പ്രവചന വരവും കള്ള പ്രവാചകൻമാരും

പ്രവചന വരവും കള്ള പ്രവാചകൻമാരും
May 24 19:51 2019 Print This Article

മാനവ കുലത്തിന്റെ വീണ്ടെടുപ്പിന്റെ ചരിത്രം തുടങ്ങുന്നതു തന്നെ പ്രവചനത്തോടു കൂടിയാണ് (ഉൽപ്പത്തി 3:15, 16) . ആദം മുതൽ ഏഴാമനായ ഹാനോക്കിനെയാണ് പ്രവാചകൻ എന്ന നിലയിൽ തിരുവെഴുത്ത് പരിചയപ്പെടുത്തുന്ന ആദ്യ വ്യക്തി (യൂദാ: 14 :15). തിരുവചനത്തിൽ അതീവ ഗൗരവവും പ്രാധാന്യവുമേറിയ ശുശ്രൂഷ എന്ന നിലയിലാണ് ‘പ്രവചന ശിശ്രൂഷയെ’ പരിചയപ്പെടുത്തുന്നത് .

…പുതിയ നിയമ സഭയിലും ഈ ശുശ്രൂഷക്ക്…. വരത്തിന് അതീവ പ്രാധാന്യം കല്പിച്ചു നൽകപ്പെട്ടിരിക്കുന്നു (1 കൊരി 14:1). കേരള കരയിൽ വേർപെട്ട സമൂഹങ്ങളിൽ പിതാക്കൻമാരുടെ കാലം മുതൽ ഇന്നേ വരെ തന്നെ നിരവധി അഭിഷക്തരായ പ്രവാചകൻമാരെ പരിശുദ്ധാത്മാവ് പരിപാലിച്ചു വരുന്നു .

…. എന്നാൽ നാമായിരിക്കുന്ന ഈ കാലഘട്ടത്തിൽ പ്രവചന ശിശ്രൂഷയെ തങ്ങൾക്കും കുടുംബത്തിനും തടിച്ചു കൊഴുക്കുവാനുള്ള ഒരു ഉത്തമ ആദായ മാർഗ്ഗമായി കൊണ്ടു നടക്കുന്ന കപട  വേലക്കാർ… കള്ള പ്രവാചകൻമാർ ഏറി വരുന്നു എന്നതിനാൽ … പ്രവാചകർ എന്നു പറയുന്നവരെല്ലാം / അവകാശപ്പെടുന്നവരെല്ലാം “ഏക സത്യ ദൈവത്തിൽ നിന്നുള്ളവർ തന്നെയോ” ( 1 യോഹ: 4:1,2 ) എന്ന് കൃത്യമായി ശോധന ചെയ്യണം എന്ന് തിരു വചനം വ്യക്തമായും കർശനമായും നമ്മെ ബുദ്ധി ഉപദേശിക്കുന്നു.

പ്രവചനത്തിന്റെ പ്രഭവ സ്ഥാനം ദൈവം തന്നെയാണ്. മാത്രമല്ല യേശുക്രിസ്തുവും ” പ്രവാചകൻ ” എന്ന പേർ കൂടി സ്ഥീകരിച്ചിരുന്നു (ആവർത്തനം 18:15 , മത്തായി 13:57) .

“ദൈവം പ്രവാചകന് കാര്യം വെളിപ്പെടുത്തുകയും പ്രവാചകൻ അത് റിപ്പോർട്ട് ചെയ്യുകയും ചെയ്യുന്നു ” എന്ന താണ് തിരുവചന മാതൃക . … ശ്രദ്ധിക്കുക – യഹോവ മോശയോട് പറയുന്നു” ഞാൻ നിന്നോട് കല്പിക്കുന്നതൊക്കെയും നീ പറയേണം ” ( പുറപ്പാട് : 7: 2 ).

