ഇടയന്മാർ കുറയുന്നുവോ ?

ഇടയന്മാർ കുറയുന്നുവോ ?
September 01 20:59 2020 Print This Article

അമേരിക്കൻ പെന്തക്കോസ്തിലേക്ക് പുതിയ തലമുറയിൽ നിന്നും പാസ്റ്റർമാർ ആത്മീയ രംഗത്തേക്ക് കടന്നു വരുന്നതിൽ കടുത്ത ക്ഷാമം നേരിടുന്നു. അമേരിക്കയിൽ പല ചർച്ചുകളും അർപ്പണമനോഭാവവും ദൈവവിളിയും യോഗ്യതകളും ഉള്ള പുതിയ തലമുറയിൽ നിന്നും ശുശ്രൂഷ മനോഭാവമുള്ള പാസ്റ്റർമാരെ തേടി പല സഭകളും ഇരിപ്പാണ്.

കുഞ്ഞ് – ആടുകളെ മേയ്ക്കുവാൻ തക്ക യോഗ്യരായവർ ഇല്ലായ്കയാൽ പല കുഞ്ഞ്- ആടുകളും ഇംഗ്ലീഷ് സഭകളിലേക്ക് ചേക്കേറുകയും ബാക്കിയുള്ളവ ഇളം പുല്ലുകളുടെ മണ്ടയും കടിച്ച് അവിടെയും ഇവിടെയും കറങ്ങി നടക്കുകയും ചെയ്യുന്നു. തന്മൂലം പല വലിയ സഭകളും തങ്ങളുടെ ഇളയ കുഞ്ഞാടുകളെ തക്ക രീതിയിൽ മേയ്ക്കുവാൻ ഒരുവൻ വരുമെന്ന പ്രതീക്ഷയും പ്രത്യാശയിലും വാതിലുകൾ മലർക്കെ തുറന്നിട്ടുകൊണ്ട് ഉറ്റു നോക്കിയിരിക്കുന്നു.

എന്തുകൊണ്ട് പുതിയ തലമുറ ആത്മീയ രംഗത്തേക്ക് കടന്നുവരുന്നില്ല എന്നുള്ള ഒരു ചിന്തയാണ് ഈ കുറിപ്പിന് ആധാരം.

അനാകർഷകമായ ശമ്പളം….

മിക്ക ചർച്ചുകളിലും പാസ്റ്റർമാർക്ക് കിട്ടുന്ന ശമ്പളം കൊണ്ട് ഒരു കുടുംബം പുലർത്തുവാൻ ഉള്ള ദൗർലഭ്യം ഉണ്ട്. മറ്റുള്ളവരെ പോലെ മാന്യമായി ജീവിക്കുവാൻ നിർബന്ധിക്കപ്പെടുകയും മറ്റുള്ളവരെ പോലെ ന്യായമായി കുടുംബത്തെ പോറ്റുകയും ചെയ്യേണ്ടത് കൊണ്ടുണ്ടാകുന്ന സാമ്പത്തിക പരിമിതി ഓർത്തുകൊണ്ട് മറ്റു തൊഴിൽ മേഖലകൾ തിരഞ്ഞെടുക്കുവാൻ പല യുവാക്കളെയും പ്രേരിപ്പിക്കുന്ന ഘടകം.

യൂത്ത് പാസ്റ്റർമാർ മിക്കവരും കുടുംബജീവിതത്തിലെ പ്രാരംഭ ഘട്ടങ്ങളിൽ ആയതുകൊണ്ട് കുഞ്ഞുങ്ങളെ നോക്കുവാനും അതോടൊപ്പം ജോലിക്ക് പോകുവാനും അവരുടെ ഭാര്യമാർക്ക് എപ്പോഴും കഴിയാറില്ല. അങ്ങനെ ജോലിക്ക് പോകേണ്ടി വരുന്നുവെങ്കിൽ ബേബി സിറ്റിംഗ് ചിലവ് ഭീകരം ആയതിനാൽ മിക്കപ്പോഴും രണ്ടിനാൽ ഞരങ്ങുന്ന കുടുംബങ്ങളും ഏറെയുണ്ട്.

