ഐപിസി ജനറൽ ബോഡിയും ഇലക്ഷനും ചുവപ്പു നാടകളിൽ കുരുങ്ങുന്നു

ഐപിസി ജനറൽ ബോഡിയും ഇലക്ഷനും ചുവപ്പു നാടകളിൽ കുരുങ്ങുന്നു
September 22 21:37 2022 Print This Article

ഈ കഴിഞ്ഞ സെപ്റ്റംബർ 1 ന്, ഐപിസി വിശ്വാസ സമൂഹത്തിനു മുമ്പിൽ പ്രകമ്പനങ്ങൾ സൃഷ്ടിച്ചു കൊണ്ടാണ് ഐപിസി ജനറൽ ബോഡി കുമ്പനാട് നടന്നത്. ആയിരങ്ങൾ പങ്കെടുത്ത ജനറൽ ബോഡിയുടെ ആദ്യഘട്ടം വിശ്വാസികളുടെ രോഷം അണപൊട്ടിയൊഴുകുന്ന ദൃശ്യങ്ങൾക്ക് സാക്ഷ്യം വഹിച്ചു.

ജനറൽ പ്രസിഡന്റിന്റെ പ്രസ്ഥാന വിരുദ്ധ നയങ്ങൾക്ക് എതിരെ ജനം ഒന്നടങ്കം പ്രതിഷേധിച്ചത് ഒടുക്കം ജനറൽ ബോഡി അര മണിക്കൂർ നിർത്തി വയ്ക്കാൻ ഉള്ള സാഹചര്യവും ഉണ്ടാക്കി. ജനറൽ കൗൺസിൽ അംഗങ്ങൾ പലരും, പ്രത്യേകിച്ച് ജനറൽ സെക്രട്ടറിയും ജനറൽ ബോഡി നിർത്തി വയ്ക്കാൻ ആവശ്യം ഉന്നയിച്ചു. എന്നാൽ ജനം ഒരുമിച്ചു എതിർത്താലും അത് വക വയ്ക്കാതെ ജനറൽ ബോഡി മുൻപോട്ട് കൊണ്ടുപോകുക എന്നതായിരുന്നു പ്രസിഡന്റിന്റെ നയം.

ഇതിനാൽ തന്നെ ഈ ജനറൽ ബോഡി പ്രസിഡന്റിന്റെയും ഏതാനും അനുകൂലികളുടെയും സ്വാർത്ഥ താൽപര്യങ്ങൾക്ക് വേണ്ടിയുള്ള പ്രകടനം മാത്രമായിരുന്നു എന്നതാണ് യാഥാർഥ്യം. ജനറൽ പ്രസിഡന്റ് ഐപിസി വിരുദ്ധമായി തയ്യാറാക്കിയ കാര്യങ്ങൾ എതിർക്കപ്പെട്ടു എന്നത് ശ്രദ്ധേയമാണ്. പാസാക്കപ്പെട്ടവ എന്ന് രേഖകൾ ഇല്ലാതെ വിളംബരം ചെയ്തവ ജനഹിതം അറിഞ്ഞു ചെയതതുമല്ല. ഇതിനായി വോട്ടു ഇടുകയോ മറ്റെന്തെങ്കിലും രീതിയിൽ ജനറൽ ബോഡിയുടെ തീരുമാനം ഉറപ്പിക്കുന്നതോ ആയ നടപടികൾ കൈക്കൊണ്ടതും ഇല്ല.

ജനറൽ ബോഡിയിൽ എതിർക്കപ്പെട്ട പ്രധാന കാര്യങ്ങൾ ശ്രദ്ധിച്ചു കാണേണ്ടതുണ്ട്.. പ്രസിഡന്റ് എഴുതി കൊണ്ട് വന്ന വിഷൻ നോട്ട് ഐപിസിയുടെ അസോസിയേഷൻ മെമ്മോറാണ്ടത്തിന്റെ തലക്കെട്ട് ആക്കുന്നത് ജനം ഒന്നടങ്കം എതിർത്തു. “To plant churches in all postal codes in India” എന്ന വത്സൻ എബ്രഹാമിന്റെ ഉടമസ്ഥതയിൽ ഉള്ള igo യുടെ തലക്കെട്ട് ഐപിസി ക്ക് വേണ്ട എന്നതായിരുന്നു ഐപിസി വിശ്വാസ സമൂഹത്തിന്റെ നിലപാട്. ഇത് ഐപിസി യെ സാമാന്തര പ്രസ്ഥാനങ്ങൾ ചൂഷണം ചെയ്യുന്നതിനു കൂടുതൽ സാഹചര്യം ഉണ്ടാക്കും എന്നത് ജനറൽ ബോഡി വിലയിരുത്തി. ഇതേ പോലെ എതിർക്കപ്പെട്ടവ നിരവധിയാണ്..