തിരുവചന അധിഷ്ടിത പ്രവചന ശുശ്രൂഷയെ വേർതിരിച്ചറിയുവാൻ വ്യക്തവും കൃത്യവുമായ ചില ” അളവു കോലുകൾ ” മാർഗ്ഗ നിർദേശങ്ങൾ പരിശുദ്ധാത്മാവ് ബൈബിളിൽ തന്നെ വെളിപ്പെടുത്തി യിരിക്കുന്നു .

(1) “യഹോവ അരുളി ചെയ്യാത്ത വചനം എന്നു ഞങ്ങൾ എങ്ങനെ അറിയും എന്നു നിന്റെ ഹൃദയത്തിൽ പറഞ്ഞാൽ ഒരു പ്രവാചകൻ യഹോവയുടെ നാമത്തിൽ സംസാരിക്കുന്ന കാര്യം സംഭവിക്കുകയും ഒത്തുവരികയും ചെയ്യാഞ്ഞാൽ അത് യഹോവ അരുളിച്ചെയ്ത തല്ല ” [ആവർത്തനം : 18 : 21 , 22 ]

( 2 ) സമാധാനം പ്രവചരിക്കുന്ന പ്രവാചകനോ അവന്റെ വചനം നിവർത്തിയാകുമ്പോൾ, അവൻ സത്യമായിട്ടു യഹോവ അയച്ച പ്രവാചകൻ എന്ന് തെളിയും ” [ യിരമ്യ : 28 :9 ] .

(3) ” നിങ്ങളുടെ ഇടയിൽ ഒരു പ്രവാചകനോ സ്വപ്നക്കാരനോ എഴുന്നേറ്റു :നീ അറിഞ്ഞിട്ടില്ലാത്ത അന്യദൈവങ്ങളെ നാം ചെന്നു സേവിക്ക എന്നു പറഞ്ഞു കൊണ്ട് ഒരു അടയാളമോ അത്ഭുത മോ മുന്നറിയിക്കുകയും …. അവൻ പറഞ്ഞ അടയാളമോ അത്ഭുതമോ സംഭവിക്കുകയും ചെയ്താൽ ആ പ്രവാചകന്റെയോ സ്വപ്നക്കാരന്റെയോ വാക്ക് നീ കേട്ടനുസരിക്കരുത് ” [ആവർത്തനം: 13:1-7].

(4) പ്രവചനം ” വിശുദ്ധൻമാർക്ക് ഒരിക്കലായി ഭരമേൽപ്പിക്കപ്പെട്ട ( യൂദാ :3) വിശ്വസ പ്രമാണത്തിന്റെ പരിധിക്ക് / ഉപദേശ ത്തിന്റെ പരിധിക്ക് ഉള്ളിൽ നിൽക്കുന്നതും ( റോമർ 12 : 6 ) പ്രബോധനം നൽകുന്നതും ( 1 കൊരി 14 : 32 , പ്രവർത്തി :15 : 32 ) വിശ്വാസത്തിൽ സഹോദരൻമാരെ ഉറപ്പിക്കുന്നതുമായിരിക്കേണം ( Act : 15 :32 ).

(5) ….പ്രവചനം ആത്മീക വർദ്ധനവു വരുത്തുന്നതും ( 1 കൊരി 14 : 3 ) , ആശ്വസിപ്പിക്കുന്നതും , പാപ ബോധം വരുത്തുന്നതുമായിരിക്കേണം [1 കൊരി 14 : 24] ………

( 6 ) വ്യക്തികളെ വിവേചിച്ച് ഹൃദയ രഹസ്യങ്ങളെ വെളിപ്പെടുത്തുന്നതും, [ 1 കൊരി 14 : 24 ,25] പഠിപ്പിക്കുന്നതും മർമ്മവും ജ്ഞാനവും വെളിപ്പെടുത്തുന്നതും ആയിരിക്കേണം ( 1 കൊരി 13 : 2 / 14 : 31 .] …….

