ടി. എസ്‌.ബാലൻ സാറിനെ ഓർക്കുമ്പോൾ ….

by padayali | 29 July 2020 7:11 PM

ന്യായപ്രമാണം അനുസരിക്കാത്ത യെഹൂദന്മാരെ ” സർപ്പസന്തതികളേ ” എന്നുവിളിച്ചു അവരുടെ കപട മുഖങ്ങളെ പിച്ചി ചീന്തിയ സ്നാപക യോഹന്നാൻ കപട വേഷധാരികൾക്ക് ഒരു പേടി സ്വപ്നമായിരുന്നു. ഗലീലായിലെ ഹേറോദോസ് ആൻറ്റിപ്പാസ് രാജാവിന്റെ ഭരണകാലത്താണ് സ്നാപകയോഹന്നാൻ വധിക്കപ്പെടുന്നത്. സ്ത്രീയിൽ നിന്നു ജന്മം കൊണ്ടവരിൽ ഏറ്റവും വലിയവൻ എന്നാണ് യേശു സ്നാപക യോഹന്നാനെപ്പറ്റി പറഞ്ഞിരിക്കുന്നത്. യേശുവിനെ സ്നാനപ്പെടുത്തിയശേഷം ഏകദേശം ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ യോഹന്നാന്‍ സ്നാപകന്‍ തടവിലായി എന്നു ബൈബിളില്‍ കാണുന്നു. (മത്തായി 14:1-12, യോഹന്നാന്‍ 6: 14-21) ഹേറോദോസിന്റെ സഹോദരൻ പീലിപ്പോസിന്റെ ഭാര്യ ഹെരോദ്യ എന്ന നീച സ്ത്രീയുടെ പ്രീതി പിടിച്ചുപറ്റാനായി ഹെരോദാവ് രാജാവ് യോഹന്നാനെ തടവിലാക്കുകയായിരുന്നു. ഇവരുടെ അവിഹിതമായ ജീവിതബന്ധത്തെ യോഹന്നാന്‍ ശക്തമായി എതിര്‍ത്തു പറഞ്ഞതിനായിരുന്നു ഹെരോദ്യയ്ക്ക് യോഹന്നാനോട് വിരോധം ഉണ്ടാകാന്‍ കാരണം. രാജാവ് ഹേറോദിയയെ രഹസ്യമായി വിവാഹം ചെയ്തു. ഇതു മനസ്സിലാക്കിയ യോഹന്നാൻ അവരുടെ ബന്ധത്തെ ശക്തമായി എതിർത്തു. യോഹന്നാൻ ഹെരോദാവിനോട് പറഞ്ഞത് ” നിന്റെ സഹോദരന്റെ ഭാര്യയെ നീ പരിഗ്രഹിക്കുന്നത് നിയമവിരുദ്ധമാണ്. അത് ദൈവത്തിന് ഇഷ്ടമുള്ള പ്രവൃത്തിയല്ല. തന്മൂലം കോപാകുലനായ രാജാവ് സ്നാപകയോഹന്നാനെ തുറുങ്കിലടച്ചു.
ജനങ്ങൾ യോഹന്നാനെ ഒരു പ്രവാചകനായിട്ടാണ് കണ്ടിരുന്നത്. അദ്ദേഹം നീതിമാനായിരുന്നെന്ന് ഹെരോദാവ് മനസ്സിലാക്കിയിരുന്നു. ഇക്കാരണത്താൽ അദ്ദേഹത്തെ കൊലപ്പെടുത്തുവാൻ രാജാവ് ഭയപ്പെട്ടു. സ്നാപകയോഹന്നാനെ കൊന്നുകളയുവാനായി ഹേറോദിയ രാജാവിനെ നിർബന്ധിച്ചു കൊണ്ടേയിരുന്നു. അതിനിടെ ഒരിക്കൽ ഹേറോദിയായുടെ പുത്രി ഹേറോദേസിന്റെ ജന്മനാളിൽ രാജസദസിൽ നൃത്തമവതരിപ്പിച്ചു. നൃത്തത്തിൽ പ്രസാദിച്ച രാജാവ് അവൾ ആവശ്യപ്പെടുന്നതെന്തും നൽകാമെന്നു സദസ്സിൽ സമ്മതിച്ചു. അമ്മയുടെയും മകളുടെയും മുൻകൂട്ടിയുള്ള തീരുമാനമനുസരിച്ച് ‘സ്നാപകയോഹന്നാന്റെ ശിരസ് ഒരു തളികയിൽ തരിക’ എന്ന് അവൾ ആവശ്യമുന്നയിച്ചു. ഇതു കേട്ട രാജാവ് ദുഃഖിതനായി. എങ്കിലും പൊതുസദസ്സിൽ നൽകിയ വാഗ്ദാനമായതിനാൽ രാജാവിന് ആ ആവശ്യം നിറവേറ്റാതെ തരമില്ലായിരുന്നു. ഒടുവിൽ അവളുടെ ആവശ്യപ്രകാരം രാജാവ് ആളയച്ച് തടവിലായിരുന്ന യോഹന്നാന്റെ ശിരസ്സ് വെട്ടിയെടുത്ത് തളികയിൽ അവൾക്ക് സമ്മാനിച്ചു. അവൾ അത് അവളുടെ അമ്മയ്ക്ക് കൊടുത്തു. അങ്ങനെ അനീതിക്കെതിരെ ഗർജ്ജിക്കുന്ന സിംഹത്തിന്റെ വായ് അടച്ചു.

