വിനാശകരവും ശരിയായതുമായ തീരുമാനം

by Vadakkan | 3 February 2017 11:31 AM

ഒരു പക്ഷേ ഈ തലകെട്ട് വായനക്കാരില്‍ ചിന്താകുഴപ്പം സൃഷ്ടിച്ചേക്കാം. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി എന്ന സംഘടനയുടെ പ്രസിഡന്റായ നൗഷാദ് ഫോബ്‌സ് നടത്തിയ പ്രസ്താവനയാണിത്. കഴിഞ്ഞ നവംബര്‍ 8ന് നടത്തിയ നോട്ട് റദ്ദാക്കലിനെക്കുറിച്ചുള്ള അഭിപ്രായമാണത്.

സെപ്റ്റംബറോടെ രാജ്യം സാധാരണ നിലയില്‍ വരുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ പ്രതീക്ഷ ഏത് കാര്യത്തിനും ഗുണവും ദോഷവും ഉണ്ട്. ഒരു വശം നോക്കുമ്പോള്‍ നിരവധി പേരുടെ തൊഴില്‍ നഷ്ടമായി പല സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്ന് എണ്‍പതിലധികം ജോലിക്കാരെ പറഞ്ഞുവിട്ടു. ചെറുകിട വ്യാപാരങ്ങളെ ദോഷമായി ബാധിച്ചു. രണ്ടായിരത്തിന്റെ നോട്ടുകൊണ്ട് ഒന്നും ചെയ്യാനാകാതെ നെട്ടോട്ടമോടി. നാട്ടിന്‍പുറത്തെ പാവങ്ങള്‍ പൊരിവെയിലത്ത് മണിക്കൂറുകള്‍ ക്യൂ നിന്ന് നോട്ടുകള്‍ മാറിയെടുത്തു. വിയര്‍പ്പിന്റെ പണം പിന്‍വലിക്കാന്‍ കഴിയാതെ വിഷമിച്ചവര്‍ നിരവധിയാണ്. വിനോദ സഞ്ചാരികള്‍ പലരും കഷ്ടത്തിലായി. ടൂറിസം മേഖല പാടെ തകര്‍ന്നു. ഇടത്തരക്കാര്‍ നന്നായി വലഞ്ഞു. വിശ്വാസികളുടെ സാമ്പത്തിക ബുദ്ധിമുട്ട് ദൈവദാസന്മാരെയും ബാധിച്ചു. അഞ്ഞൂറിന്റെ നോട്ട് ഇല്ലാതായത് ഇല്ലായ്മക്കും വല്ലായ്മക്കും ആക്കംകൂട്ടി. വന്‍കിട സൂപ്പര്‍ മാര്‍ക്കറ്റുകളിലേക്ക് ഒഴുക്കുകൂടി. ഇത് നാട്ടിന്‍പുറങ്ങളിലെ ചെറിയ കടകളെ സാരമായി ബാധിച്ചു. വിനാശകരമായ തീരുമാനത്തിന്റെ അലയടി വര്‍ണ്ണനാതീതമാണ്.

എന്നാല്‍ മറുവശം ശരിയായ തീരുമാനമായിരുന്നു. ഭൂമാഫിയകള്‍ പടം മടക്കി. മോഹവില നല്‍കി ഭൂമി മറിച്ച് വില്‍ക്കുന്ന വന്‍കിട ലോബികള്‍ മുട്ടുമടക്കി. മിക്കവരുടേയും അഹങ്കാരവും ആഢംബരവും ഒരുപരിധി വരെ അവസാനിച്ചു. പണപ്പെരുപ്പം കുറഞ്ഞു. ഉള്ളവനും ഇല്ലാത്തവനും ഒരുപോലെയായി. പണം ഉണ്ടെങ്കില്‍ എന്നെ ആരും തോല്പിക്കില്ല എന്ന ധാരണ തിരുത്തപ്പെട്ടു. നിസ്സാരമായി കരുതിയ പത്ത് രൂപയ്ക്ക് ഡിമാന്റായി. ചെറിയ ദൂരം പോലും നടക്കാന്‍ മടിച്ചവര്‍ നടന്നു പോകുവാന്‍ തുടങ്ങി. ഭര്‍ത്താക്കന്മാര്‍ അറിയാതെ പോക്കറ്റില്‍ നിന്ന് അടിച്ചുമാറ്റിയ നോട്ടുകള്‍ ഭാര്യമാര്‍ പുറത്തു കൊണ്ടുവന്നു. ഉളളതുകൊണ്ട് ഒപ്പിച്ച് ജീവിക്കാന്‍ പലരും പഠിച്ചു. അനധികൃതമായി സമ്പാദിച്ചുകൂട്ടിയ മഹാന്മാര്‍ ധര്‍മ്മസങ്കടത്തിലായി. കണക്ക് കാണിക്കാനും പണം വെളുപ്പിക്കാനും വെള്ളം കുടിച്ചു.

