യൂട്ടാ: നാസയുടെ ഛിന്നഗ്രഹ സാമ്പിള്‍ ശേഖരണ ദൗത്യമായ ഓസിരിസ് റെക്‌സ് ദൗത്യം വിജയം. ബെന്നു ഛിന്നഗ്രഹത്തില്‍ നിന്നുള്ള സാമ്പിള്‍ അടങ്ങിയ പേടകം യൂട്ടാ മരുഭൂമിയില്‍ ലാന്‍ഡ് ചെയ്തു.
ഛിന്നഗ്രഹത്തില്‍ നിന്ന് സാമ്പിള്‍ ശേഖരിക്കുന്ന ആദ്യ അമേരിക്കന്‍ ദൗത്യമാണിത്. 2016ല്‍ വിക്ഷേപിച്ച ഓസിരിസ് റെക്‌സ് പേടകം 2020ലാണ് ഛിന്നഗ്രഹത്തില്‍ ഇറങ്ങിയത്.
ഈജിപ്ഷ്യന്‍ വിശ്വാസത്തില്‍ ഫീനിക്‌സിനു തുല്യമായി കാണുന്ന പക്ഷിയാണ് ‘ബെന്നു’. ഓസിരിസ് എന്നതും പ്രാചീന ഈജിപ്തിലെ പ്രധാനപ്പെട്ട ദേവതകളിലൊന്നാണ്.
നാസ വിചാരിച്ചതു പോലെ അത്ര എളുപ്പമായിരുന്നില്ല സാമ്പിള്‍ ശേഖരണം. വിചാരിച്ചത് പോലെ ഉറച്ച പാറ പോലെയുള്ള ഘടനയായിരുന്നില്ല ബെന്നുവിന്. മറിച്ച് ഇളകിക്കിടക്കുന്ന പൂഴിമണല്‍ വിരിച്ചതുപോലുള്ള പ്രതലമായിരുന്നു ഛിന്നഗ്രഹത്തിന്‍റേത്.
ബെന്നുവിലെ നൈറ്റിംഗ്‌ഗേള്‍ എന്ന മേഖലയിലേക്കാണ് ഓസിരിസ് ഇറങ്ങാനായി ചെന്നത്. അനായാസം ഇറങ്ങാം എന്ന് വിചാരിച്ച് ബെന്നുവിന്‍റെ ഉപരിതലത്തില്‍ സ്പര്‍ശിച്ച മാത്രയില്‍ മണ്ണ് ഇളകിത്തെറിച്ച് ഒരു ഭീമാകാര ഗര്‍ത്തം രൂപപ്പെട്ടു.
ഓസിരിസ് ദൗത്യം അവിടെ തീര്‍ന്നുവെന്ന് ശാസ്ത്രജ്ഞര്‍ ഒരു നിമിഷം കരുതിയെങ്കിലും ഓസിരിസില്‍ ഘടിപ്പിച്ചിരുന്ന ചെറു റോക്കറ്റുകള്‍ ഉടനടി തന്നെ പ്രവര്‍ത്തിച്ചതോടെ ദൗത്യം മുകളിലേക്കുയര്‍ന്നു. ഇതിനിടയില്‍ കുറച്ചു സാമ്പിളുകളും ശേഖരിച്ചു.
ഇപ്പോള്‍ സാമ്പിളുകളുമായി യൂട്ടായിലെ ടെസ്റ്റിംഗ് റേഞ്ചിലാണ് പേടകം ഇറങ്ങിയിരിക്കുന്നത്. ഭൂമിയുള്‍പ്പെടെയുള്ള ഗ്രഹങ്ങളുടെ രൂപീകരണം തുടങ്ങിയ കാര്യങ്ങളിലേക്ക് ഈ സാമ്ബിളുകള്‍ വെളിച്ചം വീശുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വലിയൊരു ഛിന്നഗ്രഹത്തില്‍ നിന്നു മുറിഞ്ഞു വേര്‍പെട്ട ഭാഗമാണ് ബെന്നുവായി മാറിയതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. 7800 കോടി കിലോഗ്രാം ഭാരമുണ്ടെന്നാണ് കണക്കാക്കുന്നത്.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.