“ഒരു കൃപാവരത്തിലും കുറവില്ലാത്തവർ!!”

“ഒരു കൃപാവരത്തിലും കുറവില്ലാത്തവർ!!”
March 03 23:01 2021 Print This Article

“ഒരു കൃപാവരത്തിലും കുറവില്ലാത്തവർ” എന്നു കൊരിന്ത്യരെകുറിച്ചു പൗലൊസ്‌ പറയുമ്പോൾ, പൗലോസ്‌ ഉദ്ദേശിച്ചതു അത്ഭുത വരങ്ങളെകുറിച്ചു തന്നെയോ??

പൗലൊസ്‌ ഉദ്ദേശിച്ചതു അത്ഭുതവരങ്ങളാണെങ്കിൽ ആ വരങ്ങൾ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതവരെ നിലനിൽക്കണമെന്നു വാദിക്കുന്നവരുണ്ടു. എന്തെന്നാൽ, ഒരു കൃപാവരത്തിലും കുറവില്ലാത്തവരായി കൊരിന്ത്യർ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതക്കായി കാത്തിരുന്നവരാണെന്നു പൗലോസ്‌ പറയുന്നുണ്ടല്ലോ.

കഴിഞ്ഞ നൂറ്റാണ്ടുകളിലൂടെ ജീവിച്ചിരുന്ന വിശുദ്ധന്മാർ എല്ലാവരും യേശുക്രിസ്തുവിന്റെ പ്രത്യക്ഷത കാത്തിരുന്നവർ ആയിരുന്നു. അങ്ങനെ കൊരിന്ത്യരും ഒന്നാം നൂറ്റാണ്ടിൽ തന്നെ യേശുക്രിസ്തുവിന്റെ പ്രത്യക്ഷത ഉണ്ടാകുമെന്നു കാത്തിരുന്നു, എങ്കിലും കർത്താവു ഒന്നാം നൂറ്റാണ്ടിലെന്നല്ല, കഴിഞ്ഞ 20 നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഇതുവരെ പ്രത്യക്ഷനായിട്ടില്ല. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭത്തിലും പെന്റിക്കോസ്റ്റലിസത്തിന്റെ തുടക്കത്തിലും ജീവിച്ചിരുന്ന പിതാക്കന്മാർ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതക്കായി കാത്തിരുന്നവർ ആയിരുന്നു. എന്നാൽ അവരെല്ലാവരും പ്രത്യക്ഷത കാണാതെ നിദ്ര പ്രാപിച്ചു.

ഇന്നു ജീവിച്ചിരിക്കുന്ന സകല ക്രൈസ്തവരും ഒന്നുപോലെ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതക്കായി കാത്തിരിക്കുന്നവരാണു. യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയുടെ സമയം പിതാവിന്റെ അധികാരത്തിൽ മാത്രം ഇരിക്കുന്ന കാര്യമാണല്ലോ. കൃപാവരങ്ങളുടെ ബഹുത്വം കൊരിന്ത്യർക്കു ഉണ്ടായിട്ടും അവരുടെ ജീവകാലത്തു യേശുക്രിസ്തുവിന്റെ പ്രത്യക്ഷത ഉണ്ടായില്ല എന്നതാണു സത്യം. അതുകൊണ്ടു, കൃപാവരത്തിന്റെ ബഹുത്വവും യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയും തമ്മിൽ ഒരു ബന്ധവും ഇല്ലെന്നുള്ളതു നാം മനസ്സിലാക്കണം.

പൗലൊസ്‌ പോലും യേശുക്രിസ്തുവിന്റെ പ്രത്യക്ഷത ഏതു നിമിഷവും ഉണ്ടാകാം എന്നു പ്രതീക്ഷിച്ചിരുന്ന വ്യക്തി ആയിരുന്നു. അവസാനം തന്റെ നിര്യാണകാലം അടുത്തപ്പോൾ പൗലോസ്‌ പറയുന്നതു ഇങ്ങനെയാണു: “ഞാനോ ഇപ്പോൾതന്നേ പാനീയയാഗമായി ഒഴിക്കപ്പെടുന്നു; എന്റെ നിര്യാണകാലവും അടുത്തിരിക്കുന്നു. ഞാൻ നല്ല പോർ പൊരുതു, ഓട്ടം തികെച്ചു, വിശ്വാസം കാത്തു. ഇനി നീതിയുടെ കിരീടം എനിക്കായി വെച്ചിരിക്കുന്നു; അതു നീതിയുള്ള ന്യായാധിപതിയായ കർത്താവു ആ ദിവസത്തിൽ എനിക്കു നല്കും; എനിക്കു മാത്രമല്ല, അവന്റെ പ്രത്യക്ഷതയിൽ പ്രിയംവെച്ച ഏവർക്കുംകൂടെ”(2 തിമൊഥെയൊസ്‌ 4:6-8).