പെന്തക്കോസ്തിലെ കള്ളന്മാരുടെ, വ്യഭിചാരികളുടെ, അന്യന്റെ ഭാര്യമാരെ വെച്ചുകൊണ്ടിരിക്കുന്നവരുടെ, ദുർന്നടപ്പുകാരുടെ, പിടിച്ചുപറിക്കാരുടെ, ദുരുപദേശകരുടെ, വ്യാജ ടോക്‌റേറ്റുമാരുടെ…..( ലിസ്റ്റുകൾ എഴുതിയാൽ ഇവിടെ തീരില്ല ) ഒക്കെ ഒരു പേടിസ്വപ്നമായിരുന്നു റ്റി. എസ്. ബാലൻ എന്ന വെറും ഒരു മനുഷ്യൻ.

പാസ്റ്റർ. റ്റി. എസ്. ബാലനെ ഈയുള്ളവൻ ആദ്യമായി പരിചയപ്പെടുന്നത് 1989 ലാണ്. അന്നു ഞാൻ പെരുമ്പാവൂർ – കീഴില്ലം പെനിയേൽ ബൈബിൾ സെമിനാരിയിൽ പഠിക്കുന്ന കാലം. ബൈബിൾ കോളേജിലെ ഞായറാഴ്ച്ച സഭായോഗം എന്ന തട്ടിക്കൂട്ട് പ്രഹസനം ഒരു വർഷത്തോളം അനുഭവിച്ചു മടുത്തു. രണ്ടാം വർഷമായതോടെ പുറത്ത് ഏതെങ്കിലും സഭകളിൽ സഭായോഗത്തിന് പോകാൻ അവസരം ലഭിച്ചപ്പോൾ ആദ്യം പോയത് ബൈബിൾ കോളേജിനു തൊട്ടടുത്തുള്ള കീഴില്ലം ശാരോൻ സഭയിലാണ്. ചെന്നുപെട്ടത് ഒരു സിംഹത്തിന്റെ മടയിൽ ആണന്നു അന്നു മനസിലായില്ല. അവിടുത്തെ പാസ്റ്റർ. റ്റി. എസ് ബാലനെ അധികം ആർക്കും അറിയില്ല. ഒരു പാസ്റ്റർ എന്നതിലുപരി അന്ന് അദ്ദേഹം ആരും അല്ല താനും. അദ്ദേഹത്തിന്റെ പ്രസംഗ ശൈലിയും വചന പാണ്ഡിത്യവും ഈയുള്ളവനെ വളരെയധികം ആകർഷിച്ചു. അവധിക്ക് നാട്ടിൽ പോകുന്നത് ഒഴിച്ചാൽ പിന്നീട് അങ്ങോട്ട് 1991 വരെയുള്ള ഞായറാഴ്ചകൾ ആ സഭയിൽ ആയിരുന്നു എന്റെ സഭായോഗം. ( തുടർന്ന് വർഷങ്ങൾ കഴിഞ്ഞാണ് അദ്ദേഹം ഡിഫൻഡർ എന്ന പത്രം തുടങ്ങുന്നത്.) സത്യത്തിൽ മുട്ടടി സർവീസും വാട്ടർ സപ്ലൈയും നടത്താതെ പ്രസംഗിക്കാൻ ശീലിച്ചതും അവിടെത്തന്നെ. ബൈബിൾ കോളേജിന് വെളിയിൽ എന്റെ ഒരു ഗുരു പാസ്റ്റർ. റ്റി. എസ് ബാലൻ എന്നുപറയുന്നതിൽ ഒരു ലജ്‌ജയും ഇല്ല. അന്നു തുടങ്ങിയ സ്നേഹബന്ധം മരിക്കും വരെ ഞങ്ങൾ ഇരുവരും കാത്തുസൂക്ഷിച്ചു. മരിക്കുന്നതിന് രണ്ട് ആഴ്ചയ്ക്ക് മുമ്പും പോയി നേരിൽ അദ്ദേഹത്തെ കണ്ട് മണിക്കൂറുകൾ സംസാരിക്കാൻ അവസരം ലഭിച്ചു.