തന്മൂലം ആത്മിക ലോകത്തിലെ ജോലിയും അതിൽനിന്നു കിട്ടുന്ന നന്മയും ഒരു ആകർഷണം ഇല്ലാതെ പോകുമ്പോൾ മറ്റു ജോലി സാധ്യതകൾ സമൂഹത്തിൽ ഏറെ ഉള്ളതും അതിൽ നിന്നുള്ള നന്മ വളരെ ഏറെയും ആയതിനാൽ പലപ്പോഴും അത് എടുക്കുവാൻ പലരെയും പ്രേരിതരാകുന്നു എന്നുള്ളതാണ് സത്യം.

ചർച്ച്  പൊളിറ്റിക്സ് …..

മലയാളി പെന്തക്കോസ് സഭകളിലെ ചർച്ചു പൊളിറ്റിക്സിന്റെ അതിപ്രസരം അനേകരെ ആത്മീയ ശുശ്രൂഷ എന്ന ദൗത്യത്തിൽ നിന്ന് പിന്തിരിപ്പിക്കുന്നു. പല അച്ചായൻമാരുടെയും ഇച്ഛാശക്തിക്ക് ആജ്ഞാനുവർത്തികളായി ഇരിക്കണം മലയാളി സഭകളിലെ പാസ്റ്റർമാർ എന്നാണ് മിക്കവരുടെയും വിചാരം. അവർക്ക് ഇഷ്ടമുള്ളതു ഒക്കെയും സാധിച്ചു കൊടുക്കുവാനും അവരുടെ പേര് ഹൈലൈറ്റ് ചെയ്യപ്പെടാനും അവർക്ക് താല്പര്യം ഇല്ലാത്തത് നടത്താതിരിക്കാനും ഉള്ള ഒരു ഉപകരണമായി പാസ്റ്റർമാർ മിക്കപ്പോഴും മാറ്റപ്പെടുമ്പോൾ അതിനു ബലിയാട് ആവുന്നതും അവർ തന്നെയായിരിക്കും. ഇതുമൂലം മിക്ക സഭകളിലും സ്വതന്ത്രമായി ശുശ്രുഷിക്കുവാനോ സ്വന്തമായി നിലപാടുകൾ എടുക്കുവാനോ മിക്കപ്പോഴും പാസറ്റർമാർക്ക് കഴിയാതെ പോകുന്നു.

പലരെയും സുഖിപ്പിച്ചുകൊണ്ട് കാര്യങ്ങൾ മുന്നേറാതെ വരുമ്പോൾ പലരുടെയും അപ്രീതിക്ക് പാത്രമാകാറുണ്ട്. മറ്റു ചിലരാവട്ടെ ഇത്തരം അച്ചാന്മാരെ കൂട്ടുപിടിച്ചുകൊണ്ട് കാര്യപ്രാപ്തി ക്കുവേണ്ടി കളിക്കാനും ഇറങ്ങാറുണ്ട് എന്നുള്ളത് വിസ്മരിക്കുക വയ്യ. പല വലിയ വീട്ടിൽ അച്ഛയന്മാരുടെയും വിചാരം അവരാണ് സഭയുടെ അച്ചുതണ്ട്. അവർ വിചാരിക്കുന്നത് പോലെ തന്നെ കാര്യങ്ങൾ കറങ്ങി തിരിയണം എന്നുള്ള വാശിപിടുത്തം, വേണ്ടതിനും വേണ്ടാത്തതിനും എല്ലാം വലിഞ്ഞു കേറി കൈയിട്ടു ഇളക്കുക, ശരി ചെയ്താലും തെറ്റ് ചെയ്താലും കുറ്റം പാസ്റ്ററുടെ തലയിൽ. അത് മാത്രമല്ല മറ്റു ചിലരുടെ വിചാരം ഞങ്ങൾ വേലയ്ക്ക് വച്ചിരിക്കുന്ന ഒരു വേലക്കാരനാണ് കർതൃദാസൻ എന്നാണ്. ഇങ്ങനെ സാമൂഹികമായ വലിയ സമ്മർദ്ദം എറ്റു എടുക്കുവാൻ താല്പര്യമില്ലാതെ പലരും ഈ ആത്മീയ ലീഡർഷിപ്പിൽ നിന്നും പിന്നോക്കം വലിയുന്നു…..

