കേരളം ഗുണ്ടാവിളയാട്ടത്തിന്റെ കൂത്തരങ്ങോ?

കേരളം ഗുണ്ടാവിളയാട്ടത്തിന്റെ കൂത്തരങ്ങോ?
February 21 15:40 2017 Print This Article

കേരളത്തിലെ സാധാരണ ജനങ്ങള്‍ ഏറെ ഉത്കണ്ഠയോടെയാണ് ചില ചോദ്യങ്ങള്‍ ഉന്നയിക്കുന്നത്. സാധാരണക്കാര്‍ക്ക് സുരക്ഷിതത്വവും സംരക്ഷണവും നല്‍കാന്‍ ഭരണകൂടവും പോലീസും കോടതിയും ബാധ്യതസ്ഥരാണ്. അവര്‍ ആ ചുമതല യഥാവിധി നിര്‍വഹിക്കുന്നുണ്ടോ എന്നു സംശയിക്കേണ്ട സാഹചര്യമാണിപ്പോഴുള്ളത്.
കേരളത്തില്‍ അരങ്ങേറുന്ന ഗുണ്ടായിസത്തിനു തടയിടാന്‍ മുഖ്യമന്ത്രിതന്നെ ഇപ്പോള്‍ രംഗത്തെത്തിയിട്ടുണ്ട്. ഇന്റലിജന്‍സ് വിഭാഗം 2010 ഗുണ്ടകളുടെ പട്ടിക തയാറാക്കിയിട്ടുണ്ടെന്നാണു റിപ്പോര്‍ട്ട്. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, മയക്കുമരുന്ന് ഇടപാടുകള്‍ തുടങ്ങിയവയില്‍ പ്രതികളായവരെയാണ് ഈ ലിസ്റ്റില്‍ വരുന്നത്. ഇവരെക്കൂടാതെ ഇനിയും ചെറുകിട സംഘങ്ങളും. ഏതായാലും രണ്ടായിരത്തിലേറെ വരുന്ന ഈ പ്രഖ്യാപിത ഗുണ്ടകള്‍ കേരളത്തിലെ സമാധാന ജീവിതത്തിനു വെല്ലുവിളിയാണെന്ന കാര്യത്തില്‍ സംശയമില്ല. മുമ്പും ഗുണ്ടകളുടെ ശല്യം പെരുത്തപ്പോള്‍ മുഖ്യമന്ത്രി പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചിരുന്നു. പക്ഷേ പിന്നെ അത് വേലിതന്നെ വിളവുതിന്നുന്ന അവസ്ഥയിലേക്ക് നീണ്ടുപോയി.
‘ദൈവത്തിന്റെ സ്വന്തം നാട്’ ഗുണ്ടകളും ക്വട്ടേഷന്‍ സംഘങ്ങളും വിലസുന്ന നാടായി മാറുകയാണോ! പൊതുസ്ഥലങ്ങളില്‍പോലും സ്ത്രീകള്‍ക്കു രക്ഷയില്ലെന്നായോ? ഈ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സംഭവത്തിലെ മുഖ്യപ്രതി അഭിഭാഷകനെ നേരില്‍ കണ്ട് മുന്‍കൂര്‍ ജാമ്യത്തിനുള്ള ഇടപാടുകള്‍ ചെയ്തിട്ടും പോലീസിനു പിടികൂടാന്‍ കഴിയാത്തതെന്ത്?
കേരളം ഒട്ടാകെ ഗുണ്ടാവിളയാട്ടത്തിന്റെയും ക്വട്ടേഷന്‍ സംസ്‌കാരത്തിന്റെയും ഞെട്ടിപ്പിക്കുന്ന കഥകളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത് .ഇപ്പോള്‍ നടന്ന സംഭവത്തിന്റെ ചുരുളുകള്‍ക്കുള്ളിലെ രഹസ്യങ്ങള്‍ ചിലപ്പോള്‍ ഒരിക്കലും പുറത്തുവന്നില്ലെന്നുമിരിക്കാം. എന്നാല്‍, മറഞ്ഞിരിക്കുന്ന സത്യങ്ങള്‍ എന്നെങ്കിലുമൊക്കെ ലോകമറിയും. എന്നാല്‍ അതുവരെ കാത്തിരിക്കാനാവില്ല. നീണ്ട കാത്തിരുപ്പു ഒഴിവാക്കാനാണല്ലോ നാട്ടില്‍ ഭരണകൂടവും കോടതിയുമൊക്കെയുള്ളത്.
ഗുണ്ടകളെയും ക്വട്ടേഷന്‍കാരെയും തടവിലാക്കാനുള്ള തന്റേടവും ഭരണകൂടത്തിനുണ്ടാവണം. കുറ്റവാളികള്‍ക്ക് ന്യായമായ ശിക്ഷ കോടതി ഉറപ്പുവരുത്തുകയും വേണം. ഭരണകേന്ദ്രത്തിലോ, വ്യക്തികളിലോ ഉള്ള സ്വാധീനം ഉപയോഗിച്ച് മികച്ച അഭിഭാഷകരെ കേസ് വാദിക്കാന്‍ നിയോഗിച്ചും ഭീകര കുറ്റവാളികള്‍ നിയമനടപടികളില്‍നിന്നു രക്ഷപ്പെടുകയാണ്. അത് മാത്രമല്ല അവര്‍ തല ഉയര്‍ത്തി നാട്ടില്‍ വിലസുകയും ചെയ്യുമ്പോള്‍ ജനങ്ങള്‍ക്കു ഭരണകൂടത്തിലെന്നല്ല, ജുഡീഷറിയിലുമുള്ള വിശ്വാസവും നഷ്ടപ്പെടുന്നു .