യേശുക്രിസ്തുവിന്റെ പ്രത്യക്ഷതക്കായി പ്രീയം വെച്ചവർ ഏതു കാലഘട്ടത്തിലും ജീവിച്ചിരുന്നു. ഇന്നും ജീവിക്കുന്നു. അതുകൊണ്ടു കൊരിന്ത്യർ യേശുക്രിസ്തുവിന്റെ പ്രത്യക്ഷത കാത്തിരുന്നവരായിരുന്നു എന്നു പൗലൊസ്‌ എഴുതിയതിലും അവൻ ഇന്നുവരെ പ്രത്യക്ഷനായിട്ടില്ല എന്നതിലും യാതൊരു അസാധാരണത്വവും കാണുവാൻ കഴികയില്ല. അതൊന്നും ഒരു വിശ്വാസിയുടെ പ്രത്യാശക്കു ഭംഗം വരുത്തുന്ന തടസ്സങ്ങളല്ല. ഇനി, ഒരു കൃപാവരത്തിലും കുറവില്ലാത്തവർ എന്നു പൗലൊസ്‌ പറയുമ്പോൾ, സത്യത്തിൽ പൗലൊസ്‌ എന്താണു ഉദ്ദേശിച്ചതു??

അത്ഭുത വരങ്ങളുടെ പിന്നാലെ പായുന്നവർക്കു,‌ കൊരിന്ത്യർക്കു എഴുതിയ ഒന്നാം ലേഖനം ഒരു കടുത്ത വെല്ലുവിളിയും മുന്നറിയിപ്പുമാണു നൽകുന്നതു. ലേഖനം തുടങ്ങുമ്പോൾ പൗലോസു കൊരിന്ത്യയിലുള്ളവരെ “വിശുദ്ധന്മാർ” എന്നു സംബോധന ചെയ്യുന്നുണ്ടു. തത്വത്തിൽ അവർ വിശുദ്ധന്മാർ താന്നെയാകുന്നു. ആ സംബോധനയിൽ നിന്നു അവരോടുള്ള പൗലോസിന്റെ മനോഭാവം വളരെ വ്യക്തമാണു.

അവരിൽ നിക്ഷിപ്തമായിരിക്കുന്ന വിശ്വാസത്തെയും നിത്യജീവനെയും ആത്മാവിനെയും പൗലോസു ഒട്ടും സംശയിക്കുന്നില്ലെന്നു സാരം. എങ്കിലും അവരുടെ ഇടയിൽ ഈർഷ്യയും പിണക്കവും ഉണ്ടായിരുന്നു. അവർ ജഡീകന്മാരും ശേഷം മനുഷ്യരെപോലെ നടക്കുന്നവരും ആയിരുന്നു. വിഭാഗീയതകളും ദ്വന്ദ്വപക്ഷങ്ങളും (പാനലുകളും) അവരുടെ ഇടയിൽ ഉണ്ടായിരുന്നു. അവരുടെ ഇടയിൽ ദുർന്നടപ്പു ഉണ്ടായിരുന്നു, അവരിൽ ഒരുവൻ അപ്പന്റെ ഭാര്യയെ വെച്ചുകൊണ്ടിരുന്നവൻ, അതായതു ജാതികളുടെ ഇടയിൽപോലും കേട്ടുകേൾവിയില്ലാത്ത അറെയ്ക്കുന്ന ദുർന്നടപ്പുകൾ! അത്തരം ദുഷ്ക്കർമ്മം ചെയ്തവരെ ന്യായീകരിച്ചിരുന്ന സഭയായിരുന്നു കൊരിന്ത്യസഭ.

