വിശ്വാസികളെ പുറത്താക്കാന്‍ ആർക്കും അധികാരമില്ലെന്ന് കോടതി

by Vadakkan | 7 February 2017 3:05 PM

ഇടവകയില്‍ നിന്നും വിശ്വാസികളെ പുറത്താക്കാന്‍ വികാരിക്കോ മെത്രാനോ അധികാരമില്ലെന്ന് കോടതി. ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ്പ് പ്രവര്‍ത്തകന് ഇടവകയില്‍ വിലക്കേര്‍പ്പെടുത്തിയ കടമറ്റം സെന്റ് ജോര്‍ജ്ജ് യാക്കോബായ പള്ളി വികാരി ഫാദര്‍ എല്‍ദോസ് കക്കാടന്റെ നടപടി റദ്ദാക്കിക്കൊണ്ടാണ് കോടതി വിധി. കടമറ്റം പള്ളി ഇടവകാംഗമായ പാട്ടിലാക്കുഴിയില്‍ ഫിലിപ്പ് മാത്യുവിന്റെ ഹര്‍ജി പരിഗണിച്ച കോലഞ്ചേരി മുന്‍സിഫ് കോടതിയുടേതാണ് ഉത്തരവ്. വാർത്തക്ക് കടപ്പാട്..

എന്നാൽ ഇതിൽ വളരെ ചിന്തിക്കേണ്ടിയ വിഷയത്തിലേക്കു വരട്ടെ. മുഖ്യധാര പെന്തക്കോസ്തു സഭകളിൽ ഇത് നടക്കുമോ?  ഇക്കഴിഞ്ഞ സമയങ്ങളിൽ മാർപ്പാപ്പയും ഇത്തരത്തിൽ ഒരു പ്രസ്‌താവന പറഞ്ഞതായി ശ്രദ്ധയിൽപെട്ടു. ഇടയന്മാർ വിശ്വാസികളോട് മർക്കട മുഷ്ടി കാണിക്കരുത് എന്നും, വിശ്വാസികളെ സ്നേഹിക്കണം എന്നും ഉൾപ്പെട്ടതായ മനോഹരമായ ആഹ്വാനം. ഇതൊക്കെ വായിക്കുകയും അറിയുകയും ചെയ്തിട്ടും പെന്തക്കോസ്തുകാരുടെ നേതൃത്വത്തിനു മാറ്റങ്ങൾ ഇല്ലാതെ അധപതിച്ചു കൊണ്ടിരിക്കുന്നു.

വിശ്വാസികളോ പാസ്റ്റർമാരോ അവരുടെ ബന്ധുക്കളോ അനീതിയെന്നു ഒരക്ഷരം പറഞ്ഞാൽ അവരുടെ കാര്യം കഷ്ടം തന്നെ. പിന്നെ അവരുടെ സ്ഥാനം സഭക്ക് പുറത്ത്. പാസറ്റർമാർക്ക് സ്ഥലം മാറ്റം. ഒരു ഇടവകയിൽ പെട്ടവരെ പുറത്താക്കാൻ വികാരിക്ക് അധികാരം ഇല്ല എന്ന് കോടതി പറയുമ്പോൾ ഒരു പാസ്റ്ററോടോ വിശ്വാസികളോടോ, ക്രൂരമായി പെരുമാറാൻ പെന്തെക്കോസ്തു നേതൃത്വത്തിന് നിയമം ഉണ്ടോ? പെന്തക്കോസ്തു സമൂഹം പലതിലും ഉയർന്നു എന്ന് അഭിമാനിക്കുമ്പോൾ അവരുടെ ഇടയിൽ നടക്കുന്ന മൂല്യച്യുതികൾ തിരിച്ചറിയാൻ അവർ തന്നെ വൈകുന്നു. ഒരുകാലത്തു പിതാക്കന്മാർ കഷ്ടതയിൽ കൂടി കടന്നു അവരുടെ കണ്ണുനീർ കണ്ട ദൈവം അവരുടെ തലമുറകളെ അനുഗ്രഹിച്ചപ്പോൾ, ഇന്ന് അത് ദുർ വിനിയോഗം ചെയ്യുന്നതിൽ പെന്തക്കോസ്ത് നേതാക്കൾ അഗ്രഗണ്യന്മാർ ആയി മാറി.

നിയമത്തേയും സാമൂഹ്യ നടപടികളെപ്പോലും കൈയിൽ ഇട്ടു അമ്മാനം ആടി കളിയ്ക്കാൻ മാത്രം സമ്പത്തു അവർക്കു വന്നു. രാഷ്ട്രീയക്കാരെയും വ്യവസായ സാമ്രാട്ടുകളെയും മാമോനെ കൊടുത്തു നേടി. ഇതൊക്കെ തന്നെയാണ് അവരെ വിശ്വാസ സമൂഹത്തെ ഒറ്റപെടുത്തുന്നതിലേക്കും അവരുടെ യാഥാർഥ്യങ്ങൾ മനസിലാക്കാതെ എന്തിനും ഏതിനും ഭീഷണി മുഴക്കി സായൂജ്യം അടയുന്നുതിന്റെയും ചേതോവികാരം.

മുഖ്യ ധാര പെന്തക്കോസ്തുകാർ ഒന്ന് തിരിഞ്ഞു നോക്കി അവർ വന്ന വഴികളെ ഓർക്കുകയും, സാമൂഹ്യ പ്രതിബദ്ധതയോടെ ജീവിക്കുകയും ചെയ്‌യുവാൻ ഇടയാവട്ടെ. അവർ പ്രസംഗിക്കുന്ന വചനം അവർക്കു മാതൃകയാവട്ടെ.

Source URL: https://padayali.com/%e0%b4%b5%e0%b4%bf%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf%e0%b4%95%e0%b4%b3%e0%b5%86-%e0%b4%aa%e0%b5%81%e0%b4%b1%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%be/