അനിശ്ചിതത്വം ഉള്ള ജീവിതം…..

മിക്ക പെന്തക്കോസ് സഭകളിലും തനിക്ക് ലഭിച്ചിരിക്കുന്ന മൂന്നോ നാലോ അഞ്ചോ വർഷം കഴിയുമ്പോൾ കൂടും കുടുക്കുകയും എടുത്തു മറ്റൊരു ദേശത്ത് പോയി തന്റെ അവിടെയുള്ള കാലാവധി തീരുന്ന വരെ താമസിക്കുക. കുഞ്ഞുങ്ങളുടെ സ്കൂൾ മുതൽ സഹധർമ്മിണിയുടെ ജോലി വരെ എല്ലാം അനിശ്ചിതത്വത്തിൽ. ഒരിടത്തുനിന്നും വാരിക്കെട്ടി മറ്റൊരിടത്ത് പോയി കുറച്ചു കഴിഞ്ഞ് അവിടെ നിന്നും മറ്റൊരു ഇടങ്ങളിലേക്ക് പോകേണ്ട അവസ്ഥ.

അതിനു തക്കതായ യാതൊരു സാമ്പത്തിക പ്രതിഫലവും തങ്ങൾ ശുശ്രുഷിക്കുന്ന ചർച്ചിൽ നിന്ന് കിട്ടാതെ വരുകയും ചെയ്യുമ്പോൾ ഒരു പാസ്റ്ററിന്റെ ജീവിതത്തിലെ എല്ലാ മേഖലകളിലും അനിശ്ചിതത്വം തുടരുകയാണ്. ഒരു സ്ഥലത്ത് വീട് വാങ്ങിയത് വിൽക്കേണ്ടി വരുന്നു. വീണ്ടും പോയി മറ്റൊരു സ്ഥലത്ത് വീട് വാങ്ങേണ്ടി വരുന്നു…. അതുമല്ലെങ്കിൽ വാടകയ്ക്കെടുത്ത് താമസിക്കേണ്ടി വരുന്നു. അതുമൂലമുണ്ടാകുന്ന മാനസിക സമ്മർദ്ദം വളരെ വലുതാണ്.

അങ്ങനെ ഒരു അനിശ്ചിതത്വത്തിൽ ജീവിക്കുവാനും ചർച്ചിന്റെ പരിമിതമായ സാമ്പത്തിക നന്മയിൽ ഒരു കുടുംബത്തെ വഹിച്ചുകൊണ്ട്, ചർച്ചിൽ നിന്നു വരുന്ന ഭാരിച്ച സമ്മർദ്ദങ്ങളെ അതിജീവിച്ച് കൊണ്ട് മുന്നോട്ടു പോകുവാൻ പുതിയ തലമുറയ്ക്ക് വലിയ താൽപര്യമില്ലാത്ത കാര്യമായി മാറി.

സാമൂഹികമായ ചില വിഷയങ്ങൾ…..

പാസ്റ്റർമാർ പൊതുസ്വത്താണ് എന്നാണ് ചില പെന്തക്കോസ്തുകാരുടെ ചിന്ത. അതിനാൽ പാസ്റ്റർമാർക്ക് സ്വതന്ത്രമായി ചിന്തിക്കാനോ അഭിപ്രായം പറയുവാനോ സ്വന്തമായി കാഴ്ചപ്പാടുകൾ ഉണ്ടാവാൻ പാടില്ല അത്രേ….! അതുപോലെതന്നെ അവർ ഒരു നല്ല ഉടുപ്പ് ഇട്ടാൽ പ്രശ്നം, ഒരു നല്ല കാർ വാങ്ങിയാൽ പ്രശ്നം, ഒരു നല്ല വീട് വാങ്ങിയാൽ പ്രോബ്ലം. കാരണം അവർ ദൈവദാസന്മാർ അത്രേ….