(7) … ദ്രവ്യാഗ്രഹം വളർത്തുന്നതായിരിക്കരുത് [ 1 യോഹന്നാൻ 4:5 ,6] …

ഈ പറഞ്ഞ തിരുവചന അധിഷ്ടിത മാനദണ്ഡങ്ങൾ പ്രകാരം വേണം ഏതൊരു പ്രവചന ശുശ്രൂഷയേയും – പ്രവാചകനെയും വിലയിരുത്തുവാൻ അഥവാ ശോധന ചെയ്യുവാൻ . തിരുവചന പ്രകാരം പ്രവചനത്തെ പ്രവചന ശുശ്രൂഷയെ ഇപ്രകാരം നിർവ്വചിക്കാം . ” മഹാ ദൈവം ചരിത്രം മുൻകൂട്ടി എഴുതി അതിന് പ്രവചനം എന്നു പേരിട്ടു”

പ്രവാചകന്റെ ദൗത്യങ്ങൾ

{ 1 } ജനത്തിനു വേണ്ടി ദൈവത്തോ ടു മദ്ധ്യസ്ഥം ചെയ്യുക. [ഉൽപ്പത്തി 20 : 7]

{ 2 } ജനത്തെ ഉപദേശിക്കുക , തെറ്റുകൾ ചൂണ്ടിക്കാണിക്കുക. [ യെശയ്യ: 58 ]

{3} മാനസാന്തരപ്പെട്ടില്ലങ്കിൽ ജനത്തിന് വരുവാൻ പോകുന്ന ദൈവീക ശിക്ഷാവിധിയുടെ കഠോരതയെ പറ്റി ജനത്തിന് ബോധ്യം വരുത്തുക .[യെഹസ്കേൽ : 22 : 2 , 43 : 10 , മീഖാ 3 : 8 ]

എന്നാൽ നാം ശ്രദ്ധിക്കേണ്ട വസ്തു പ്രവചനം, ഇത്ര ഗൗരവമേറിയ ശുശ്രൂഷ ആയിരിക്കുമ്പോൾ തന്നെ ; ജനത്തെ തെറ്റിച്ച് വഞ്ചിക്കുന്ന കള്ള പ്രവാചകൻമാർക്ക് തിരുവചനം പഴയ നിയമ രേഖകളിൽ കല്പിച്ചു നൽകിയ ശിക്ഷയും അതീവ കഠിനമായിരുന്നു .

ശ്രദ്ധിക്കുക .. “ഞാൻ സ്വപ്നം കണ്ടു എന്നു പറഞ്ഞ് എന്റെ നാമത്തിൽ ഭോഷ്ക് പ്ര വചിക്കുന്ന പ്രവാചകൻമാരുടെ വാക്കു ഞാൻ തങ്ങളുടെ നാവെടുത്ത് അരുളപ്പാട് എന്നു പറയുന്ന പ്രവാചകൻമാർക്ക് ഞാൻ വിരോധമാകുന്നു …..

ഞാൻ അവരെ അയച്ചിട്ടില്ല അവരോട് കല്പിച്ചിട്ടില്ല . അവർ എന്റെ ജനത്തിന് ഒട്ടും പ്രയോജനമായിരിക്കയില്ല എന്ന് യഹോവയുടെ അരുളപ്പാട് ” [ യിരമ്യ : 23 : 26] കള്ള പ്രവാചകൻമാർക്ക് / വഞ്ചനയുടെ പ്രവാചകൻമാർക്ക് ന്യായപ്രമാണം കല്പിച്ചു നൽകിയ കർശന ശിക്ഷാവിധിയേപ്പറ്റി കഠിന ശിക്ഷയെപ്പറ്റി ഭയത്തോടു കൂടെ മാത്രമേ വായിക്കുവാൻ സാധിക്കുകയുള്ളൂ …