സഹോദരന്മാർ തമ്മിലുള്ള പ്രശ്നം തീർക്കുവാൻ അഭക്തന്മാരുടെ മുമ്പിൽ വ്യവഹാരത്തിനു പോകുന്നവർ! സഹോദരൻ സഹോദരനോടു വ്യവഹരിക്കുന്നു, അതും അവിശ്വാസികളുടെ മുമ്പിൽ തന്നെ! ഇവയെല്ലാം ഇന്നത്തെ പെന്റിക്കോസ്റ്റലിസത്തിനു ചേരുന്ന തൊപ്പികൾ തന്നെയാണു. എങ്കിലും പൗലോസിന്റെ കാഴ്ചപ്പാടിൽ കൊരിന്ത്യയിലുള്ളവർ വിശ്വാസികളും രക്ഷിക്കപ്പെട്ടവരും ആയിരുന്നു. അവർ ആന്തരിക വരങ്ങളായ നിത്യജീവനെയും ആദ്യദാനമായി ആത്മാവിനെയും പ്രാപിച്ചവർ ആയിരുന്നു. അതുകൊണ്ടു തന്നെ 1കൊരിന്ത്യർ 1:7ൽ “ഇങ്ങനെ നിങ്ങൾ ഒരു കൃപാവരത്തിലും കുറവില്ലാത്തവരായി നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷത കാത്തിരിക്കുന്നു” എന്നും പൗലോസു കൂട്ടിച്ചേർക്കുന്നു.

അവർ “ജഡീകന്മാർ” ആണെന്നു പറയുമ്പോൾ തന്നെ അവർ “ഒരു കൃപാവരത്തിലും കുറവില്ലാത്തവർ” ആണെന്നും പൗലോസു പറയുന്നു. എന്തൊരു വിരോധാഭാസമാണിതു. പരസ്പരവിരുദ്ധമായി തോന്നുന്ന ഈ പ്രതിഭാസത്തെ ഉൾക്കൊള്ളണമെങ്കിൽ ഇവിടെ ആഴമേറിയ പഠനം തന്നെ ആവശ്യമായിരിക്കുന്നു. “കൃപാവരങ്ങൾ” എന്നു കേട്ടാൽ പ്രകൃത്യാതീതമായ അത്ഭുതവരങ്ങൾക്കു അമിതമായ പ്രാധാന്യം നൽകുന്നവരാണു ക്രൈസ്തവിഭാഗങ്ങളിൽ അനേകരും. പ്രത്യേകാൽ പെന്തക്കോസ്തു സഭകളിലാണു ഇങ്ങനൊരു പ്രമാദം അമിതമായി കണ്ടുവരുന്നതു.

എന്നാൽ ഒരുവൻ രക്ഷിക്കപ്പെടുമ്പോൾ ആന്തരികമായി ലഭിക്കുന്ന നിത്യജീവനും പരിശുദ്ധാത്മാവും നിത്യതയോളം നിലനിൽക്കുന്ന കൃപാദാനങ്ങൾ (കൃപാവരങ്ങൾ) ആണെന്നു എത്ര പേർക്കറിയാം?? അതിനേക്കാൾ ധന്യവും ശ്രേഷ്ഠവുമായ കൃപാവരം മറ്റൊന്നുണ്ടോ? എങ്കിലും ഈ രണ്ടു സുപ്രധാന വരങ്ങളെകുറിച്ചു ഒട്ടുമിക്ക ക്രൈസ്തവരും ബോധവാന്മാർ അല്ലെന്നുള്ളതാണു സത്യം.

അത്ഭുത രോഗശാന്തി, ഭൂതോച്ഛാടനം, ഭൂത/ഭാവിപ്രവചനം, ഭാഷാവരം, വ്യാഖ്യാനം എന്നിങ്ങനെയുള്ള ബാഹ്യവരങ്ങളെ പർവ്വതീകരിക്കുകയും ആന്തരികമായതിനെ തൃണവൽഗണിക്കുകയും ചെയ്യുന്നതു ഒരു സാധാരണ കാഴ്‌ചയായി മാറിയിരിക്കുന്നു. ഇങ്ങനെയുള്ളവർക്കു കൊരിന്ത്യയിലുള്ള ദൈവസഭ ഒരു മുന്നറിയിപ്പായി ബൈബിളിൽ നിലകൊള്ളുന്നു. 1 കൊരിന്ത്യർ 1:7ൽ പറഞ്ഞിരിക്കുന്ന “ഒരു കൃപാവരത്തിലും” എന്ന പ്രയോഗം 12, 14 അദ്ധ്യായങ്ങളിൽ വിവരിക്കുന്ന ബാഹ്യവരങ്ങളുമായി ബന്ധപ്പെടുത്തുന്നതു ശരിയല്ല. ഇവിടെ പൗലോസ്‌ ഉദ്ദേശിക്കുന്നതു വിശ്വാസികളുടെ ആത്മാവിൽ നിക്ഷിപ്തമായിരിക്കുന്ന ആന്തരിക വരങ്ങളായ വിശ്വാസവും നിത്യജീവനും പരിശുദ്ധാത്മാവും ഒക്കെ ആണെന്നുള്ളതു തുടർന്നുള്ള ഭാഗങ്ങളിൽ നിന്നു ഗ്രഹിക്കുവാൻ കഴിയും. ‌

