കാഹളം ഊതിക്കരുതു!!

കാഹളം ഊതിക്കരുതു!!
July 11 18:39 2021 Print This Article

ശബരിമല വനാന്തരങ്ങളിൽ പാർക്കുന്ന ആദിവാസികൾക്കു കൂര മേയാൻ ടാർപ്പാളിൻ ഇട്ടുകൊടുക്കുന്ന മഹത്തായ കർമ്മ പദ്ധതിയുടെ ഉദ്ഘാടനം അഭിവന്ദ്യ ദിവ്യ ശ്രീ യൂഹാനോൻ മോർ ക്രിസോസ്റ്റമോസ്‌ തിരുമേനി അതീവ രഹസ്യമായി നിർവ്വഹിക്കുന്ന കാഴ്ചയാണു ചിത്രത്തിൽ കാണുന്നതു!

ഇടതുകൈ ചെയ്യുന്നതു വലതുകൈ അറിയാൻ പാടില്ലല്ലോ! അതുകൊണ്ടു തന്നെ വലതുകൈ മാത്രം പൊക്കിപിടിച്ചുകൊണ്ടാണു തിരുമേനി കൃത്യം നിർവ്വഹിക്കുന്നതു! ഇടതുകൈ പാവം!! ഒന്നും അറിഞ്ഞതേയില്ല!! തിരുമേനി അതു വളരെ കൃത്യമായി വചനപ്രകാരം തന്നെ നിർവ്വഹിച്ചു.

പക്ഷെ, കൂടെകൂട്ടിയ മാധ്യമകൂലികൾ ഉണ്ടോ വിടുന്നു! അവർ അതിന്റെ ചിത്രം എടുത്തു കാഹളം ഊതി മനോരമയുടെ അഗ്നിനാവുകൾപോലെ പിളർന്നിരിക്കുന്ന 16 നാവുകളിലും (എഡിഷനുകൾ) പ്രസിദ്ധമാക്കി. പണ്ടു പരീശന്മാർ ആചാരമായി പള്ളികളിലും വീഥികളിലും നടന്നു ഭിക്ഷ കൊടുക്കുന്നതു വളരെ കൗതുകം ഉളവാക്കുന്ന കാഴ്ച ആയിരുന്നു.

ഭിക്ഷ കൊടുക്കുന്നതു നാലു മാളോരു അറിയണമല്ലോ. അതിനവർ കൂലി കൊടുത്തു കാഹളക്കാരെ കൂടെ കൂട്ടുന്ന ശീലം അക്കാലങ്ങളിൽ നിലനിന്നിരുന്നു. അതു കണ്ടു നമ്മുടെ കർത്താവു ഒരിക്കൽ അവരോടു പറഞ്ഞു: “ആകയാൽ ഭിക്ഷകൊടുക്കുമ്പോൾ മനുഷ്യരാൽ മാനം ലഭിപ്പാൻ പള്ളികളിലും വീഥികളിലും കപടഭക്തിക്കാർ ചെയ്യുന്നതുപോലെ നിന്റെ മുമ്പിൽ കാഹളം ഊതിക്കരുതു; അവർക്കു പ്രതിഫലം കിട്ടിപ്പോയി എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു” കാഹളം ഊതിക്കരുതു എന്നുള്ളതു യേശുക്രിസ്തുവിന്റെ വാക്കുകളാണെന്നു നാം മറക്കരുതു. ഇവിടെ ഊതുന്നവനും ഊതിക്കുന്നവനും ഒന്നിച്ചു ഒരേ വേദിയിൽ നാടകം അഭിനയിക്കുന്നു. കാഹളം ഊതുന്നവനു കൂലി കിട്ടുന്നു, ഊതിക്കുന്നവനു മാനം കിട്ടുന്നു. കാലം മാറിയെങ്കിലും കോലം മാറിയിട്ടില്ല.

ഇക്കാര്യത്തിൽ പെന്തക്കോസ്തു സഭകളും അവരുടെ മാധ്യമങ്ങളും ഒട്ടും പിന്നോക്കമല്ല. അവർ ചെയ്യുന്നതും ഈ ഊത്തു പണി തന്നെയാണു. ഊതിക്കുവാന് വേണ്ടി കമനീയ വേദികളിൽ രാഷ്ട്രീയ നേതാക്കളുടെ തിരുസാഹ്നിദ്ധ്യത്തിൽ മിന്നുന്ന ഫോട്ടോ ഫ്ലാഷുകളുടെ അകമ്പടിയോടെ കുറെ കപടഭക്തിക്കാർക്കു മാനവും മഹത്വവും നൽകിക്കൊണ്ടു കപട നാടകം കളിക്കുന്നു.ഇവിടെ അപമാനിക്കപ്പെടുന്നതോ ഭിക്ഷാർത്ഥികളായ കുറെ സാധുക്കളും! കപടഭക്തിക്കാര്ക്കു ഊതുവാന് മോണക്കു ഇണങ്ങുന്ന കാഹളങ്ങള് എത്ര വേണമെങ്കിലും ഇന്നു ആത്മീക മണ്ഡലത്തിൽ സുലഭമാണു.

ഈ ലോകത്തിൽ ഊതുന്നവനു പണം കിട്ടും!! ഊതിക്കുന്നവനു മാനവും!! വരുവാനുള്ള ലോകത്തിലോ, ഈ കൊള്ളരുതാത്ത ദാസനെ കയ്യും കാലും കെട്ടി ഏറ്റവും പുറത്തുള്ള ഇരുട്ടിലേക്കു തള്ളികളയും; അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും!! (മത്തായി 25:30).

(ഫോട്ടോ കടപ്പാടു- മനോരമ)

മാത്യു തോമസ്

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.