ശ്രദ്ധിക്കൂ .. ” അവനോടു കരുണ തോന്നുകയോ ഒളിപ്പിക്കുകയോ ചെയ്യാതെ അവനെ … കല്ലെറിഞ്ഞു കൊല്ലണം ” [ ആവർത്തനം 13 : 9 – 11 ]

ഒരു വ്യക്തി ഒറ്റക്കു പാപം ചെയ്യുമ്പോൾ പലപ്പോഴും അതിന്റെ ശിക്ഷ താൻ മാത്രം അനുഭവിച്ചാൽ മതി . എന്നാൽ ഒരു കള്ള പ്രവാചകന്റെ / ദുരുപദേശകന്റെ വഞ്ചനയുടെ ദോഷ ഫലങ്ങൾ ഒരു സമൂഹം മുഴുവൻ പലപ്പോഴും അനുഭവിക്കേണ്ടി വരും ( ഉദാ: ബിലയാം സംഖ്യ :22 /. 31: 16)

ഒരു രാജ്യത്തോട് ചെയ്യാവുന്ന ഏറ്റവും വലിയ കുറ്റകൃത്യം രാജ്യദ്രോഹ കുറ്റമായിരിക്കുന്നതു പോലെ (രാജ്യത്തെ ഒറ്റികൊടുക്കുക , ഭീകരവാദ പ്രവർത്തനങ്ങൾ ) ദൈവ രാജ്യത്തോട് ചെയ്യാവുന്ന ഏറ്റവും വലിയ കുറ്റകൃത്യമാണ് അഥവാ ഫലത്തിൽ ” ദൈവ രാജ്യദ്രോഹ കുറ്റമാണ് “ഇവിടുത്തെ ചതിയൻമാരായകള്ള പ്രവാചകരും അവരെ പിൻതുണക്കുന്നവരും സകല ദുരുപദേശകരും ചെയ്യുന്നത് .

ശ്രദ്ധിക്കുക : യിരമ്യാവ് 28 മുതൽ വായിച്ചാൽ ദൈവ വഴി വിട്ട് പിൻമാറി വഷളായി പോയ യിസ്രയേൽ ജനത്തിന് – 70 – വർഷത്തെ ബാബേൽ പ്രവാസം ദൈവം തന്നെ അനുവദിച്ചതായിരുന്നു എന്ന് തിരു വചനത്തിൽ നിന്നും മനസിലാക്കാം. ( യിരമ്യ :28 : 14 )

അത് ഒരിക്കലും അവരുടെ നാശത്തിനല്ലായിരുന്നു, മറിച്ച് അവർക്ക് ശരിയായ രീതിയിൽ മാനസാന്തരപ്പെട്ട് ദൈവത്തിങ്കലേക്കു തിരിയുവാനുള്ള സാഹചര്യം അവസരം ഒരുക്കപ്പെടേണ്ടതിന്നായിരുന്നു . ( യിരമ്യ : 29: 12 – 14 ).

എന്നാൽ അവർക്കിടയിൽ നിന്നും എഴുന്നേറ്റ വഞ്ചകരായ ചില പ്രവാചകൻമാർ ” ബാബേലിനോട് മൽസരിക്കുവാൻ ജനത്തെ പ്രേരിപ്പിക്കുകയും പ്രവാസം രണ്ടു വർഷം കൊണ്ട് തീരും എന്ന് പ്രവചിക്കുകയും ചെയ്തു . ” ( ഹനന്യാവ് , ആഹാവ്, സിദെക്കിയാവ് ).

എന്നാൽ ഇവരെ പറ്റി യഹോവ ഇപ്രകാരം പറയുന്നു “ഞാൻ അവരെ ബാബേൽരാജാവായ നെബുക്കദ് നേസറിനെ ഏൽപ്പിക്കും ; നിങ്ങൾ കാൺകെ അവൻ അവരെ കൊന്നു കളയും ” ( യിരമ്യ 29:21 ,22 ). കള്ള പ്രവാചകർ ചെയ്യുന്ന കുറ്റത്തെ ,ത്രീയേക ദൈവം എത്രത്തോളം ഗൗ രവമായി കണക്കിടുന്നു എന്ന് നാമും അതേ ഗൗരവത്തിലും ജാഗ്രതയിലും അറിഞ്ഞിരിക്കേണം .