റ്റി എസ്‌ ബാലൻ മരിച്ചിട്ടു 7 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. പെന്തക്കോസ്തിലെ ആത്മീക കിങ്കരന്മാർക്കു ചങ്കുറപ്പോടെ അഭിമാനത്തോടെ ദുർനടപ്പ്, വ്യഭിചാരം, പിടിച്ചുപറി, അഴിമതി, ദേവാലയ വാണിഭങ്ങൾ, രാഷ്ട്രീയ കള്ളക്കളികൾ എന്നിവ നിർവിഘ്നം തുടരുവാനുള്ള വഴികൾ അതിനാൽ തുറക്കപ്പെട്ടു. ഉതയ്ക്കുന്നവരെ ഒതുക്കുകയും, പഴിക്കുന്നവരെ ഒഴിവാക്കുകയും, അനീതിക്കെതിരെ ഗർജ്ജിക്കുന്നവരെ ഇല്ലായ്‌മ ചെയ്യുകയും ചെയ്യുന്ന പെന്തക്കോസ്തു പ്രത്യയശാസ്ത്രത്തിനു മുമ്പിൽ ഒറ്റക്കു പോരാടിയ ഒരു ധിഷണാശാലിയെ ജീവിതത്തിൽ മറക്കുവാൻ കഴിയുമോ? ബാലന്റെ എഴുത്തുകോൽ നിശ്ചലമായി, പെന്തക്കോസ്തിലെ വൈകൃതങ്ങൾ പിന്നെയും തകൃതിയായി വളർന്നു ഒരു വടവൃക്ഷമായി നിൽക്കുന്നതു കാണുമ്പോൾ റ്റി എസ്‌ ബാലൻ ഇന്നും ജീവിച്ചിരുന്നുവെങ്കിൽ എന്നു ആശിച്ചുപോകുന്നു.

റ്റി. എസ് ബാലന്റെ പേരിൽ ധാരാളം പ്രശ്നങ്ങൾ എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. ഒരു പൊങ്ങിയും അവരുടെ മൂന്നു കെട്ടിയ ഉണർവ് പ്രാസംഗികനായ മകനും ഈയുള്ളവനെ ഇന്ത്യയിലേക്ക് ഡി- പോർട്ട് ചെയ്യിക്കും (നാടു കടത്തും ) എന്നുവരെ ഭീക്ഷണിമുഴക്കി. ( അമ്മയ്ക്ക് സ്ത്രീധനം കിട്ടിയതാണ് അമേരിക്ക എന്നാണ് ചിലരുടെ ധാരണ ) ജീവിതത്തിൽ മാതൃക ഇല്ലാത്തവന്റെ ഉണർവ്വ് ക്രൂസേഡിനെപ്പറ്റി റ്റി എസ് ബാലൻ എഴുതിയത് ഈയുള്ളവൻ ന്യൂസ്‌ കൊടുത്തിട്ടാണ് എന്നതായിരുന്നു അവരുടെ ആക്ഷേപം. അതിന് കാരണമായി ഈ പൊങ്ങി തള്ള പറഞ്ഞു പരത്തിയത് റ്റി. എസ് ബാലൻ നാട്ടിൽ ഉപയോഗിച്ചിരുന്ന ഒരു അമേരിക്കൻ ഫോൺ നമ്പർ ഞാനാണ് വാങ്ങിക്കൊടുത്തത്‌, അതുകൊണ്ട് എന്നെ നാടുകടത്തും. ആർക്കും വാൾമാർട്ടിൽ നിന്നും 25 ഡോളർ കൊടുത്തു വാങ്ങാവുന്ന മാജിക്ക് ജാക്ക് (USB ഫോൺ )അതിന്റെ നമ്പർ 972 വിൽ തുടങ്ങുന്നതുകൊണ്ട് പൊങ്ങിത്തള്ള അത് എന്റെ തലയിൽ ചാർത്തി തന്നു. റ്റി.എസ് ബാലന്റെ അമേരിക്കൻ ന്യൂസ്‌ ഏജന്റാണ് ഈയുള്ളവൻ എന്ന ഒരു അവിഖ്യാതിയും അദ്ദേഹം മരിക്കും വരെ ഈയുള്ളവന്റെ നെറ്റിമേൽ പതിച്ചുതരാൻ അമേരിക്കൻ മലയാളി പെന്തക്കോസ്തുകാർ കാണിച്ച ഊർജ്‌ജസ്വലതയുടെ ഒരു അംശം സ്വന്ത കുടുംബം നോക്കാൻ കാട്ടിയിരുന്നെങ്കിൽ അവരുടെ തലമുറകൾ വഴിപിഴച്ചു പോകില്ലായിരുന്നു.

