പെന്തക്കോസ്തു മാനസാന്തരപ്പെട്ടില്ലെങ്കിൽ

പെന്തക്കോസ്തു മാനസാന്തരപ്പെട്ടില്ലെങ്കിൽ
August 04 20:50 2022 Print This Article

അധാർമികതയ്ക്കും ദുരുപദേശത്തിനും വഴി തിരിയുന്ന ഒരു ദുരവസ്ഥയിൽ ആണ് നിലവിൽ പെന്തക്കൊസ്തിന്റെ പോക്ക്. നേതാക്കന്മാരാണ് ഇന്ന് പെന്തക്കൊസ്തിന്റെ ശാപം. അവരുടെ അധികാര ഭ്രമവും ദ്രവ്യാഗ്രഹവും പരസംഗവും ദുരുപദേശവും കാരണം സഭ ശിഥിലമായി കൊണ്ടിരിക്കുന്നു.

സാധാരണ വിശ്വാസി സമൂഹവും ഒരു പറ്റം ശുശ്രൂഷകരും വലഞ്ഞു കൊണ്ടിരിക്കുകയാണ്. ഒരു ദൈവദാസനും തന്റെ രണ്ടു പെൺകുഞ്ഞുങ്ങളും അപകടത്തിൽ പെട്ടു മരിക്കയും, അവരുടെ ബോഡി പൊതുദർശനത്തിന് വച്ചതിന്റെ 300 മീറ്റർ അകലത്തിൽ ഉള്ള മറ്റൊരു പെന്തക്കോസ്തു ഗ്രൗണ്ടിൽ ഇലക്ഷൻ കളികളും വോട്ട് പിടുത്തവും നടന്നതും വളരെ പരിഹാസ്യമായി സമൂഹത്തിൽ വാർത്ത ആയിക്കഴിഞ്ഞു.

140 ൽ അധികം കേസുകൾ ഐപിസി യുടെ മാത്രമായി നിരവധി കോടതികളിൽ കെട്ടിക്കിടക്കുന്നു. സുവിശേഷ വേലയുടെ പേരിൽ പിരിച്ച പണം ആണ് വക്കീലന്മാരും പോലീസും തിന്നുന്നത്. മിക്ക പ്രസ്ഥാനത്തിലും സമാന സ്ഥിതിഗതികൾ തന്നെയാണ്. ഐപിസി യുടെ പേരിൽ ഇന്നത്തെ ജനറൽ പ്രസിഡന്റ്‌ നടത്തുന്ന തട്ടിപ്പുകൾ ശതകോടികളുടേതാണ്. വിശ്വാസികളെ പറ്റിക്കുന്ന പണം കൊണ്ട് കൊട്ടാരങ്ങൾ പണിതു പുളച്ചു മദിക്കുകയാണ് ഈ കള്ള നേതാക്കൾ.

പാനൽ രാഷ്ട്രീയത്തിന്റെ പേരിൽ കാണിച്ചു കൂട്ടുന്ന വൃത്തികേടുകൾ പുറത്ത് പറയാൻ പോലും കൊള്ളില്ലാത്തതാണ്. വോട്ട് ലിസ്റ്റിൽ കൃത്രിമം കാണിക്കാൻ അമ്മയ്ക്കും മകൾക്കും വരെ സമ പ്രായം ആക്കുന്ന തോന്ന്യവാസം വരെ ഇവർ ചെയ്തു കൂട്ടുന്നു. സഭകളും സെന്ററുകളും റീജിയനുകളും കച്ചവടം നടത്തുന്നത് മറ്റൊരു തട്ടിപ്പ്. നല്ല സഭ കിട്ടാൻ കാണിക്കുന്ന വൃത്തികേടുകൾ ചില്ലറയൊന്നും അല്ല. സ്റ്റേജുകളിൽ കസേര കിട്ടാൻ ലക്ഷങ്ങളും കോടികളും എറിയുന്നത് മറ്റൊരു കച്ചവടം. ഓരോ കൺവൻഷനും മാസയോഗവും പൊതുയോഗവും പാനൽ അടിസ്ഥാനത്തിൽ ആണ് നടക്കുന്നത്.

ഏതെങ്കിലും ഒരു പാനലിന്റെ കയ്യേറ്റം ആണ് ഓരോ മീറ്റിഗും. കള്ളയപ്പോസ്തലർ അരങ്ങു തകർക്കുന്നത് മറ്റൊരു ഗതികേട്, സ്വന്തം ഭാര്യ മരിച്ചു കിടക്കുമ്പോളും കാണാൻ വരുന്നവരോട് പാനൽ രാഷ്ട്രീയം ചർച്ച ചെയ്യുന്ന ഫ്രോഡിനെയും വിളിക്കുന്നത് അപ്പോസ്തലൻ എന്നാണ്. ഇത്തരം നീചന്മാരും അടുത്ത കസേര പിടിക്കാൻ തെണ്ടി നടക്കുകയാണ്. രണ്ടു കെട്ടിയവരും വ്യഭിചാരികളും വർഗ്ഗീയത പുലമ്പുന്നവരും പലരെയും ഉപദ്രവിച്ചവരും ഭരണിപ്പാട്ട് നടത്തുന്നവരും സഭ പൊളിച്ചവരും വിശ്വാസികളെ റോഡിലും സഭയിലും ഓടിച്ചിട്ട് തല്ലിയവരും ലോക്കൽ സഭയിലെ പാസ്റ്ററേയും മക്കളെയും തല്ലിയ ഗുണ്ടകളും ആഭാസന്മാരും വരെ കൗൺസിലിലേക്കും എക്സിക്യുറ്റീവ് പോസ്റ്റുകളിലേക്കും വരെ മത്സരിക്കുന്നു.