അതുകൊണ്ട് ഇവയൊന്നും അവർക്ക് പാടില്ല എന്നുള്ള ചില പഴഞ്ചൻ ചിന്തകൾ വിശ്വാസികളുടെ ഇടയിൽ ഉണ്ട്. എന്നാൽ വിശ്വാസികൾക്കും മക്കൾക്കും അല്പസ്വല്പം ചിലതൊക്കെ ആവാം പാസ്റ്റർമാർക്ക് പാടില്ലത്രേ. ഇതിൽ ഏറ്റവും കൂടുതൽ പ്രയാസം അനുഭവിക്കുന്നത് പികെ എന്ന ഓമനപ്പേരിൽ വിളിക്കുന്ന (Pastor’s Kid) കൾ ഇങ്ങനെ ആയിരിക്കണം, അങ്ങനെ ആയിരിക്കരുത്, എന്ന ഒരു എഴുതാപ്രമാണമുണ്ട് അവർക്ക്.

സംഭാഷണങ്ങൾ അവരുടെ ചലനങ്ങൾ, അവരുടെ നോട്ടം, അവരുടെ ഇടപാടുകൾ, അവരുടെ ജീവിത ശൈലി, അവർ ആരോടൊക്കെ മിണ്ടുന്നു, കൂട്ടുകൂടുന്നു, അവരുടെ വാഹനമോടിക്കൽ, അവരുടെ വസ്ത്രധാരണം, ചർച്ചിന് അകത്തും പുറത്തും ഉള്ള ബന്ധങ്ങൾ, കൂട്ടുകാർ, അങ്ങനെ PK എപ്പോഴും ചർച്ചുകാരുടെ നിരീക്ഷണ വലയത്തിലാണ്.

ഇതുമൂലം മനംമടുത്ത് അനേകം PK കൾ ഒരിക്കലും തന്റെ പിതാവിന്റെ പാത പിന്തുടരുവാൻ ആഗ്രഹിക്കുന്നില്ല. അവർക്കു വേണ്ടത് സ്വതന്ത്രമായി അധ്വാനിച്ച് ജീവിച്ച് മറ്റുള്ള വിശ്വാസികളെ പോലെ എല്ലാ സ്വാതന്ത്ര്യവും ലഭിക്കത്തക്ക രീതിയിൽ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതിന് ആണ് താല്പര്യം.

അതുമാത്രമല്ല അവരുടെ പിതാക്കന്മാർ അനുഭവിച്ച മാനസിക പീഡകളും സാമ്പത്തിക പരാധീനതകളും കണ്ടു മടുത്ത അനേകം പി കെ കൾ ഒരിക്കലും ആ വഴി ചിന്തിക്കാനോ പിതാവിൻറെ പാത പിന്തുടരുവാനോ ആഗ്രഹം ലവലേശം പോലുമില്ല. പിന്നെയുള്ളത് പാസ്റ്റർമാരുടെ ഭാര്യമാരോട് ആണ്. അവർ ജോലിക്ക് പോയാലും ഇല്ലെങ്കിലും കണിശമായും ഭവനസന്ദർശനം നടത്തിയിരിക്കണം. ചർച്ചിലെ ചട്ടിയും കലവും കഴുകുവാൻ മുൻപിൽ ഉണ്ടാവണം. എല്ലാവർക്കും വേണ്ടി എപ്പോഴും പ്രാർത്ഥിക്കണം എന്ന് നിർബന്ധം.