റോമാലേഖനം പന്ത്രണ്ടാം അദ്ധ്യായത്തിൽ പൗലോസു കൃപാവരങ്ങളെകുറിച്ചു പരാമർശിക്കുമ്പോൾ ഭാഷാവരം, വ്യാഖ്യാനവരം, രോഗശാന്തിവരം തുടങ്ങിയ അത്യത്ഭുത വരങ്ങളെകുറിച്ചു സംസാരിക്കുന്നതേയില്ല. നമ്മെ അത്ഭുതപ്പെടുത്തുന്ന വസ്തുതയാണിതു. നേരെമറിച്ചു സഭയാം ശരീരത്തിന്റെ ജീവസന്ധാരണത്തിനും വളർച്ചക്കും ഒത്തവണ്ണം വെവ്വേറെയായി നമുക്കു നൽകുന്ന കൃപാവരങ്ങളെ കുറിച്ചു അതേ അദ്ധ്യായത്തിൽ തന്നെ വിവരിക്കുകയും ചെയ്യുന്നു (റോമർ 12:6). ഇവയെല്ലാം ജൈവ സംബന്ധിയായ ആന്തരിക വരങ്ങളാണു. എന്നാൽ ഉപരിപ്ലവമായ ബാഹ്യവരങ്ങളെ കുറിച്ചു പൗലോസു ഇവിടെ മൗനം പാലിക്കുന്നു. പൗലോസു തന്റെ മൂന്നാം മിഷണറി യാത്രയിൽ കൊരിന്ത്യർക്കുള്ള ഒന്നാം ലേഖനം എഴുതിയതിനു ശേഷമാണു റോമർക്കുള്ള ലേഖനം എഴുതുന്നതു. മൂന്നാം മിഷണറി യാത്രയിൽ പൗലോസു എഫസൊസിൽ താമസിച്ചു വരവെ, കൊരിന്ത്യസഭയിലെ അനിയന്ത്രിതമായ പ്രശ്നങ്ങളെകുറിച്ചും വിഭാഗീയതകളെകുറിച്ചും ബാഹ്യവരങ്ങളുടെ ദുർവ്വിനിയോഗങ്ങളെകുറിച്ചും പൗലോസിനു അറിവു കിട്ടുന്നു.

അങ്ങനെയാണു കൊരിന്ത്യർക്കുള്ള ലേഖനം എഫസൊസിൽ വെച്ചു ആദ്യമായി എഴുതുന്നതു. ബാഹ്യവരമായ ഭാഷാവരത്തിന്റെ ദുർവ്വിനിയോഗം സംബന്ധിച്ചു വളരെ നിന്ദ്യമായി പൗലോസു തന്റെ ലേഖനത്തിൽ പരിഹസിക്കുന്നുണ്ടു. ലേഖനം എഴുതി അയച്ചശേഷം അതിന്റെ പിന്നാലെ അദ്ദേഹം കൊരിന്തിൽ ഉള്ള ദൈവസഭയെ സന്ദർശിക്കുന്നു. ഇങ്ങനെ കൊരിന്തിൽ ഇരിക്കുമ്പോഴാണു റോമർക്കുള്ള ലേഖനം എഴുതുന്നതു. ഇതെല്ലാം അനിഷേധ്യമായ ചരിത്ര വസ്തുതകളാണു. കൊരിന്ത്യലേഖനം ആദ്യമായി എഴുതിയതു ഏ ഡി 56 ലോ 57 ലോ 59 ലോ ആയിരിക്കാമെന്നു അനുമാനിക്കപ്പെടുന്നു. പിന്നെയും ഒരു വർഷം കഴിഞ്ഞാണു റോമാലേഖനം എഴുതുന്നതു.

