പെരുമഴയില്‍ വിറങ്ങലിച്ച്‌ കേരളം; പൊലിഞ്ഞത് ഒമ്പത്‌ ജീവനുകള്‍

പെരുമഴയില്‍ വിറങ്ങലിച്ച്‌ കേരളം; പൊലിഞ്ഞത് ഒമ്പത്‌ ജീവനുകള്‍
October 17 08:23 2021 Print This Article

കോട്ടയം: അപ്രതീക്ഷിതമായുണ്ടായ പ്രളയക്കെടുതിയില്‍ വിറങ്ങലിച്ചുനില്‍ക്കുകയാണ് കേരളം. മധ്യകേരളത്തിലും തെക്കന്‍ ജില്ലകളിലും കനത്ത മഴയും വെള്ളപ്പൊക്കവും വിതച്ച ദുരിതങ്ങള്‍ ഏറെയാണ്. കോട്ടയം, ഇടുക്കി ജില്ലകളെയാണ് പ്രളയം വിഴുങ്ങിയത്. ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും മൂലം നിരവധി ജീവനുകളാണ് പൊലിഞ്ഞത്. സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇതുവരെ ഒമ്ബത് മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തു. കാഞ്ഞാറില്‍ കാര്‍ വെള്ളത്തില്‍ വീണ് രണ്ടുപേരും കോട്ടയം കൂട്ടിക്കലില്‍ ഉരുള്‍പൊട്ടലില്‍ ഏഴ് പേരുമാണ് മരിച്ചത്. സ്വകാര്യസ്ഥാപനത്തിലെ സഹപ്രവര്‍ത്തകരായ കൂത്താട്ടുകുളം സ്വദേശി നിഖില്‍ ഉണ്ണികൃഷ്ണനും ഒപ്പമുണ്ടായിരുന്ന നിമ കെ വിജയനുമാണ് മരിച്ചത്.

ഇരുപതോളം പേരെ കാണാതായി. മഴക്കെടുതിയില്‍ വന്‍ദുരന്തമുണ്ടായത് കോട്ടയത്താണ്. കിഴക്കന്‍മേഖല പൂര്‍ണമായും വെള്ളത്തിലായി. കൂട്ടിക്കല്‍ പ്ലാപ്പിള്ളിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ 15 പേരെ കാണാതായി. ഏഴുപേരുടെ മൃതദേഹം കണ്ടെത്തി. ചോലത്തടം കൂട്ടിക്കല്‍ വില്ലേജ് പ്ലാപ്പള്ളി ഭാഗത്തുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചത് ഒറ്റലാങ്കല്‍ മാര്‍ട്ടിന്റെ കുടുംബമൊന്നാകെയാണ്. മാര്‍ട്ടിന്‍, അമ്മ അന്നക്കുട്ടി, മാര്‍ട്ടിന്റെ ഭാര്യ സിനി, മക്കളായ സ്‌നേഹ, സോന, സാന്ദ്ര എന്നിവരാണ് ദുരന്തത്തില്‍പെട്ടത്. ക്ലാരമ്മ ജോസഫ് (65), സിനി (35), സിനിയുടെ മകള്‍ സോന (10) എന്നിവരുടെ മൃതദേഹങ്ങളാണ് ആദ്യം തിരിച്ചറിഞ്ഞത്. വീടിന് മുകള്‍ഭാഗത്തുണ്ടായ ഉരുള്‍പ്പൊട്ടലില്‍ ഇവരുടെ വീട് ഒലിച്ചുപോയതായാണ് വിവരം.