പഴയ നിയമ യിസ്രയേലിന്റെ ചരിത്ര ത്തിലേക്ക് വിരൽ ചൂണ്ടി പൗലോസ് സ്ളീഹാ ഇപ്രകാരം എഴുതുന്നു ” ഇതു ദൃഷ്ടാന്തമായിട്ടു അവർക്കു സംഭവിച്ചു ലോകാവസാനം വന്നെത്തിയിരിക്കുന്ന നമുക്കു ബുദ്ധി ഉപദേശത്തിനായി എഴുതിയുമിരിക്കുന്നു ” ( 1 കൊരി 10 : 11 ) ദൈവാത്മാവ് പറയുന്നതല്ലാതെ “സ്വന്തമായ ആശയങ്ങളോ , ഊഹാപോഹങ്ങളോ , കണക്കുകൂട്ടലുകളോ , നേരത്തേ തന്ത്രപരമായി മനസിലാക്കിയ കാര്യങ്ങളോ – അത് “ഗുണമായാലും ” ( അർത്ഥം :ആത്യന്തിക മായി നന്മയായ ഒരു കാര്യത്തിനായി ഒരു പ്രവചനമോ ആലോചനയോ , ദൈവ പ്രേരണയാൽ പറയുന്നു എന്ന രീതിയിൽ അവകാശ വാദത്തോടെ സ്വന്തമായി പറയുക ) “ദോഷമായാലും ” പരിശുദ്ധാത്മാവിൽ പറയുന്നു എന്ന വ്യാജേന പ്രവചനമായി പറയുന്നവർ തീർച്ചയായും നിത്യമായ ശിക്ഷാവിധിക്ക് യോഗ്യമായ കൊടിയ പാപമാണ് ചെയ്തു കൂട്ടുന്നത് .

കളളു കുടിയനോടും , വ്യഭിചാരിയോടും , ദൈവ സഭക്കകത്തെ പിൻമാറ്റക്കാരനോടും , പുറത്തെ പാപിയോടും ” നിന്നെ ഇപ്പോൾ ദൈവം വാനോളം അനുഗ്രഹിക്കും ” ( യിരമ്യ 23 : 11 – 19 ) എന്നു പറഞ്ഞ് സാമ്പത്തിക നേട്ടമുണ്ടാക്കുന്ന വർ എത്ര ഉന്നതരായിരുന്നാലും ഒരു നാൾ …. ഒരു നാൾ ഉടേതമ്പുരാനാൽ പിടിക്കപ്പെടും തീർച്ച .

ആധുനീക കള്ള പ്രവാചകൻമാരുടെ പ്രവർത്തന രീതി : നമുക്കിടയിൽ നുഴഞ്ഞു കയറിയ / കയറുന്ന ചതിയൻമാരായ പ്രവാചകൻമാർ സാത്താന്റെ പോലും പ്രത്യക്ഷ സഹായം ഇല്ലാതെയാണ് പ്രവചിക്കുന്നത് എന്നതാണ് വളരെ വിചിത്രമായ സത്യം . ഉദാഹരണമായി ആറു മാസത്തിനകം മകളുടെ വിവാഹം നടക്കും എന്ന് ഒരു പ്രവാചകൻ പറഞ്ഞു എന്നിരിക്കട്ടെ .