കൊരിന്ത്യലേഖനത്തിൽ പൗലോസു ഭാഷാവരത്തിന്റെ ദുർവ്വിനിയോഗത്തെ കർശനമായി താക്കീതു ചെയ്യുമ്പോൾ തന്നെ, തുടർന്നെഴുതിയ റോമാലേഖനത്തിൽ അന്യഭാഷ, വ്യാഖ്യാനം തുടങ്ങിയ ബാഹ്യവരങ്ങളെ സംബന്ധിച്ചു യാതൊന്നും പറയുന്നില്ല എന്നുള്ളതു ചിന്തനീയമാണു. എന്താണു അതിനു കാരണം?? ബാഹ്യവരങ്ങളുടെ അനിയന്ത്രിതമായ അഭ്യാസങ്ങൾ കൊരിന്ത്യസഭയിൽ ഗുണത്തേക്കാൾ അധികം ദോഷങ്ങളാണു വരുത്തിവെച്ചതു.

അതു അറിയാമായിരുന്ന പൗലോസു റോമാലേഖനത്തിൽ കൃപാവരങ്ങളെകുറിച്ചു പരാമർശിക്കുമ്പോൾ ആന്തരിക വരങ്ങൾക്കു പ്രാധാന്യം കൊടുക്കുകയും ബാഹ്യവരങ്ങളെ ബോധപൂർവ്വം വിട്ടുകളകയും ചെയ്യുന്നു. ബാഹ്യവരങ്ങളെ ദുർവ്വിനിയോഗം ചെയ്യുന്ന കൊരിന്ത്യ സഭയിൽ ഇരുന്നുകൊണ്ടാണു പൗലോസു റോമാലേഖനം എഴുതിയതു എന്നുള്ളതു നാം മറന്നു കളയരുതു. ചരിത്രം നമ്മെ പാഠിപ്പിക്കുന്ന പാഠങ്ങൾ നാം ഉൾക്കൊള്ളണം. കൊരിന്ത്യയിലെ ദൈവസഭ ബാഹ്യവരങ്ങളായ അത്ഭുതവരങ്ങളുടെ ദുർവ്വിനിയോഗങ്ങളിൽ കത്തിനിൽക്കുന്ന കാലത്തു അവിടെ വെച്ചു തന്നെ, അത്ഭുതവരങ്ങളെകുറിച്ചു പരാമർശിക്കാതെ ആന്തരിക വരങ്ങൾക്കു പ്രാധാന്യം നൽകിക്കൊണ്ടു പൗലോസു റോമാലേഖനം എഴുതിയതു ഈ വിഷയത്തിൽ വളരെ ചിന്തനീയവും നിർണ്ണായകവുമാണു.

ആന്തരികവരങ്ങൾ എന്തുകൊണ്ടു ബാഹ്യവരങ്ങളേക്കാൾ പ്രാധാന്യം അർഹിക്കുന്നു? എന്തെന്നാൽ ആന്തരിക വരങ്ങളാണു ജീവന്റെ വളർച്ചക്കു ആധാരമായിരിക്കുന്നതു. ഒരു ശിശു ജനിക്കുമ്പോൾ അതിനു പഞ്ചേന്ദ്രിയങ്ങളും മറ്റു ശാരീരിക അവയവങ്ങളും ഒക്കെ ഉണ്ടെങ്കിലും അവയെല്ലാം വളർച്ചയുടെ പ്രാരംഭ ഘട്ടത്തിൽ ആയിരിക്കുമ്പോൾ പ്രവർത്തനശേഷിയിൽ അപൂർണ്ണമാണു. എന്നാൽ കാലക്രമത്തിൽ ശിശു വളരുന്നതിനു അനുസരിച്ചു അവയവങ്ങളുടെ പ്രവർത്തനശേഷി പൂർണ്ണതയിലെത്തുകയും ചെയ്യുന്നു. ഇതിനെയാണു ജീവന്റെ വളർച്ചയെന്നു പറയുന്നതു. ഈ വളർച്ചക്കു ആവശ്യമായിരിക്കുന്നതു ആഹാരമാണു. ആഹാരത്തിൽ അടങ്ങിയിരിക്കുന്ന ജീവകം ജീവന്റെ വളർച്ചക്കു പ്രേരകമാകുന്നു. എന്നാൽ ബഹ്യവരങ്ങളുടെ കാര്യം അങ്ങനെയല്ല. ബാഹ്യവരങ്ങളായ അത്ഭുതവരങ്ങൾക്കു ജീവന്റെ വളർച്ചയുമായി ഒരു ബന്ധവും ഇല്ലെന്നുള്ളതാണു സത്യം.

