പെന്തക്കോസ്തർക്ക് ഇനിയുള്ളത് മടങ്ങിവരവിന്റെ കാലങ്ങൾ ആകണം

പെന്തക്കോസ്തർക്ക് ഇനിയുള്ളത് മടങ്ങിവരവിന്റെ കാലങ്ങൾ ആകണം
July 06 14:40 2019 Print This Article

ഒരു മുസ്ലീമിന് അതികാലത്തു പള്ളിയിൽ ബാങ്ക് വിളിക്കുന്ന സമയത്തെപ്പറ്റിയുള്ള ധാരണയുണ്ട്. ദേഹശുദ്ധി വരുത്തി ശരിയായ സമയത്തു തന്നെ നിസ്കാരത്തിനായി അവൻ മോസ്കിൽ എത്തിയിരിക്കും. കൃത്യനിഷ്ഠയും സമർപ്പണവും അവന്റെ പ്രവർത്തികളിൽ കാണാൻ കഴിയും.

ഞായറാഴ്ച രാവിലെ വീട്ടിൽ നിന്ന് മുറ്റത്തിറങ്ങി നോക്കിയാൽ അമ്പലത്തിൽ പോകുന്ന ഹൈന്ദവ സ്ത്രീകളെ കാണാൻ പറ്റും .വൃത്തിയായി കുളിച്ചു സെറ്റു സാരിയൊക്കെ ഉടുത്തു ചന്ദനക്കുറിയും തൊട്ടു പോകുന്ന അവരുടെ നടപ്പിൽ തന്നെ ഒരു ഭക്തിയുണ്ടായിരിക്കും.ഇതേദിവസം തന്നെ അതിരാവിലെ റോഡിൽ നോക്കിയാൽ കുർബാന ക്രമങ്ങളും കയ്യിൽ പിടിച്ചു പള്ളിയിൽ പോകുന്ന ക്രൈസ്തവ സാമുദായിക സഭകളിലെ വിശ്വാസികളെയും കാണാം . അവരുടെ നടപ്പും വസ്ത്രധാരണ രീതിയും ഒക്കെ കണ്ടാൽ അറിയാതെ അവരോടു ആദരവ് തോന്നിപ്പോകാറുണ്ട്.

പെന്തക്കോസ്തരായ നാം ഇവരിൽ നിന്നെല്ലാം കൂടുതൽ ദർശനവും കാഴ്ചപ്പാടും പ്രാപിച്ചവർ ആയതുകൊണ്ട് ഇവർക്കെല്ലാം മാതൃകയാക്കാൻ പറ്റുന്ന ക്വളിറ്റി നമ്മുടെ പ്രവർത്തികളിൽ ഉണ്ടാകണം. ആദ്യ കാലങ്ങളിൽ അതുണ്ടായിരുന്നു. അതുമൂലം മിക്കവരും പെന്തക്കോസ്തരെ ബഹുമാനിച്ചിരുന്നു.

ഖേദകരം എന്ന് പറയട്ടെ . ഇന്ന് ആരാധന പത്തുമണിക്കാണ് തുടങ്ങുന്നതെങ്കിൽ നമ്മിൽ പലരും സഭാ ഹോളിൽ എത്തുന്നത് പത്തേകാലിനോ പത്തരയ്ക്കോ ആയിരിക്കും. കുഞ്ഞുങ്ങൾ ഉള്ള മാതാപിതാക്കൾ ആണെങ്കിൽ ഇടയ്ക്കിടയ്ക്ക് അവരെ കളിപ്പിക്കുന്നതും കഴിപ്പിക്കുന്നതും കാണാം. കൂട്ടത്തിൽ പാസ്റ്ററുടെ കൊച്ചും ഇരുന്നു കളിക്കുന്നതുകൊണ്ടു അദ്ദേഹത്തിനും ജനത്തെ തർജ്ജനം ചെയ്യാൻ കഴിയാറില്ല. മിക്ക കുട്ടികൾക്കും ട്യൂഷൻ അന്നേ ദിവസം ആയതുകൊണ്ട് പലകുട്ടികളും സഭായോഗങ്ങൾക്കു വരാറില്ല പാസ്റ്ററുടെ ഉൾപ്പെടെ.

ഇടയ്ക്കു ഫോൺ ബെല്ലടിക്കുമ്പോൾ ഒരു ഭയവുമില്ലാതെ അകത്തുവച്ചു സംസാരിക്കുന്നവർ ഉണ്ട്. ചിലർ എടുത്തു പുറത്തു പോകും. പിന്നെ വരുന്നത് സാവകാശം പുതിയ ബിസിനസ്സ് ഡീലുകൾ നടത്തിയിട്ടായിരിക്കും . ആരാധനകൾക്കു ഏത് രീതിയിലുള്ള വസ്ത്രവും എങ്ങനെയും ധരിച്ചു വരാൻ ഇപ്പോൾ പലർക്കും ഒരു മടിയുമില്ല. മിക്ക കുട്ടികളും സൺ‌ഡേ സ്‌കൂൾ പഠനം പ്രാധാന്യമുള്ളതായി കാണുന്നില്ല,പെന്തകൊസ്തിൽ ജനിച്ചു വളർത്തപ്പെടുന്ന തലമുറകളിൽ പലർക്കും രക്ഷ എന്താണെന്ന് ഇന്നും അറിയില്ല. പള്ളികളിലെ മാമോദീസ പോലെ ഇവിടെ സ്നാനം നിർബന്ധം ആയതുകൊണ്ട് ഒരു കർമ്മം പോലെ അത് അനുഷ്ഠിക്കുന്നു. രക്ഷിക്കപ്പെട്ടു സ്നാനപ്പെടുന്നവർ ഇന്ന് തുലോം കുറവായിരിക്കുന്നു.വിവാഹം ഭവന പ്രതിഷ്ട ശവസംസ്കാരങ്ങൾ ഇവയെല്ലാം പലപ്പോഴും പത്രാസ് കാണിക്കാനുള്ള വേദികളാക്കി മാത്രം മാറ്റുന്നു.