ആത്മീയ ലോകത്തിലെ ( പെന്തക്കോസ്ത് ) പല തട്ടിപ്പുകളും മറനീക്കി പുറത്തുവന്നപ്പോൾ ആത്മീയ കുത്തക മുതലാളി തുരപ്പനെലികളുടെ സ്വസ്ഥത നഷ്ടപ്പെട്ടു. പട്ടുമെത്തയിൽ കിടന്നിട്ടുപോലും ഉറക്കം കിട്ടാതെയായി. റ്റി. എസ് ബാലനെ ഒതുക്കുവാൻ, ഇല്ലായ്മ ചെയ്യാൻ നീർക്കോലി മുതൽ രാജവെമ്പാല വരെ രംഗത്തിറങ്ങി. റ്റി എസ് ബാലന്റെ കൈയ്യും കാലും വെട്ടാൻ ഗുണ്ടകളെ വരെ വാടകയ്ക്ക് എടുത്തു. പെന്തക്കോസ്തിൽ വന്നു പെന്തക്കോസ്തുകാരെ പറ്റിച്ചു തിന്നുനടന്നു പിന്നീട് ക്നാനായയിലേക്ക് മടങ്ങിപ്പോയ ഒരു ചീമപ്പന്നി പവർ വിഷന്റെ മൊയലാളിയ്ക്ക് വേണ്ടി അതിന്റെ ഓഫീസിൽ ഇരുന്നുകൊണ്ട് ദുബായിൽ വിളിച്ചു ക്വട്ടേഷൻ കൊടുത്ത കഥ തെളിവോടെ പുറത്തുവന്നിരുന്നു. മറ്റൊരു ഗുണ്ടാ തലവൻ ” അഴകിയൊനെക്കണ്ടു അപ്പാ എന്നുവിളിക്കുന്ന” മറ്റൊരു ഉണ്ട ഫ്രോഡ് റ്റി. എസ് ബാലന്റെ വീട്ടിൽ ഗുണ്ടകളെ വിട്ടു. കാരണം റ്റി എസ് ബാലന്റെ എഴുത്തു മൂലം അന്നത്തെ ഐപിസി കേരളാ സ്റ്റേറ്റ് സെക്രട്ടറി ഐപിസിയിൽ വേദിമുടക്കം കല്പിച്ചു. പക്ഷേ ക്വട്ടേഷൻ ഗുണ്ടകൾക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. അന്നുമുതലാണ് റ്റി. എസ് ബാലൻ തന്റെ വീടിനുചുറ്റും CC TV ക്യാമറ വെച്ചത്.