ലോക്കൽ സഭാ വിശ്വാസികളുടെ മേൽ ജനറൽ പ്രസ്ബിറ്ററിക്കു അധികാരം നിജപ്പെടുത്തുന്നത് എതിർക്കപ്പെട്ടു. സഭാ വിശ്വാസികളിൽ നിന്നുള്ള പ്രതിപുരുഷ അനുപാതം വെട്ടിക്കുറക്കുന്നതും ജനറൽ ബോഡി നിഷേധിച്ചു. ഇങ്ങനെ ജനറൽ ബോഡി എതിർത്താവയാണ് ഭൂരിപക്ഷവും. അംഗീകരിക്കപ്പെട്ടവ എന്ന് പറയപ്പെടുന്നതിൽ പ്രധാനപ്പെട്ടവയിലും പൊരുത്തക്കേടുകൾ നിരവധിയാണ്. ഒരു വ്യക്തിക്ക് കൗൺസിലിലേക്ക് വരാൻ ഉള്ള കാലപരിധികളിൽ മാറ്റം വരുത്തി.

പ്രസ്ബിറ്ററിയിൽ വരുന്നതിനുമുള്ള പ്രായം കുറഞ്ഞത് 40 ആക്കിയിട്ടുമുണ്ട്. (ഇതു വാസ്തവത്തിൽ വിരോധാഭാസമാണ്, കാരണം നിലവിൽ കൗൺസിലിൽ ഉള്ള പലർക്കും അടുത്ത കൗൺസിലിൽ വരാൻ ആവില്ല.) സെന്റർ പാസ്റ്റർമാരുടെ ശുശ്രൂഷാ കാലം 7 വർഷം ആക്കി. (ഇതിലും ഉണ്ട് വിരോധാഭാസം – ഈ 7 വർഷം കഴിഞ്ഞും മൂന്നിൽ രണ്ടു ഭൂരിപക്ഷം ഉണ്ടെങ്കിൽ ജീവപര്യന്തം തുടരാം.)

ലോക്കൽ പാസ്റ്റർമാരുടെ ശുശ്രൂഷാ കാലയളവ് 4 വർഷം ആക്കിയപ്പോൾ മേല്പറഞ്ഞ സബ് പോയിന്റ് ബാധകമാക്കിയുമില്ല. ഇങ്ങനെ വേണ്ടത്ര പഠനം പോലും ഇല്ലാതെ, കരട് രേഖ കൗൺസിൽ അംഗങ്ങൾക്ക് പോലും പഠനാത്മകമാക്കുന്നതിനുള്ള സമയവും അനുവദിക്കാതെ ചെയ്തവ ഒരു ഏകാധിപത്യ / സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി ഉള്ളതായിരുന്നു. മാത്രമല്ല ഇത് വരെയും എന്തെല്ലാം വിഷയങ്ങളിൽ തിരുത്തൽ നടന്നു എന്ന പൂർണമായ വിവരം ജനറൽ കൗൺസിൽ അംഗങ്ങൾക്ക് പോലും അറിവില്ല. സെപ്റ്റംബർ 1 ന് ജനറൽ ബോഡി വിവാദപരമായി നടന്നെങ്കിലും നിലവിൽ ഭരണഘടന രെജിസ്റ്റർ ചെയ്ത് പാസാക്കിയിട്ടില്ല. അതിനിനിയും കടമ്പകൾ ഏറെയാണ്.

