കൊളംബോ: ശ്രീലങ്കയില്‍ ആഭ്യന്തര കലാപം രൂക്ഷമായിരിക്കെ മുന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ ട്രിങ്കോമാലിയിലെ നാവികതാവളത്തില്‍ അഭയം തേടി.ഹെലികോപ്റ്ററില്‍ മഹിന്ദയേയും കുടുംബത്തേയും നാവിക താവളത്തിലെത്തിക്കുകയായിരുന്നു. മഹിന്ദ രാജ്യം വിടാതിരിക്കാന്‍ പ്രതിഷേധക്കാര്‍ വിമാനത്താവളങ്ങളില്‍ തമ്ബടിക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.
ജനകീയ പ്രക്ഷോഭത്തെത്തുടര്‍ന്ന് മഹിന്ദ രാജപക്സെ തിങ്കളാഴ്ചയാണ് രാജിവച്ചത്. മഹിന്ദയുടെ രാജിക്കു പിന്നാലെ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ കലാപം കത്തിപ്പടര്‍ന്നു. ഭരണകക്ഷി എംപി ഉള്‍പ്പെടെ മൂന്നു പേര് കലാപങ്ങളില്‍ കൊല്ലപ്പെട്ടു.
രാജപക്സെയുടെ കൊളംബോയിലുള്ള സ്വകാര്യ വസതി പ്രതിഷേധക്കാര്‍ കത്തിച്ചു. മുന്‍ മന്ത്രിമാരായ ജോണ്‍സ്റ്റണ്‍ ഫെര്‍ണാണ്ടോ, നിമല്‍ ലിന്‍സ, ഭരണകക്ഷി ട്രേഡ് യൂണിന് നേതാവ് മഹിന്ദ കഹാന്ദഗമഗെ എന്നിവരുടെ വീടുകള്‍ പ്രക്ഷോഭകര്‍ ആക്രമിച്ചു. മേയര്‍ സമന് ലാല്‍ ഫെര്‍ണാണ്ടോയുടെ വീട് കത്തിച്ചു. പ്രക്ഷോഭകര്‍ക്കുനേരേയുണ്ടായ പോലീസ് വെടിവയ്പില്‍ നിരവധി പേര്‍ക്കു പരിക്കേറ്റു. ബസുകള്‍ക്കു നേരെ ആക്രമണമുണ്ടായി.
പ്രസിഡന്റ് ഗോത്താബയ രാജിവയ്ക്കും വരെ പ്രക്ഷോഭം തുടരുമെന്നാണു പ്രതിഷേധക്കാര്‍ പറയുന്നത്. ഏപ്രില്‍ ഒന്‍പതു മുതല്‍ ജനങ്ങള്‍ ഗോത്താബയയുടെ ഓഫീസിനു മുന്നില്‍ പ്രതിഷേധം നടത്തിവരികയായിരുന്നു. സര്‍വകക്ഷി ഇടക്കാല സര്‍ക്കാര്‍ രൂപവത്കരിക്കാനാണു താന്‍ രാജിവച്ചതെന്നു രാജപക്സെ, പ്രസിഡന്റിന് അയച്ച രാജിക്കത്തില്‍ പറഞ്ഞു. ഇടക്കാല സര്‍ക്കാരില്‍ പങ്കാളിയാകാന്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളെയും പ്രസിഡന്റ് ഗോത്താബയ ക്ഷണിച്ചു.
വെള്ളിയാഴ്ച പ്രസിഡന്റ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. രണ്ടാം തവണയാണു രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും ഗുരുതര സാന്പത്തിക പ്രതിസന്ധിയിലൂടെയാണു ശ്രീലങ്ക കടന്നുപോകുന്നത്. വിദേശനാണ്യമില്ലാത്തതുമൂലം ഭക്ഷ്യവസ്തുക്കളുടെയും ഇന്ധനത്തിന്റെയും ഇറക്കുമതി നിലച്ചിരിക്കുകയാണ്. മുപ്പത് ശതമാനമാണു രാജ്യത്തെ പണപ്പെരുപ്പം.
വിലക്കയറ്റംമൂലം സാധാരണജനം പൊറുതിമുട്ടിയിരിക്കുകയാണ്. മരുന്നുകള്‍ക്കുവരെ ക്ഷാമം നേരിടുന്ന രാജ്യത്ത് വൈദ്യുതിപ്രതിസന്ധിയും രൂക്ഷമാണ്. മണിക്കൂറുകളോളമാണു പവര്‍കട്ട്.
സാന്പത്തിക പ്രതിസന്ധിയെത്തുടര്‍ന്നുള്ള ജനരോഷം ശമിപ്പിക്കാന്‍ പ്രതിപക്ഷത്തെയും ഉള്‍പ്പെടുത്തി ദേശീയ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ മുന്‍പു ഗോത്താബയ ശ്രമിച്ചിരുന്നു. എന്നാല്‍ രാജപക്സെ കുടുംബം ഒന്നടങ്കം അധികാരമൊഴിയണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.