ഇപ്പോഴിതാ വീണ്ടുമൊരു ഗുണ്ടാപട്ടികകൂടി തയാറായിരിക്കുന്നു. ഇവര്‍ക്കെതിരേ ‘കാപ്പ’ ചുമത്താന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് അധികാരം നല്‍കിയിരിക്കയാണ്. ഗുണ്ടകളെ കാപ്പ ചുമത്തി അകത്താക്കാനുള്ള നീക്കം ഒരു വശത്തു നടക്കുന്‌പോള്‍ മറുവശത്ത് മാനഭംഗം, ലഹരിമരുന്ന് കേസുകളില്‍ പെട്ടവരുള്‍പ്പെടെ 1850 തടവുകാരെ ജയിലില്‍നിന്നു മോചിപ്പിക്കാന്‍ സര്‍ക്കാര്‍ ഗവര്‍ണറുടെ അനുമതി തേടിയിരിക്കുന്നു. ശുപാര്‍ശ ഗവര്‍ണര്‍ തിരിച്ചയച്ചിരിക്കുകയാണ്. സംസ്ഥാനത്തെ വിവിധ സെന്‍ട്രല്‍ ജയിലുകളില്‍ കഴിയുന്നവരാണ് ഈ തടവുകാര്‍. തടവുകാരെ ഇപ്രകാരം കൂട്ടത്തോടെ വിട്ടയയ്ക്കുമ്പോള്‍ കണക്കിലെടുക്കേണ്ട നടപടിക്രമങ്ങളേക്കുറിച്ച് സുപ്രീം കോടതിയുടെ ഉത്തരവുണ്ട്. ഇതു സംബന്ധിച്ചു കൂടുതല്‍ വിശദീകരണം തേടിയാണ് മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് കൂടിയായ ഗവര്‍ണര്‍ സര്‍ക്കാര്‍ നിര്‍ദേശം തിരിച്ചയച്ചിരിക്കുന്നത്.

ഇപ്പോള്‍ നടന്ന സംഭവമാണു ക്വട്ടേഷന്‍കാരെയും ഗുണ്ടകളെയും കുറിച്ചുള്ള അന്വേഷണം ഇപ്പോള്‍ ചൂടുപിടിക്കാന്‍ കാരണം. ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്നു ഭരണകക്ഷിയിലെ ഒന്നാം കക്ഷിയുടെ നേതാവു പറയുമ്പോള്‍ ഇതൊന്നും ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് രണ്ടാം കക്ഷി നേതാവിന്റെ ഉറച്ച അഭിപ്രായം. പ്രതിപക്ഷമാവട്ടെ ക്രമസമാധാനം തകര്‍ന്നെന്നു വിലപിക്കുന്നു. ഈ വിവാദങ്ങള്‍ക്കിടയില്‍ സാധാരണ ജനം, പ്രത്യേകിച്ചു സ്ത്രീകള്‍ പുറത്തിറങ്ങാന്‍പോലും ഭയപ്പെട്ടു കഴിയുന്നു എന്ന യാഥാര്‍ഥ്യം മറക്കാന്‍ കഴിയുകയില്ല.
കേരളത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതായാണു കണക്ക്. പ്രതിവര്‍ഷം ശരാശരി ആയിരത്തോളം സ്ത്രീകള്‍ ബലാത്സംഗത്തിന് ഇരയാകുന്നു. ലൈംഗിക പീഡനങ്ങള്‍ അതിന്റെ മൂന്നിരട്ടിയിലേറെ വരും. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ സ്ത്രീകള്‍ക്കു നേരേ ഏറ്റവും കൂടുതല്‍ ലൈംഗിക അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കഴിഞ്ഞ വര്‍ഷമാണ്. ഇത്തരം കണക്കുകള്‍ നമ്മെ ഭീതിപ്പെടുത്തുന്നു. പ്രതികരിക്കാനും രോഷം പ്രകടിപ്പിക്കാനുമൊക്കെ ആള്‍ക്കാര്‍ ഏറെ . പക്ഷേ, പരിഹരിക്കാത്ത പ്രശ്‌നം ബാക്കി നില്‍ക്കുന്നു. ക്വട്ടേഷന്‍ സംഘങ്ങള്‍ തുടച്ചുമാറ്റപ്പെടണം. അതു ചെയ്യാനുള്ള കരുത്ത് നമ്മുടെ പോലീസ് സേനയ്ക്കുണ്ട്. ഭരണകൂടം അതിന് ശക്തമായ നിര്‍ദേശം നല്‍കിയേ തീരൂ. ഭാരത സംസ്‌കാരത്തിന് ഏറെ മുതല്‍കൂട്ടായിരുന്നു കേരളീയരും അവരുടെ ജീവിത മൂല്യങ്ങളും എന്നാല്‍ അവയെല്ലാം കാറ്റില്‍ പറത്തി ‘അമ്മ പെങ്ങന്മാരെ തിരിച്ചറിയാത്ത’ ഒരു സമൂഹം ആയി മാറി. നിയമങ്ങളും നടപടികളും നിയമപാലകരും ഭരണകേന്ദ്രവും ജാഗരൂകരായേ മതിയാവു….

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.