റവറണ്ട് ലേവ്യൻ!!

റവറണ്ട് ലേവ്യൻ!!
April 06 22:28 2020 Print This Article

ഒരു പക്ഷെ വളരെ രസകരമായി തോന്നാം ഈ തലക്കെട്ട്.

ന്യായാധിപന്മാരുടെ പുസ്തകം ഒടുവിലത്തെ അദ്ധ്യായം വായിച്ചാൽ ഒരു കാര്യം ബോധ്യമാകും അതായത് യിസ്രായേലിൽ രാജാവില്ലാതിരുന്ന കാലത്ത് തങ്ങൾക്ക് ബോധിച്ചതുപോലെ നടന്നവരിൽ പ്രമുഖസ്ഥാനം ലേവ്യർക്കായിരുന്നു എന്നത്.

ന്യായാധിപന്മാർ 17 ,18 അദ്ധ്യായങ്ങളിൽ ഒരു ലേവ്യൻ ആഹാരം തേടി അപ്പത്തിന്റെ പട്ടണമായ ബേത്ത്ളഹേമിൽ നിന്നും എഫ്രയിം മലനാട്ടിലേക്ക് വന്നതായി നാം വായിക്കുന്നു. 19-)ം അദ്ധ്യായത്തിൽ ഒരു ലേവ്യൻ ഒരു വെപ്പാട്ടിയെത്തേടി എഫ്രയിം മലനാട്ടിൽ നിന്നും ബേത്ത്ളഹേമിലേക്ക് പോയതായും കാണാം . ഒരുവൻ ബേത്തളഹേമിൽ നിന്നും എഫ്രയിംമിലേക്ക് പോയപ്പോൾ മറ്റൊരുവൻ എഫ്രയിമിൽ നിന്നും ബേത്തലഹേമിലേക്ക് പോകുന്നു.

രണ്ട് പേരെയുംക്കുറിച്ച പൊതുവെ പറഞ്ഞാൽ രണ്ടും യിസ്രായേല്യരായിരു ന്നുവെങ്കിലും അധമന്മാരായിരുന്നു എന്നുള്ളതാണ്. ഇവിടെ ഒരു ആത്മീക പാഠമുണ്ട് , അതായത് ഒരുവൻ വിശ്വാസിയാണെന്ന് പറയുന്നതുകൊണ്ട് അവൻ അനിവാര്യമായും ആത്മീകൻ ആയിരിക്കണമെന്നില്ല . ലേവ്യരെക്കുറിച്ച് ചിന്തിക്കുമ്പോൾ അവർ ഉന്നതമായ സ്ഥാനമുള്ളവരായിരുന്നു.

ലേവ്യരെക്കുറിച്ച് ബൈബിളിൽ 300 ലധികം പ്രാവശ്യം പറഞ്ഞിട്ടുണ്ട്.മോശയുടെ കാലത്ത് യഹോവയുടെ പക്ഷത്തുള്ളവർ ഇങ്ങോട്ട് ചേർന്ന് നില്ക്കട്ടെ എന്ന് മോശെ ആഹ്വാനം ചെയ്തപ്പോൾ മുമ്പോട്ട് വന്ന് നിന്നവരുടെ പിൻതലമുറക്കാരാണ് ഇപ്പോൾ ഒരുത്തൻ അപ്പം തേടിയും മറ്റൊരുത്തൻ വെപ്പാട്ടിയെ തേടിയും ഇറങ്ങിത്തിരിച്ചിരിക്കുന്നത്!! .