കെട്ടിട നിര്‍മാണ സ്‌റ്റോറിലെ ജോലിക്കാരനായിരുന്നു മാര്‍ട്ടിന്‍. ശനിയാഴ്ച രാവിലെ 11 ഓടെയാണ് പ്ലാപ്പള്ളിയില്‍ ഉരുള്‍പൊട്ടലുണ്ടായത്. പ്ലാപ്പള്ളി ടൗണിലെ ചായക്കടയും രണ്ടുവീടും ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയി. പ്ലാപ്പള്ളിയില്‍ കാണാതായവരില്‍ ചിലരെ തിരിച്ചറിഞ്ഞിട്ടുണ്ട്. തൊട്ടിപ്പറമ്ബില്‍ മോഹനന്റെ ഭാര്യ സരസമ്മ, ആറ്റുചാലില്‍ ജോമി ആന്റണിയുടെ ഭാര്യ സോണിയ, മുണ്ടശേരി വേണുവിന്റെ ഭാര്യ റോഷ്‌നി എന്നിവരെയാണ് കാണാതായതായി സ്ഥിരീകരിച്ചത്. പ്രദേശം പൂര്‍ണമായും ഒറ്റപ്പെട്ട നിലയിലാണ്. കനത്തമഴയും പിന്നീടുണ്ടായ ഉരുള്‍പൊട്ടലുകളും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിക്കുകയും ചെയ്തു. ഇടുക്കി കൊക്കയാറില്‍ ഉരുള്‍പൊട്ടി ഒരു കുടുംബത്തിലെ അഞ്ചുപേരടക്കം എട്ടുപേരെ കാണാതായതായി സംസ്ഥാന ദുരന്തനിവാരണ അതോറ്റി അറിയിച്ചു.

ഇവരില്‍ അഞ്ചുപേര്‍ കുട്ടികളാണ്. രണ്ട് പുരുഷന്‍മാര്‍, ഒരു സ്ത്രീ എന്നിവരും ഉള്‍പ്പെടുന്നു. കൊക്കയാര്‍ ഇടുക്കി ജില്ലയുടെ അതിര്‍ത്തി പ്രദേശമാണ്. കോട്ടയം ജില്ലയിലെ കൂട്ടിക്കലിനോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലം കൂടിയാണിത്. നൂറിലധികം കുടുംബങ്ങള്‍ താമസിക്കുന്ന സ്ഥലത്തിന് സമീപമാണ് ഉരുള്‍പൊട്ടലുണ്ടായത്. കൊക്കയാറില്‍ കാണാതായവര്‍ക്കുള്ള തിരച്ചില്‍ തുടരുകയാണെന്ന് അതോറിറ്റി വ്യക്തമാക്കി. കൊക്കയാര്‍ വില്ലേജില്‍ മാകോചി, പൂവഞ്ചി എന്നിവിടങ്ങളിലായി നാല് വീടുകള്‍ ഒലിച്ചുപോയതായാണ് റിപോര്‍ട്ട്. കുത്തൊഴുക്കില്‍ വീടുകള്‍ താഴെയുള്ള പുല്ലകയാറിലേക്ക് ഒലിച്ചുപോവുകയായിരുന്നു. ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. സംഭവസ്ഥലത്തേക്ക് എന്‍ഡിആര്‍എഫ് സംഘം പുറപ്പെട്ടിട്ടുണ്ട്. വ്യോമസേനയുടെ ഉള്‍പ്പെടെയുള്ള സഹായം കൂട്ടിക്കല്‍ മേഖലയിലേക്ക് ലഭിക്കുമെന്നാണ് വിവരം. തിരുവനന്തപുരം പാങ്ങോടുനിന്ന് രക്ഷാപ്രവര്‍ത്തനത്തിനായി ഒരു സംഘം പ്രദേശത്തേക്ക് പുറപ്പെട്ടു. റോഡുകള്‍ പൂര്‍ണമായും തകര്‍ന്നതിനാല്‍ ഈ മേഖല പൂര്‍ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണുള്ളത്.

