മാധ്യമസുനാമിയിലും വീണില്ല ട്രംപിസം

by padayali | 12 December 2016 3:54 PM

t
അമേരിക്കന്‍ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത്‌ ആഗോള ജനതയായിരുന്നുവെങ്കില്‍ ഡോണാള്‍ഡ്‌ ട്രംപ്‌ നിലം തൊടാതെ തോറ്റുവീണേനെ. ആഗോളമാധ്യമങ്ങളുടെ ഭൂഗോളവ്യാപകമായ ട്രംപ്‌ വിരുദ്ധ പ്രചാരണം അത്രയ്‌ക്കുണ്ടായിരുന്നു. എന്നാല്‍, വാഷിങ്‌ടണ്‍ പോസ്‌റ്റും ന്യൂയോര്‍ക്ക്‌ ടൈംസും സി.എന്‍.എന്നും അടക്കമുള്ള അമേരിക്കയിലെ, (ലോകത്തിലെ) ഏറ്റവും വിശ്വാസമേറിയതും ശക്‌തവുമായ മാധ്യമശൃംഖലകള്‍ നടത്തിയ വര്‍ഷത്തിലേറെ നീണ്ട ട്രംപ്‌ വിരുദ്ധ പ്രചാരണങ്ങള്‍ ഇലക്‌ഷന്‍ ഡേയില്‍, അമേരിക്കന്‍ ജനത ബാലറ്റിലൂടെ തള്ളിക്കളഞ്ഞു. ഏതായാലും ട്രംപിന്റെ കിരീടധാരണത്തോടെ തകര്‍ന്നുവീണത്‌ അമേരിക്കന്‍ മാധ്യമങ്ങളുടെ അവശേഷിച്ച വിശ്വാസ്യതയാണ്‌. അതു തിരികെപ്പിടിക്കാന്‍ ഏറെ പണിപ്പെടേണ്ടിവരും. പ്രത്യേകിച്ച്‌ ട്രംപ്‌ അധികാരത്തിലെത്തിയതിനാല്‍. വേട്ടയാടിയ മാധ്യമങ്ങളോടു പ്രസിഡന്റായാല്‍ കാണിച്ചുകൊടുക്കാമെന്ന്‌ പരസ്യമായി വെല്ലുവിളിച്ച ട്രംപ്‌ വിശാലമായ അമേരിക്കന്‍ അഭിപ്രായസ്വാതന്ത്ര്യ അവകാശം പുനപ്പരിശോധിക്കുമെന്നു വരെ പറയുന്നു. ഭരണഘടനയുടെ ഒന്നാം ഭേദഗതി കൊണ്ട്‌ പത്രസ്വാതതന്ത്ര്യം സംരക്ഷിക്കപ്പെടുന്ന രാജ്യമാണ്‌ അമേരിക്ക.
ലോകത്തെ ഏറ്റവും വിശാലമായ ജനാധിപത്യരാജ്യമായ ഇന്ത്യയിലെപ്പോലെ നിഷ്‌പക്ഷമല്ല (കടലാസിലെങ്കിലും) ലോകത്തിലെ ഏറ്റവും പഴയ ജനാധിപത്യരാജമായ അമേരിക്കയിലെ മാധ്യമങ്ങള്‍. നിയമപരമായ വിലക്കില്ലാതെ തെരഞ്ഞെടുപ്പില്‍ പക്ഷം ചേരാന്‍ അമേരിക്കയിലെ സ്വതന്ത്രമാധ്യമങ്ങള്‍ക്ക്‌ അതുകൊണ്ടുതന്നെ അവകാശമുണ്ട്‌. 2014ലെ ഇന്ത്യന്‍ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എയുടെപ്രധാനമന്ത്രി സ്‌ഥാനാര്‍ഥിയായ നരേന്ദ്രമോഡിക്കെതിരേ ഇന്ത്യയിലെ ഇടതുപക്ഷ സ്വഭാവമുള്ള മാധ്യമങ്ങള്‍ നടത്തിയ വര്‍ഗീയആരോപണങ്ങളുള്ള രാഷ്‌ട്രീയനിലപാടുകളുടെ പതിന്മടങ്ങു ശക്‌തിയുളളതായിരുന്നു ട്രംപിനെതിരേയുള്ള മാധ്യമങ്ങളുടെ തുറന്ന യുദ്ധം. അതും അമേരിക്കന്‍ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിന്റെ ചരിത്രത്തില്‍ ഇല്ലാത്തവിധം ഏകപക്ഷീയമായി.