മകളുടെ വിവാഹ കാര്യത്തെ പറ്റി പ്രസ്തുത മാതാപിതാക്കൾ മുൻപ് ചിന്തിച്ചിട്ടു പോലുമില്ല എങ്കിൽ പോലും ഈ പ്രവചന ത്തിന്റെ മന ശാസ്ത്രപരമായ പ്രേരണയാൽ വിവാഹ കാര്യത്തെ ഗൗരവമായി എടുക്കുകയും , മാധ്യമങ്ങളിൽ പരസ്യവും മറ്റും നൽകുകയും വിവാഹ സംബന്ധമായ പ്രാരംഭ നടപടികൾ ചെയ്യുകയും ചെയ്യും. ഇത്രയു മാകുമ്പോൾ തന്നെ പ്രവചനം നിവർത്തിയാകുവാനുള്ള 50% സാധ്യത വന്നു കഴിഞ്ഞു .

പ്രവചനം പോലെ നടന്നാൽ നാം തന്നെ പ്രവാചകനെ പ്രസിദ്ധനാക്കിക്കൊള്ളും . പ്രവചനം നടന്നില്ല എങ്കിൽ നിങ്ങളുടെ പ്രാർത്ഥനയുടെ കുറവാണ് എന്നു പറഞ്ഞ് പ്രവാചകൻ തടിതപ്പും . [ ബിസ്നസ് വിപുലീകരണം , വീടു വയ്ക്കൽ എന്നിവയുടെ പ്രവചന രീതിയും ഇങ്ങനെ തന്നെ ] .

പൊതു വേദിയിൽ വച്ച് വന്നിരിക്കുന്ന വ്യക്തിയുടെ പേരും ,അഡ്രസും , കുടുംബ ചരിത്രവും പരസ്യമായി വിളിച്ചു പറയുന്നതും പുതിയ ട്രൻഡാണല്ലോ . മീറ്റിംഗിൽ വരുന്ന വരുടെ വാഹനത്തിന്റെ നമ്പർ മോട്ടോർ വാഹന വകുപ്പിന്റെ വെബ് സൈറ്റിൽ അടിച്ചു കൊടുത്താൽ നിമിഷങ്ങൾക്കകം സകല അഡ്രസും ലഭിക്കും . പിന്നെ ഇതു പറയാനാണോ പ്രയാസം . നമ്മുടെ തൊട്ടടുത്തിരിക്കുന്ന ഒരു പരിചയവുമില്ലാത്ത സഹോദരൻ വെറുതെ വിശേഷമൊന്നു തിരക്കിയാൽ പോലും സകല കുടുംബ ചരിത്രവും പങ്കുവയ്ക്കുന്നവരാണ് മിക്കവരും. ( ഈ ചോദിക്കുന്ന വ്യക്തി പ്രവാചകന്റെ മനശാസ്ത്ര വിദഗ്ദനായ ചാരനായിരിക്കും ചിലപ്പോൾ ).

പിന്നെ നിമിഷങ്ങൾക്കകം പ്രവാചകന്/ നേതാവിന് വാട്ട്സപ്പ് വഴിയും മറ്റും വിവരങ്ങൾ കൈ മാറുകയും നേതാവ് അത് ” പ്രവചനം ” എന്ന നിലയിൽ തട്ടി വിട്ട് ജനത്തെ കബളിപ്പിച്ച് കാശു വാരുകയും ചെയ്യും . ടെലി വിഷം ചാനലുകളിൽ ” ഞാൻ ക്യാൻസർ രോഗിയായ രാമൻകുട്ടിയെ കാണുന്നു , കടം കയറി മു ടിയാറായ ചിന്നമ്മയെ കാണുന്നു ” എന്നൊക്കെ പറയുന്നതിലും കിടിലൻ തട്ടിപ്പ് ഒളിഞ്ഞു കിടപ്പുണ്ട് .