ഇത് വാസ്തവത്തിൽ നമ്മെ ചിന്തിപ്പിക്കേണ്ട ഒരു സംഗതിയാണ്. യിസ്രായേല്യരെപ്പോലെ പിതാക്കന്മാരുടെ പാരമ്പര്യം പറയുന്ന നമ്മിൽ ചിലരും കാലാന്തരത്തിൽ പിതാക്കന്മാരുടെ മാർഗ്ഗം വിട്ട് വഷളത്വത്തിലേക്ക് പിന്മാറിയിട്ടില്ലേ എന്ന് ചിന്തിക്കണം . ലേവ്യരുടെ വീഴ്ചയുടെ ആഴം.!! എത്രമാത്രം ഉയർന്ന സ്ഥാനത്ത് നിന്നവരായിരുന്നുവെങ്കിലും അവരുടെ വീഴ്ചയുടെ ആഴം ഭയങ്കരമായിരുന്നു.

ലേവ്യർക്ക് മറ്റ് ഗോത്രങ്ങളെപ്പോലെ കനാൻ ദേശത്ത് അവകാശം കിട്ടിയിരുന്നില്ലയെങ്കിലും വിവിധ ഗോത്രങ്ങളിലായി 48 പട്ടണങ്ങളും അതിനു ചുറ്റും 2000 മുഴം അകലത്തിലുള്ള പുൽപ്പുറങ്ങളും ദൈവം അവർക്ക് കൊടുത്തിരുന്നു.. സംഖ്യ.(35.7,യോശുവ. 21.41. )ബാക്കി 11 ഗോത്രങ്ങൾക്കുള്ള എല്ലാ വകകളുടെയും ദശാംശവും അവർക്കുള്ളതായിരുന്നു.

ഇങ്ങനെയുള്ള എല്ലാം നന്മകളുടെയും അവകാശമുണ്ടായിരുന്നവരിൽ ഒരുവനാണ് തരം കിട്ടുന്നിടത്ത് പാർക്കുവാനായി ബേത്തളഹേമിൽ നിന്നും ഇപ്പോൾ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത് എന്നുള്ളത് കഷ്ടാൽ കഷ്ടതരമാണ്. ! ലേവ്യർക്ക് തന്നെ ഇവൻ ഒരപമാനമായിരുന്നു എന്നത് ഉറക്കെപ്പറയാം.

യോശുവ അവർക്ക് ഈ അവകാശങ്ങൾ വിഭാഗിച്ച് കൊടുത്ത് അധികകാലം കഴിയും മുമ്പാണ് ഇതുണ്ടായത് എന്നത് ഏറെ ചിന്തിക്കേണ്ടിയിരിക്കുന്നു. ഒരു ലേവ്യനെ സംബന്ധിച്ചിടത്തോളം,അവൻ അവന്റെ ചുമതലകൾ കൃത്യമായി നിർവ്വഹിക്കുന്നവനാണെങ്കിൽ ഇങ്ങനെ അവന് തെണ്ടി നടക്കേണ്ടി വരില്ല . അവന്റെ ചുറ്റുപാടുമുള്ള മറ്റ് ഗോത്രങ്ങളുടെ ഇടയിൽ ദൈവം തന്നെ ഭരമേൽപ്പിച്ച ഉത്തരവാദിത്തങ്ങൾ വിശ്വസ്ഥമായി അവൻ നിറവേറ്റുന്നവനെങ്കിൽ ഒരിക്കലും അവൻ തെണ്ടി നടക്കേണ്ടി വരില്ല .

ദൈവം ഏൽപ്പിച്ച സുവിശേഷ ദൌത്യം ദൈവഹിതപ്രകാരം നിവർത്തിക്കുന്ന യാതൊരു സുവിശേഷവേലക്കാരനും കാശുകാരൻ്റെ വീടുതോറും കയറി ഇറങ്ങി ആത്മിക തെണ്ടെൽ ശുശ്രൂഷ ചെയ്യുകയോ അവർക്ക് ഈ ലേവ്യനെപ്പോലെ അടുക്കളപ്പണി ചെയ്യുകയോ വേണ്ടിവരില്ല. ഇക്കാലത്ത് അങ്ങനെയുള്ള സുവിശേഷകർ ധാരാളമുണ്ടെന്നുള്ള സത്യം പറയാതെ വയ്യ.