ഒരു ദിവസം എങ്കിലും ജയിലിൽ കിടത്തണം എന്ന അതിയായ അത്യാഗ്രഹം മൂത്തിട്ടു പൊലീസിന് പണം വാരി കോരി കൊടുത്ത് വെള്ളിയാഴ്ച ദിവസം നോക്കി റ്റി എസ് ബാലനെ അറസ്റ്റ് ചെയ്യിപ്പിച്ചു.( അടുത്ത ദിവസം ജാമ്യം എടുക്കാൻ ശനിയും ഞായറും കോടതി പ്രവർത്തിക്കില്ലല്ലോ ) പോലീസ് വീട്ടിൽ ചെല്ലുന്ന സമയം കൃത്യമായി അറിഞ്ഞു അറസ്റ്റ് ലൈവ് കാണിക്കാൻ ചാനലുകാരേയും വിലക്കെടുത്ത് വാതിലിൽ നിർത്തിയിരുന്നു. അങ്ങനെയും ചിലർ പക തീർത്തു.
നെടുബ്രത്തും കുമ്പനാട്ടും ഉള്ള രണ്ടു ഐപിസി നേതാക്കളുടെ ഒത്തുകളി ആയിരുന്നു റ്റി എസ് ബാലന് എതിരെ ഉണ്ടായ കേരളത്തിലെ ആദ്യത്തെ സൈബർ കേസ്. കുമ്പനാട്ടെ നേതാവിന്റെ പണം വാങ്ങിയ പോലീസ് സകല പ്രൊട്ടോക്കോളും തെറ്റിച്ചു അവിടെനിന്നും നേരിട്ടു പെരുമ്പാവൂരിൽ എത്തി റ്റി. എസ് ബാലന്റെ കമ്പ്യൂട്ടർ എടുത്തുകൊണ്ട് കുമ്പനാട്ടേക്ക് പോയി. ഒരാഴ്ച്ച കഴിഞ്ഞു ആ കമ്പ്യൂട്ടർ കോടതിയിൽ ഹാജരാക്കുന്നു. ( അതിനിടയ്ക്ക് കൂലിവാങ്ങി നേതാവിന്റെ മകളുടെ ഫോട്ടോ മോർഫ് ചെയ്ത് കമ്പ്യൂട്ടർ എക്സ്പെർട്ട് അതിൽ സേവ് ചെയ്തു) അങ്ങനെ കേസിന് ബലം കൂട്ടി. ഇത്രയും ഒക്കെ കാട്ടി കൂട്ടിയിട്ടും റ്റി. എസ് ബാലന്റെ മരണം വരെ തന്റെ ഡിഫൻഡറിൽ തൂലികയിലൂടെ പോരാട്ടം നടത്തിക്കൊണ്ടേ ഇരുന്നു.
റ്റി എസ് ബാലൻ ഒരു പ്രവാചകൻ അല്ലായിരുന്നു എങ്കിലും അദ്ദേഹം പറഞ്ഞ ചില കാര്യങ്ങൾ വള്ളിപുള്ളി തെറ്റാതെ നടന്നു. ഒന്ന്, സജിത്ത് ജോസഫ് കണ്ണൂർ. അസംബ്ലീസ് ഓഫ് ഗോഡിൽ തുടങ്ങി പതുക്കെ ദുരുപദേശം പഠിപ്പിച്ചു തുടങ്ങിയ കാലം അദ്ദേഹം പറഞ്ഞു. ഇവന്റെ അവസാനം കത്തോലിക്കയിൽ ആയിരിക്കും എന്ന്. 2020 ൽ അത് നിറവേറി. മറ്റൊന്നു കഴിഞ്ഞ മാർച്ചിൽ അടൂരിൽ ഉള്ള ഫ്രോഡ് പ്രവാചകന്റെ കൂടാരത്തിൽ ചെന്നുകയറി കൊറോണയെ കത്തിച്ചുകളയാൻ കുവൈറ്റിലേക്കും മസ്കറ്റിലേക്കും ദുബായിലേക്കും തീ അയച്ച സാക്ഷാൽ അവറാൻ, ആരും കൈക്കൊള്ളാതെ തെക്ക് വടക്ക് നടക്കും എന്ന് ബാലൻ പറഞ്ഞിരുന്നു. സത്യം. ശാരോനിൽ നിന്നും പെന്തക്കോസ്ത് വേദികളിൽ നിന്നും പുറത്തായ ഈ മഹാൻ CSI ൽ പോയി. പിന്നെ ആംഗ്ലിക്കൻ സഭയുടെ പട്ടം സ്വീകരിച്ചു. അവിടെയും രക്ഷയില്ലാതെ ടിജോയുടെ കൂടാരത്തിൽ പോയി. സത്യം പറഞ്ഞാൽ ഗതികിട്ടാത്ത പ്രേതം പോലെ തെക്കുവടക്ക് അലഞ്ഞു തിരിഞ്ഞു നടക്കുന്നു.

പലരേയും പേരെടുത്തു പറയണം എന്നുണ്ട്. വായനക്കാർക്ക് അരോചകം ആകരുതല്ലോ. എന്നിരുന്നാലും വിശ്വസിച്ചു കൂടെ നിന്ന ചിലർ അവസാന സമയങ്ങളിൽ അദ്ദേഹത്തെ വാരിക്കുഴിയിൽ അകപ്പെടുത്തുകയും ചെയ്തു.

