പ്രവാസികള്‍ക്ക് ഇലക്‌ട്രോണിക് പോസ്റ്റല്‍ വോട്ട് ഏര്‍പ്പെടുത്താമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍

പ്രവാസികള്‍ക്ക് ഇലക്‌ട്രോണിക് പോസ്റ്റല്‍ വോട്ട് ഏര്‍പ്പെടുത്താമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍
December 02 08:26 2020 Print This Article

ന്യൂഡല്‍ഹി: പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇലക്‌ട്രോണിക് പോസ്റ്റല്‍ വോട്ട് സംവിധാനം ഏര്‍പ്പെടുത്താന്‍ തയ്യാറാണെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കമ്മീഷന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടി.

കേരളത്തിലടക്കം അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന അഞ്ച് നിയമസ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്താനാണ് ആലോചന. ഇതിന് സാങ്കേതികമായും ഭരണപരമായും സജ്ജമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്ര നിയമമന്ത്രാലയത്തെ അറിയിച്ചു. ഇതിന്റെ പ്രായോഗിക വശങ്ങള്‍ പരിശോധിച്ച്‌ തീരുമാനമെടുക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു.

വോട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്ന പ്രവാസി ഇന്ത്യക്കാരന്‍ തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തു വന്ന് അഞ്ച് ദിവസത്തിനുള്ളില്‍ റിട്ടേണിങ് ഓഫീസറെ അറിയിക്കണം. തുടര്‍ന്ന് ബാലറ്റ് പേപ്പര്‍ ഇമെയില്‍ വഴി വോട്ടര്‍ക്ക് അയയ്ക്കും. ബാലറ്റ് പേപ്പറിന്റെ പ്രിന്റൗട്ട് എടുത്ത് വോട്ട് രേഖപ്പെടുത്തിയ ശേഷം താമസിക്കുന്ന രാജ്യത്തെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിന്റെ സാക്ഷ്യ പത്രത്തോടൊപ്പം തിരികെ അയയ്ക്കാം.

പോസ്റ്റല്‍ വോട്ടുകള്‍ അതത് മണ്ഡലത്തില്‍ കൃത്യമായി എത്തുന്നന്നതിന്റെ ഉത്തരവാദിത്വം ചീഫ് ഇലക്ടറല്‍ ഓഫീസര്‍മാര്‍ക്കായിരിക്കും. ഇലക്‌ട്രോണിക് പോസ്റ്റല്‍ വോട്ട് ചെയ്യാനുള്ള മാര്‍ഗരേഖ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമമന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്.

നിലവില്‍ പോസ്റ്റല്‍ വോട്ട് സര്‍വീസ് വോട്ടര്‍മാര്‍ക്ക് മാത്രമേയുളളൂ. ഇത് പ്രവാസി ഇന്ത്യക്കാര്‍ക്കും ബാധകമാക്കണമെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ 1961ലെ തിരഞ്ഞെടുപ്പ് നടത്തിപ്പ് ചട്ടത്തില്‍ ഭേദഗതി കൊണ്ടു വരണം. ഇതിന് പാര്‍ലമെന്റിന്റെ അംഗീകാരം ആവശ്യമില്ല. 2014ല്‍ വ്യവസായിയും മലയാളിയുമായ ഡോ ഷംസീര്‍ വയലില്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച പൊതു താത്പര്യ ഹര്‍ജി ആണ് പ്രവാസി വോട്ട് യാഥാര്‍ത്ഥ്യമാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചത്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.