ഹിലരിക്ക്‌ ഒപ്പം 57, ട്രംപിനൊപ്പം 2
തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പുവരെയുള്ള കണക്ക്‌ അനുസരിച്ച്‌ അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ പ്രചാരമുള്ള 100 പത്രസ്‌ഥാപനങ്ങളില്‍ 57 എണ്ണം ഡെമോക്രാറ്റ്‌ സ്‌ഥാനാര്‍ഥി ഹിലരി ക്ലിന്റണ്‍ന്റെ പക്ഷം ചേര്‍ന്നപ്പോള്‍ ട്രംപിനെ പിന്തുണച്ചത്‌ രണ്ടെണ്ണം മാത്രമാണ്‌. ലാസ്‌വെഗാസ്‌ റിവ്യൂ ജേണലും, ഫ്‌ളോറിഡ ടൈംസും. 1857ല്‍ സ്‌ഥാപിതമായ പ്രശസ്‌തമായ ദി അറ്റ്‌ലാന്റിക്‌ മാസിക ഹിലരി ക്ലിന്റണെ പരസ്യമായി പിന്തുണയ്‌ക്കുക വഴി അതിന്റെ ചരിത്രത്തില്‍ മൂന്നാം തവണയാണ്‌ പ്രസിഡന്റ്‌ സ്‌ഥാനാര്‍ഥിക്ക്‌ പിന്തുണ നല്‍കിയത്‌. ഫോറിന്‍ പോളിസിയും ലാറ്റിന ഡോട്ട്‌കോമും ചരിത്രത്തില്‍ ആദ്യമായി ഒരു പ്രസിഡന്റ്‌ സ്‌ഥാനാര്‍ഥിക്ക്‌ പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ നൂറ്റാണ്ടിലേറെയായി റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കു പിന്തുണ നല്‍കിവന്നിരുന്ന കൊളംബസ്‌ ഡെസ്‌പാച്ച്‌, സാന്‍ഡിയാഗോ ടൈംസ്‌, അരിസോണ റിപബ്ലിക്‌, ഡാളസ്‌ മോണിങ്‌ ന്യൂസ്‌, സിന്‍സിനാട്ടി എന്‍ക്വയറര്‍, ഹൂസ്‌റ്റണ്‍ ക്രോണിക്കിള്‍ എന്നിവ പാരമ്പര്യം മറന്ന്‌ ഡെമോക്രാറ്റ്‌ സ്‌ഥാനാര്‍ഥിയെ പിന്തുണച്ചു. ട്രംപ്‌ അമേരിക്കയുടെ അന്തകന്‍ എന്നായിരുന്നു ഈ മാധ്യമങ്ങളില്‍ മിക്കതിന്റെയും വിശേഷണം. ന്യൂയോര്‍ക്ക്‌ ടൈംസ്‌, ലോസാഞ്ചലസ്‌ ടൈംസ്‌, ദി ബാള്‍ട്ടിമോര്‍ സണ്‍ എന്നീ ആഗോളപ്രശസ്‌തമായ മാധ്യമങ്ങളും ഹിലരിയെ പിന്തുണച്ചവരുടെ പട്ടികയിലുണ്ട്‌. നവമാധ്യമങ്ങളില്‍ സാങ്കേതികവിഷയങ്ങള്‍ ചെയ്ുന്നതിയലൂടെ ലോകപ്രശസ്‌തമായ ദി വയേഡ്‌ പോലുള്ള പോര്‍ട്ടലുകളും പിന്തുണച്ചത്‌ ഹിലരിയെ ആയിരുന്നു. ഇതൊക്കെ കണ്ടു കണക്കുകൂട്ടിതന്നെയാവണം ട്രംപിന്റെ പ്രചാരണം തുടങ്ങിയതും അവസാനിച്ചതും ഒരേ ശൈലിയിലാക്കിയത്‌- മാധ്യമങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും കണ്ണുപൊട്ടുന്ന ചീത്ത വിളിച്ചുകൊണ്ട്‌. മെക്‌സിക്കന്‍ കുടിയേറ്റക്കാരെ കൊലപാതകികളും ബലാത്സംഗികളും