ചിന്താശൂന്യനായ മണ്ടൻ മലയാളി

ചിന്താശൂന്യനായ മണ്ടൻ മലയാളി
November 27 10:26 2021 Print This Article

മലയാളികൾ ആകെ കലുഷിതമായ് ചിന്തിക്കുന്ന ഒരു കാലഘട്ടം…

മലയാളി ഒട്ടും ക്രിയേറ്റീവാകാത്ത ഒരു കാലം… അവൻ ഒട്ടും പ്രൊഡക്ടീവാകാത്ത ഒരു കാലം…. അവൻ ഒട്ടും തലച്ചോറ് ഉപയോഗിക്കാത്ത കാലഘട്ടം…. അവന് ചിന്തിക്കാൻ ക്യാപ്സ്യൂൾ വേണ്ട കാലം…. അവന് ചിന്തിക്കാൻ ട്രോളുകൾ കാണേണ്ട കാലം. പക്ഷംചേർന്ന് ചിന്തിക്കാൻ അവന് അനേകം പക്ഷങ്ങൾ ഉള്ള കാലം….

പച്ചയ്ക്ക് പറഞ്ഞാൽ ചിന്താശൂന്യനായ മണ്ടൻ മലയാളി. സംഘി, കൊങ്ങി, കമ്മി , സുഡാപ്പി തുടങ്ങിയ പുതിയ വാക്കുകളാൽ ഭാഷയെ സമ്പുഷ്ടമാക്കി അര്മാദിക്കുന്ന മലയാളി… എന്റെ ദൈവം,നിന്റെ ദൈവം,ഖുറാൻ – ശിർക്ക്, ബൈബിൾ – ഇടയലേഖനം,അയ്യപ്പൻ – ആചാര സംരക്ഷണം എന്നീ വിഷയങ്ങളില് ചേരിതിരിഞ്ഞ് തെറിവിളിക്കുന്ന മലയാളി.

അപകടം ആണെന്ന് അറിഞ്ഞുകൊണ്ട് തന്നെ, മദ്യം വാങ്ങി കുടിച്ച് ആവകയില് സര്ക്കാരിന് ശതകോടികള് ലാഭം ഉണ്ടാക്കിക്കൊടുക്കുന്ന മലയാളി. ഓണം/വിഷു/ക്രിസ്തുമസ്/ പുതുവര്ഷ ബംപർ ഉൾപ്പെടെയുള്ള സർക്കാർ സ്പോൺസേർഡ് ചൂതാട്ടങ്ങളിലും മറ്റു അനേകവിധം ഗാംബ്ലിംഗുകളിലും ജ്വരബാധിതരെപ്പോലെ അഹമഹമിഹയാ പങ്കെടുത്തുകൊണ്ട് സർക്കാരിന് കോടികള് ലാഭം നേടിക്കൊടുക്കുന്ന മലയാളി….

പണിയൊന്നും ഇല്ലാത്ത ഈകാലത്തും ട്രാഫിക് നിയമലംഘനത്തിന് കോടികള് പോലീസിന് പിഴ കൊടുക്കുന്ന മലയാളി. എല്ലാ വിഷയത്തിനും 90% മേൽ മാർക്ക് ഉറപ്പായിട്ടും ഒരു മാസം കുറഞ്ഞത് 20,000/- രൂപയെങ്കിലും ഒരു കുട്ടിയുടെ ട്യൂഷന് പഠനത്തിന് മാറ്റിവയ്ക്കുന്ന മണ്ടൻ മലയാളി.ഇതിനൊക്കെ ലേശം സാമ്പത്തിക / മാനസിക ബുദ്ധിമുട്ട് തോന്നിയാൽ അപ്പോഴേ ആത്മഹത്യയ്ക്ക് കയർ മുറുക്കുന്ന മലയാളി…

അനേകം വിദ്യാഭ്യാസസർട്ടിഫിക്കറ്റ് നേടിയിട്ടും നാല് വാക്ക് ഇംഗ്ലീഷിലോ, ഹിന്ദിയിലോ എന്തിന് മലയാളത്തിൽത്തന്നെയോ തെറ്റുകൂടാതെ എഴുതാനോ, പറയാനോ അറിയാത്ത മലയാളി… മര്യാദയ്ക്ക് നല്ലൊരു രാഷ്ട്രീയ ചർച്ച നടത്തുവാനറിയാത്ത മലയാളി….. ഒരു ചാനല് വിമർശനത്തിൽ ദേഹമാസകലം വിറകൊള്ളുന്ന മലയാളി. മെയ്യനങ്ങാതെ എങ്ങനെ തിന്നാം എന്ന് ഗവേഷണം നടത്തുന്ന മുഴുമടിയൻ മലയാളി.

