അർജന്റീനയ്ക്കെതിരായ തകർപ്പൻ ജയം: പൊതു അവധി പ്രഖ്യാപിച്ച് സൗദി

by Vadakkan | 22 November 2022 10:41 PM

ദോഹ: ഫിഫ ലോകകപ്പില്‍ വന്‍ അട്ടിമറിക്കാണ് ഇന്ന് സാക്ഷ്യം വഹിച്ചത്. സൗദി അറേബ്യ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ലാറ്റിനമേരിക്കന്‍ ശക്തികളായ അര്‍ജന്‍റീനയെ ഞെട്ടിച്ചു.തോല്‍വി കയ്പുനിറഞ്ഞതാണെന്നും, കരുത്തോടെ ടീം തിരിച്ചുവരുമെന്നും അര്‍ജന്‍റീന ക്യാപ്റ്റന്‍ ലയണല്‍ മെസി പറഞ്ഞു.

തോല്‍വി അപ്രതീക്ഷിതമായിരുന്നു. പിഴവുകള്‍ തിരുത്തി അര്‍ജന്റീന തിരിച്ചുവരും. അഞ്ചുമിനിറ്റില്‍ ഉണ്ടായ പിഴവിലാണ് കളി കൈവിട്ടുപോയത്. പിന്നീട് ടീമിന് ഒത്തൊരുമയോടെ തിരിച്ചടിക്കാനായില്ല. അര്‍ജന്റീന കരുത്തോടെ തിരിച്ചുവരുമെന്നും മെസി പറഞ്ഞു. ‘അങ്ങനെയങ്ങ് വിട്ടുകൊടുക്കാന്‍ ഈ സംഘം തയ്യാറല്ല. മെക്സിക്കോയെ തോല്‍പ്പിക്കാന്‍ ഞങ്ങള്‍ ശ്രമിക്കും’- മെസി പറഞ്ഞു.

“സൗദി അറേബ്യ നല്ല കളിക്കാരുള്ള ടീമാണെന്ന് ഞങ്ങള്‍ക്കറിയാം, പന്ത് വേഗത്തില്‍ പാസ് ചെയ്യുകയും ഹൈബോള്‍ ഗെയിം കളിക്കുകയും ചെയ്യുന്നവരാണ് അവര്‍” കൂട്ടിച്ചേര്‍ത്തു, “ഞങ്ങള്‍ മുമ്ബെന്നത്തേക്കാളും കൂടുതല്‍ യോജിച്ചു കളിക്കും. ഈ സംഘം ശക്തമാണ്, ഞങ്ങളത് കാണിച്ചിട്ടുണ്ട്”- മെസി പറഞ്ഞു.

അര്‍ജന്റീനയും സൗദി അറേബ്യയും 4-3-3 ഫോര്‍മേഷനാണ് തിരഞ്ഞെടുത്തത്. പത്താം മിനിട്ടില്‍ മെസിയുടെ പെനാല്‍റ്റി കിക്കിലൂടെ അര്‍ജന്‍റീനയാണ് മുന്നിലെത്തിയത്. ആദ്യ പകുതിയില്‍ ഒര ഗോളിന്‍റെ ലീഡുമായി അര്‍ജന്‍റീന തടിതപ്പി. എന്നാല്‍ രണ്ടാം പകുതിയില്‍ കളിയുടെ ഗതി കീഴ്മേല്‍ മറിയുന്നതാണ് കണ്ടത്. അഞ്ച് മിനിട്ടിനിടെ രണ്ടു ഗോള്‍ നേടി സൌദി മുന്നിലെത്തി. 48-ാം മിനിറ്റില്‍ അര്‍ജന്റീനിയന്‍ പ്രതിരോധത്തിലൂടെ നേരിട്ടുള്ള പാസില്‍ സാലിഹ് അല്‍-ഷെഹ്‌രി ഒരു ഗോള്‍ നേടി, സൗദി അറേബ്യ സ്‌കോര്‍ സമനിലയിലാക്കി.

സൗദി അറേബ്യയില്‍ ബുധനാഴ്ച പൊതു അവധി പ്രഖ്യാപിച്ചു. ലോകകപ്പ് ഫുട്‌ബോളില്‍ കരുത്തരായ അര്‍ജന്റീനയ്‌ക്കെതിരെ സൗദി അറേബ്യ അട്ടിമറി ജയം നേടിയതിന്റെ ആഘോഷത്തിന്റെ ഭാഗമാണിത്. സല്‍മാന്‍ രാജാവാണ് അവധി പ്രഖ്യാപിച്ച് ഉത്തരവിട്ടത്.

Source URL: https://padayali.com/%e0%b4%85%e0%b5%bc%e0%b4%9c%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%80%e0%b4%a8%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%be%e0%b4%af-%e0%b4%a4%e0%b4%95%e0%b5%bc/