ഉണർവ്വിന്റെ വ്യാജനെ തിരിച്ചറിയുക!!

ഉണർവ്വിന്റെ വ്യാജനെ തിരിച്ചറിയുക!!
February 26 23:47 2021 Print This Article

ഉണർവ്വിന്റെ ഉറവിടം നമ്മുടെ ആത്മാവിലാണു നിലകൊള്ളുന്നതു. ആത്മീകമായി ഉണർത്തപ്പെടണമെങ്കിൽ നാം നമ്മുടെ ആത്മാവിൽ നിറഞ്ഞവരായിത്തീരണം. ആത്മാവു നിറയാതെ ദേഹീമണ്ഡലത്തിൽ എത്ര ഇളക്കപ്പെരുക്കങ്ങൾ ഉണ്ടാക്കിയാലും അവയെല്ലാം വ്യാജമാണു.

അതു നമ്മുടെ വൈകാരികതലങ്ങളെ ഇളക്കുമെന്നല്ലാതെ നമ്മുടെ ആത്മാവിൽ ഒരു ചലനവും സൃഷ്ടിക്കുകയില്ല.അതുകൊണ്ടാണു പൗലോസു എഫേസ്യലേഖനത്തിൽ “ആത്മാവു നിറഞ്ഞവരായി സങ്കീർത്തനങ്ങളാലും സ്തുതികളാലും ആത്മിക ഗീതങ്ങളാലും തമ്മിൽ സംസാരിച്ചും…” എന്നു ഉദ്ബോധിപ്പിക്കുന്നതു.

സങ്കീർത്തനങ്ങളും, സ്തുതികളും, ആത്മീകഗീതങ്ങളും നമ്മുടെ ആത്മാവിൽ നിറയപ്പെടുമ്പോൾ ഉണ്ടാകുന്ന കവിഞ്ഞൊഴുക്കുകൾ നമ്മുടെ ഹൃദയത്തിലേക്കു വ്യാപരിക്കുകയും അതിന്റെ വ്യാപനത്താൽ നാം തമ്മിൽ തമ്മിൽ സംസാരിക്കുകയും ചെയ്യുന്നു. സങ്കീർത്തനങ്ങളും സ്തുതികളും ആത്മീകഗീതങ്ങളും നമ്മുടെ ആത്മാവിലൂടെ കവിഞ്ഞൊഴുകണം.

പാട്ടുകൾ നാം പാടുക മാത്രമല്ല ചെയ്യുന്നതു, അതു നമ്മുടെ ആത്മാവിലൂടെ കവിഞ്ഞൊഴുകി ഹൃദയത്തിലേക്കു വ്യാപരിക്കുന്നു. ഇവിടെയാണൂ ഉണർവ്വു യഥാർത്ഥമായി നമ്മുടെ ജീവിതത്തിൽ സാക്ഷാത്കരിക്കപ്പെടുന്നതു. വീഞ്ഞു കുടിക്കുമ്പോൾ അതു നമ്മുടെ ശരീരത്തിലൂടെ ദേഹീമണ്ഡലത്തിലേക്കു കടന്നു നമ്മുടെ വിചാര-വികാര-ഇച്ഛകളെ അനിയന്ത്രിതമായി ത്രസിപ്പിക്കുകയും അതു അവിടെ നിന്നും കവിഞ്ഞൊഴുകി നമ്മുടെ ശരീരത്തെ നിഷേധാത്മകമായി ഉത്തേജിപ്പിച്ചു ദുർന്നടപ്പിനു വിധേയപ്പെടുത്തുകയും ചെയ്യുന്നു.