ആദ്യം ജനറൽ ബോഡി നടക്കും മുമ്പ് തന്നെ പ്രസ്തുത വിഷയങ്ങളെ ചൂണ്ടിക്കാണിച്ചു രണ്ടു കോടതികളിൽ ഉണ്ടായ വിധികളിന്മേലും കേസുകളിലും പരിഹാരം ഉണ്ടാവണം. ജനറൽ ബോഡി കോടതി വിലയിരുത്താതെ തിരുത്തലുകൾ എലൂരിൽ രെജിസ്റ്റർ ചെയ്യരുത് എന്ന് കോടതി ഇടപെടൽ ഉണ്ടായിട്ടുണ്ട്. ഇത് കൂടാതെ സഭാപരമായി നടക്കേണ്ട നടപടി ക്രമങ്ങളും ഉണ്ട്. IPC യുടെ Constitution Amendment Register ചെയ്യുന്നതിന് മുൻപേ, ജനറൽ സെക്രട്ടറി ജനറൽ ബോഡിയുടെ മിനിറ്റ്സ് തയ്യാറാക്കണം. ഇങ്ങനെ തയ്യാറാക്കുന്ന ഡ്രാഫ്റ്റ്‌ ജനറൽ കൗൺസിലിൽ അവതരിപ്പിക്കണം, ജനറൽ സെക്രട്ടറി തന്നെ ഈ ഭേദഗതിയുടെ പൂർണ്ണരൂപം by order പ്രകാരം എലൂർ രജിസ്ട്രാർ ഓഫീസിൽ അയച്ചു കൊടുക്കണം. ഇങ്ങനെ പല കടമ്പകൾ കടന്നു മാത്രമേ amendment ഭേദഗതി അംഗീകരിക്കപ്പെടൂ. എന്നാൽ ജനറൽ കൗൺസിൽ നടപടികൾ ഇത് വരെ പൂർത്തീകരിക്കപ്പെട്ടില്ല.

ഒടുവിൽ നടന്ന കൗൺസിലിലും ഭേദഗതി വരുത്തിയ ഡ്രാഫ്റ്റ്‌ അവതരിപ്പിച്ചിട്ടില്ല. പുതിയ ഭരണഘടനയുടെ ഭേദഗതി 2025 ൽ മാത്രമേ മാറ്റം വരികയുള്ളൂ എന്നാണ് പ്രസിഡന്റും അനുകൂലികളും ജനറൽ ബോഡിയിൽ പറഞ്ഞത്. ഈ കാര്യത്തിലും വ്യാജമായ ഇടപെടൽ ഉണ്ടാകാൻ സാദ്ധ്യതകൾ ഏറെയാണ്. 2022- 2025 ജനറൽ ഇലക്ഷൻ സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടാവണം എന്നതും ജനറൽ ബോഡി ആവശ്യപ്പെട്ടു. ഇത് അനുസരിച്ചു സെപ്റ്റംബർ 6 ന് ജനറൽ കൗൺസിൽ കൂടിയപ്പോൾ, അടുത്ത 72 മണിക്കൂറിൽ ഇലക്ഷൻ പ്രഖ്യാപനം സംബന്ധിച്ച അറിയിപ്പ് ഉണ്ടാകും എന്ന് പറഞ്ഞതും ഇപ്പോൾ തകിടം മറിയുന്നു.

ഇതിനായി ഇലക്ഷൻ നടത്താതെ മുന്നോട്ട് പോകുന്നതിനായി കൗൺസിൽ യോഗം കഴിയാവുന്നത്ര വൈകിപ്പിക്കുകയാണ് ഐപിസി ജനറൽ പ്രസിഡന്റും. ചുരുക്കി പറഞ്ഞാൽ, കോടതിയും, ജനങ്ങളും, ഇടപെട്ടതിനെ തുടർന്നും അവിശ്വസ്ഥരായ നേതാക്കളുടെ കപടതകൾ മുഖാന്തിരവും ഐപിസി യുടെ ജനറൽ ബോഡിയും ജനറൽ ഇലക്ഷനും ചുവപ്പ് നാടകളിൽ കുരുങ്ങിയിരിക്കുകയാണ്.

പാസ്റ്റർ പ്രിൻസ്, നിലമ്പൂർ

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.