സുവിശേഷകന്മാരും ഉദരപൂരണവും

സുവിശേഷകന്മാരും ഉദരപൂരണവും
March 05 22:13 2019 Print This Article

 ഒരുകാലത്തു അവിശ്വാസികൾ ഉപദേശിമാരെ കളിയാക്കിയിരുന്ന അതേ വിഷയം തന്നെ ഇന്ന് വിശ്വാസികളും ഉപദേശിമാരെ പരിഹസിക്കാൻ എടുക്കുന്നു എന്നത് ഏറെ ദുഃഖകരം.

ഇന്നത്തെ വലിയ ഒരു ചർച്ചാവിഷയം സുവിശേഷകന്മാരുടെ വേല, വേലയില്ലായ്മ, ആഡംബരം, ദുർചിലവുകൾ എന്നിങ്ങനെയാണ് ദൈവമക്കൾ- അവരിൽ വേറെ ഒരു കാറ്റഗറി പാടില്ല.

ലേവി ഗോത്രത്തിനു പുരോഹിത ശുസ്രൂഷ പ്രത്യേകം കല്പിച്ചരുളിയതുപോലെ പുതിയനിയമത്തിൽ വ്യവസ്ഥയില്ല. ഫുൾ ടൈം മിനിസ്ട്രി എന്ന വകഭേദവും ഉപദേശ വചനത്തിൽ ഇല്ല. ആര് ആരോട് സുവിശേഷം അറിയിക്കണം എന്നുമില്ല. രക്ഷിക്കപ്പെട്ട എല്ലാവരും കർത്താവിന്റെ സൽഗുണങ്ങളെ ഘോഷിക്കാൻ വിളിക്കപ്പെട്ടവരും, ദൈവനാമമഹത്വത്തിനു വേണ്ടി വേർപാട് ജീവിതം നയിക്കുവാൻ വിളിക്കപ്പെട്ടവരുമാണ്.

ഇത് ആദിമ സഭകളിൽ ഉണ്ടായിരുന്നു. അന്നും അവിടെയും ആരോഗ്യകരമായ തർക്കങ്ങളും വാദങ്ങളും ഉണ്ടായിരുന്നു. ജാതികളോട് സുവിശേഷം അറിയിക്കുന്നതിലും, ആരാണ് യോഗ്യൻ എന്നതുമൊക്കെ വിഷയീഭവിച്ചതുകൊണ്ടാണല്ലോ പൗലോസ് ഞാൻ മനുഷ്യരെ പ്രസാദിപ്പിക്കുന്നു എങ്കിൽ ക്രിസ്തുവിന്റെ ദാസനായിരിക്കുകയില്ല എന്ന് ഒരിടത്തും, മറ്റൊരിടത്തു എന്റെ ബന്ധനങ്ങളിൽ എനിക്ക് ക്ലേശം വരുത്തുവാൻ ഭാവിച്ചുകൊണ്ട് നിർമ്മലതയോടെയല്ല ശാഠ്യത്താൽ അത്രേ ക്രിസ്തുവിനെ പ്രസംഗിക്കുന്നത് എന്നും പറഞ്ഞത്.

പ്രമാണിമാർ എന്ന പ്രയോഗം പൗലോസിന്റെ ചിലരോടുള്ള അമർഷത്തെ വെളിവാക്കുന്നു. പത്രോസ് പത്രോസിന്റെ വഴിക്കും, പൗലോസ് പൗലോസിന്റെ വഴിക്കും പോകുമ്പോളും ദരിദ്രരെ ഓർക്കണം എന്ന് എടുത്തു പറയാൻ കാരണം എന്താണ്?

അന്നും ദരിദ്രരെ പലരും ഓർത്തിരുന്നില്ലഎന്നത് തന്നെ. ആദിമസഭയിലെ അതേ ദോഷങ്ങൾ ആളെണ്ണം അനുസരിച്ചു കൂടി എന്നല്ലാതെ പ്രത്യേകിച്ചൊന്നും ഇവിടെ സംഭവിക്കുന്നില്ല. ഈ പ്രവർത്തികൾ ദൈവീകമല്ലായ്കയാൽ ഉപേദശത്തിനും ശാസനത്തിനും, ഗുണീകരണത്തിനും നീതിയിലെ അഭ്യസനത്തിനും ആവശ്യമുള്ളവയല്ല.