ഇതേ തത്വം തന്നെയാണു ആത്മാവു നിറയുന്നതിനെ സംബന്ധിച്ചു പൗലോസു പ്രയോഗിച്ചിരിക്കുന്നതു. പൗലൊസ്‌ പറയുന്നതു ശ്രദ്ധിക്കുക, “വീഞ്ഞു കുടിച്ചു മത്തരാകരുതു; അതിനാൽ ദുർന്നടപ്പു ഉണ്ടാകുമല്ലോ” (എഫെസ്യർ 5:18). എന്നാൽ ഇന്നു പെന്തക്കോസ്തു സഭകൾ വ്യാജ ഉണർവ്വുകളുടെ വിഹാരകേന്ദ്രങ്ങളായി മാറിയിരിക്കുന്നു! ഉണർവ്വെന്നു വെച്ചാൽ വേറെന്തൊക്കെയോ ആണെന്നു ധരിച്ചു വച്ചിരിക്കുന്നു. ബാഹ്യപ്രേരണകൾ കൊണ്ടു ഉണർവ്വുണ്ടാക്കുവാൻ ശ്രമിക്കുന്നതു വ്യാജമാണു.

“ഒരു സ്തോത്രം പറയാമോ, ഒരു ഹല്ലേലൂയ്യാ പറയാമോ, എല്ലാരുംകൂടെ ചേർന്നൊരു മൂന്നു ഹാല്ലേലൂയ്യാ പറഞ്ഞാട്ടേ” എന്നൊക്കെയുള്ള ഉണർത്തു-‌പല്ലവികൾ പെന്തക്കോസ്തു വേദികളിൽ സാധാരണ കേൾക്കറുള്ളതാണു. ഇങ്ങനെ പറഞ്ഞു പറയിക്കുന്ന സ്തുതിസ്തോത്രങ്ങൾ നമ്മുടെ ദേഹീമണ്ഡലത്തിൽ ഉളവാക്കുന്ന പ്രകമ്പനങ്ങളാണു തുടർച്ചലനങ്ങളായി ശരീരത്തെയും ഇളക്കുന്നതു. അതു നമ്മുടെ ദേഹീമണ്ഡലത്തിൽ സ്ഥിതി ചെയ്യുന്ന വൈകാരികതലത്തെ ഉത്തേജിപ്പിക്കുകയും ആയതു, മദ്യസേവയിൽ സംഭവിക്കുന്നതുപോലെ തന്നെ, നമ്മുടെ ശരീരത്തിലേക്കു പകരപ്പെടുകയും ചെയ്യുന്നു.

യഥാർത്ഥത്തിൽ ഇതാണു ഇന്നത്തെ വ്യാജ ഉണർവ്വുകളിൽ സംഭവിച്ചുകൊണ്ടിരിക്കുന്നതു. എന്നാൽ യഥാർത്ഥ ഉണർവ്വിന്റെ ഉറവിടം നമ്മുടെ ആത്മാവിൽ നിന്നു തന്നെ ആരംഭിക്കണം. കർണ്ണരസദായകരായ കൂലി പ്രസംഗികൾക്കു എങ്ങനെ ആത്മാവിനെ ഉണർത്തുവാൻ കഴിയും?? കൂലിക്കുവേണ്ടി പാട്ടുപാടുന്ന ഗായക സംഘത്തിനു എങ്ങനെ ഒരു ആത്മീക ഉണർവ്വുണ്ടാക്കുവാൻ കഴിയും??ഇന്നു പെന്തക്കോസ്തു സഭകളിൽ കാണപ്പെടുന്ന പാട്ടും കൂത്തും നൃത്തങ്ങളും ചേഷ്ടകളും എല്ലാം അവരുടെ ദേഹീമണ്ഡലം കൊണ്ടവസാനിക്കുന്നു.

പാട്ടിന്റെ അടികൾ ആവർത്തിച്ചാവർത്തിച്ചു നാവു കുഴയുവോളം പാടിയാൽ അതു ഉണർവ്വാകുമോ? വർഷിപ്പു ലീഡറിന്റെ വേഷംകെട്ടി ഒരുവനോ ഒരുവളോ സിനിമാറ്റിക്‌ താളത്തിൽ വചന വിരുദ്ധമായ ഈരടികൾ കോർത്തിണക്കി അത്യുച്ചത്തിൽപാടി ജനത്തെ ഇളക്കിയാൽ അതെങ്ങനെ ഉണർവ്വാകും??

ഉണർവ്വിന്റെ വ്യാജനെ ദൈവജനം തിരിച്ചറിയുക!!

-മാത്യു തോമസ്

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.