പാസ്റ്റർമാരിലും വിശ്വാസികളിലും ആത്മഹത്യാ പ്രവണതയേറുന്നത് എന്തുകൊണ്ട് ?

പാസ്റ്റർമാരിലും വിശ്വാസികളിലും ആത്മഹത്യാ പ്രവണതയേറുന്നത് എന്തുകൊണ്ട് ?
November 28 08:06 2021 Print This Article

ആത്മഹത്യയുടെ മുനമ്പിൽ നിൽക്കുന്ന ഒരുപാടു വിശ്വാസികളും പാസ്റ്റർമാരും ഈ കാലങ്ങളിൽ നമ്മുടെ ഇടയിൽ ഉണ്ട് . കടുത്ത സാമ്പത്തിക ബാധ്യതകൾ തന്നേ പ്രധാന കാരണം . പിള്ളേരുടെ പഠിപ്പു, വിവാഹം, ചികിത്സ മറ്റു ജീവിത ചിലവുകൾ ഇതൊക്കെ താങ്ങാനുള്ള ശേഷിയില്ലാതെ ജീവിതം ചോദ്യ ചിഹ്നം ആയി നിൽക്കുന്നവർ.

കൗൺസിലിംഗ് അല്ല. പ്രാർത്ഥിക്കാം എന്നല്ല, അർഹതപ്പെട്ടവരെ സാമ്പത്തികം ആയി തന്നേ സഹായിക്കുക. സമുദായ സഭകളിൽ അതിനുള്ള പ്രൊവിഷൻ ഉണ്ട് . പെന്തകൊസ്തിൽ അതിനു പരിമിത സാഹചര്യം മാത്രമാണുള്ളത്. ഭാരിച്ച ചികിത്സാ ചിലവ് ഒരു സുവിശേഷകന് ഉണ്ടായാൽ സോഷ്യൽ മീഡിയായിൽ പോസ്റ്റിട്ടു അപേക്ഷിക്കേണ്ട ഗതികേടാണ് ഇന്നു പലർക്കും. ആത്മാഭിമാനം മൂലം പലരും ഒന്നും പുറത്തു പറയാറുമില്ല.

ഇരുപതും മുപ്പതും വർഷം പ്രസ്ഥാനത്തിന്റെ കൂടെ നിന്നാലും പലരുടെയും അത്യാവശ്യങ്ങൾക്കു പണം മുടക്കാൻ പ്രസ്ഥാനങ്ങൾക്ക് കഴിയുന്നില്ല. ഓരോ പ്രസ്ഥാനങ്ങളും പ്രാദേശിക സഭ മുതൽ കേന്ദ്രം വരേ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നല്ല ഒരു തുക ബജറ്റിൽ എല്ലാ കൊല്ലവും വകയിരുത്തിയാൽ അത്യാവശ്യക്കാരായ സുവിശേഷകന്മാർക്കും വിശ്വാസികൾക്കും സോഷ്യൽ മീഡിയ വഴി അപേക്ഷിക്കേണ്ട ഗതികേടു ഉണ്ടാവില്ല.

അത്യാവശ്യക്കാരന് 10000 രൂപ പോലും കൊടുക്കാനുള്ള ബജറ്റ് ഇന്നു പല പ്രസ്ഥാനങ്ങൾക്കും ഇല്ല. പലരും പ്രാർത്ഥിക്കാനും കൗൺസിലിംഗ് കൊടുക്കാനും തയ്യാർ ആണ്. കാശു കൊടുത്തു സഹായിക്കാൻ ആർക്കും കഴിയുന്നില്ല. നന്നായി സപ്പോർട്ട് ചെയ്യാൻ തയ്യാറുള്ള മൾട്ടി മില്യനേഴ്സ് മുതൽ സാധാരണക്കാർ വരേ പെന്തകൊസ്തിൽ ഒരുപാടുണ്ട്‌. അവരൊക്കെ കൊടുക്കുന്നുമുണ്ട്. അതിൽ അധികവും വ്യക്തികൾ വാങ്ങി കീശയിൽ വയ്ക്കുന്നതല്ലാതെ അതിന്റെ ഒരംശം പോലും താഴേക്കിടയിലേക്കു എത്തുന്നില്ല.

അതിനൊരു മാറ്റം ഉണ്ടാകണം. അതാതു പ്രാദേശിക സഭകളിൽ പോലും പര്യാപ്തമായ ഫണ്ട് അതിനായി ഉണ്ടാകണം. വിശ്വാസികളെയും സുവിശേഷകരെയും പരസ്പരം വാക്കു കൊണ്ടും പ്രാര്ഥനകൾകൊണ്ടും സഹായിക്കുന്നതോടൊപ്പം സാമ്പത്തികമായും സപ്പോർട്ട് ചെയ്യേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. ഓരോ സഭകളിൽ നിന്നും ഒരുപാടു പേരു വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്നുണ്ട്. കൊടുക്കുന്നതിൽ അവരുടെ മുൻഗണന എന്നും പ്രാദേശിക സഭകൾക്ക് ആയിരിക്കണം.