അന്യനെ ഉപദേശിക്കുന്ന നീ നിന്നെ തന്നെ ഉപദേശിക്കുന്നില്ല. പൗലോസ് കേഫാവിന്റെ കുറ്റം കണ്ടു, മറ്റുചിലർ പൗലോസിന്റെ കുറ്റവും കണ്ടു. അതുതന്നെ ഇന്നും തുടരുന്നു. ഇതൊന്നും വിശ്വാസികൾ മാതൃകയാക്കേണ്ട കാര്യം അല്ല. ഒന്നാം നൂറ്റാണ്ടിലും പ്രവർത്തകരിൽ തർക്കവും വാദവും ഉണ്ടായിരുന്നു എന്നുപറഞ്ഞു ആശ്വസിക്കുവാനും ആവശ്യമില്ല.

ദിവ്യ സ്വഭാവത്തിന് കൂട്ടാളികളായി ജീവിച്ചാൽ ഒരൊറ്റ വിശ്വാസിയും, സുവിശേഷകനും അതിർ ലങ്കിക്കുകയില്ല. പരിധിയില്ലാത്ത പണം സമ്പാതിക്കാൻ കള്ള ബിസിനെസ്സ് ചെയ്യുന്ന വിശ്വാസിയായ വ്യാപാരിയും, ക്രമം വിട്ടു ഭാര്യയെ നാട്ടിൽ ഇട്ടു വിദേശത്തുപോയി സമ്പാദിക്കുന്ന / നാട്ടിൽ ഇരുന്ന് ഭാര്യയെ വിദേശത്തുവിട്ടു പണം സമ്പാദിക്കുന്ന ഭർത്താവും ലംഘനക്കാർ ആണെങ്കിൽ, ഇവർക്ക്‌ ഓശാനാ പാടുന്ന സുവിശേഷകന്മാരെയും നാം തന്നെ വാർത്തെടുക്കുന്നു.

സ്വന്തം ബിനാമി ഭൂമിക്കച്ചവടത്തിനു സഭകളുടെ പ്രസംഗകരുടെ ലിസ്റ്റിൽ പെടുത്തി സുവിശേഷകനെ ഗൾഫിൽ പ്രസംഗിക്കാൻ കൊണ്ടുവന്നു ഫണ്ട് പിരിച്ചുകൊടുത്ത വിശ്വാസി എപ്പോൾ വിശ്വാസത്തിൽ മടങ്ങി വരുമോ അപ്പോൾ സുവിശേഷകന്മാർ മടങ്ങിയെത്തിയിട്ടുണ്ടാകും. പ്രവർത്തികൾ 13:1, 2, 3. ൽ ഒരു ചെറിയ കൂട്ടം വിശ്വാസികൾ പ്രാർത്ഥിക്കുന്നു. അതിൽ പ്രവാചകന്മാരും ഉപദേഷ്ടാക്കന്മാരും ഉണ്ടായിരുന്നു.

അവർ കർത്താവിനെ ഉപവാസത്തോടുകൂടെ ആരാധിച്ചുകൊണ്ടിരിക്കുമ്പോൾ പരിശുദ്ധാത്മാവ് അവരോടു സംസാരിച്ചു പറഞ്ഞു ബർണബാസിനെയും ശൗലിനെയും വേലക്ക്‌ വേർതിരിക്കണം എന്ന്.  അപ്പോൾ തന്നെ അവർ അതു അനുസരിച്ചു. ആരാധിക്കുമ്പോൾ ചില ബന്ധനങ്ങൾ ആഴിയും.

Sunday 10 മുതൽ 12:30 വരെയുള്ള ആരാധനായോഗങ്ങളിൽ അല്ല, പ്രാർത്ഥനയും സ്തുതിയിലും സമയം ചിലവഴിച്ച പൗലോസിന്റേയും ശീലാസിന്റെയും ബന്ധനം അഴിഞ്ഞതുപോലെ നമ്മുടെ ബന്ധനങ്ങൾ അഴിയണമെങ്കിൽ യേശുവിനെ നോക്കണം, ധ്യാനിക്കണം. അപ്പോൾ കർത്താവ്‌ ഇടപെടും, പരിശുദ്ധാൽമാവ് വഴി നടത്തും. നമ്മുടെ കയ്യിൽ വരുന്ന ഫണ്ടുകൾ കൊടുക്കേണ്ടവർക്ക് കൊടുക്കപ്പെടും, കിട്ടേണ്ടവർക്കു കിട്ടപ്പെടും. ഫലകരമായ പ്രവർത്തനങ്ങൾ നടക്കും.