ആയിരക്കണക്കിന് പ്രേക്ഷകർക്കിടയിൽ രാമൻകുട്ടിയും , ചിന്നമ്മയും എല്ലാം ധാരാളം കാണുമല്ലോ . ഒത്താൽ ഒത്തു അത്ര തന്നെ . പ്രവചനങ്ങളും ദൈവീക വാഗ്ദാനങ്ങളും : പലപ്പോഴും തെറ്റി ധരിക്കപ്പെടാവുന്ന ഒരു വിഷയമാണിത് . പ്രവചനങ്ങളെയും ദൈവീക വാഗ്ദാനങ്ങളെയും രണ്ടായിട്ടു തന്നെ കാണണം . ദൈവീക വാഗ്ദാനങ്ങൾ എപ്പോഴും നിബന്ധനകൾക്ക് വിധേയമായിരിക്കും .

മിസ്രയീമിൽ നിന്നും പുറപ്പെട്ട മുഴുവൻ ജനത്തിനും സകല വിധ നന്മകളും സ്നേഹവാനായ ദൈവം വാഗ്ദാനം ചെയ്തിരുന്നു .

എങ്കിലും അവർ ഏക സത്യ ദൈവത്തെ വിട്ട് പലപ്പോഴും പിൻമാറി പോയി എന്ന കാരണത്താൽ ലോക ചരിത്രത്തിൽ സമാനതകളില്ലാത്ത പീഡനങ്ങൾക്ക് വിധേയമായ ജനമായി അവർ മാറി . ന്യായവിധി സംബന്ധമായ പ്രവചനങ്ങളും ഇങ്ങനെ തന്നെ .

ന്യായവിധി സംബന്ധ പ്രവചനങ്ങളിൽ ജനം മാനസാന്തരപ്പെട്ടാൽ പ്രവചനം നടന്നില്ല എന്നു വരും .( ഉദാ : യോനയും – നിനവെയും ) . പ്രവചനവും – വിശ്വാസവും തമ്മിൽ ഇടകലർത്തരുത് .

ദൈവം വിടുവിച്ചു എന്നു പറഞ്ഞാൽ , സാഖ്യമാക്കി എന്നു പറഞ്ഞാൽ – രോഗം സൗഖ്യമാക്കി എന്നു പറഞ്ഞാൽ രോഗം മാറി കഴിഞ്ഞു , വിടുവിച്ച് കഴിഞ്ഞു എന്നാണ് അർത്ഥം . വിടുവിച്ചു കൊണ്ടിരിക്കുന്നു എന്നല്ല . രോഗ സൗഖ്യം പോലുള്ള കാര്യങ്ങളിൽ പ്രവാചകരെ അന്ധമായി വിശ്വസിക്കാതെ പ്രസ്തുത വ്യക്തി മെഡിക്കൽ ചെക്കപ്പിനു വിധേയമായി സൗഖ്യവിവരം മറ്റുള്ളവരെ കൂടി ബോധ്യപ്പെടുത്തിയിരിക്കണം .

ഉദാഹരണത്തിന് സൗഖ്യം നേടിയ കുഷ്ട രോഗിയോട് സൗഖ്യം ലഭിച്ച വിവരം മഹാ പുരോഹിതനെ ബോധ്യപ്പെടുത്തുവാൻ കർത്താവ് തന്നെ ആവശ്യപ്പെടുന്നുണ്ട് ( മത്തായി 8 : 4 ) .

പല ആത്മീയ തട്ടിപ്പുകാർക്കും ബ്രോക്കർമാരുടെ പണി കൂടി ഉണ്ട് എന്നതിനാൽ ” വിവാഹം , വസ്തു വില്പന ” എന്നീ കാര്യങ്ങളിൽ പ്രവാചകരെ കണ്ണുമടച്ച് വിശ്വസിക്കരുത് .

