സകല അഴിമതിക്കാർക്കും മുന്നറിയിപ്പായ വിധി

by Vadakkan | 16 February 2017 4:24 PM

രാഷ്ട്രീയ പൊതുമണ്ഡലങ്ങളില്‍ അനീതിയുടെ തേര്‍വാഴ്ചകള്‍ അരങ്ങു തകര്‍ക്കുമ്പോള്‍, അനീതിയും കൊള്ളയും വര്‍ധിച്ചുവരുന്ന ഈ കാലത്ത് സുപ്രിംകോടതി വിധി ഒരു നാഴികക്കല്ല് തന്നെയാണ്. സാംസ്‌കാരികവും രാഷ്ട്രീയവുമായി ഉന്നത നിലവാരം പുലര്‍ത്തിയിരുന്ന കാലഘട്ടം പോയിമറഞ്ഞുപോയിക്കൊണ്ടിരിക്കുന്ന ഇന്ത്യയില്‍ അഴിമതിക്കെതിരായ എടുത്തുപറയത്തക്ക വിധിയാണ് രാജ്യത്തെ പരമോന്നത നീതിപീഠത്തില്‍ നിന്നും ശശികലാ കേസില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

രാജ്യത്തെ സാമൂഹ്യ രാഷ്ട്രീയാവസ്ഥകളെ ബാധിക്കുന്ന നിര്‍ണായകമായ പല കേസുകള്‍ക്കും തുമ്പുണ്ടാക്കാന്‍ കഴിയാത്തതുകൊണ്ട് തന്നെ നീതി നടപ്പിലാക്കപ്പെടാതെ പോകുന്നുണ്ട്. ജനാധിപത്യമൂല്യങ്ങളേയും ഭരണഘടനയെത്തന്നെയും വെല്ലുവിളിക്കുന്ന ഇത്തരം പ്രവണതയ്ക്ക് ഈ വിധി ഒരു താക്കീതാകുമെന്ന കാര്യത്തില്‍ സംശയമില്ല. വിചാരണക്കോടതി വിധി റദ്ദാക്കിയ ഹൈക്കോടതിയുടെ വിധിയെ തള്ളിക്കൊണ്ടാണ് ജഡ്ജി ജോണ്‍ മൈക്കിള്‍ കുന്‍ഹയുടെ വിധിന്യായം അംഗീകരിക്കാന്‍ സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് തയ്യാറായത്. വിധിയനുസരിച്ച് ശശികലയും ജയലളിതയുടെ വളര്‍ത്തുപുത്രന്‍ സുധാകരനും ശശികലയുടെ സഹോദരന്റെ ഭാര്യ ജെ ഇളവരശിയും ശിക്ഷ അനുഭവിക്കണം. ജയലളിത ആദ്യം മുഖ്യമന്ത്രിയായി ഭരണം നടത്തിയ വേളയില്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന കേസിലാണ് 19 വര്‍ഷത്തെ നിയമപോരാട്ടത്തിനുശേഷം അന്തിമവിധി പുറത്തുവന്നിട്ടുള്ളത്. അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിത ഒന്നാം പ്രതിയായ കേസില്‍ അവരുടെ മരണശേഷമാണ് ഈ വിധി വന്നത് . കൂട്ടുപ്രതി എന്ന നിലയിലാണ് ശശികലയ്ക്ക് ശിക്ഷ വിധിച്ചത്.മുഖ്യമന്ത്രിയായിരിക്കെ ഒരു രൂപ മാത്രം ശമ്പളം വാങ്ങിയ ജയലളിതയ്ക്ക് അഞ്ച് വര്‍ഷത്തിനുള്ളില്‍ 67 കോടി രൂപയുടെ ആസ്തി എങ്ങനെയുണ്ടായി എന്നത് തന്നെയാണ് കോടതി അന്വേഷിച്ചത്. അതുകൊണ്ടാണ് ഇതൊരു രാഷ്ട്രീയ അഴിമതിക്കേസായത്.

ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ വഴിവിട്ട് അപഥസഞ്ചാരികളായി അതുവഴി അനധികൃത സമ്പത്തു സമ്പാദിക്കുന്നതും ഈ വിധിയുടെ പശ്ചാത്തലത്തില്‍ ഗൗരവമായി കാണേണ്ടതുണ്ട്. കൊള്ളയടിക്കുന്നതും മാഫിയകളും വന്‍കിട കച്ചവടക്കാരുമായി കൂട്ടുകെട്ടുകള്‍ ഉണ്ടാക്കുന്നതും ഇതിന്റെ ഭാഗമാണ് ഇതുതന്നെയാണ്. ജയലളിതയുടെ അകാലമരണവുമായുണ്ടായ വിവാദങ്ങള്‍ക്കിടയിലും. ആരെയും എന്തിനേയും വിലയ്ക്ക് വാങ്ങാന്‍ സാധിക്കുന്ന സമ്പന്നവര്‍ഗത്തിന് അധികാര രാഷ്ട്രീയ ഇടങ്ങളില്‍ ആധിപത്യം വരുന്നത് ജനാധിപത്യ ഭരണസംവിധാനത്തിന് അപകടമുണ്ടാക്കുന്നതാണ്. അത്തരം സാഹചര്യങ്ങളില്‍ കോടതി നിലപാടുകള്‍ നിര്‍ണായകമാണ്.
പരിധിയില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസില്‍ കര്‍ണാടക സര്‍ക്കാരും ഡിഎംകെ നേതാവ് അന്‍പഴകനും മറ്റും സമര്‍പ്പിച്ച അപ്പീലില്‍ സുപ്രീംകോടതി വിധി പറയാനിരിക്കെയാണ് ശശികലയെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തത്. ഇതേത്തുടര്‍ന്ന് മുഖ്യമന്ത്രിയായ ഒ. പന്നീര്‍ശെല്‍വം രാജിവയ്ക്കുകയും ചെയ്തു. ഇതേദിവസമാണ് അന്തിമ വിധിപ്രഖ്യാപനം ഒരാഴ്ചയ്ക്കുശേഷം നടത്തുമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയത്. ജൂണ്‍ 27ന് വിധി പറയാനായി സുപ്രീംകോടതി മാറ്റിവച്ച വിധിപ്രഖ്യാപനമാണ് ചൊവ്വാഴ്ച രാവിലെ നടത്തിയത്. സുപ്രീംകോടതിയില്‍ കേസ് നിലനില്‍ക്കെ ശശികലയ്ക്ക് മുഖ്യമന്ത്രിയാകാന്‍ യോഗ്യതയില്ലെന്നാണെങ്കില്‍ അത് പറയാനുള്ള സ്വാതന്ത്യ്രവും അവകാശവും ഗവര്‍ണര്‍ക്കുണ്ടായിരുന്നു. എന്നാല്‍, രാഷ്ട്രീയപ്രതിസന്ധി ദിവസങ്ങളോളം നീങ്ങിയിട്ടും ഒന്നും പറയാന്‍ ഗവര്‍ണറും മുന്‍ ബിജെപി നേതാവുമായ വിദ്യാസാഗര്‍ റാവു തയ്യാറായില്ല. ഇത് ഗൗരവമായി വിലയിരുത്തേണ്ടതുണ്ട്. ജനാധിപത്യത്തില്‍ ഭൂരിപക്ഷം ലഭിക്കുന്നവര്‍ക്ക് ഏത് വിധേനയേയും ഭരണം നടത്താമെന്ന രീതിക്ക് തടയിടാന്‍ കഴിയണമെങ്കില്‍ നിയമസംവിധാനങ്ങള്‍ കറയറ്റതും ശക്തവുമായിരിക്കണം.

സുപ്രിംകോടതിയില്‍ ജയലളിതയുടെ കേസ് മൂന്ന് വര്‍ഷമായി ഇഴഞ്ഞുനീങ്ങുകയായിരുന്നു. ആറ് മാസം മുമ്പ് വാദം പൂര്‍ത്തിയാക്കിയ ശേഷം വിധിപ്രഖ്യാപനം പിന്നേയും നീട്ടിവച്ചു. പിന്നീട് അവരുടെ മരണത്തോടുകൂടി ആ കേസിന് വീണ്ടും ജീവന്‍വച്ചു, കോടതികളിലെ കാലതാമസം ഈ പശ്ചാത്തലത്തില്‍ പുനര്‍ചിന്തനം ചെയ്യേണ്ടതുണ്ട്. തമിഴ്‌നാട് രാഷ്ട്രീയത്തിലെ മൂല്യച്യുതിക്കെതിരെ കോടതിവിധി ഒരാശ്വാസമായെന്ന കാര്യത്തില്‍ വിയോജിപ്പില്ല. ജയലളിതയുടെ അപ്രമാദിത്തത്തില്‍ മുടങ്ങി കിടന്ന കേസും വിധിയും അവരുടെ തോഴിയും സന്തതസഹചാരിയുമായ ശശികലയ്‌ക്കേറ്റ കനത്ത പ്രഹരമാണ്. ഇന്ത്യ മഹാരാജ്യത്തിലെ ഉന്നതര്‍ക്കും ചെറിയവര്‍ക്കും ഈ വിധി ഒരു പോലത്തെ താക്കിതാണ് .

Source URL: https://padayali.com/%e0%b4%b8%e0%b4%95%e0%b4%b2-%e0%b4%85%e0%b4%b4%e0%b4%bf%e0%b4%ae%e0%b4%a4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b5%bc%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%82-%e0%b4%ae%e0%b5%81/