നിത്യതയെ മാത്രം ലക്ഷ്യമാക്കി പ്രയാണം തുടങ്ങിയവരുടെ തലമുറകൾ പലതും ഇന്ന് നരകവും സ്വർഗ്ഗവും ഒന്നുമില്ലെന്നും ഇവിടെ ആടിപ്പാടി സന്തോഷിച്ചു അടിച്ചുപൊളിക്കാം എല്ലാം ഇവിടെത്തന്നെ എന്നും പറയുന്നു . കൂടാതെ ജാതികൾ പോലും പറയാൻ അറയ്ക്കുന്ന വാക്കുകൾ ഏത് പ്ലാറ്റഫോമിലും മത്സരിച്ചുപറയാൻ താല്പര്യം കാട്ടുന്നവർ ആയും മാറി.

സഭകളിലെ ഇന്നുള്ള പ്രസംഗങ്ങൾ മൂലം പലർക്കും പാപബോധം ഉണ്ടാകുന്നില്ല. ദർശനം മറന്നു കർണ്ണരസം ഉളവാക്കുന്ന പ്രസംഗങ്ങളിലേക്കു ഇടയന്മാർ തിരിഞ്ഞതുമൂലം ജനത്തിനു അനുതാപം ഉണ്ടാകുന്നില്ല. മാനസാന്തരപ്പെടാത്ത ചില ഇടയന്മാർ മൂലം പല വിശ്വാസികളും കഠിനന്മാരും പിന്മാറ്റക്കാരുമായി മാറുന്നു. ലക്ഷ്യബോധം മറക്കുന്ന നേതൃത്വം നാമധേയ പെന്തക്കോസ്തരെ അണികൾ ആക്കി അധികാരത്തിലേറാൻ മത്സരിക്കുന്നു. അധികാരമോഹം തലയ്ക്കുപിടിച്ച നേതൃത്വങ്ങൾ കാരണം ദര്ശനമുള്ളവൻ ഇന്നും പുറത്തു നിൽക്കുന്നു. ഈ അധികാരക്കൊതിയന്മാർ മൂലം അനേകരുടെ വിശ്വാസം തണുത്തുപോകുന്നു. ദർശനവും കാഴ്ചപ്പാടും ഉള്ളവർ കണ്മുന്നിൽ ഉള്ളപ്പോൾ തന്നെ മക്കൾക്കും മരുമക്കൾക്കും കൊച്ചുമക്കൾക്കും അധികാരക്കസേരകൾ വീതിക്കാൻ ഇവർ ധൃതി കൂട്ടുന്നു. കർത്താവ് കാര്യം തീർക്കുന്ന നാളിൽ ആദ്യം കണക്കുചോദിക്കുന്നതു ഈ അധികാരമോഹികളോടായിരിക്കും. പ്രവർത്തികൾ മൂലം ഇന്ന് മറ്റുള്ളവരിൽ നിന്ന് ഒരു വേർപാടിന്റെ ലക്ഷണവും മിക്ക പെന്തക്കോസ്തരും കാണിക്കുന്നില്ല.

ഇതാണോ തനിച്ചു പാർക്കുന്ന ജനം. ഇതാണോ ജാതികളുടെ കൂട്ടത്തിൽ എണ്ണപ്പെടാത്തവർ.പെന്തക്കോസ്തർക്ക് ഒരു മടങ്ങിവരവ് എല്ലാ തലങ്ങളിലും ആവശ്യം ആണ്. പണ്ടത്തെ പോലെ ഒരു നല്ല കാലത്തിലേക്ക് ഞങ്ങളെ കൊണ്ടുപോകാൻ കഴിയണേ എന്നായിരിക്കണം ഇനിയുള്ള പ്രാർത്ഥനകൾ. കാത്തിരിപ്പു കൂട്ടങ്ങളും ഉപവാസ പ്രാർത്ഥനകളും എല്ലാം അതിനുള്ള മുഖാന്തരങ്ങൾ ആയി മാറണം

അല്ലെങ്കിൽ പെന്തകൊസ്തുകാരനോട് പലരും ആ മുസ്ലീമിനെ കണ്ടു പഠിക്കു. ആ ഹൈന്ദവനേ കണ്ടു പഠിക്കു. ആ കത്തോലിക്കനെ കണ്ടു പഠിക്കു എന്നൊക്കെ പറയേണ്ട കാലം വരും.പണ്ട് ഇത് നേരെ തിരിച്ചായിരുന്നു പറഞ്ഞിരുന്നത് .നേതൃത്വങ്ങൾ ഉണരണം. നേതൃത്വം ഉണർന്നാൽ ജനം ഉണരും. ജനം ഉണർന്നാൽ ചുറ്റുപാടുകൾ ഉണരും. ചുറ്റുപാടുകൾ ഉണർന്നാൽ ദേശം ഉണരും

അങ്ങനെ ഈ അന്ത്യകാലത്ത് ഉണർവിന്റെ കാറ്റ് ദേശമെമ്പാടും ആഞ്ഞടിപ്പിക്കാൻ ദൈവം സഭകളെ ഒരുക്കട്ടെ എന്ന് പ്രാർത്ഥിക്കാം…
റോയി പതാലിൽ വർഗ്ഗീസ്

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.