തമിഴ്‌നാട്ടില്‍ പളനിസാമി സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടി

by Vadakkan | February 18, 2017 10:18 am

ചെന്നൈ:  തമിഴ്നാട് നിയമസഭയിൽ എടപ്പാടി പളനിസാമിയുടെ നേതൃത്വത്തിലുള്ള അണ്ണാ ഡി.എം.കെ സർക്കാർ വിശ്വാസവോട്ട് നേടി. സർക്കാരിന് 122 വോട്ട് ലഭിച്ചപ്പോൾ പനീർശെൽവം പക്ഷത്തിന് 11 വോട്ടുകൾ മാത്രമെ കിട്ടിയുള്ളൂ. പ്രതിപക്ഷ നേതാവ് എം.കെ.സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി.എം.കെ അംഗങ്ങളെ ബഹളം വച്ചതിനെ തുടർന്ന് സ്പീക്കർ സഭയിൽ നിന്ന് പുറത്താക്കിയിരുന്നു.

വിശ്വാസ വോട്ടെടുപ്പിനായി ചേർന്ന തമിഴ്നാട് നിയമസഭയിൽ നാടകീയ സംഭവങ്ങൾ അരങ്ങേറി. രഹസ്യ ബാലറ്റ് ആവശ്യപ്പെട്ട് ഡി.എം.കെ അംഗങ്ങൾ സഭാ നടപടികൾ തടസപ്പെടുത്തി. ഡയസിൽ കടന്നുകയറി ഡി.എം.കെ അംഗങ്ങൾ സ്പീക്കറുടെ കസേര തകർക്കുകയും പേപ്പറുകൾ കീറിയെറിയുകയും മൈക്ക് തകർക്കുകയും ചെയ്തു. രഹസ്യ ബാലറ്റ് വേണമെന്ന് പ്രതിപക്ഷ നേതാവ് എം.കെ സ്റ്റാലിനും അണ്ണാ ഡി.എം.കെ വിമത വിഭാഗം നേതാവും മുൻ മുഖ്യമന്ത്രിയുമായ ഒ. പന്നീർശെൽവവും ആവശ്യപ്പെട്ടു. കൂടാതെ ഈ ആവശ്യം പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസും മുസ് ലിം ലീഗും ഉന്നയിച്ചു. എന്നാൽ, പ്രതിപക്ഷ ആവശ്യം സ്പീക്കർ പി. ധനപാൽ തള്ളുകയായിരുന്നു. തുടർന്നാണ് ബഹളം സംഘർഷത്തിലും അക്രമത്തിലും കലാശിച്ചത്.

വിശ്വാസപ്രമേയം മുഖ്യമന്ത്രി എടപ്പാടി പളനിസാമി സഭയില്‍ അവതരിപ്പിച്ചു. ഡിഎംകെ എം.എല്‍എമാര്‍ സഭയ്ക്കുള്ളില്‍ ഒ.പനീര്‍സെല്‍വത്തിന് അനുകൂലമായി മുദ്രാവാക്യം വിളിച്ചു.

 

അണ്ണാ ഡിഎംകെയില്‍ പിളര്‍പ്പുണ്ടായ 1988ലാണ് ഇതിനു മുന്‍പ് തമിഴ്‌നാട് നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടന്നത്. ജയ പക്ഷത്തെ എംഎല്‍എമാരെ സ്പീക്കര്‍ പുറത്താക്കിയതോടെ ജാനകി പക്ഷം വിശ്വാസ വോട്ട് നേടി. എന്നാല്‍ 23 ദിവസത്തിനു ശേഷം കേന്ദ്രം ഈ സര്‍ക്കാരിനെ പിരിച്ചുവിട്ടു.

മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമിക്ക് തിരിച്ചടിയായി രണ്ട് എംഎല്‍എമാര്‍ കൂവത്തൂരിലെ റിസോര്‍ട്ട് ഇന്ന് വിട്ടു. കോയമ്പത്തൂര്‍ നോര്‍ത്ത് എംഎല്‍എ പി.ആര്‍.ജി. അരുണ്‍കുമാറും കാങ്കയം എംഎല്‍എ തനിയരശുമാണ് പളനിസാമി ക്യാംപ് വിട്ടു പുറത്തെത്തിയത്. എന്നാല്‍, ഇവര്‍ ഒ.പനീര്‍സെല്‍വത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. പാര്‍ട്ടിയുടെ തീരുമാനങ്ങളില്‍ താല്‍പര്യമില്ലെന്നും വിശ്വാസ വോട്ടെടുപ്പ് ബഹിഷ്‌കരിക്കുമെന്നും അരുണ്‍കുമാര്‍ വ്യക്തമാക്കി. പളനിസാമിക്ക് വോട്ടുചെയ്യില്ലെന്ന് തനിയരശ് പറഞ്ഞു.

എംഎല്‍എമാരെ പാര്‍പ്പിച്ചിരിക്കുന്ന കൂവത്തൂരിലെ റിസോര്‍ട്ടില്‍നിന്നും രക്ഷപ്പെട്ട അരുണ്‍കുമാര്‍, പാര്‍ട്ടിയിലെ സ്ഥാനമാനങ്ങളും രാജിവച്ചു. ആര്‍ക്കും പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, താന്‍ പളനിസാമിക്ക് എതിരാണെന്ന് അദ്ദേഹം വ്യക്തമാക്കിയതോടെ ഇതു പനീര്‍സെല്‍വം വിഭാഗത്തിന് കരുത്താകും. വിശ്വാസവോട്ടെടുപ്പ് നടക്കുന്നതിന് തൊട്ടുമുന്‍പുള്ള എംഎല്‍എമാരുടെ കൊഴിഞ്ഞുപോക്ക് പളനിസാമി വിഭാഗത്തെ ആശങ്കപ്പെടുത്തുന്നുണ്ട്. നിലവില്‍ പളനിസാമിക്ക് 121 എംഎല്‍എമാരുടെ പിന്തുണയാണുള്ളത്. ഭൂരിപക്ഷം തെളിയിക്കാന്‍ 117 പേരുടെ പിന്തുണ മതി.

വാട്ടെടുപ്പില്‍ പളനിസാമിയെ പിന്തുണയ്ക്കില്ലെന്ന് മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായ ഡിഎംകെ നേരത്തേതന്നെ വ്യക്തമാക്കിയിട്ടുണ്ട്. വിശ്വാസപ്രമേയത്തെ എതിര്‍ത്തു വോട്ടു ചെയ്യാന്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പാര്‍ട്ടി എംഎല്‍എമാര്‍ക്കും നിര്‍ദ്ദേശം നല്‍കി.

അതേസമയം ചെന്നൈയില്‍ ഒ. പനീര്‍ശെല്‍വം വിഭാഗക്കാരുടെ പ്രതിഷേധമാണ്. അഡയാറില്‍ പ്രതിഷേധ പ്രകടനം നടത്തിയ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പുതിയ മന്ത്രിസഭക്കെതിരേ പ്രതിഷേധമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ചെന്നൈയില്‍ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പളനിസ്വാമി മന്ത്രിസഭയ്‌ക്കെതിരേ സമരം ശക്തമാക്കുമെന്ന് പനീര്‍ശെല്‍വം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

Source URL: https://padayali.com/%e0%b4%a4%e0%b4%ae%e0%b4%bf%e0%b4%b4%e0%b5%8d%e2%80%8c%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%b3%e0%b4%a8%e0%b4%bf%e0%b4%b8%e0%b4%be%e0%b4%ae/