ഇൻഡോറിന്റെ അപ്പോസ്തോലൻ പാസ്റ്റർ എ. ജെ. സാമുവേലിനെ ഓർക്കുമ്പോൾ!!

by Vadakkan | April 16, 2021 10:49 am

ജീവിതം ധന്യവും അർത്ഥ പൂർണമാകുന്നത് സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും പങ്കിടുവാനുമുള്ള അവസ്ഥയിൽ ആണ്. കാർമേഘ പടലങ്ങളിലും രജതരേഖ പോലെ ആത്മാർത്ഥ സ്നേഹത്തിന്റെ പ്രകാശം പരത്തുന്ന ചിലരെ നമുക്ക് കണ്ടെത്തുവാൻ ഇടയാകും. അതിൽ ഒരുവനാണ് ഇൻഡോറിന്റെ അപ്പോസ്തോലൻ എന്നറിയപ്പെടുന്ന പാസ്റ്റർ എ. ജെ. ശാമുവേൽ. താൻ അന്ത്യ വിശ്രമം കൊള്ളുന്ന ഇൻഡോറിനെ ജന്മ നാടങ്ങിനെക്കാൾ ഉറ്റുസ്നേഹിച്ചിരുന്നു. ഇവിടെത്തന്നെ എരിഞ്ഞടങ്ങണം എന്ന അന്ത്യഭിലാഷം പൂർത്തീകരിച്ചു ആ യോദ്ധാവ് 87-)ം വയസ്സിൽ പോർക്കളത്തിൽ നിന്നും വിടവാങ്ങി.

ഇൻഡോർ പെന്തകോസ്ത് ചർച്ച് ഓഫ് ഗോഡ് സഭയുടെ സ്ഥാപകനും പ്രസിഡണ്ടും ആയിരുന്ന പാസ്റ്റർ ശാമുവേൽ 1934 ജൂലൈ 10-)ം തീയതി പത്തനംതിട്ട ജില്ലയിൽ കുമ്പളാം പൊയ്കയിൽ ആനകുഴിക്കൽ വീട്ടിൽ എ. റ്റി. ജോൺ, മറിയാമ്മ ദമ്പതികളുടെ മകനായി രണ്ട് സഹോദരിമാർക്ക് ശേഷം ജനിച്ചു.രണ്ടു പെൺ മക്കൾക്ക് ശേഷം ഒരു ആൺ പൈതലിനുവേണ്ടി ദൈവത്തോട് പ്രാർത്ഥിച്ചു വാങ്ങിയതിനാൽ മാതാപിതാക്കൾ ആ കുഞ്ഞിന് ഇട്ട പേര് ആണ് ശാമുവേൽ. മാത്രമല്ല ജനിക്കും മുമ്പേ ശമുവേലിനെ ദൈവീക ശുശ്രൂഷക്കായി സമർപ്പിച്ചിരുന്നു ശ്രീ ജോൺ ദമ്പതികൾ.

1957 ൽ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കുമ്പനാട് ബൈബിൾ കോളേജിൽ വേദ പഠനത്തിനായി ചേർന്നു. അതേ വർഷം തന്നെ ശ്രീ ടി. പി. തോമസ്, റേയിച്ചൽ ദമ്പതികളുടെ മകൾ കുഞ്ഞമ്മയെ വിവാഹം കഴിച്ചു. വേദപഠനത്തിനുശേഷം സുവിശേഷ വേലയുടെ ആദ്യ പാഠവം ഉൾക്കൊണ്ടത് പാസ്റ്റർ ടി. ടി. തോമസിനൊപ്പം കേരളത്തിലെ വള്ളംകുളത്തായിരുന്നു. ആ കാലഘട്ടത്തിൽ ദൈവം, ജോളി എന്ന മകളെയും ജോൺസൺ എന്ന മകനെയും പ്രധാനം ചെയ്തു.
വർഷങ്ങൾ ചിലത് കടന്നുപോയപ്പോൾ ദൈവ വേലക്കുള്ള എന്റെ സ്വർഗ്ഗീയ വിളി, കേരളത്തിൽ അല്ല എന്നും ആരും സുവിശേഷവുമായി കടന്നു ചെന്നിട്ടില്ലാത്ത സഹിയാദ്രി പർവ്വത നിരകൾക്കപ്പുറത്തായുള്ള ഭാരതത്തിന്റെ മധ്യപ്രദേശിലെ ഇൻഡോർ ആണെന്നും മനസിലാക്കി 1961 ഫെബ്രുവരി 6 ന് പാസ്റ്റർ. ടി. ടി. തോമസിനൊപ്പം ആത്മഭാരമേറിയ ആ ദർശനത്തോടെ ഇൻഡോറിൽ എത്തി.

