ്ട്‌. അതുകൊണ്ടുതന്നെയാണ്‌ ഇപ്പോഴത്തെ സംഭവവികാസങ്ങൾ ശ്രദ്ധേയമാകുന്നത്‌. കാരണം ബിജെപി കേന്ദ്രഭരണത്തിലാണിപ്പോൾ.

ഈ നാടകങ്ങളിൽ നിന്ന്‌ മുതലെടുപ്പ്‌ നടത്താനുള്ള കഴുകൻ കണ്ണുകളുമായാണ്‌ കേന്ദ്റത്തിന്റെ (ബിജെപി) നീക്കങ്ങൾ. അരനൂറ്റാണ്ടിലധികമായി ദ്രാവിഡ കാഴ്ച പാടുകൾ ഉയർത്തിപ്പിടിക്കുന്ന തമിഴ്‌നാട്ടിലൂടെ തെന്നിന്ത്യയിൽ തട്ടകം നേടാനുള്ള ശ്രമങ്ങൾ രഹസ്യമായെങ്കിലും ബിജെപി നടത്തുന്നുണ്ട്‌. തമിഴ്‌നാട്ടിലെ രാഷ്ട്രീയ തർക്കങ്ങളിൽ മുതലെടുപ്പ് നടത്താനുള്ള ബിജെപി ശ്രമങ്ങളെ തന്മയത്വത്തോടെ നേരിടാൻ തമിഴ്‌നാട്‌ രാഷ്ട്രീയത്തിന്‌ സാധിക്കേണ്ടതുണ്ട്‌.അതിനു തമിഴർക്ക് കഴിയുമോ ..വൈകാരികതയെക്കാൾ ബുദ്ധിപൂർവം കാര്യങ്ങൾ കണക്കിലെടുക്കാൻ തമിഴകത്തിന് കഴിയട്ടെ

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.