ഉദാഹരണമായി ബാഹ്യവരങ്ങൾ അമിതമായി അഭ്യാസം ചെയ്തവരായ കൊരിന്ത്യർ ജീവന്റെ വളർച്ചയിൽ ശിശുക്കളും പിന്നെ ജഡീകരും ആയിത്തീർന്നതിന്റെ രഹസ്യവും അതുതന്നെ. മറ്റൊരു ഉദാഹരണം ബിലയാമിന്റെ കഴുതയാണു. കഴുതക്കു അറിയാൻ പാടില്ലാത്ത ഭാഷയിൽ അതായതു ബിലയാമിന്റെ ഭാഷയിൽ തന്നെ കഴുത ബിലയാമിനോടു സംസാരിക്കുന്നു. ഈ ഭാഷാവരം കഴുതക്കു കിട്ടിയ അത്ഭുത വരമല്ലേ?പക്ഷെ, എന്തു സംഭവിച്ചു?

അന്യഭാഷാ ഭാഷകനായ കഴുതക്കു ബിലയാമിന്റെ കയ്യിൽ നിന്നു മൂന്നു വട്ടം തല്ലു കിട്ടിയതല്ലാതെ കഴുതക്കു എന്തു വളർച്ചയാണുണ്ടായതു? ജീവന്റെ വളർച്ചക്കു ആധാരമായിരിക്കുന്നതു ആന്തരിക വരങ്ങളായ ആത്മാവും ജീവനും ആകുന്നു. അല്ലാതെ, ബാഹ്യവും ഉപരിപ്ലവവുമായ അത്ഭുത വരങ്ങളല്ല. അതുകൊണ്ടു തന്നെ ജീവന്റെ വളർച്ചക്കു ആവശ്യമായ മൂലകങ്ങൾ ആന്തരിക വരങ്ങളായി ആത്മാവായി ജീവനായി കൊരിന്ത്യരിൽ നിക്ഷിപ്തമായിരുന്നു. അങ്ങനെ അവർ “ഒരു കൃപാവരത്തിലും കുറവില്ലാത്തവർ” ആയിരുന്നു എന്നു പൗലൊസു സാക്ഷിക്കുന്നു.

എങ്കിലും അവർ ജീവന്റെ വളർച്ചക്കു നിഷ്പ്രയോജനങ്ങളായ അത്ഭുതവരങ്ങളുടെ പിന്നാലെ പാഞ്ഞു, കട്ടിയായ ആഹാരം കഴിക്കുവാൻ ശേഷിയില്ലാത്തവരായി ശൈശവവസ്ഥയിൽ തന്നെ കഴിഞ്ഞുകൂടി ജഡീകന്മാരായി അധഃപ്പതിച്ചുപോയി. അതുകൊണ്ടാണു കൊരിന്ത്യർക്കുള്ള ഒന്നാം ലേഖനം പൗലോസിനു എഴുതേണ്ടതായി വന്നതും.

കുറെ വർഷങ്ങൾക്കു മുമ്പു ഒരു പ്രമുഖ പെന്തക്കോസ്തു പ്രസ്ഥാനത്തിന്റെ പ്രാദേശിക നേതാവിനോടു സഭയിലെ പ്രശ്നങ്ങളെകുറിച്ചു ആരാഞ്ഞപ്പോൾ കൊരിന്ത്യ സഭയിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്ന ന്യായീകരണം ആയിരുന്നു അദ്ദേഹം നൽകിയതു. എന്നാൽ കൊരിന്ത്യസഭയിലെ പ്രശ്നങ്ങൾ പരിഹരിക്കുവാൻ അവിടൊരു പൗലൊസ്‌ ഉണ്ടായിരുന്നു എന്നതു അദ്ദേഹം സൗകര്യപൂർവ്വം മറന്നു കളഞ്ഞു.

തുമ്പുകെട്ട ഇടയന്മാരാൽ നയിക്കപ്പെടുന്ന സകല പെന്തക്കോസ്തു പ്രസ്ഥാനങ്ങളുടെയും ഗതി ഇതു തന്നെ. എന്നിട്ടും അവർ ചീർത്തിരിക്കുന്നു!

-മാത്യു തോമസ്

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.