ഇന്ത്യക്കാര്‍ ജോലിതേടി കൂട്ടത്തോടെ വിദേശത്തേക്ക്; രണ്ട് വര്‍ഷം കൊണ്ട് 28 ലക്ഷംപേര്‍ നാടുവിട്ടു

ഇന്ത്യക്കാര്‍ ജോലിതേടി കൂട്ടത്തോടെ വിദേശത്തേക്ക്; രണ്ട് വര്‍ഷം കൊണ്ട് 28 ലക്ഷംപേര്‍ നാടുവിട്ടു
August 05 20:24 2022 Print This Article

രാജ്യത്ത് തൊഴിലില്ലായ് രൂക്ഷമാകുന്നതിനിടെ ജോലി തേടി ഇന്ത്യ വിടുന്നവരുടെ എണ്ണം വര്‍ധിക്കുന്നു.2020 ജനുവരി മുതല്‍ 2022 ജൂലൈ വരെയുള്ള കാലയളവില്‍ 28 ലക്ഷത്തിലധികം ഇന്ത്യന്‍ പൗരന്മാര്‍ ജോലി തേടി വിദേശ രാജ്യങ്ങളിലേക്ക് പോയതായി കേന്ദ്ര സര്‍ക്കാര്‍ സ്ഥിരീകരിച്ചു.

വിദേശത്തേ് ജോലിക്കുപോകുന്നവരുടെ എണ്ണത്തില്‍ സ്ഥിരതയാര്‍ന്ന വര്‍ധനവുണ്ടായിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2020ല്‍ 7.15 ലക്ഷം ഇന്ത്യക്കാര്‍ ജോലിക്കായി വിദേശത്തേക്ക് പോയപ്പോള്‍ 2021ല്‍ ഇത് 8.33 ലക്ഷമായി ഉയര്‍ന്നു. ഈ വര്‍ഷം ജൂലൈ അവസാനം വരെ 13.02 ലക്ഷം ഇന്ത്യക്കാരാണ് ജോലി ആവശ്യങ്ങള്‍ക്കായി വിദേശത്തേക്ക് പോയത്.

ജോലി ആവശ്യങ്ങള്‍ക്കായി വിദേശത്തേക്ക് പോകുന്നവരുടെ കണക്കുകള്‍ കൃത്യമായി രേഖപ്പെടുത്തുന്നതിനുള്ള സൂചിക ഇല്ലെന്ന് രേഖാമൂലമുള്ള പ്രസ്താവനയില്‍ വിദേശകാര്യ മന്ത്രാലയം ലോക്സഭയില്‍ പറഞ്ഞു. യാത്രയുടെ ഉദ്ദേശ്യം ‘സാധാരണയായി യാത്രക്കാരുടെ വാക്കാലുള്ള വെളിപ്പെടുത്തലിലൂടെയോ അല്ലെങ്കില്‍ ഇമിഗ്രേഷന്‍ ക്ലിയറന്‍സ് സമയത്ത് അവര്‍ പോകുന്ന രാജ്യത്തിന്റെ വിസയുടെ തരം അടിസ്ഥാനമാക്കിയോ ആണ് ശേഖരിക്കുന്നത്.

2020 ജനുവരി 1നും 2022 ജൂലൈ 27നും ഇടയില്‍ വിദേശത്തേക്ക് പോയവരില്‍ തങ്ങളുടെ സന്ദര്‍ശനത്തിന്റെ ഉദ്ദേശ്യം, ജോലി, എന്നിവ വാക്കാല്‍ വെളിപ്പെടുത്തിയതോ അല്ലെങ്കില്‍ പോകുന്ന രാജ്യത്തിന്റെ തൊഴില്‍ വിസ അനുസരിച്ചോ കണക്കാക്കിയ ഇന്ത്യക്കാരുടെ എണ്ണം 28.51 ലക്ഷമാണെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

വിദേശ തൊഴിലിനായി ഇ.സി.ആര്‍ (ECR) വേണ്ട രാജ്യങ്ങളിലേക്ക് നിയമപരമായ മാര്‍ഗങ്ങളിലൂടെ (ഇ-മൈഗ്രേറ്റ് പോര്‍ട്ടല്‍) കുടിയേറുന്ന ഇ.സി.ആര്‍ പാസ്പോര്‍ട്ട് കൈവശമുള്ള ഇന്ത്യന്‍ തൊഴിലാളികളുടെ കണക്കുകള്‍ സൂക്ഷിക്കുന്നുണ്ടെന്ന് മന്ത്രാലയം പറഞ്ഞു. ഇതില്‍ ആകെ 4.16 ലക്ഷം ഇന്ത്യക്കാരില്‍ 1.31 ലക്ഷം, അതായത് ഏകദേശം 32 ശതമാനം ഉത്തര്‍പ്രദേശില്‍ നിന്നുള്ളവരാണ്. 69,518 പേരുമായി ബീഹാറാണ് തൊട്ടുപിന്നില്‍.