നല്ല സാരികൾ ഒന്നും ഉടുക്കുവാൻ പാടില്ല, ക്രീം, പൗഡർ, മറ്റ് സൗന്ദര്യ വർദ്ധക വസ്തുക്കൾ, പെർഫ്യൂം ഉപയോഗിക്കുവാൻ പാടുള്ളതല്ല. സൗമ്യമായും താഴ്മയായി മാത്രമേ ഇടപെടാൻ പാടുള്ളൂ. ഇഷ്ടങ്ങളും അനിഷ്ടങ്ങളും തുറന്നു പറയുവാൻ പാടില്ലത്രേ. ചലനങ്ങളും ഭാവങ്ങളും ഭാവഭേദങ്ങൾ ഉം മൈക്രോസ്കോപ്പിലൂടെ നോക്കുന്ന മറ്റുള്ളവർ മറ്റുള്ളവർക്ക് വിമർശിക്കുവാനും ചോദ്യം ചെയ്യുവാനും നിന്ന് കൊടുക്കേണ്ട അവൾ….

അങ്ങനെ സാമൂഹികമായ നൂറുനൂറ് പ്രശ്നങ്ങൾക്കിടയിൽ ആണ് പാസ്റ്റർ മാരുടെ ജീവിതം. അതിനാൽ ഈ ജീവിതത്തിലേക്ക് വന്ന അനേകം പേരെ മനംമടുപ്പിക്കുന്ന രീതിയിൽ ഉള്ള ജീവിതസാഹചര്യങ്ങൾ കണ്ടിട്ട് ദൈവവേലയോടുള്ള അഭിനിവേശം ഏറെയുണ്ടെങ്കിലും പലരും ഇടയന്റെ കുപ്പായമണിഞ്ഞ് ജീവിതം ദുഷ്കരം ആക്കുവാൻ ആഗ്രഹിക്കുന്നില്ല എന്നുള്ളതാണ് പരമമായ സത്യം.

ഈ വിഷയത്തിൽ ഒരു സിൽവർ ബുള്ളറ്റ് ഇല്ല എങ്കിലും പാസ്റ്റർമാർക്ക് മാന്യമായ ശമ്പളം കൊടുത്തു മറ്റുള്ളവരെ പോലെ തന്നെയുള്ള ജീവിതസാഹചര്യങ്ങൾ ഉണ്ടാക്കുവാൻ ആരുടെയും കൈമടക്കിന്‌ കാത്തുനിൽക്കേണ്ട സാഹചര്യം ഉണ്ടാകാതിരിക്കുകയും ചെയ്യുന്നുവെങ്കിൽ ഈ വിഷയത്തിൽ ഒരു ചലനം ഉണ്ടായേക്കാം.

അത് മാത്രമല്ല മറ്റു സാമൂഹിക രംഗങ്ങളിലും അവർക്കുവേണ്ട സ്വാതന്ത്ര്യവും മാന്യതയും കൊടുക്കുക തന്നെ വേണം. അതുമാത്രമല്ല ഇന്ത്യയിൽനിന്നുള്ള യുവ പാസ്റ്റർമാർക്ക് അമേരിക്കൻ ആക്സൻറ്, അമേരിക്കൻ ലൈഫ്സ്റ്റൈലും കുറവായതിനാൽ ഇവിടെയുള്ള യുവജനങ്ങൾ അത്ര പെട്ടെന്ന് അവരെ സ്വീകരിക്കുവാനുള്ള മടി കാരണം “മെയ്ഡിൻ അമേരിക്ക” തന്നെ വേണ്ടിവരും ഈ ഒരു പ്രശ്നത്തിന് പരിഹാരം കാണുവാൻ….

നല്ല ഉപദേഷ്ടാക്കളുടെ അഭാവം….

നിങ്ങൾ എൻറെ നാമത്തിൽ എന്നിലും വലിയത് ചെയ്യുമെന്ന് എന്ന് ലോകത്തോട് പറഞ്ഞ ഒരേ ഒരു ഗുരുവേ ഉള്ളൂ. അത് യേശുക്രിസ്തു ആണ് എന്നാൽ പല ആശാൻ മാർക്കും തങ്ങളുടെ ശിഷ്യൻമാരെ കഴിവുള്ളവർ ആയി വളർത്തിയെടുക്കുന്നുണ്ടോ എന്നൊരു സംശയം ഉണ്ട്. യുവ പ്രതിഭകളെയും യുവ പ്രാസംഗികരെയും മിക്കപ്പോഴും പെന്തക്കോസ് പുൾപിറ്റുകളിൽ കാണാറില്ല. കറുത്തവരെയും വെളുത്ത വരെയും ഒക്കെ മിക്കപ്പോഴും വിളിച്ച് ചർച്ചകളിൽ പ്രസംഗിക്കാറുണ്ട് എന്നാൽ വളർന്നുവരുന്ന യുവപ്രതിഭകളെ ആരും വിളിക്കാറില്ല എന്നതാണ് സത്യം.