പ്രവചന വരം തിരുവചന പ്രകാരം അതീവ ഗൗരവമേറിയതും വളരെ ഉത്തരവാദിത്വത്തോടെ മാത്രം കൈകാര്യം ചെയ്യേണ്ട ദൈവീക ശുശ്രൂഷയാണ് . സത്യ വിശ്വാസത്തിൽ ജനത്തെ ഉറപ്പിക്കുന്ന നിരവധി പ്രവാചകൻമാർ കഴിഞ്ഞ കാലങ്ങളിലും ഈ കാലത്തും നമുക്കിടയിൽ ഉണ്ട് . എന്നാൽ തന്നെയും മഷിനോട്ടക്കാരനെയും , പക്ഷി ശാസ്ത്രക്കാരനെയും ഒക്കെ പോലെ ” ഭൂതം , ഭാവി , വിടുതൽ , വിടുതൽ ” എന്നു പറഞ്ഞ് ലക്ഷങ്ങൾ മുടക്കി പരസ്യങ്ങൾ നൽകി ജനത്തെ വഞ്ചിച്ച് കോടികൾ സമ്പാദിച്ചു കൂട്ടുന്ന ” കൊടിയ ചെന്നായ്ക്കളാകുന്ന ” {പ്രവർത്തി 20 : 29 }

കള്ള പ്രവാചകൻമാരും നമുക്കിടയിൽ ധാരാളമായി ഉണ്ട് എന്നതിനാൽ ..( പലർക്കും മുഖ്യധാരാ പെന്തെക്കോസ്തിന്റെ പുറം ചട്ട പോലും ഉണ്ട് എന്നത് ലജ്ജാകരം .) …… ദൈവ ജനം അതീവ ജാഗ്രത ഈ വിഷയത്തിൽ പുലർത്തിയിരിക്കേണം . പത്രോസ് സ്ളീഹാ എഴുതുന്നു ” എന്നാൽ കള്ള പ്രവാചകൻമാരും ജനത്തിന്റെ ഇടയിൽ ഉണ്ടായിരുന്നു . അങ്ങനെ നിങ്ങളുടെ ഇടയിലും ദുരുപദേഷ്ടാക്കൻമാർ ഉണ്ടാകും .

…… അവരുടെ ദുഷ്കാമ പ്രവർത്തിക്കളെ പലരും അനുകരിക്കും . അവർ നിമിത്തം സത്യ മാർഗ്ഗം ദുഷിക്കപ്പെടും . അവർ ദ്രവ്യാഗ്രഹത്തിൽ കൗശല വാക്ക് പറഞ്ഞ് നിങ്ങളെ വാണിഭം ആക്കും.. ” ( 2 പത്രോസ് 2: 1 – 6)

…. യോഹന്നാൻ സ്ളീഹാ എഴുതുന്നു ” നിങ്ങളെ തെറ്റിക്കുന്നവരെ ഓർത്ത് ഇത് നിങ്ങൾക്ക് എഴുതിയിരിക്കുന്നു ” ( 1 യോഹ : 2 : 25) . …… വളരെ ഗൗരവ മേറിയ ഈ വിഷയത്തിന്റെ ദൈവശാസ്ത്ര പരമായതും തിരുവചന അധിഷ്ടിതവുമായ ഏതാണ്ട് എല്ലാ കാര്യങ്ങളും പരമാവധി ഈ ലേഖനത്തിൽ പരമാവധി ഉൾപ്പെടുത്തുവാൻ എളിയവൻ ദൈവ കൃപയിലാശ്രയിച്ച് ശ്രമിച്ചിട്ടുണ്ട് .

ഈ വിഷയം സംബന്ധിച്ച് സംശയമോ , ഖണ്ഡനമോ , വിമർശനമോ ഉള്ളവർക്കും തുടർ വിശദീകരണം ആവശ്യമുള്ളവർക്കും – 9809807752 – എന്ന വാട്ട്സപ്പ് / മൊബൈൽ നമ്പറിൽ ബന്ധപ്പെടാവുന്നതാണ് .

By – ക്രിസ്തുവിൽ നിങ്ങളുടെ എളിയ സഹോദരൻ

സ്കറിയാ . ഡി . വർഗീസ് , വാഴൂർ

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.