അഫ്ഗാനിസ്ഥാന്‍, ബഹ്റൈന്‍, ഇറാഖ്, ഇന്തോനേഷ്യ, സൗദി അറേബ്യ, കുവൈറ്റ്, ജോര്‍ദാന്‍, ലിബിയ, ലെബനന്‍, മലേഷ്യ, ഒമാന്‍, ഖത്തര്‍, സുഡാന്‍, സിറിയ, തായ്ലന്‍ഡ്, യുഎഇ, യെമന്‍ എന്നീ 17 രാജ്യങ്ങള്‍ക്ക് മാത്രമേ എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുള്ളൂ എന്നും മന്ത്രാലയം പറഞ്ഞു. 1983ലെ എമിഗ്രേഷന്‍ നിയമം അനുസരിച്ച്‌ എമിഗ്രേഷന്‍സ് പ്രൊട്ടക്ടറില്‍ നിന്ന് എമിഗ്രേഷന്‍ ക്ലിയറന്‍സ് നേടാത്ത പക്ഷം ഇന്ത്യയിലെ ഒരു പൗരനും മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറാന്‍ പാടില്ല എന്ന് വ്യവസ്ഥ ചെയ്യുന്നുണ്ട്.

അതുപോലെ, ചില രാജ്യങ്ങളില്‍ (നിലവില്‍ 17) വിദേശ പൗരന്മാരുടെ പ്രവേശനവും ജോലിയും നിയന്ത്രിക്കുന്ന കര്‍ശനമായ നിയമങ്ങള്‍ ഇല്ല. എന്നാല്‍ പരാതി പരിഹാരത്തിനുള്ള വഴികള്‍ ഈ രാജ്യങ്ങള്‍ നല്‍കുന്നില്ലെന്നും മന്ത്രാലയം പറഞ്ഞു. അതിനാല്‍, തന്നെ അവയെ ഇസിആര്‍ രാജ്യങ്ങളായി തരംതിരിച്ചിട്ടുണ്ട്. ജോലി ആവശ്യങ്ങള്‍ക്കായി 17 ഇസിആര്‍ രാജ്യങ്ങളിലേക്ക് പോകുന്നതിന് എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമാണ്. അതേസമയം, ഇസിആര്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് തൊഴില്‍ ഒഴികെയുള്ള ആവശ്യങ്ങള്‍ക്കായി ഏതെങ്കിലും ഇസിആര്‍ രാജ്യത്തേക്ക് പോകുന്നതിന് എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമില്ല.

കോവിഡ് -19 പ്രതിസന്ധിയെത്തുടര്‍ന്ന് നിരവധി ഇന്ത്യന്‍ പൗരന്മാര്‍, പ്രത്യേകിച്ച്‌ ഗള്‍ഫില്‍ നിന്ന് രാജ്യത്തേക്ക് തിരിച്ചെത്തിയതിന് ശേഷമാണ് ഈ കണക്കില്‍ വര്‍ധനവ് റിപ്പോര്‍ട്ട് ചെയ്തത്. ഇമിഗ്രേറ്റ് സിസ്റ്റത്തില്‍ ലഭ്യമായ രേഖകള്‍ പ്രകാരം 2020 ജൂണിനും 2021 ഡിസംബറിനുമിടയില്‍ 14 ഇ.സി.ആര്‍ രാജ്യങ്ങളില്‍ നിന്ന് കുറഞ്ഞത് 4.23 ലക്ഷം ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളികള്‍ മടങ്ങിയെത്തിയെന്നാണ് വ്യക്തമാക്കുന്നത്.

ഇതില്‍ സൗദി അറേബ്യയില്‍ നിന്ന് 1.18 ലക്ഷവും യു.എ.ഇയില്‍ നിന്ന് 1.52 ലക്ഷവും പൗരന്മാരാണ്‌ മടങ്ങിയെത്തിയിരിക്കുന്നതെന്നും മന്ത്രാലായത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. നരേന്ദ്ര മോദി പ്രധാനമന്ത്രി ആയതിനുശേഷം വിദേശത്തുള്ള ഇന്ത്യക്കാര്‍ മടങ്ങിവരണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇനി ഇന്ത്യയാണ് ലോകത്തിന് തൊഴില്‍ നല്‍കുക എന്നായിരുന്നു അവകാശവാദം.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.