മഴയും ഇരുട്ടും വൈദ്യുതിസംവിധാനങ്ങള്‍ തകര്‍ന്നതും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാവുന്നുണ്ടെന്നാണ് വിവരം. രക്ഷാപ്രവര്‍ത്തനത്തെ ഏകോപിപ്പിക്കാന്‍ സഹകരണ മന്ത്രി വി എന്‍ വാസവന്‍ സ്ഥലത്തെത്തി. എയര്‍ഫോഴ്‌സ് എത്താന്‍ വൈകുന്നതിനാല്‍ ലിഫ്റ്റിങ്ങിനായി നാവികസേനയുടെ കൂടി സഹായം തേടിയതായി കോട്ടയം കലക്ടര്‍ അറിയിച്ചു. എയര്‍ ലിഫ്റ്റിങ്ങിന് സജ്ജമെന്ന് നാവിക സേന അറിയിച്ചിട്ടുണ്ട്. കൊച്ചിയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. കാലാവസ്ഥ അനുകൂലമാണെങ്കില്‍ രാത്രി തന്നെ രക്ഷപ്രവര്‍ത്തനം തുടങ്ങും. ഡൈവേഴ്‌സ് അടക്കമുള്ള രക്ഷാപ്രവര്‍ത്തകര്‍ ഉടന്‍ റോഡ് മാര്‍ഗം കോട്ടയത്തേക്ക് തിരിക്കും. ഇടുക്കി പുല്ലുപാറയില്‍ അപ്രതീക്ഷിതമായുണ്ടായ ഉരുള്‍പൊട്ടലില്‍ റോഡ് തകര്‍ന്നതിനെത്തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. വാഹനങ്ങള്‍ കടന്നുപോവുമ്ബോഴാണ് ഉരുള്‍പൊട്ടി കല്ലും മണ്ണും അടക്കം മലവെള്ളപ്പാച്ചിലുണ്ടായത്. വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.

മണിക്കൂറുകളോളമാണ് ഇവിടെ വാഹനങ്ങള്‍ കുടുങ്ങിക്കിടന്നത്. ആളപായമൊന്നുമുണ്ടാവാത്തത് ആശ്വാസകരമാണ്. മലയോര മേഖലകളില്‍ ദുരന്തനിവാരണം, രക്ഷാപ്രവര്‍ത്തനം, മെഡിക്കല്‍ അടിയന്തര സേവനം ഒഴികെ യാത്രാ വിലക്കേര്‍പ്പെടുത്തി. മണ്ണിടിച്ചില്‍ ഭീഷണിയുള്ളതിനാല്‍ തൃശൂര്‍ താലൂക്കിലെ പുത്തൂര്‍, മാടക്കത്തറ പഞ്ചായത്തുകളിലുള്ളവരോട് മാറിത്താമസിക്കാന്‍ നിര്‍ദേശം നല്‍കി. മരോട്ടിച്ചാല്‍ കള്ളായിക്കുന്നില്‍ 11 തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഇടിമിന്നലില്‍ പരിക്കേറ്റു. തൊഴിലുറപ്പ് പണിയുടെ ഭാഗമായി കല്ല് കെട്ടുകയായിരുന്ന തൊഴിലാളികള്‍ക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല. പൊള്ളലേറ്റ തൊഴിലാളികളെ തൃശൂര്‍ ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മധ്യകേരളത്തില്‍ മഴയുടെ ശക്തി കുറയുന്നുണ്ട്. വടക്കന്‍ തെക്കന്‍ ജില്ലകളില്‍ മഴ ശക്തമായി തുടരാന്‍ സാധ്യതയുണ്ട്.

ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇടുക്കി ഇരട്ടയാര്‍ അണക്കെട്ട് 8.30 ന് തുറക്കുമെന്ന് അറിയിച്ചിട്ടുണ്ട്. രണ്ട് ഷട്ടറുകള്‍ 10 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തുക. പാല മീനച്ചിലാറില്‍ ജലനിരപ്പ് ഉയരുന്നുണ്ട്. അതിരപ്പിള്ളി, വാഴച്ചാല്‍ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു. മലക്കപ്പാറ റൂട്ടില്‍ നാളെ ഗതാഗതം നിരോധിച്ചിട്ടുണ്ട്. മേലുകാവ്- ഈരാറ്റുപേട്ട- തൊടുപുഴ റൂട്ടില്‍ കാഞ്ഞിരംകവല കല്ലുവെട്ടം ഭാഗത്ത് വീടിന്റെ മുകളില്‍ മണ്ണിടിഞ്ഞു വീണ് ഭാഗികമായി തകരാറുണ്ടായി. ആളപായമില്ല. എല്ലാവരെയും മാറ്റിപ്പാര്‍പ്പിച്ചു. ശക്തമായ മഴയെ തുടര്‍ന്ന് പത്തനംതിട്ട ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനവും മണ്ണെടുപ്പും നിരോധിച്ചു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.