നിങ്ങളിൽ ഹണിട്രാപ്പിൽ പെടാത്തവർ ഉണ്ടോ ?

by padayali | 13 December 2016 5:38 AM

ഹണി ട്രാപ്പ് ..
മനോഹരമായ ഒരു പദമാണത് അതിന്‍റെ വർത്തമാന ഉപയോഗത്തിലേ അർത്ഥത്തെ മറന്നേക്കൂ,അതിന്‍റെ വാക് അർത്ഥത്തെ ശ്രദ്ധിക്കൂ.തേൻ കെണി’ യാണത് .. തേൻ പോലെ മധുരമുള്ള ഒരു ചതി.കെണി എന്നതിനെ ചതി എന്ന് തർജ്ജമ ചെയ്തുകൂടാ, ചതിയിൽ രണ്ടു പേർ മതി ചതിക്കുന്നവനും ചതിക്കപ്പെടുന്നവനും.കെണിയിൽ മിക്കപ്പോഴും മൂന്നാമതൊരു സംഗതി കൂടിയുണ്ടാകും, കെണിയിലേക്ക് കെണിയിൽ വീഴേണ്ടവനെ ആകർഷിക്കാനുള്ള ഒരു ഇരയാണത്. അതായത് ഒരാൾക്കായി കെണിയൊരുക്കുമ്പോള്‍ അതിൽ സത്യത്തിൽ രണ്ട് ഇരകളുണ്ട്. കെണിയിൽ വീഴുന്നവനും ,അയാളെ അതിലേക്ക് ആകർഷിക്കുന്നവനും ..ചൂണ്ടയിൽ കോർക്കുന്ന മണ്ണിരയും ഒരു ഇരയാണ്, അതിൽ കുരുങ്ങുന്ന മീനിനെപ്പോലെ തന്നെ എന്ന് സാരം.