മാഞ്ചിയം, ആട്, തേക്ക് മുതൽ സരിത, സ്വപ്ന, മോന്സന് വരെയുളളവരാല് യാതൊരു ഉളുപ്പുമില്ലാതെ മുഴുവന് സമ്പാദ്യവും കുളം തോണ്ടപ്പെട്ട മലയാളി. പണം എങ്ങനെയും നേടാൻ കുതന്ത്രങ്ങൾ മെനയുന്ന മലയാളി. അര ശതമാനം അധികംപലിശ പറഞ്ഞാൽ നാട്ടിലെ പ്രധാന ബാങ്കുകളെ മറന്ന് ഏത് കൂതറ സെറ്റപ്പിലും പണം നിക്ഷേപിക്കുന്ന മലയാളി.അനേക ഓഫറുകളിൽ ലക്ഷങ്ങൾ മുടക്കി കുറി ഇറക്കുന്ന മലയാളി.

കമ്പനി പൊളിഞ്ഞ് മുതലാളി മുങ്ങുമ്പോൾ ആർത്തലയ്ക്കുന്ന മലയാളി. ഒരു സാരിക്ക് മറ്റൊരു സാരി ഓഫർ പറഞ്ഞാൽ ഒരു ദിവസം മുഴുവൻ ക്യൂ’ നില്ക്കുന്ന മലയാളി. അനേക പൊയ്മുഖങ്ങൾ വാചക കസർത്ത് നടത്തി നേതാവാകുമ്പോൾ യാതൊരു നട്ടെല്ലും അവശേഷിപ്പിക്കാതെ അവന് ഓശാരം മൂളുന്ന മലയാളി.തരികിട ജന്മങ്ങളാണ് എന്നറിഞ്ഞിട്ടും തങ്കപ്പനാശാരി പണിത മരക്കസേര ടിപ്പുവിന്റേതെന്ന് വിശ്വസിക്കാൻ യാതൊരു ഉളുപ്പുമില്ലാത്ത മലയാളി. മോശയുടെ വടി,നബിയുടെ മുടി, കൃഷ്ണന്റെ ഉറി തുടങ്ങിയതെല്ലാം വിശ്വസിക്കാന് മടിയില്ലാത്ത മലയാളി. തുമ്പയിലേക്ക് 60-70 ടയറുകളുളള സ്പെഷ്യല് പുളളറില് കൊണ്ട്പോകുന്ന ടൺ കണക്കിന് ഭാരമുളള വസ്തുവിന് നോക്കുകൂലി ചോദിക്കുന്ന മടിയൻ മലയാളി.

99. 99% കുട്ടികളും ബുദ്ധിമാന്മാരാണന്ന് സമ്മതിക്കുന്ന മലയാളി. രാവിലെ പൗരത്വം,ഉച്ചക്ക് കർഷകൻ,വൈകിട്ട് GST. കിടക്കാൻ നേരം ഭാര്യയോട് നോട്ട് നിരോധിച്ചത് നന്നായി,പൗരത്വബില് പണ്ടേ വേണ്ടിയിരുന്നു എന്നൊക്കെ പറഞ്ഞ് ഉറങ്ങുന്ന മലയാളി. കർഷകന് വേണ്ടി സമരം നടത്തുന്ന തൂമ്പ കാണാത്ത മലയാളി, പകൽ സാഹോദര്യം, രാത്രി സ്വന്തം ചേരിയിൽ വർഗ്ഗീയചർച്ച… പകല് നാട്ടിൽ സ്ത്രീസമത്വം,വീട്ടിൽ സ്വന്തമായ് ഒരു ഗ്ലാസ്സ് ചായയുണ്ടാക്കാതെ ഭാര്യയിട്ട ചായയ്ക്ക് മധുരം കുറവായതിന് തെറി വിളിക്കും ഇതേ മലയാളി.