അതുപോലെ തന്നെയാണ് ഒരു യൂത്ത് പാസ്റ്ററിനെ കഴിവുള്ളവൻ ആയി വളർത്തിയെടുക്കേണ്ട കടമ സീനിയർ പാസ്റ്റർ ഉള്ളത്. അങ്ങനെ ഒരു ജ്യേഷ്ഠസഹോദര തുല്യം സ്നേഹിച്ചു അവരെ വളർത്തി എടുക്കുകയാണെങ്കിൽ, കഴിവുള്ളവർ ആയി സമൂഹത്തിന് പ്രയോജനം ചെയ്യുന്നവരായി ഉയർന്നു വരുവാൻ സാധ്യതയുണ്ട്. എന്നാൽ അവരോട് വളരെ കർക്കശമായ ഇടപെടുകയും പലവിധ ബുദ്ധിമുട്ടുകളും കാഴ്ചവയ്ക്കുകയും ചെയ്യുമ്പോൾ ആ ഒരു ഗുരുശിഷ്യബന്ധം പാടെ തകർന്നു പോകുന്നതായി കാണുന്നു.

അങ്ങനെ ആത്മീയ ലോകത്തേക്ക് കടന്നുവരുവാൻ താല്പര്യപ്പെടുന്നു. അവർക്ക് ഒരു നല്ല മെന്റർഷിപ്പിന്റെ അഭാവവും എടുത്തു പറയേണ്ടത് ആയിട്ടുണ്ട്.. തക്കതായ അളവിൽ ആത്മിക നേതൃത്വത്തിലേക്ക് ആളുകൾ എത്തുന്നില്ല എങ്കിൽ സമൂഹത്തിന്റെ ആത്മീയ മൂല്യച്യുതി ആണ് കാണിക്കുന്നത്.

ഒന്ന്, ആത്മികതയോടുള്ള അഭിനിവേശം കുറവും രണ്ടാമത് ഭൗതികതയോടുള്ള അഭിനിവേശവും.

അങ്ങനെ മുൻപോട്ടു ഇടയന്മാരുടെ വരവ് കുറയുന്നു എങ്കിൽ അത് സമൂഹത്തിൽ കാര്യമായ മൂല്യച്യുതി ഉണ്ടാക്കുക തന്നെ ചെയ്യും. ഒരു കുട്ടിയെ ബാല്യം മുതൽ ആത്മീക ശിക്ഷണത്തിലൂടെ വളർത്തിയെടുത്തു സമൂഹത്തിന് പ്രയോജനപ്രദം ആകുന്ന ഒരു വ്യക്തിത്വമായി വളർത്തിയെടുക്കുന്നതിൽ പാസ്റ്റർ മാർക്കും ചർച്ചിനൂം ആത്മീയ കൂട്ടായ്‌മകൾക്കും ക്രിസ്തീയ സമൂഹത്തിനും ഉള്ള പങ്ക കുറച്ചൊന്നും അല്ല ഉള്ളതു.

വേണ്ട കുറവുകൾ പരിഹരിക്കാൻ പറ്റാത്ത പക്ഷം ക്രൈസ്തവ മൂല്യങ്ങൾക്ക് വില കുറഞ്ഞു പോവുകയും സമൂഹം തന്നെ ജീർണ്ണിച്ച് പോകുകയും ചെയ്യും എന്നുള്ള ഭീകരമായ സത്യം നാം ഉൾക്കൊള്ളേണ്ടതാണ്.

This is a wake up call……

– ബ്ലെസ്സൻജി ഹ്യൂസ്റ്റൻ.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.