ഏറ്റവും ഒടുവിൽ ഉപദേശപ്രമാണം വരെ തിരുത്തി സഭയിൽ ദുരുപദേശം തിരുകി കയറ്റാൻ നേതാക്കൾ രഹസ്യ അജണ്ടകൾ ഒപ്പിക്കുന്നു. ഐപിസി യുടെ ജനറൽ പ്രസിഡന്റ്‌ എണ്ണ ഒഴിച്ച് അഭിഷേകം നൽകാൻ ശ്രമിക്കുന്ന വ്യാജം വരെ ഈ നേതാക്കൾക്കു ഉപദേശവിഷയങ്ങളിൽ ഉള്ള പാപ്പരത്വം ആണ് വെളിപ്പെടുത്തുന്നത്. ഇത് പറഞ്ഞാൽ തീരില്ല.. പെന്തക്കൊസ്തു അതിന്റെ ഏറ്റവും വലിയ അധപതനത്തിലേക്കു കൂപ്പു കുത്തുകയാണ്.

ഇനിയും വേണ്ടത് ന്യായീകരണം അല്ല. മാനസാന്തരം തന്നെയാണ്. ഇല്ലെങ്കിൽ അടുത്ത തലമുറ സഭയിൽ ഉണ്ടാവില്ല, ഇതിൽ നിന്ന് നല്ലൊരു പങ്കും മറ്റു ഇടങ്ങളിലേക്ക് ചേക്കേറും.. പലരും ഒരു പക്ഷേ മനസ്സ് മുരടിച്ചു ഇസ്ലാമിലേക്കോ, സാമുദായ ബന്ധനങ്ങളിലേക്കോ ഒക്കെ തിരികെ പോകാൻ സാധ്യതയുണ്ട്.

നല്ലൊരു കൂട്ടം ഈ പെന്തക്കൊസ്തിന്റെ ഇന്നിന്റെ നേതാക്കൾ മുഖാന്തിരമുള്ള ബന്ധനത്തിൽ നിന്ന് പുറത്ത് വന്നു ദൈവസഭയുടെ തത്വങ്ങളിൽ സ്വതന്ത്രമായി നിൽക്കാൻ സമയം അടുത്തിരിക്കുന്നു. ഒന്ന് ഉറപ്പാണ്, പെന്തക്കോസ്തു മാനസാന്തരപ്പെട്ടില്ലെങ്കിൽ മാനസാന്തരം യഥാർത്ഥത്തിൽ അനുഭവിച്ചവർ ഇതിനെ ഉപേക്ഷിക്കും. അങ്ങനെ സഭകൾ ഇല്ലാതായാലും നേതാക്കന്മാർക്ക് ലാഭം തന്നെയാണ്. അവർ സഭകളുടെയും ആസ്ഥാനത്തിന്റെയും ഭൂമി തങ്ങളുടെ സ്വകാര്യ ട്രസ്റ്റ് കളുടെ അധീനതയിലാക്കും.

ചുരുക്കി പറഞ്ഞാൽ എതിർക്രിസ്തുവിന്റെ മുന്നോടികൾ ആയ എതിർക്രിസ്തുക്കൾ സഭയിൽ അഴിഞ്ഞാടുകയാണ്. ദൈവജനം ഇത്തരം കള്ളന്മാരെ തിരിച്ചറിയാതിരിക്കരുത്.. “”കുഞ്ഞുങ്ങളേ, ഇതു അന്ത്യനാഴിക ആകുന്നു; എതിർക്രിസ്തു വരുന്നു എന്നു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഇപ്പോൾ അനേകം എതിർക്രിസ്തുക്കൾ എഴുന്നേറ്റിരിക്കയാൽ അന്ത്യനാഴിക ആകുന്നു എന്നു നമുക്കു അറിയാം,

അവർ നമ്മുടെ ഇടയിൽനിന്നു പുറപ്പെട്ടു എങ്കിലും നമുക്കുള്ളവർ ആയിരുന്നില്ല; അവർ നമുക്കുള്ളവർ ആയിരുന്നു എങ്കിൽ നമ്മോടുകൂടെ പാർക്കുമായിരുന്നു; എന്നാൽ എല്ലാവരും നമുക്കുള്ളവരല്ല എന്നു പ്രസിദ്ധമാകേണ്ടതല്ലോ. (1 യോഹന്നാൻ 2:18-19)

പാസ്റ്റർ പ്രിൻസ് നിലമ്പൂർ

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.