പെന്തക്കോസ്തിലെ ഒട്ടു മിക്ക നേതാക്കന്മാർക്കും ഉള്ള അതേ ഡോക്റ്ററേറ്റ് റ്റി എസ് ബാലന്റെ വീട്ടിൽ ഉള്ള രണ്ടു വളർത്തുപട്ടികൾക്കും ഒരു പൂച്ചയ്ക്കും കിട്ടിയതും വായനക്കാർ മറക്കരുത്. അങ്ങനെ ആ വളർത്തു മൃഗങ്ങളും Rev. Dr ആയി. പ്രജാപതി ക്രിസ്തു ആണ് എന്നു തെളിയിച്ച മഹാൻ ഐപിസിയുടെ നേതൃത്വത്തെ കൂട്ട് പിടിച്ചു ഐപിസിയുടെ സണ്ടേസ്‌കൂൾ പാഠപദ്ധതിയിൽ ഉൾപ്പെടുത്തിയതിൽ നിന്നും പുറത്തുകളയിപ്പിച്ചതും റ്റി. എസ് ബാലൻ ആയിരുന്നു.

പെന്തക്കോസ്തിൽ സ്വയം പോങ്ങികളുടെ എണ്ണം കോവിഡ്‌ വ്യാപനം പോലെ ക്രമാതീതമായി പെരുകിക്കൊണ്ടിരിക്കുന്ന കാലമാണിതു. റവഡോകൾക്കു “ചുമ്മാഡോകൾ” എന്നൊരു വിളിപ്പേരു ആദ്യം ഇട്ടതു ദിവംഗതനായ റ്റി എസ്‌ ബാലൻ അവറുകൾ ആയിരുന്നു എന്നതു ഇവിടെ സ്മരിക്കുന്നു. ആ പച്ചമനുഷ്യനെ പെന്തക്കോസ്തിലെ പരീശപ്രമാണികൾ ഒത്തുകൂടി മാനസികമായി പീഢിപ്പിച്ചു ക്രൂശിലേറ്റിയതു ആർക്കെങ്കിലും മറക്കുവാൻ കഴിയുമോ? അദ്ദേഹത്തിന്റെ ഭാഷാശൈലി നിസ്തുലവും തീഷ്ണവും സുദൃഢവും ആയിരുന്നു. കുറിക്കു കൊള്ളുന്ന വിമർശനശരങ്ങൾ പലപ്പോഴും പെന്തക്കോസ്തിലെ പരീശപ്പരിഷകളുടെ മുഖം മൂടികളെ വലിച്ചു ചീന്തിയിട്ടുണ്ടു. അദ്ദേഹത്തെപോലെ നല്ലൊരു വാഗ്മിയും വേദപണ്ഡിതനും ആണത്തമുള്ളൊരു വിമർശകനും ഇന്നു പെന്തക്കോസ്തിൽ ഉണ്ടോയെന്നു എനിക്കു അറിവില്ല. എഴുത്തുകളിൽ ശൂരനെങ്കിലും പ്രസംഗത്തിലും സാമീപ്യത്തിലും അദ്ദേഹം ശാന്തനും സൗമ്യനും ആയിരുന്നു. എന്നെ അദ്ദേഹത്തോടടുപ്പിച്ച ചാലക ശക്തിയും അതുതന്നെയായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ മരണം കേരളത്തിലെ ഒട്ടുമിക്ക ക്രൈസ്തവ മാധ്യമങ്ങളും ആഘോഷിച്ചു എന്നുള്ളതാണു ദു:ഖസത്യം. ശത്രുവിന്റെ മൃതദേഹത്തിനു മുൻപിൽ പോലും ഒരു പടയാളി തന്റെ സ്ഥാനചിഹ്നമായ തൊപ്പിയൂരി തലകുനിച്ചുനിന്നു ആദരവു കാട്ടാറുണ്ടു. നേരെമറിച്ചു അദ്ദേഹത്തിന്റെ ദേഹവിയോഗം പെന്തക്കോസ്തിലെ കുത്തക മാധ്യമങ്ങളും പരീശപ്രമാണികളും പടക്കം പൊട്ടിച്ചു, കേയ്ക്ക് മുറിച്ചു കൊണ്ടാടിയതു പോകട്ടെ, തോമാശ്ലീഹായുടെ പാരമ്പര്യമോ സിറിയൻ പാരമ്പര്യമോ പറഞ്ഞു ഊറ്റം കൊള്ളൂവാൻ യാതൊന്നും ഇല്ലാത്ത ഒരു സാധുവിനു അദ്ദേഹത്തിന്റെ മരണത്തിൽ കുറഞ്ഞപക്ഷം