അച്ഛനെയാണ് എനിക്കിഷ്ടം

by Vadakkan | July 4, 2021 12:49 pm

ഡിയർ ഡാഡ്,

home ലെ Land ലൈനിൽ വിളിച്ചിട്ട് കിട്ടുന്നില്ല, why can,’t you take a mobile dad?.

ഇവിടെ അച്ചുവും അമ്മുവും അച്ഛച്ചയെ മിസ് ചെയ്യണൂന്ന് പറഞ്ഞ് എന്നോട് എന്നും വഴക്കാണ്. അതു കൊണ്ട് ഞാൻ ഒന്ന് തീരുമാനിച്ചു. ഡാഡിനെ ദുബായ്ലേക്ക് കൊണ്ടുവരാൻ.

Let’s enjoy together here … വീടും സ്ഥലവും വിൽക്കാൻ ബ്രോക്കർ ചന്ദ്രനെ പറഞ്ഞ് ഏൽപ്പിച്ചിട്ടുണ്ട്. വല്യ വിലയൊന്നും കിട്ടില്ലാന്നാ അയാള് പറഞ്ഞത്. പഴയ വീടല്ലേ, എന്നാലും വടക്കെ പറമ്പിലെ തേക്കിനും മൂച്ചിക്കും നല്ല വില കിട്ടുമായിരിക്കും.

നമ്മുടെ ജർമ്മൻ ഷെപ്പേഡിനെ ആർക്കും വെറുതെ കൊടുത്തുകളയരുത്. മുപ്പതിനായിരം രൂപക്ക് വാങ്ങിയതല്ലേ, അതിന് അടുത്ത്‌ വില കിട്ടിയാ വിറ്റോളു. പാസ്പ്പോർട്ടിന് അപ്ലേ ചെയ്യുമ്പോൾ കൊടുക്കാനുള്ള ഫോട്ടോ ശ്രീരാഗ് ശ്രീധരൻ എടുത്ത് തരും. വേഗം പാസ്പ്പോർട്ട് എടുത്തിങ്ങ് വരണം.

ഇപ്പോൾ ഇവിടെ നമ്മുടെ നാടൻ പച്ചക്കറിയും പഴങ്ങളും ഒക്കെ കിട്ടും, ഇവിടം പരമസുഖമാണ്. നമ്മക്ക് തകർക്കാം. പൊളിക്കാം, വേഗം വരൂ … കാണാൻ കൊതിയാകുന്നു.

അച്ഛന്റെ സ്വന്തം കുട്ടൻ

————$———-$–—–

പ്രിയപ്പെട്ട കുട്ടാ,

വീട്ടിലെ ലാന്റ് ലൈനിൽ നീ അവസാനമായി വിളിച്ചത് 2 വർഷം മുൻപാണ് മോനെ. നിനക്ക് രണ്ടാമത്തെ കുട്ടിയുണ്ടായീന്ന് പറയാൻ.

നിന്റെ അന്നത്തെ വിളി കഴിഞ്ഞ ഉടനെ ആ ഫോണ് തല്ലിപ്പൊട്ടിച്ചെടാ മോനെ. നിനക്ക് കിട്ടണ്ട അടി ഫോണിന് കിട്ടി. എടാ മോനെ, ഞങ്ങടെ നാട്ടിൽ 10 മാസം ചുമന്നാ അമ്മമാര് മക്കളെ പ്രസവിക്കുന്നത്. തന്റെ മാത്രം കുട്ടി പെട്ടെന്ന് ഉണ്ടായീന്നറിഞ്ഞപ്പോൾ , വന്ന ദ്വേഷ്യം!!!

അല്ല നിനക്കൊന്ന് സൂചിപ്പിക്കായിരുന്നു. നീ അച്ഛനെ ഞെട്ടിച്ചു. അല്ലെലും പണ്ടും നീ അങ്ങിനെ ആയിരുന്നല്ലോ. ആ രമ പെണ്ണിന്റെ പിന്നാലെ നടന്ന് അവളെ വളച്ച് ദുബായിൽ പോയല്ലോ …നിന്നെ ഈ നാട്ടുകാര് എന്താ വിളിക്കണേന്നറിയോ, “ദുബായ് കുട്ടൻ”.