പിഞ്ചുകുഞ്ഞുങ്ങളെയും ഭാര്യയേയും കേരളത്തിൽ ആക്കിയിട്ട് ആയിരുന്നു തന്റെ ആദ്യ മിഷനറി യാത്ര. പ്രാരംഭഘട്ടത്തിൽ ഭാഷാപോലും വശമില്ലാതെ സുവിശേഷപ്രതികളുമായി ഗ്രാമങ്ങൾ തോറും കയറിയിറങ്ങി സുവിശേഷം അറിയിച്ചു ആ സുവിശേഷ ദാഹി. പട്ടിണിയും വിശപ്പും സന്തതസഹചാരികൾ ആയിരുന്നു. ആരുടെയും പിന്തുണയില്ലാതെ നിരവധി പരീക്ഷണങ്ങളിലൂടെയും കഷ്ടങ്ങളിൽ കൂടിയും അദ്ദേഹം കടന്നുപോയി. ഹിന്ദി ഭാഷയുടെ അനിവാര്യത മനസിലാക്കിയ അദ്ദേഹം പാസ്റ്റർ കുര്യൻ തോമസ്സ് ഇറ്റാർസിയുമായി ബന്ധപ്പെട്ടു. ഇറ്റാർസി ബൈബിൾ കോളേജിലെ ആദ്യ വേദവിദ്യാർത്ഥി ആയി താൻ അവിടെ ചേർന്നു പഠിച്ചു. പഠന പൂർത്തീകരണശേഷം വീണ്ടും ഇൻഡോറിലേക്ക് കടന്നുപോയി പ്രവർത്തനം ആരംഭിച്ചു.

ഇൻഡോറിന്റെ സുവിശേഷീകരണ പശ്ചാത്തലം മനസിലാക്കി കുടുംബത്തെ കേരളത്തിൽ നിന്നും പിന്നീട് കൂട്ടികൊണ്ടുവന്നു. നടന്നും കഷ്ടപ്പെട്ടും സുവിശേഷ പ്രചരണം നടത്തിയിരുന്ന പാസ്റ്റർ ശാമുവേലിന്‌ ദൈവം ഒരു സൈക്കിൽ കൊടുത്തു. വളരെ നാളത്തെ പ്രാർത്ഥനയും ആഗ്രഹവും ആയിരുന്നു ഒരു സൈക്കിൾ. ആ ആഗ്രഹത്തെ ദൈവം മാനിച്ചു. ദൈവം ആവശ്യങ്ങളിൽ മറി കടന്നുപോകുന്നവൻ അല്ല എന്ന് ഒന്നു കൂടി പഠിക്കയും അനേകരോട് അത് പറയുകയും ചെയ്തു. ആ സൈക്കിളിൽ എല്ല ദിവസവും മുപ്പത്തിഅഞ്ചു കിലോമീറ്ററോളം ദൂരത്തിൽ പോയി ലഘു ലേഖ വിതരണവും ഭവനസന്ദർശനവും നടത്തിയിരുന്നു.

ഇരുപത്തിനാലു വർഷം ആ സൈക്കിൾ ആയിരുന്നു അദ്ദേഹത്തിന്റെ വാഹനം. തുടർകാലങ്ങളിൽ ജയിംസ്, ബ്ലെസ്സി എന്നീ രണ്ടുമക്കളെ കൂടി ദൈവം അദ്ദേഹത്തിന് കൊടുത്തു. നാലു മക്കളെയും കർത്തൃ വേലയിൽ ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു വളർത്തിയത്. നിരന്തരമായ ഉപവാസവും പ്രാർത്ഥനയും ആയിരുന്നു അദ്ദേഹത്തിന്റെ പോരാട്ട ആയുധം. എല്ലാ ആവശ്യങ്ങളും ദൈവത്തിൽ നിന്നും നേടിയെടുത്തതും അങ്ങനെ തന്നെ ആയിരുന്നു.

ഇരപത്തിയെട്ടു വർഷം വാടകവീടുകളിൽ മാറി മാറി തമാസിച്ചായിരുന്നു പ്രവർത്തനങ്ങൾ.
സുവിശേഷീകരണത്തിനൊപ്പം ജനങ്ങളുടെ സാമൂഹിക- സാമ്പത്തിക വികസനത്തിനും പാസ്റ്റർ ശാമുവേൽ മുൻഗണന നൽകിയിരുന്നു. വേൾഡ് വിഷൻ, രാജീവ്ഗാന്ധി ഫൗണ്ടേഷൻ, കാമ്പാഷൻ ഇന്ത്യ എന്നീ സാമൂഹിക സംഘടനകളുമായി സഹഹകരിച്ച് സമുദായ വികസന പദ്ധതിയിലൂടെ അദ്ദേഹം നിർധരരായവരെ സഹായിച്ചു. നിരാലംബരായവർക്ക് നിരവധി വീടുകളും കമ്മ്യൂണിറ്റി ഹോളുകളും, കുട്ടികൾക്ക് വിദ്യാഭ്യാസവും നൽകി. അമേരിക്കയിൽ ദൈവം അദ്ദേഹത്തെ ഉപയോഗിച്ചു. കെനിയ വിദ്യാർഥികളായ അനേകരെ ക്രിസ്തുവിലേക്ക് നയിക്കുകയും സ്നാനപ്പെടുത്തുകയും ചെയ്തു. അവരിൽ ഭൂരിഭാഗവും കെനിയയിൽ പാസ്റ്റർമാരായി ഇപ്പോൾ ശുശ്രൂഷിക്കുന്നു. 2004- ൽ ശമുവേൽ പാസ്റ്റർ ഒരു ഓപ്പറേഷനു വിധേയനായി. തുടർന്ന് അതീവ ഗുരുതരമായി രക്തത്തിൽ അണുബാധയുണ്ടാകുകയും മരണത്തിൽ നിന്നും ദൈവം അത്ഭുതകരമായി രക്ഷിക്കയും ചെയ്തു.

2006- ൽ തന്റെ തലച്ചോറിൽ രക്തസ്രാവം ഉണ്ടായി എങ്കിലും ദൈവം അതിൽ നിന്നും അത്ഭുതകരമായി അദ്ദേഹത്തെ വിടുവിച്ചു. സമ്മർദ്ധകരമായ പല സന്ദർഭങ്ങളും സുവിശേഷ വേലയിൽ പാസ്റ്റർ ശാമുവേൽ നേരിട്ടു. അപ്പോൾ ദൈവമുഖം മാത്രം ആയിരുന്നു ആശ്രയം.

ദൈവീക ദർശനപ്രകാരം 1996- ൽ ഇൻഡോറിൽ ഒരു വേദവിദ്യാർഥിയുമായി ഒരു ബൈബിൾ സ്കൂൾ ആരംഭിച്ചു. തുടർന്ന് ആ വേദശാലയിൽ നിന്നും അനേക വേദവിധ്യാർഥികളെ കർതൃവേലക്കായി വാർത്തെടുത്തു പ്രവർത്തന മേഖലകളിൽ ആക്കി. 2012 മുതൽ സഭാ പ്രവർത്തനം വിപുലം ആയതോടു കൂടി പലസെക്ഷനുകളായി ആരാധന ആരംഭിച്ചു. ഏകദേശം നാനൂറ്റിഅമ്പത് വിശ്വസികളുള്ള സഭയുടെ സീനിയർ പാസ്റ്റർ ആയി ചുമതല വഹിക്കുമ്പോൾ ആയിരുന്നു അന്ത്യം. മരിക്കുന്നതിന് ചില ദിവസങ്ങൾക്കുമുമ്പ് വരെ വേദവിദ്യാർത്ഥികളെ അദ്ദേഹം വചനം പഠിപ്പിച്ചിരുന്നു. പ്രേക്ഷിത പ്രവർത്തനങ്ങളിൽ വളരെ ഏറെ അദ്ധ്വാനിച്ച, ഭക്തനായിരുന്ന “ഇൻഡോറിന്റെ അപ്പോസ്തോലൻ” ഇനി ഓർമ്മകളിലൂടെ മാത്രം അല്ല, അദ്ദേഹം ഇൻഡോറിൽ ചെയ്തെടുത്ത സകല സത്കർമ്മങ്ങളിലൂടെയും മനുഷ്യ ഹൃദയങ്ങളിൽ ഇനിയും ജീവിക്കും അതു തീർച്ച.

നാലുമക്കൾക്കൊപ്പം മരുമക്കളായ പാസ്റ്റർ. എ. എസ്. ഏബ്രഹാം, പാസ്റ്റർ. ടൈറ്റസ് ചാങ്ങവിളയിൽ, ഷോബി, ബിനു കൊച്ചുമക്കളായ സ്റ്റാൻലി, സ്റ്റീഫൻ, ഫിന്നി, ഫിലോമോൻ, സ്റ്റീവ്, സ്റ്റാസി, ക്രിസ്റ്റി, ക്രിസ്റ്റൽ, സാം, എന്നിവർ പാസ്റ്റർ ശമുവേലിനൊപ്പം പ്രേക്ഷിത പ്രവർത്തനങ്ങൾക്ക് പ്രചോതനം ആയിരുന്നു. കൊച്ചുമകളുടെ മക്കൾ ആയ യോഹന്നാൻ, ഫെയ്ത്ത്, എലീഷാ, സൈറ, ജെറി, ഡാനിയേൽ എന്നിവരും സുവിശേഷ വേലയിൽ പങ്കാളികൾ ആകണം എന്നായിരുന്നു വല്യപ്പച്ചൻ ആയ ശമുവേൽ പാസ്റ്റർ ശേഷിപ്പിച്ചു പോയ ഒരു ആഗ്രഹം. കർത്താവിന്റെ രണ്ടാം വരവിങ്കൽ ഗംഭീര നാദം കേൾക്കും വരെ ആ അപ്പോസ്തോലൻ വിശ്രമിക്കട്ടെ.

ബുദ്ധിമാന്മാർ ആകാശ മണ്ഡലത്തിന്റെ പ്രഭപോലെയും, പലരെയും നീതിയിലേക്ക് തിരിക്കുന്നവർ നക്ഷത്രങ്ങളെ പ്പോലെയും എന്നും എന്നേക്കും പ്രകാശിക്കും…

Source URL: https://padayali.com/%e0%b4%87%e0%b5%bb%e0%b4%a1%e0%b5%8b%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%85%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8b%e0%b4%b2%e0%b5%bb-%e0%b4%aa/