മാനുഷിക പരിഗണന എങ്കിലും കൊടുക്കണമായിരുന്നു. ദ്വയാർത്ഥം കലർത്തി ആക്ഷേപ ശൈലിയിൽ മരണവാർത്ത പ്രസിദ്ധീകരിച്ച കുത്തക മാധ്യമങ്ങളും അക്കൂട്ടത്തിൽ പെടുന്നു. പെന്തക്കോസ്തിലെ ഏതു മരമാക്രി മരിച്ചാലും “മഹത്വത്തിൽ പ്രവേശിച്ചു, നിത്യതയിൽ പ്രവേശിച്ചു” എന്നീ കീർത്തിമുദ്രകൾ ചാർത്തി സ്വർഗ്ഗത്തിലേക്കു തള്ളിക്കയറ്റുകയാണു പതിവു. എന്നാൽ പെന്തക്കോസ്തിലെ ഒരു കുത്തക മാസിക പാസ്റ്റർ റ്റി എസ്‌ ബാലനു “നിത്യതയും മഹത്വവും” തടഞ്ഞു വെച്ചുകൊണ്ടു നിഷേധാത്മകമായ അവഗണനയിൽ വാർത്തയിട്ടതു “റ്റി എസ്‌ ബാലൻ മരിച്ചു” എന്ന തലക്കെട്ടോടുകൂടി ആണെന്നോർക്കണം. റ്റി എസ്‌ ബിയുടെ വിമർശനശരം ഏറ്റു വാങ്ങിയവരെല്ലാം അദ്ദേഹത്തെ കഠിനമായി വെറുത്തു. ഒരു കോവിഡ്‌ രോഗി മരിക്കുമ്പോൾ നൽകുന്ന മരണ ശുശ്രൂഷപോലെ ആർഭാടങ്ങളില്ലാതെ സ്വകാര്യതയിൽ റ്റി എസ്‌ ബിയുടെ സംസ്ക്കാരശുശ്രൂഷയും നടന്നു. അദ്ദേഹത്തിന്റെ അന്ത്യാഭിലാഷവും അതുതന്നെ ആയിരുന്നു എന്നതു മറ്റൊരു നിമിത്തമായി നിലകൊള്ളുന്നു. ബഹുമാന്യനായ കാനം അച്ചൻ ഒഴികെ പെന്തക്കോസ്തിലെ പ്രമാണികളായ ജാതിക്കോമരങ്ങളെ ആരെയും അവിടെ കണ്ടില്ല. ചങ്കൂറ്റത്തോടെ പ്രമാണികളായവരുടെ മുഖം നോക്കാതെ റ്റി എസ്‌ ബിയുടെ ശവസംസ്ക്കാരത്തിനു സാക്ഷ്യം വഹിച്ച കാനം അച്ചനോടു എനിക്കു അതുകൊണ്ടുതന്നെ അതിരറ്റ ബഹുമാനവും ആദരവും ഉണ്ടു. റ്റി എസ്‌ ബാലൻ പോയാൽ എല്ലാം കഴിഞ്ഞുയെന്നു ധരിച്ചവർക്കു തെറ്റു പറ്റിയിരിക്കുന്നു. റ്റി എസ്‌ ബിയെ ഒടുക്കിയപ്പോൾ അതു അദ്ദേഹത്തിന്റെ വിമർശന ചിന്തകളെ ആളിക്കത്തിച്ചു. ഒരു ഡിഫൻഡർ പോയപ്പോൾ ആയിരക്കണക്കിനു ഡിഫൻഡർമ്മാർ സടകുടഞ്ഞെഴുന്നേറ്റു. അദ്ദേഹം കൊളുത്തിയ ആദർശ ദീപം കെട്ടുപോയില്ല, അതു ആയിരമായിരം കെടാവിളക്കുകളായി ഇന്നു സാമൂഹ്യ മാധ്യമങ്ങളിലൂടെ ജ്വലിച്ചുകൊണ്ടിരിക്കുന്നതു കാലത്തിന്റെ നീതിയാണു. എങ്കിലും ഇന്നും പെന്തക്കോസ്തിലെ “ചുമ്മാഡോകളെ” ചുമലിലേറ്റുന്ന കോവർക്കഴുതകളെ കാണുമ്പോൾ ദുഃഖമുണ്ടു. പെന്തക്കോസ്തിലെ വിസർജ്ജ്യങ്ങൾക്കെതിരെ ശബ്ദിക്കുന്ന ഡിഫൻഡറുകൾ ഇനിയും മുമ്പോട്ടു വരണം. മാറ്റുവീൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ, മാറ്റുമതുകളീ നിങ്ങളെത്താൻ!!

