അന്ധരെ വഴി കാട്ടുന്ന അന്ധന്മാർ

അന്ധരെ വഴി കാട്ടുന്ന അന്ധന്മാർ
June 19 18:13 2017 Print This Article

കുരുടൻ കുരുടനെ വഴി കാട്ടിയാൽ രണ്ടു പേരും കുഴിയിൽ വീഴും. പെന്തക്കോസ്തിലെ സ്ഥിതി ഇപ്പോൾ ഇതാണ്. ആത്മീയ അന്ധത ബാധിച്ച നേതാക്കന്മാർ അജ്ഞതയുടെ തിമിരം ബാധിച്ച വിശ്വാസികളെ വഴി നടത്തുന്നു, പെന്തക്കോസ്തിലെ ആദ്യകാല നേതാക്കന്മാർക്ക് കാഴ്‌ചയുണ്ടായിരുന്നു. കാഴ്‌ചപ്പാടുണ്ടായിരുന്നു. ദൈവം ശില്പിയായി നിർമ്മിച്ച ആ മനോഹര നഗരമായിരുന്നു അവരുടെ ലക്ഷ്യം. ദുഃഖത്തിന്റെ പാനപാത്രം കൈയ്യിലേന്തി ഈ സീയോൻ സഞ്ചാരികൾ യാത്ര ചെയ്തിരുന്നു. ഉപദേശ വിശുദ്ധിയും ജീവിത വിശുദ്ധിയും അവർ കാത്തുസൂക്ഷിച്ചിരുന്നു. തിരുവചന സത്യങ്ങളുടെ സംരക്ഷണത്തിനായി പോരാടുവാൻ അവർ സദാ സന്നദ്ധരുമായിരുന്നു. ആത്മീയ തീക്ഷണതമൂലം കുറെ അബദ്ധങ്ങൾ പറ്റിയെന്നു പറയാതെ വയ്യ. മരുന്നു കഴിക്കുന്നത് പാപമാണെന്ന പഠിപ്പിക്കൽ തന്നെ നല്ല ഉദാഹരണം. ഇത്തരത്തിലുള്ള ചില അബദ്ധസിദ്ധാന്തങ്ങൾ അവർ പ്രചരിപ്പിച്ചിട്ടുണ്ടങ്കിലും അക്കാലത്തെ നേതാക്കന്മാരുടെ ഉദ്ദേശ ശുദ്ധിയെ ചോദ്യം ചെയ്യാനാവില്ല. പെന്തക്കോസ്ത് ഉപദേശങ്ങളുടെ പ്രചരണത്തിനായി നിരവധി ഗ്രന്ഥങ്ങൾ അക്കാലത്ത് രചിക്കപ്പെട്ടു. അവയിൽ ഭൂരിപക്ഷവും ഇന്നും പ്രസക്തമാണ്. ദുരുപദേശങ്ങൾക്ക് എതിരെ പോരാടുകയെന്നത് തങ്ങളുടെ ശിശ്രൂഷയുടെ ഭാഗമായി അക്കാലത്തെ പെന്തക്കോസ്തു നേതാക്കന്മാർ പരിഗണിക്കുകയും ചെയ്തു. ഈ ഉദ്ദേശ്യത്തോടുകൂടെ ചില മാസികകളും ഇവർ പ്രസിദ്ധീകരിച്ചിരുന്നു. ദൈവജനത്തെ ശരിയായ വഴിയിൽ നയിക്കുന്നതിന് ഇത്തരം പ്രസിദ്ധീകരണങ്ങൾ ഏറെ സഹായകമായി. എന്നാൽ ഇന്നത്തെ സ്ഥിതിയെന്ത് ? തികച്ചും നിഷ് പക്ഷമായി വിലയിരുത്തി നോക്കു. ഏതെങ്കിലും പത്രമോ മാസികയോ വിശ്വാസ സംരക്ഷണത്തിനായി പോരാടുന്നുണ്ടോ? ഏതെങ്കിലും പെന്തക്കോസ്തു നേതാവ് വിശ്വാസ സംരക്ഷണത്തിനായി എന്തെങ്കിലും ചെയ്‌യുന്നുണ്ടോ ? കഴിഞ്ഞ 15 വർഷത്തെ ചരിത്രം ഉദാഹരണമായി എടുത്തു പരിശോധിക്കു. ആത്മീയ ഗ്രന്ഥങ്ങളുടെ ഒരു വേലിയേറ്റം തന്നെ അടുത്ത കാലത്തുണ്ടായി. അവയിൽ എത്രയെണ്ണം നേതാക്കന്മാരുടെ വകയായിട്ടുണ്ട് ? പെന്തക്കോസ്തിലെ അറിയപ്പെടുന്ന നേതാക്കളിൽ എത്രപേർ ഈ കാലയളവിൽ പുസ്തകങ്ങൾ എഴുതി. പെന്തക്കോസ്തിൽ പത്രങ്ങൾക്കും മാസികകൾക്കും പഞ്ഞമില്ല. എഴുത്തുകാരും വേണ്ടതിൽ അധികമുണ്ട്. പക്ഷേ പെന്തക്കോസ്തിലെ നേതാക്കന്മാർ എഴുതുകയില്ല. അതിനൊന്നും അവർക്ക് സമയവും ഇല്ല. കൺവൻഷൻ സീസണിൽ നേതാക്കന്മാർ എല്ലാം നാട്ടിലുണ്ടാകും. ഓടിനടന്നു പ്രസംഗിക്കും. ശരിക്കും ഷൈൻ ചെയ്യും. അതിനിടെ സഭാ ഭരണം നടത്തും. മഴക്കാലം ആരംഭിക്കുന്നതോടെ പെന്തക്കോസ്തു നേതാക്കന്മാർ സ്ഥലം വിടും. തുടർന്നുള്ള ആറുമാസം ഇവർ വിദേശത്ത് ആയിരിക്കും. ” നമുക്കും കിട്ടണം പണം ” എന്ന ഏക ലക്ഷ്യമേ ഇവർക്കുള്ളു. കിട്ടുന്ന പണമെല്ലാം ഇവർ സ്വകാര്യ ട്രസ്റ്റിന്റെ വകയാക്കും. ദൈവമക്കളെയും സർക്കാരിനെയും അതിമനോഹരമായി കബളിപ്പിക്കും. പെന്തക്കോസ്തിലെ പൂരിപക്ഷം നേതാക്കന്മാരും സദാചാരമൂല്യങ്ങൾക്ക് ഒരു വിലയും കല്പിക്കാറില്ല. ദുർന്നടപ്പ് അവരുടെ ജീവിതത്തിന്റെ ഭാഗമാണ്. ഇതിനെതിരെ ആരെങ്കിലും പ്രതികരിച്ചാൽ അവർ പിശാചുക്കളായി മാറും. എതിർക്കുന്നവന്റെ വായടക്കാൻ ഇവർ എന്തുവഴിയും സ്വീകരിക്കും. പ്രാദേശിക സഭകളെ സംഘടിപ്പിച്ച് തിരുവചന വിരുദ്ധമായി സംഘടനകൾ കെട്ടിപ്പടുക്കുന്നതിന്റെ പരിണിത ഫലങ്ങളാണിതൊക്കെ. സംഘടനകളെ സഭകളായി ജനം തെറ്റിദ്ധരിച്ചു. സംഘടനകളുടെ നേതാക്കന്മാരെ ദൈവദാസന്മാരായി പരിഗണിച്ചു. അങ്ങനെയാണ് ഈ പ്രശ്നങ്ങളൊക്കെയുണ്ടായത്. ഈ നേതാക്കന്മാർ ദൈവദാസന്മാർ അല്ലെന്നും ഈ സംഘടനകൾ ദൈവസഭയല്ലെന്നും മനസിലാക്കാൻ ദൈവമക്കൾക്ക് കഴിഞ്ഞാൽ പരിഹരിക്കാവുന്ന പ്രശ്നങ്ങളെ ഇവിടെയുള്ളു. പക്ഷേ, ആത്മീയ അന്ധത ബാധിച്ച നേതാക്കന്മാർ സത്യവെളിച്ചം കാണുന്നില്ല. സംഘടനാ സ്പിരിറ്റിന്റെ പിടിയിൽ അമർന്ന വിശ്വാസികൾ സത്യം കണ്ടെത്താൻ ശ്രമിക്കുന്നതുമില്ല. അങ്ങനെ നേതാക്കന്മാരും വിശ്വാസികളും ഒന്നുപോലെ നാശത്തിലേക്ക് നീങ്ങുന്നു. എന്താണ് ഒരു പോംവഴി ? ഉത്തരം ലളിതം. ദൈവജനം ബൈബിളിലേക്ക് മടങ്ങുക. തിരുവെഴുത്ത് എന്തുപറയുന്നു എന്ന് പരിശോധിക്കുക. വചനത്തിൽ ആധാരമല്ലാത്ത എല്ലാ ഉപദേശങ്ങളും തള്ളിക്കളയുക. സംഘടനാ സ്പിരിറ്റ് ഉപേക്ഷിക്കുക. സഭകൾ എന്നപേരിൽ അറിയപ്പെടുന്ന സംഘടനകൾ ദൈവീകം അല്ലാ എന്ന സത്യം തിരിച്ചറിയുക. ഈ സംഘടനളുടെ നേതാക്കന്മാർക്ക് ദൈവം കൊടുത്ത അധികാരമില്ലെന്നും മനസ്സിലാക്കുക. ദൈവവേലക്ക് പണം ഈ കള്ളന്മാരെ ഏല്പിക്കുന്നത് നിർത്തുക. ദൈവജനം ഇത്രയുമൊക്കെ ചെയ്താൽ പെന്തക്കോസ്തിലെ പ്രശ്നങ്ങളിൽ ഭൂരിപക്ഷത്തിനും പരിഹാരമുണ്ടാകും.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.