പകൽ സൽഗുണ സമ്പന്നൻ, രാത്രി നിഗൂഢ കാഴ്ചകൾ, ഒറ്റയുറക്കങ്ങൾ, ഗണപതിയുടെ തല മാറ്റി വെച്ചത് അന്ധവിശ്വാസം എന്നും പറഞ്ഞ് ചെകുത്താന് കല്ലെറിയുവാനും കുരിശ് ചുമന്ന് മുട്ടില് നീന്താനും പോകുന്ന വിശ്വാസം, ഓരോരുത്തനും സ്വന്തം മതം, സ്വന്തം സമുദായം മാത്രം പരമമായ ശുദ്ധിയുള്ളത്. മറ്റവന്റെ ആചാരം അന്ധവിശ്വാസം. ദൈവം തന്നെ അന്ധവിശ്വാസം എന്ന് പറഞ്ഞാൽ പേടിച്ച് വിറക്കുന്ന മലയാളി. അനേകം വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ കയ്യിൽ കരുതി കരിസ്മാറ്റിക് ധ്യാനത്തിന് പോവുന്ന മലയാളി. വല്ലവിധേനയും പണമുണ്ടാക്കി മക്കയ്ക്ക് പോവുന്ന മലയാളി.

ക്ഷേത്രങ്ങളിൽ നിന്ന് ക്ഷേത്രങ്ങളിലേക്ക് ഓടി തളരുന്ന മലയാളി. താൻ വിശ്വാസി എന്ന് തെളിയിക്കാൻ മാത്രം ആവറേജ് രണ്ട് ലക്ഷം ഒരു വർഷം ചിലവാക്കുന്ന മലയാളി. ആവശ്യത്തിൽ കൂടുതൽ പണം സമ്പാദിച്ച് മക്കളെ വെടക്കാക്കുന്ന മലയാളി. എന്നിട്ട് സ്വന്തം അപ്പനെയും അമ്മയെയും കൊഞ്ഞനം കുത്തി ലഹരിതേടുന്ന തലതെറിച്ച മലയാളി.കുഞ്ഞുങ്ങൾക്ക് ഉപദേശംമാത്രം നൽകുന്നത് തൊഴിലാക്കുന്ന മറ്റൊരു മലയാളി. അതെ; ഇന്ന് മലയാളി ചിന്താശൂന്യതയുടെ നിറകുടങ്ങൾ ആയിരിക്കുന്നു.

പ്രണയനഷ്ടം വന്നാൽ കത്തിക്കൽ, കഴുത്തറക്കൽ, ആസിഡ് കുരുതി എന്നിവ നടത്തുന്ന മലയാളി. FB കാമുകന് / കാമുകിക്ക് ഒപ്പം കൊക്കയില് ചാടാൻ സ്വന്തം മക്കളെ ഉപേക്ഷിച്ച് പോവുന്ന മലയാളി…! സ്വന്തം വീട്ടിലെ മാലിന്യം കയ്യിൽ പൊതിഞ്ഞ് റോഡരുകിൽ വലിച്ചെറിയുവാൻ യാതൊരു മടിയുമില്ലാത്ത ഡീസന്റ് മലയാളി. എന്നിട്ട് എപ്പോഴും വൃത്തിയെക്കുറിച്ച് പറയുന്ന മലയാളി. വല്ലവന്റെയും വീട്ടിലേക്ക് വേസ്റ്റ് എറിഞ്ഞിട്ട്, കൈ സോപ്പിട്ടു കഴുകി ഉമ്മറത്തെ ഈസിചെയറിൽ ചാരിയിരുന്ന് യൂറോപ്യൻ കൾച്ചറിനക്കുറിച്ച് വിമർശനാത്മകമായി സംസാരിക്കാന് മടിയില്ലാത്ത മലയാളി. ആഹാ… ഒരിക്കൽ നീ ഇങ്ങനെയല്ലായിരുന്നു. ഒരിക്കൽ നീ നേർ ജീവിതം അറിയുവാൻ ശ്രമിച്ചിരുന്നു. ഒരിക്കൽ ലോകത്തിന് മുഴുവന് നീ മാതൃകയായിരുന്നു. ഒരിക്കൽ നീ വിദ്യാഭ്യാസം നേടി നിവർന്നുനിന്ന് അധ്വാനിക്കുന്നവനായിരുന്നു. മണ്ടൻ മലയാളി …

നീ ഇന്നോ???????? ചിന്തിക്കു… ചിന്തിക്കൂ..

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.