ഓക്​സിജന്‍ ടാങ്കില്‍ ചോര്‍ച്ച; വെന്‍റിലേറ്ററിലായിരുന്ന 22 രോഗികള്‍ മരിച്ചു

by Vadakkan | April 21, 2021 3:46 pm

മുംബയ്: നാസിക്കിലെ ആശുപത്രിയില്‍ ഓക്‌സിജന്‍ ടാങ്കില്‍ ചോര്‍ച്ചയെത്തുടര്‍ന്ന് 22 കൊവിഡ് ബാധിതര്‍ മരിച്ചു. വെന്റിലേറ്ററില്‍ ചികില്‍സയിലുണ്ടായിരുന്നവരാണ് മരണമടഞ്ഞത്. ആശുപത്രി പരിസരത്ത് ഓക്‌സിജന്‍ സംഭരിച്ചിരുന്ന കൂറ്റന്‍ ടാങ്കിലാണു ചോര്‍ച്ചയുണ്ടായത്. ഇതോടെ, വെന്റിലേറ്ററിലേക്കുള്ള ഓക്‌സിജന്‍ വിതരണം തടസ്സപ്പെട്ടു. നാസിക് മുനിസിപ്പല്‍ കോര്‍പറേഷനു കീഴിലുള്ള ഡോ. സാക്കിര്‍ ഹുസൈന്‍ ആശുപത്രിയിലാണ് ദുരന്തമുണ്ടായത്.

ടാങ്കിലെ ചോര്‍ച്ചയെ തുടര്‍ന്ന് ഓക്സിജന്‍ വിതരണം തടസപ്പെട്ടതാണ് രോഗികള്‍ മരിക്കാന്‍ കാരണമെന്നും മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തോപെ പറഞ്ഞു. ടാങ്ക് ചോര്‍ന്നതിനെ തുടര്‍ന്ന് അര മണിക്കൂറോളം ആശുപത്രിയിലേക്കുള്ള ഓക്സിജന്‍ വിതരണം തടസപ്പെട്ടിരുന്നു. ഓക്സിജന്‍ സഹായത്തോടെ ചികിത്സയിലുണ്ടായിരുന്ന 80 രോഗികളില്‍ 31 പേരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. അപകടം നടന്ന ഉടന്‍ സ്ഥലത്തെത്തിയ അഗ്‌നിരക്ഷാ സേന ഉദ്യോഗസ്ഥര്‍ ചോര്‍ച്ച അടയ്ക്കാനുള്ള ശ്രമം തുടരുകയാണ്. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായും അപകടത്തിന്റെ ഉത്തരവാദികള്‍ രക്ഷപ്പെടില്ലെന്നും കേന്ദ്രമന്ത്രി രാജേന്ദ്ര ഷിംഗേന്‍ വ്യക്തമാക്കി. ടാങ്കറില്‍നിന്ന് ഓക്‌സിജന്‍ ചോരുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

Source URL: https://padayali.com/%e0%b4%93%e0%b4%95%e0%b5%8d%e2%80%8b%e0%b4%b8%e0%b4%bf%e0%b4%9c%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%9f%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9a%e0%b5%8b%e0%b4%b0/