ഞാൻ ഒരു മെബേൽ എടുത്താരുന്നുഡാ, നമ്പർ തരില്ല, അല്ല നിനക്കിനി അതിന്റെ അവശ്യവും വരില്ലല്ലോ?. ( നിന്റെ ഭാര്യ പ്രസവം നിർത്തിയില്ലേ, അച്ഛനു ഇനീം ഞെട്ടാൻ വയ്യടാ). നിന്റെ ഫേസ്ബുക്ക് Friend ആണെടാ ഞാൻ. നിനക്ക് അത് മനസ്സിലായില്ലെന്ന് എനിക്കറിയാം. മക്കളുടെ പടങ്ങളൊക്കെ കാണാറുണ്ട്.

നിനക്ക് സ്ഥലം മാറ്റമാന്ന് മനസിലായി. കുട്ട്യോളെ നോക്കാൻ ആളില്ല അല്ലേടാ?… ഇത്രേം നാളില്ലാത്ത തന്റെ മിസിങ്ങ് കണ്ടപ്പോൾ അച്ഛനു സംഗതി മനസിലായി. ബ്രോക്കർ ചന്ദ്രൻ വന്നിരുന്നു. ചെപ്പക്കുറ്റിക്ക് കൊടുത്തു വിട്ടിട്ടുണ്ട്. ഇനി മേലാൽ ഈ മുറ്റത്ത് കാലു കുത്തില്ല . നിനക്ക് കിട്ടണ്ട അടിയാ. പിന്നെ, നമ്മുടെ റാണി പട്ടി അവനെ ഓടിച്ചിട്ട് ഒന്നു രണ്ട് കപ്പു കൂടി കൊടുത്തിട്ടുണ്ട്; അല്ല പിന്നെ, അഞ്ചാറ് ആളുകളെയും കൂട്ടി നേരെ എന്റെ തൊടിയിലേക്ക് കേറിവന്ന് വില പറഞ്ഞിരിക്കുന്നു ആ ചെറ്റ.

ഒരു ജൻമത്തിലെ എന്റെ അധ്വാനമാണ് ഈ പറമ്പ്. അതിന് വിലയിടാൻ നീയും നിന്റെ ചന്ദ്രനും ആരാടാ? പറയാൻ മറന്നു; അച്ഛനു കൂട്ടിനു നീ മേടിച്ചു തന്ന ജർമ്മൻ ഷെപ്പേഡ് പട്ടി പോയെടാ, നമ്മുടെ കഞ്ഞീം പയറും ചമ്മന്തീം ഒന്നും അവന് പിടിക്കില്ല, പട്ടിണി കിടന്ന് ചാകണ്ടാന്ന് കരുതി അച്ഛനാ അതിനെ അഴിച്ച് വിട്ടത്. ഇവിടെ അടുത്ത ഒരു വീട്ടിൽ കയറികൂടി അവൻ സുഖമായി കഴിയുന്നു. അച്ഛനെ കാണുമ്പോൾ വാലാട്ടും . ഇപ്പോൾ കൂട്ടിനുള്ളത് തനി നാടനാ, റാണി. പെണ്ണാ. എന്നാലും ശൗര്യത്തിന് ഒരു കുറവുമില്ല. മക്കള് ചതിച്ചാലും ഇവറ്റകൾ ചതിക്കില്ല.

പിന്നെ, തേക്കും മൂച്ചിയും വിറ്റ് ഞാനൊരു second hand കാർ വാങ്ങിയടാ. തേക്കിന് അധികം വില കിട്ടിയില്ല, ഉള്ള് പൊള്ളയായിരുന്നു. പോട് കണ്ടപ്പഴാ കുറേ കാലം കൂടി നിന്നെ ഓർത്തത്. ഇപ്പോൾ കാറിലാ യാത്ര.

ശ്രീധരന്റെ കൈയ്യില് എന്റെ നല്ല ഫോട്ടോയുണ്ട്. ചത്താൽ ഫ്ലക്സ് അടിക്കാൻ എടുത്തതാ. തെക്കേ പറമ്പിൽ ഇത്തിരി സ്ഥലമുണ്ട് അച്ഛന് വിശ്രമിക്കാൻ , അത് മതീടാ. വീടും പറമ്പും കാലശേഷം ഒരു വൃദ്ധസദനമാക്കണം. എഴുതി റജിസ്റ്റർ ചെയ്ത് കൊടുത്തിട്ടുണ്ട്.