പണക്കൊഴുപ്പിന് പ്രധാനമായും പ്രധാനമന്ത്രി അറുതിവരുത്തി. തട്ടിപ്പിലൂടെയും കള്ളത്തരത്തിലും കണക്ക് വെട്ടിച്ചും പലരുടേയും കണ്ണില്‍ പൊടിയിട്ടും കോടികള്‍ സമ്പാദിച്ചിട്ട് അവരെ ദൈവം അനുഗ്രഹിച്ചെന്ന് കൊട്ടിഘോഷിക്കും. എന്നാല്‍ നവംബര്‍ എട്ടിന് ശേഷം ധാരണകള്‍ തിരുത്തപ്പെട്ടു. ചിലര്‍ക്ക് ഉറക്കമില്ലാത്ത രാത്രികളായിരുന്നു. ‘ധനവാന്റെ സമൃദ്ധി അവനെ ഉറങ്ങുവാന്‍ സമ്മതിക്കുന്നില്ല’. അത് അക്ഷരാര്‍ത്ഥത്തില്‍ നിറവേറി. സമൃദ്ധി സുവിശേഷത്തിന്റെ വക്താക്കള്‍ മാളത്തില്‍ ഒളിച്ചു. ഇപ്പോള്‍ ആരും വീമ്പിളക്കുന്നില്ല. വാചകമടിച്ചാല്‍ ഉറവിടം കാണിക്കണം. ഉളളതുകൊണ്ട് തൃപ്തിപ്പെടുവിന്‍. ഉണ്മാനും ഉടുക്കാനും ഉണ്ടെങ്കില്‍ മതിയെന്നു വെയ്പിന്‍. മുട്ടുള്ളവന് ദാനം ചെയ്‌വിന്‍ തുടങ്ങിയ പ്രമാണങ്ങളില്‍ മുറുകെ പിടിച്ചവര്‍ക്ക് എന്ത് നിയമം കര്‍ക്കശമായാലും ആവലാധിപ്പെട്ട് അന്തകര്‍ണ്ണം മറിയേണ്ട ആവശ്യമില്ല. ദൈവവചനത്തെ യഥാര്‍ത്ഥമായി പ്രസംഗിച്ചാല്‍ കോടികള്‍ കയ്യില്‍ വന്നില്ലെങ്കിലും നമ്മള്‍ ലജ്ജിക്കേണ്ടി വരില്ല. യഥാര്‍ത്ഥമായ അനുഗ്രഹം സ്വര്‍ഗ്ഗീയ അനുഗ്രഹങ്ങളാണ്. അവിടുത്തെ സകല ആത്മീയ അനുഗ്രഹങ്ങളാലും നമ്മെ നിറച്ചിരിക്കുകയാണ് (എഫെ 1:3).

നാം ഈ ലോകക്കാരല്ല. നാം വേറൊരു ലോകത്തെ പ്രതിനിധികരിക്കുന്നവരാണ്. ലോകത്തിലേക്ക് മനസ്സിറങ്ങാതെ ഇരുന്നാല്‍ ഉള്ളതുകൊണ്ട് ഓണം പോലെ കഴിയാം. അധികം സമ്പാദിച്ച് കൂട്ടിയാല്‍ പിന്നെ വലിയ മെനക്കേടാണ്. ദ്രവ്യാഗ്രഹം സകലവിധ ദോഷത്തിനും കാരണമാണ്. തിരുവെഴുത്തിന് മാറ്റം വന്നുകൂടല്ലോ? സത്യമായ വചനം ജഡമെടുത്ത് നമ്മുടെ ഇടയില്‍ വന്നിട്ട് പറയുന്നു ഞാന്‍ തന്നെ സത്യം. വസ്തുതയിലെ വാസ്തവങ്ങള്‍ സാവധാനമേ വെളിപ്പെട്ടുവരികയുള്ളൂ. ബാഹ്യമായ വെച്ചുകെട്ടലുകളും പൊങ്ങച്ചങ്ങളും കുറഞ്ഞു. ഈ പാപം നിറഞ്ഞ നശ്വരമായ ലോകത്ത് കാണുന്നതൊക്കെമായ എന്ന ബോധ്യം നമുക്കുണ്ടാവണം. ശരിയായത് പറയുന്ന തിരുവെഴുത്ത് നിവൃത്തിയാകാന്‍ അധികാരികള്‍ ഇതുപോലെ ശരിയായ തിരുമാനങ്ങള്‍ കൈക്കൊള്ളണം.

സമ്പത്തില്‍ ആശ്രയിക്കുന്നവന്‍ വീഴും. എന്നെ ധനവാനും ആക്കരുത്, ദരിദ്രനും ആക്കരുത് എന്ന് പ്രാര്‍ത്ഥിച്ച ആഗൂരിനെ പോലെ ചിന്തിക്കുവാന്‍ നമുക്ക് കഴിയണം (സദൃ 30:8). അവിടെ നിത്യവൃത്തി വേണമെന്ന് മാത്രമേ പറയുന്നുള്ളൂ. യേശുകര്‍ത്താവും അത് തന്നെയാണ് പഠിപ്പിച്ചത്. അന്നന്നുള്ള ആഹാരത്തിന് വേണ്ടി പ്രാര്‍ത്ഥിക്കൂ.

ഈ വിഷയങ്ങളെപ്പറ്റി കൂടുതലായിട്ട് അറിയുവാന്‍ ലേഖകന്റെ ‘യഥാര്‍ത്ഥ അനുഗ്രഹം സമ്പത്തോ ?’ എന്ന ഗ്രന്ഥം വായിക്കുക

Source URL: https://padayali.com/%e0%b4%b5%e0%b4%bf%e0%b4%a8%e0%b4%be%e0%b4%b6%e0%b4%95%e0%b4%b0%e0%b4%b5%e0%b5%81%e0%b4%82-%e0%b4%b6%e0%b4%b0%e0%b4%bf%e0%b4%af%e0%b4%be%e0%b4%af%e0%b4%a4%e0%b5%81%e0%b4%ae%e0%b4%be%e0%b4%af-%e0%b4%a4/