ഇങ്ങനെ ഓരോ പ്രാദേശിക സഭകളും സാമ്പത്തികം ആയി സമ്പന്നം ആയാൽ അവിടെയുള്ള അത്യാവശ്യക്കാരന്റെ ബുദ്ധിമുട്ടുകൾക്ക് അവിടെ തന്നേ പരിഹാരം ഉണ്ടാകും. സ്വന്തം മാതൃ സഭകൾക്ക് ഒരിക്കലും സപ്പോർട്ട് ചെയ്യാതെ സോഷ്യൽ മീഡിയയിലെ അഭിനവ കലാകാരന്മാരെ മാത്രം സപ്പോർട്ട് ചെയ്യുന്നവരും നമ്മുടെ ഇടയിൽ ധാരാളം ഉണ്ട്. മുൻഗണന എന്നും മാതൃ സഭകൾക്ക് തന്നേ ആവണം. തകരുന്ന ബന്ധങ്ങൾക്കും വിവാഹ പ്രായം ആകുന്ന കുട്ടികൾക്കും കൗൺസിലിംഗ് ആവശ്യം ആണ്.

പക്ഷേ പണം ആവശ്യം ഉള്ളവർക്ക് പണം കൊടുത്തു തന്നേ സഹായിക്കണം. ഹയർ സ്റ്റഡിക്കു കുട്ടികളെ വിടാൻ കഴിയാതെ ഞെരുങ്ങുന്ന ഒരുപാടുപേർ പാസ്റ്റർമാരിൽ നിന്നും വിശ്വാസികളിൽ നിന്നുമായി നമ്മുടെ തന്നേ മാതൃ സഭകളിൽ ധാരാളം ഉണ്ട്. നക്കാപ്പിച്ച പോലെയല്ല നല്ലൊരു തുക സഭാ ഫണ്ടുകളിൽ നിന്നു അങ്ങനെ ഉള്ളവർക്ക് കൊടുക്കാൻ സഭാ കമ്മറ്റികൾക്കു കഴിയണം. ഒട്ടുമിക്ക സഭകളിലും വിശ്വാസികൾ മാസം മാസം ദശാംശം കൊടുക്കുന്നുണ്ട്. അതിന്റെ ഒരു ശതമാനം നിർധനരക്കും അത്യാവശ്യക്കാർക്കുമായി മാറ്റി വയ്ക്കണം. അതിനു കഴിവും കാര്യപ്രാപ്തിയും ഉള്ള കമ്മറ്റികൾ നിലവിൽ വരണം.

ഡമ്മി കമ്മറ്റികൾക്കു ഒരിക്കലും ഒന്നും ചെയ്യാൻ കഴിയില്ല. ആവശ്യക്കാരൻ കൺ മുന്നിൽ ഉണ്ടായാലും മീഡിയായിൽ കാണുന്ന നേരിട്ടറിയാത്ത പലരെയും സഹായിക്കാൻ ആണ് പലർക്കും വ്യഗ്രത. അതൊക്കെ അർഹതപ്പെട്ടവരിലേക്കു എത്തുന്നുണ്ടോ എന്നു ശരിക്കും പരിശോധിക്കേണ്ടിയിരിക്കുന്നു. കോവിഡ് കാലം മുതൽ ഒട്ടുമിക്ക വിശ്വാസികളും സുവിശേഷകന്മാരും കടുത്ത സാമ്പത്തിക പ്രതിസന്ധികളിൽ ആണ്.

സ്വന്തം സഭകളിൽ നിന്നും അങ്ങനെ ഉള്ളവരെ കണ്ടെത്തി ആദ്യം സപ്പോർട്ട് ചെയ്യണം. പിന്നീടേ സമൂഹ മാധ്യമങ്ങൾ വഴിയുള്ള അപേക്ഷകൾ പരിഗണിക്കാവൂ. നന്നായി പ്രവർത്തിക്കുന്ന ഒരുപാടു ദൈവദാസന്മാർ മീഡിയായിൽ നമ്മുടെ പരിചയക്കാരായി കണ്ടേക്കാം. അവർക്കു നന്മ ചെയ്യുന്നതോടൊപ്പം കളകളെ തിരിച്ചറിയാനുള്ള പരിജ്ഞാനവും ഉണ്ടാകേണ്ടിയിരിക്കുന്നു.

സോപ്പ് സൂപ്പ് സാൽവേഷൻ. ആളുകൾക്ക് ആദ്യം ആവശ്യം സ്നേഹവും കരുതലും അന്നവുമാണ് . പിന്നീടു പറയുന്ന സുവിശേഷങ്ങൾക്കേ ജീവനുണ്ടാകൂ, ജീവനുണ്ടാക്കാനും കഴിയൂ.

റോയി പതാലിൽ

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.