എന്നെ നോക്കണ കുമാരന് 50 സെന്റ് സ്ഥലവും ഒരു വീടും ( നിനക്ക് വേണ്ടി വച്ചതാ) കൊടുത്തിട്ടുണ്ട്. ഓടിച്ചെന്ന് അങ്ങോട്ട് കുതിര കേറാതിരിക്കാൻ പറഞ്ഞതാ. അച്ഛൻ കഞ്ഞികുടി കുറച്ചു. ഇപ്പോൾ ഇവിടെയും പിസ്സ ഒക്കെ കിട്ടൂടാ. വിളിച്ച് പറഞ്ഞാ വീട്ടിലെത്തിച്ച് തരും. ഇടക്ക് വാങ്ങാറുണ്ട്.

നിനക്ക് നിന്റെ അമ്മമ്മടെ കുരുട്ടു ബുദ്ധിയാടാ . അതു കൊണ്ടല്ലേ നീ ദുബായിൽ ജോലി ഉണ്ടായിരുന്ന രമയെയും കെട്ടി മുട് താങ്ങി അങ്ങോട്ട്‌ പോയത്. അമ്മ മരിച്ചിട്ടു പോലും അവള് വിട്ടില്ല, അല്ലേടാ. ഞാൻ മരിച്ചാലും നിന്നെ പ്രതീക്ഷിക്കണില്ല. അതു കൊണ്ട് ഫ്രീസറിൽ വച്ച് തണുപ്പിക്കാണ്ടെ കുഴിയിൽ വെച്ചോളാൻ NSS കാരോട് പറഞ്ഞിട്ടുണ്ട്.

അച്ഛന് ഇത്തിരി സുഖം കുറവാണെങ്കിലും ഈ പാലക്കാട്‌ മതിടാ. അതാ അച്ഛന്റെ സുഖം. അച്ഛനുള്ള പാസ്പ്പോർട്ടുമായി ദൈവം ഉടനേ വരും, നിന്റെ കുട്ടികളെ ഒന്ന് നേരിൽ കാണാൻ പറ്റിയില്ലല്ലോടാ. സാരമില്ല, ചത്തു കഴിഞ്ഞ് സ്വർഗത്തിലേക്ക് പോകുമ്പോൾ ആ വഴി വന്നു പോകാം. നിന്റെ തലമണ്ടക്ക് ഒരു മേട്ടവും തരാം.

എന്നെങ്കിലും തിരിച്ചു വരണമെന്ന് തോന്നിയാൽ ഉപയോഗിക്കാനായി പാടം നിന്റെ പേരില് എഴുതി വച്ചിട്ടുണ്ട്. പിന്നെ ഇവിടെ വയല് നികത്താൻ പറ്റില്ല. അതു കൊണ്ട് തന്നെ വിറ്റാൽ വല്യ വിലയും കിട്ടില്ല. പാടത്തിനു നടുവിൽ ചെറിയ ഒരു പുരയുണ്ട്. അച്ഛനും അമ്മയും ജീവിതം തുടങ്ങിയത് അവിടുന്നാ… അടിപൊളിയായിട്ട് നിനക്കും തുടങ്ങാം.

എന്നാ ശരി, പറമ്പില് പുല്ലു പറിക്കാൻ ആറുമുഖൻ വന്നു. കത്ത് ചുരുക്കുന്നടാ കുട്ടാ,

എന്ന് അച്ഛൻ T. DHAMODHAR

(നിന്റെ ഫേസ്ബുക്ക് ഫ്രണ്ട് T. D. DHAR)

Source URL: https://padayali.com/%e0%b4%85%e0%b4%9a%e0%b5%8d%e0%b4%9b%e0%b4%a8%e0%b5%86%e0%b4%af%e0%b4%be%e0%b4%a3%e0%b5%8d-%e0%b4%8e%e0%b4%a8%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b7%e0%b5%8d%e0%b4%9f%e0%b4%82/