ഒരു ലേവ്യൻ തന്റെ ചുറ്റുപാടുമുള്ള എല്ലാ യഹൂദനും ഒരനുഗ്രഹമായി നിലകൊള്ളേണ്ടതിനാണ് ദൈവം അവനെ അവരുടെ നടുവിൽ ആക്കിവച്ചിരിക്കുന്നത്. അതനുസരിച്ച് ബേത്ത്ലഹേമിലുള്ള യിസ്രായേല്യർക്ക് ശുശ്രൂഷ ചെയ്യേണ്ടവൻ അതിനു മനസ്സില്ലാതെ തരം കിട്ടുന്നിടത്ത് പാർക്കുവാൻ ഇറങ്ങിപ്പുറപ്പെട്ടിരിക്കയാണ് ഇപ്പോൾ. എന്തൊരുനാണക്കേടാണിത്! .

തന്റെ സ്വന്തസ്ഥലത്ത് പാർക്കുവാൻ കഴിയാതെവരുന്ന ഏതൊരു ലേവ്യനും ഏതു സമയത്തും യരശലേമിലേക്ക് വരാവുന്നതും അവിടെ ദേവാലയത്തോടുള്ള ബന്ധത്തിൽ ചെയ്യേണ്ട ശുശ്രൂഷകൾ ചെയ്ത് ഉപജീവനം കഴിക്കാവുന്നതുമാണ്. . ആവർ. 18.6-8. എന്നാൽ പേരു പറയാത്ത ഈ ലേവ്യനാകട്ടെ, യഹോവയുടെ ആലയത്തിലെ നന്മകൊണ്ട് തൃപ്തിപ്പെടുന്നവനല്ലായിരുന്നു .

ഇന്നും ദൈവത്തിന്റെ വേല ദൈവത്തിന്റെ ഹിതപ്രകാരം ദൈവം പറയുന്നതുപോലെ ചെയ്യതെ വേല വേലയെന്നു ചൊല്ലി വേലിയില്ലാസ്ഥലം പോലെ നാലപാടും തുറന്നുള്ള ജാലവേലകളുമായി ധാരാളം പേർ ആത്മീകലോകത്തുണ്ട് എന്നത് എത്രയോ വാസ്തവം! ആ ലേവ്യൻ യരുശലേമിലായിരുന്നുവെങ്കിൽ അവിടെ മഹാപുരോഹിതനും പുരോഹിതപുത്രന്മാരുമെല്ലാമുണ്ട്.

അവിടെ ന്യായമായ ഓഹരി അവനും ലഭിക്കുമായിരുന്നു . പക്ഷെ അതുകൊണ്ട് അവൻ സംതൃപ്തനല്ലായിരുന്നു. അതുകൊണ്ട് സ്വന്ത ഇഷ്ടപ്രകാരം കൂടുതൽ ഉണ്ടാക്കുവാനാണ് അവൻ തത്രപ്പെട്ടത് . എഫ്രയിമിലെ മിഖായാവിന്റെ സ്ഥലത്തെക്കാൾ വളരെ അവന് വളരെ സമീപമായിരുന്നു യരുശലേം എന്ന്ത് ഇവിടെ വിസ്മരിച്ചുകൂടാ. അവൻ ചെന്ന് ചേർന്നത് മിഖായാവിന്റെ വീട്ടിലായിരുന്നു.

അവിടെ അഥിതിയായി വന്നതുകൊണ്ടായിരിക്കാം, പ്രധാനമായും അവന് കിട്ടിയത് ബഹുമാനമായിരുന്നു. ഒരു പക്ഷെ റവറണ്ട് , വെരി റവറണ്ട് , മോസ്റ്റ് റവറണ്ട് സ്ഥാനമായിക്കാം . ഇനിയും നിദാന്ത വന്ദ്യ ദിവ്യ ശ്രീ മഹിമ പദവി ആയിരുന്നുവോ മിഖായാവ് അവന് വച്ചുനീട്ടിയത് എന്നതും വെക്തമല്ല.