അതിന്നു മനസ്സില്ലാത്ത നീ, പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടാത്ത നീ നിനക്ക് കിട്ടുന്ന പണം ശേഷം ജാതികൾ കൂമ്പാരത്തോടെ ഭണ്ടാരപ്പെട്ടിയിൽ ഇട്ടു നടതള്ളുന്നതുപോലെ തള്ളിയിട്ടു ആ പണത്തിനു വേണ്ടി അച്ചായനെ ഓച്ഛാനിക്കുന്നവന് കൊടുത്തിട്ടു, അവനെ നിന്റെ വേലക്കാരനായി വെച്ചിട്ട്, നാട്ടിൽ വരുമ്പോൾ എയർപോർട്ടിൽ നിന്നും വന്നുകൊണ്ടുപോകാനും കറങ്ങാനും പറ്റിയ സ്റ്റാറ്റസുള്ള കാറും വീടും വാങ്ങിക്കൊടുത്തു വേല നശിപ്പിച്ചിട്ടു എന്തിനു ഈ പരിഭവം?

ഒറ്റ ഫണ്ടും ഇല്ല, കൃഷിയോ മറ്റു വരുമാനമോ ഇല്ല. ദൈവമക്കൾ തരുന്ന പണം മുടക്കാൻ ബ്രെത്റൻ വാരിക എഡിറ്റോറിയൽ വരെ എഴുതി. കമന്റേഷൻ പിൻവലിപ്പിക്കാൻ ഒത്തിരി പരിശ്രമിച്ചു. അഡ്രസ്സ് ബുക്കിലെ പേര് വെട്ടിച്ചു. വേല മുടക്കി. ഇതാണ് വിശ്വാസി.

അവന്റെ വീട്ടിൽ കല്യാണം നടക്കണം, മരണാനന്തര ചടങ്ങ് നടക്കണം, കൊച്ചുങ്ങളുടെ സ്നാനം നടക്കണം അതിനു യോഗ്യന്മാരെ ഉണ്ടാക്കുകയും വേണം. എന്നിട്ട് തങ്ങളുടെ വാത്സല്യ പാത്രങ്ങളുടെ മക്കളുടെ ക്രമം കെട്ട ജീവിതവും ഒളിച്ചോട്ടവും, ഡിവോഴ്‌സും ഒന്നും പുറത്തറിയരുതത്രെ !

നിങ്ങളുടെ ഭൂമി ഇടപാടുകളും ദാനങ്ങളും എത്രയെത്ര സഭകളുടെ സമാധാനം കെടുത്തി, എത്രയെത്ര സഭകൾ പിളർന്നു, സത്യസന്ധരും ആത്മാർത്ഥതയുമുള്ള സുവിശേഷകന്മാരെ നിങ്ങൾ വഴി തെറ്റിച്ചു.

ദേമാസിനെപ്പോലെ ഈ ലോകത്തെ സ്നേഹിക്കാൻ, യുദാസിനെപ്പോലെ 30 വെള്ളിക്കാശിനു വേണ്ടി സുവിശേഷവേലകളെ നശിപ്പിക്കാൻ ചിലർ മിനക്കെട്ടതും നിങ്ങൾക്ക് ലാഭം.

ഇന്ന് സഭകളിൽ കാണുന്ന ഒരുകാലത്തു നാമധേയ ക്രൈസ്തവരും, അക്രൈസ്തവരുമായിരുന്ന വിശ്വാസികളും, സുവിശേഷകന്മാരും നമ്മുടെ സഭകളിലെത്തുവാനുള്ളവരുടെ സംഭാവനകളല്ല ആത്മാർത്ഥ പ്രവർത്തനത്തെ ഇനിയും വിസ്മരിക്കരുത് എന്ന് വിനയത്തോടെ…

                                                ഷിബു കൊടുങ്ങല്ലൂർ

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.