ആടിനെ പട്ടിയാക്കുന്ന ദുരുപദേശം!!

by Vadakkan | July 20, 2021 9:08 am

ദൈവവചനത്തിന്റെ യാഥാർത്ഥ്യത്തെ മൂടിവെച്ചശേഷം വ്യാജമായതിനെ പർവ്വതീകരിച്ചു ജനത്തിന്റെ വൈകാരികതയെ ചൂഷണം ചെയ്യുന്ന ചെപ്പടി വിദ്യക്കാർ വർദ്ധിച്ചു വരുന്നു. പരിശുദ്ധാത്മാവു “തീയ്” ആണെന്നു വ്യാജമായി വ്യാഖ്യാനിച്ചു ജനത്തെ വഞ്ചിക്കുന്നു‌.

മത്തായി 3:11ൽ പറയപ്പെടുന്ന “പരിശുദ്ധാത്മാവിലും തീയിലും” എന്ന പ്രയോഗത്തിലെ “തീയ്‌” പ്രവൃത്തികൾ രണ്ടാം അദ്ധ്യായത്തിൽ കാണപ്പെടുന്ന പരിശുദ്ധാത്മ സ്നാനം ആണെന്ന തരത്തിൽ ജനത്തെ തെറ്റിദ്ധരിപ്പിക്കുകയാണു ഇവിടെ ദുരുപദേശകന്മാർ ചെയ്യുന്നതു. യോഹന്നാനു പിന്നാലെ വരുന്നവനായ യേശു തന്നിൽ വിശ്വസിക്കുന്നവരെ “പരിശുദ്ധാത്മാവിൽ സ്നാനം” കഴിപ്പിക്കും. എന്നാൽ തന്നിൽ വിശ്വസിക്കാത്തവർക്കു ഒരു ന്യായവിധിയുണ്ടെന്നും അവരെ “തീയിലും സ്നാനം” കഴിപ്പിക്കും എന്നതാണു വളരെ കൃത്യമായി അതിന്റെ പശ്ചാത്തലത്തിൽ നിന്നും മനസ്സിലാകുന്നതു.

പശ്ചാത്തലം അറിയണമെങ്കിൽ മത്തായി 3:11ന്റെ തൊട്ടു മുമ്പും പിമ്പുമുള്ള വാക്യങ്ങൾ കൂടി വായിക്കണം. പത്താം വാക്യത്തിൽ പറയുന്നു “ഇപ്പോൾ തന്നേ വൃക്ഷങ്ങളുടെ ചുവട്ടിന്നു കോടാലി വെച്ചിരിക്കുന്നു; നല്ലഫലം കായ്ക്കാത്ത വൃക്ഷം എല്ലാം വെട്ടി തീയിൽ ഇട്ടുകളയുന്നു.” ഇവിടെ, നല്ല ഫലം കായ്ക്കാത്ത വൃക്ഷം ഒക്കെയും “തീയിൽ ഇട്ടു ചുട്ടു കളയുന്നു” എന്നു പറയപ്പെടുന്ന “തീയ്‌” ന്യായവിധിയെ കുറിച്ചാകുന്നു എന്നതു ആർക്കാണു അറിയാത്തതു.

അതുപോലെ പന്ത്രണ്ടാം വാക്യത്തിൽ “വീശുമുറം അവന്റെ കയ്യിൽ ഉണ്ടു; അവൻ കളത്തെ മുറ്റും വെടിപ്പാക്കി കോതമ്പു കളപ്പുരയിൽ കൂട്ടിവെക്കയും പതിർ കെടാത്ത തീയിൽ ഇട്ടു ചുട്ടുകളകയും ചെയ്യും.” ഇവിടെ “കോതമ്പു കളപ്പുരയിൽ കൂട്ടിവെക്കുന്നതു” ക്രിസ്തുവിൽ വിശ്വസിക്കുന്നവർക്കു ലഭിക്കുന്ന നിത്യമായ രക്ഷയും, “പതിർ കെടാത്ത തീയിൽ ഇട്ടു ചുട്ടു കളകയും ചെയ്യും” എന്നു പറയുന്നതു ക്രിസ്തുവിൽ വിശ്വസിക്കാത്തവർക്കു ലഭിക്കുവാനിരിക്കുന്ന നിത്യശിക്ഷാവിധിയെന്ന തീ പൊയ്‌കയും ആകുന്നു.(വെളിപ്പാടു 20:15). പശ്ചാത്തലത്തിൽ ശ്രോതാക്കളായിരിക്കുന്നതു സദൂക്യരും പരീശന്മാരും ആണെന്നു ഓർക്കണം.

അവരോടു യോഹന്നാൻ പറയുന്നതു എന്തെന്നാൽ അവർ, തന്റെ പിന്നാലെ വരുന്നവനായ യേശുവിൽ വിശ്വസിച്ചാൽ ഒന്നുകിൽ അവരെ അവൻ നിത്യജീവനായി പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കും. അല്ലാത്തപക്ഷം, യേശുവിൽ വിശ്വസിക്കാത്തവരെ അവൻ നിത്യശിക്ഷാവിധിക്കായി തീയിലും സ്നാനം കഴിപ്പിക്കും. ഈ രണ്ടു സ്നാനത്തിലും സ്നാപകൻ ക്രിസ്തു തന്നെ ആകുന്നു. “പരിശുദ്ധാത്മാവിലും തീയിലും” എന്ന പ്രയോഗത്തിലൂടെ അതു അനുക്രമമായി നിത്യരക്ഷയും നിത്യശിക്ഷാവിധിയും ആണെന്നു പശ്ചാത്തലത്തിൽ തൊട്ടടുത്ത വാക്യങ്ങളിലൂടെ യോഹന്നാൻ തെളിവായി പറയുമ്പോൾ ആത്മാവു തീയ്‌ ആണെന്നും അഗ്നി നദിയാണെന്നും ഒക്കെ പറഞ്ഞു അനേകായിരങ്ങളെ വഴിതെറ്റിക്കുന്ന ഈ ദുരുപദേശകന്മാരും അവരുടെ വിശ്വസ്ഥരായ അനുയായികളും ഒരു നാളിൽ ക്രിസ്തുവിന്റെ ന്യായാസനത്തിനു മുമ്പിൽ കണക്കു ബോധിപ്പിക്കേണ്ടിവരും!!

സായിപ്പു പറയുന്നതെന്തും കണ്ണടച്ചു വിഴുങ്ങാതെ ബരോവയിലുള്ളവരെപോലെ അതു അങ്ങനെതന്നെയോ എന്നു തിരുവെഴുത്തുകളെ പരിശോധിക്കേണ്ടതു ആവശ്യമാണു. ആടിനെ പട്ടിയാക്കുന്ന ഈയൊരു ദുരുപദേശം ഇപ്പോൾ “തീയ്‌”പോലെതന്നെ പടർന്നു പിടിച്ചു ഇന്നു പെന്തക്കോസ്തു സമുദായത്തെ മുഴുവനുമായി വിഴുങ്ങിക്കൊണ്ടിരിക്കുക ആകുന്നു.

-മാത്യു തോമസ്

Source URL: https://padayali.com/%e0%b4%86%e0%b4%9f%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%af%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%a6%e0%b5%81%e0%b4%b0/