ചെന്ന പാടെ മിഖായാവ് അവനോട് “ നീ എന്നോടുകൂടെ പാർത്ത് എനിക്ക് പുരോഹിതനും പിതാവുമായിരിക്ക“ എന്നായിരുന്നു പറഞ്ഞത്. യൗവ്വനക്കാരനായ ലേവ്യനെക്കാൾ മിഖായാവു പ്രായം കൂടിയവനായിരുന്നു എന്ന് ന്യായമായും നമുക്ക് ചിന്തിക്കാം . കരപൂരണം ചെയ്ത് പുരോഹിത ശുശ്രൂഷ ചെയ്ത് പോന്ന ഒരു മകൻ മിഖായാവിന് ഉണ്ടായിരുന്നു. ആ നിലയിൽ ലേവ്യൻ മിഖായാവിന് പിതാവായരിക്കണം എന്ന് മിഖായാവ് പ്രസ്താവിക്കുവാൻ വല്ല കാരണവുമുണ്ടോ?

ഏതായാലും തെണ്ടിത്തിരിഞ്ഞ് നടന്ന ഒരു ലേവ്യന് മിഖായാവിന്റെ വീട്ടിൽ ഇത്രയും ബഹുമാനം കിട്ടിയപ്പോൾ മറ്റല്ലാ കാര്യങ്ങളും നിസ്സാരമായി അവൻ കണക്കാക്കി.അതല്ലെങ്കിൽ ആണ്ടിൽ പത്ത് വെള്ളിപ്പണത്തിന് അന്തെസ്സുള്ള ആരെങ്കിലും ഇതുപോലെ ജോലി ചെയ്യുമോ എത്ര കാലം മിഖായാവിനോടൊപ്പം ഈ ലേവ്യൻ ഉണ്ടായിരുന്നു എന്നൊന്നും കൃത്യമായറിയില്ല.

ദാൻ ഗോത്രത്തിൽ അവകാശം നഷ്ടപ്പെട്ട ഒരു കൂട്ടർ താമസിക്കുവാൻ സ്ഥലം അന്വേഷിച്ച് 5 ഒറ്റുകാരെ പറഞ്ഞയച്ചിരുന്നു.അവർ യാത്രക്കിടയിൽ മിഖായാവിന്റെ സ്ഥലത്ത് അൽപ്പസമയം താമസിച്ചതിനാൽ ഈ ലേവ്യനുമായി പരിചയപ്പെടുവാനവസരമുണ്ടായി. തങ്ങളുടെ യാത്ര ശുഭമോ എന്ന് ദൈവത്തോട് ചോദിക്കുവാൻ ഇവർ ലേവ്യനോട് ആവശ്യപ്പെട്ടുവെങ്കിലും അവൻ ദൈവത്തോട് ആലോചന ചോദിക്കാതെ തന്നെ അവർക്കു ശുഭമരുളുന്നതും ഇവിടെ വായിക്കുന്നുണ്ട്.

ഇക്കാലത്തെ കളള പ്രവാകന്മാരുടെ മെച്ചമായൊരു മുൻഗാമിയായിരുന്നു ഈ ലേവ്യൻ . കർത്താവ് കൽപ്പിച്ചില്ലെങ്കിലും കർത്താവിന്റെ നാമത്തിൽ ശുഭം അരുളുന്ന ലേവ്യൻ അത്തരം ലേവ്യർ എക്കാലത്തുമുണ്ടെന്ന് മാത്രമല്ല അവർ തരം കിട്ടുന്നിടത്ത് പാർക്കുന്നവരായ അധമന്മാരാണെന്നുള്ളതും നാം വിസ്മരിച്ചുകൂടാ

(തുടരം)

E.C.തോമസ്‌

  Categories:
view more articles

About Article Author