പുലിയെപ്പിടിക്കാൻ സ്ഥാപിക്കുന്ന കൂട്ടിൽ ഭക്ഷണമായി ഒരുക്കി നിർത്തുന്ന നായയുടെ ഗതിയാണ് പുലിയുടേതിനേക്കാൾ ദയനീയം പുലിയെ കെണിയിൽ വീഴ്‌ത്താൻ പുലിയുടെ ഭാഗത്ത് നിന്ന് ചില കാരണങ്ങളെങ്കിലും ഉണ്ടായേക്കാം എന്നാൽ ആ നായയോ..? ഒരിക്കലും തന്റേതല്ലാത്ത ചില കാരണങ്ങളാൽ ബലി കൊടുക്കപ്പെടുകയാണ് അത് മധുരക്കെണിയിലും അതുണ്ടാകും, അവൾ അവനെ ചതിക്കുന്നു എന്നാവില്ല പലപ്പോഴും അത് .. അവനെ ചതിക്കുവാൻ വേണ്ടി മറ്റൊരുവൻ അവളെ ഉപയോഗിക്കുകയാവും മിക്കപ്പോഴും അതെ , അവൾ ഒരു ‘ബേറ്റ്’ മാത്രമായിരിക്കും ഇരയെ ആകർഷിക്കുവാനുള്ള ഒരു മധുരതുള്ളി .. ഇങ്ങനെയുള്ള വീഡിയോകൾ വൈറലാകുമ്പോൾ അതിൽ ഉള്ള വ്യക്തി കൂടി ചതിക്കപ്പെടുന്നുണ്ട് യഥാർത്ഥത്തിൽ. കെണിയിൽ പെടുന്നവൻ എത്രമേൽ അശുദ്ധനാണ് എങ്കിലും ,കെണിയിൽ വീഴുന്നതോടെ അവൻ ഒരു രക്തസാക്ഷിയാവുന്നുണ്ട്.
ഒരാൾ അപരനിൽ അർപ്പിക്കുന്ന വിശ്വാസമാണ് കെണിവെക്കുന്നവൻ ഉപയോഗിക്കുന്ന മൂലധനം.
ഒന്നോർത്താൽ എല്ലാ കെണികളും മധുരക്കെണികൾ തന്നെയാണ്. എല്ലാ കെണികളിലേക്കും ഇരകൾ ആകർഷിക്കപ്പെടുന്നത് അവർക്ക് പ്രിയതരമായ ചിലതിനാലാണ്. പെരുച്ചാഴിക്ക് ഏറ്റവും പ്രിയപ്പെട്ട ഭക്ഷണം ഏതെന്ന് നാം തിരയുന്നത് അതിന് കെണിയൊരുക്കുംപോഴാണ്.
കീടങ്ങളുടെ ലൈംഗിക ഫിറമോണുകളെ ക്കുറിച്ച് നാം നന്നായിപഠിക്കുന്നത് അവയെ കൂട്ടത്തോടെ വശീകരിച്ച് കൊന്നൊടുക്കാനുള്ള കെണികൾ തീർക്കുവാൻ വേണ്ടിയാണ്.
ഏറ്റവും അടുത്ത കൂട്ടുകാരനെയാണ് ഒറ്റുകാരനാക്കാൻ നമുക്ക് നല്ലത്. അയാൾ ഏറ്റവും കൊതിക്കുന്നവളെയാണ് നാം വശീകരണ യഞ്ജത്തിന് നിയോഗിക്കുന്നത്. കാമത്താൽ , കവിതയാൽ ,മദ്യത്താൽ , രാഷ്ട്രീയത്താൽ , ചുംബനത്താൽ , സ്നേഹത്താൽ, കരുണയാൽ, സഹതാപത്താൽ ഒക്കെ നിങ്ങൾക്ക് ഒരാളെ ചതിക്കാം .പ്രകടമായ ശത്രു ഭാവമൊഴിച്ച് മറ്റെല്ലാം മറ്റെല്ലാം ചതിയിലെ പോരിമയുള്ള ആയുധങ്ങളാണ് .. നിങ്ങളിൽ ഹണിട്രാപ്പിൽ പെട്ടു പോയിട്ടില്ലാത്തവർ എത്രപേരുണ്ട് ..?
ഒരിക്കലെങ്കിലും ഹണിട്രാപ്പുകളിൽ കുടുങ്ങിയിട്ടില്ലാത്ത ഒരുവൻ എത്ര ഹൃദയ ശൂന്യനായിരിക്കും..പത്ത് മാസംചുമന്നു എന്ന കണക്ക് പറയുന്ന അമ്മയിൽ പോലുമുണ്ട് ചിലപ്പോഴെങ്കിലും ഒരു ഹണിട്രാപ് ….. അതിൽ പെട്ടിട്ടാണ് നിനക്ക് ഇഷ്ടമുള്ള ആ സുഹൃത്തിനെ നീ ഒഴിവാക്കിയത്.അമ്മക്ക് കിട്ടുന്ന ഉമ്മകളിലുമുണ്ട് ചിലപ്പോഴെങ്കിലുമൊക്കെ അത് ,അതിൽ കുരുങ്ങിയാണ് മകന് ബൈക്കു വാങ്ങുവാൻ ഇഷ്ടമില്ലെങ്കിലും അമ്മ അച്ഛനോട് ശുപാർശ ചെയ്യുന്നത്.അച്ഛനിൽ, മകനിൽ,സുഹൃത്തിൽ ,ഭാര്യയിൽ, കാമുകിയിൽ, സഹപ്രവർത്തകരിൽ.. അല്ലെങ്കിൽ ആരിലാണ് ഒരിക്കൽ പോലും അതില്ലാത്തത് ? നിങ്ങളോട് പിണങ്ങുമ്പോൾ ,മിണ്ടാതിരിക്കുമ്പോൾ , പരിഭവപ്പെടുമ്പോൾ ,കരയുമ്പോൾ ഒക്കെ നിങ്ങൾക്ക് കയറുവാനായി ഒരു മധുരക്കെണിയുടെ വാതിൽ തുറന്നുവെക്കുന്നുണ്ട് അവർ.നിങ്ങളെ സ്‌നേഹിക്കുമ്പോൾ ,ചുംബിക്കുമ്പോൾ ആശ്വസിപ്പിക്കുമ്പോൾ ശുശ്രൂഷിക്കുമ്പോൾ ഒക്കെ ചില ചില നേരങ്ങളിൽ ആ കെണിമധുരത്തിലേക്ക് നയിക്കപ്പെടുന്നുണ്ട്.
നിങ്ങൾ അതറിഞ്ഞുകൊണ്ട് തന്നെ ഒന്നുമറിയാത്ത ഒരു വിഡ്ഢിയെന്ന നാട്യത്തിൽ ആ മധുര ബന്ധനത്തിലേക്ക് സ്വയം കയറി ചെല്ലുന്നുമുണ്ട്. നിങ്ങൾ കെണിയാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ ഒരാൾ കെണിയിലേക്ക് നടന്നു കയറുമ്പോൾ ശരിക്കും തോറ്റുപോകുന്നത് ആരായിരിക്കും …

Source URL: https://padayali.com/%e0%b4%b9%e0%b4%a3%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%be%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b5%bd-%e0%b4%aa%e0%b5%86%e0%b4%9f%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b5%e0%b5%bc-%e0%b4%89/