2013 ജൂലൈ 24, തന്റെ മരണദിവസം രാവിലെ പൊരിച്ച മീൻ കൂട്ടി ( സാധാരണ എണ്ണയിൽ പൊരിച്ച ഒന്നും കഴിക്കാറില്ല, എന്നാൽ അന്ന് മീൻ വറത്തു തിന്നാൻ ഒരു ആഗ്രഹം പ്രകടിപ്പിച്ച പ്രകാരം എണ്ണയിൽ പൊരിച്ച മീൻ കഴിച്ചു ) ആഹാരം കഴിച്ചു, ഭാര്യ ഡ്രസ്സ് ചെയ്യിപ്പിച്ചു, മുടിയും ചീകി കൊടുത്തു. ഒരു കേസിനോടുള്ള ബന്ധത്തിൽ തിരുവല്ലയിലേക്ക് പോയി മടങ്ങി വരുന്ന സമയത്തു ഒരു നെഞ്ചുവേദന ഉണ്ടായി. യാത്രയിൽ അടുത്തുള്ള മുളക്കുഴ സെഞ്ച്വറി ആശുപത്രിയിലേക്ക് കൊണ്ടുപോയി. കൂടെ ഉണ്ടായിരുന്ന മകനോട്‌ നിന്റെ മടിയിൽ അല്പനേരം തലവെച്ചു കിടക്കട്ടെ എന്നുപറഞ്ഞു മടിയിൽ തല വെച്ചുകിടന്നു, ആ കിടപ്പിൽ മരിച്ചു. ഇങ്ങനെ ആയിരുന്നു റ്റി എസ് ബാലന്റെ അന്ത്യം.
ഈ മരണത്തെപ്പറ്റി ‘ ബാലന്റെ അവസാനം പോലെ നിനക്കും വരും ‘ എന്നു പറഞ്ഞാണ് പെന്തകൊസ്തിലെ വ്യഭിചാരികളും, വ്യഭിചാരത്തിനു പായ് വിരിച്ചുകൊടുക്കുന്നവന്മാരും, ടോർച്ച് അടിച്ചു കൊടുക്കുന്നവരും വ്യഭിചരിക്കാൻ തുണിപൊക്കി കൊടുക്കുന്നവൾമാരും സത്യം പറയുന്ന മറ്റുള്ളവരെ ഭീഷണിപ്പെടുത്തുന്നത്. …. ഈ പറയുന്നവന്മാർ ബൈബിൾ വായിച്ചിരുന്നെങ്കിൽ ഒരിക്കലും ഇങ്ങനെ പറയില്ല എന്നത് മറ്റൊരു സത്യം. ഇവന്മാർ പ്രസംഗിക്കുന്ന ക്രിസ്തു അന്നത്തെ രാഷ്ട്രീയ മതപരമായ അടിസ്ഥാനത്തിൽ “മരത്തിൽ തൂങ്ങുന്നവനെല്ലാം ശപിക്കപ്പെട്ടവൻ ” എന്ന് ന്യായപ്രമാണത്തിൽ പറയുന്നത് പ്രകാരം ശാപ ഗ്രസ്തനായി മരിച്ചു. കർത്താവിന്റെ ശിഷ്യന്മാർ, ആദ്യ പിതാക്കന്മാർ, ഒന്നാം നൂറ്റാണ്ടിലെ വിശ്വാസികളുടെ ഒക്കെ മരണം കല്ലെറിഞ്ഞും, കഴുത്ത് വെട്ടിയും, ഈർച്ചവാളുകൾ കൊണ്ട് അറുത്തും, രണ്ടു മര ചില്ലകൾ വലിച്ചു കാലുകൾ വലിച്ചു കെട്ടി മരച്ചില്ലകൾ വിട്ടു ശരീരം രണ്ടായി കീറിക്കളഞ്ഞും, മരത്തിൽ കെട്ടിതൂക്കിയും, ക്രൂര മൃഗങ്ങൾക്ക് മുൻപിൽ ഇട്ടുകൊടുത്തും ഒക്കെ ആയിരുന്നു. ഒരു ദൈവപൈതലിന്റെ മരണം കണ്ടു കോൾമയിർ കൊള്ളുന്ന നിന്റെയൊക്കെ അവസാനം ശുഭമായി തീരട്ടെ.

https://www.facebook.com/100039101616114/posts/297677178212334/?d=n[1]

Endnotes:
  1. https://www.facebook.com/100039101616114/posts/297677178212334/?d=n: https://www.facebook.com/100039101616114/posts/297677178212334/?d=n

Source URL: https://padayali.com/when-i-remember-ts-balan-sir/