എന്നുവിശേഷിപ്പിച്ചുകൊണ്ടായിരുന്നു ട്രംപ്‌ തന്റെ വിവാദപരമ്പരയ്‌ക്കു തുടക്കമിട്ടത്‌. മാധ്യമങ്ങളിലൂടെ തന്റെ വിദ്വേഷത്തിനെതിരേ അണപൊട്ടിയ അമര്‍ഷങ്ങളുണ്ടായിട്ടും ട്രംപ്‌ കുലുങ്ങിയില്ല. താന്‍ തേടുന്ന വോട്ടര്‍മാരിലേക്ക്‌ എത്തിക്കാനുളള സന്ദേശങ്ങള്‍ കൃത്യമാക്കാനാണു ട്രംപ്‌ ഈ വിവാദങ്ങളുടെ മാധ്യമ ആഘോഷങ്ങളെ ഉപയോഗിച്ചത്‌. അമേരിക്കയില്‍ ജനിച്ച ജഡ്‌ജിയുടെ വിധികള്‍ അയാള്‍ മെക്‌സിക്കന്‍ വംശജനായതുകൊണ്ടു സംശയകരമാണെന്നു പറഞ്ഞ്‌ അടുത്ത വെടിപൊട്ടിച്ചു. അതിനുപിന്നാലെയായിരുന്നു ഭീകരവാദം തടയാന്‍ മുസ്ലിം കുടിയേറ്റം തടയുമെന്ന ലോകവ്യാപകവിമര്‍ശനം വരുത്തിവച്ച പരാമര്‍ശം. ഗതികെട്ട്‌ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സിറ്റിങ്‌ സ്‌പീക്കര്‍ ട്രംപിന്റെ പരാമര്‍ശങ്ങള്‍ വംശീയ അധിക്ഷേപങ്ങള്‍ക്ക്‌ ഉത്തമ മാതൃകയാണെന്നു തുറന്നടിച്ചു. എന്നാല്‍, പാര്‍ട്ടിക്കുളളില്‍ നിന്നുതന്നെ എതിര്‍പ്പു കൂടിയിട്ടും ട്രംപ്‌ അടങ്ങിയില്ല. തുടര്‍ന്ന്‌ ട്രംപിന്റെ കരിയറിലെ വംശീയവിദ്വേഷകഥകള്‍ ഒന്നൊന്നായി മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നു. എണ്‍പതുകളിലും എഴുപതുകളിലും ട്രംപിന്റെ കമ്പനി ആഫ്രിക്കന്‍-അമേരിക്കന്‍ കുടിയേറ്റക്കാര്‍ക്കെതിരേ കൊണ്ടുവന്ന വംശീയവേര്‍തിരിവുകളെ ക്കുറിച്ച്‌ ന്യൂയോര്‍ക്ക്‌ ടൈംസ്‌ വിശാലമായി റിപ്പോര്‍ട്ട്‌ ചെയ്‌തു. ട്രംപിന്റെ ലൈംഗികവീരകഥകള്‍ മുമ്പേ പ്രചാരത്തിലുളളതാണെങ്കിലും ഒന്നാംപ്രസിഡന്‍ഷ്യല്‍ സംവാദത്തോടെ അമേരിക്കന്‍ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്‌ കണ്ടിട്ടില്ലാത്തവിധം നാണംകെട്ടതായി പ്രചാരണം മാറി. 
ഒന്നിനുപുറകേ ഒന്നായി സ്‌ത്രീകള്‍ ലൈംഗിക ആരോപണങ്ങളുമായി എത്തി. ആക്‌സസ്‌ ഹോളിവുഡ്‌ ടേപ്പ്‌( അമേരിക്കയിലെ വലിയ ബ്രോഡ്‌കാസ്‌റ്റിങ്‌ ശൃംഖലകളിലൊന്നായ എന്‍.ബി.സിയാണു പുറത്തുകൊണ്ടുവന്നത്‌.) എന്നറിയപ്പെട്ട ഈ വിവാദത്തിന്റെ തുടര്‍ച്ചയായി വന്ന വെളിപ്പെടുത്തലുകളില്‍ സ്വന്തം മകളുടെ ശരീരത്തെക്കുറിച്ച്‌ ട്രംപ്‌ നടത്തിയ വര്‍ണനകളടക്കമുള്ളവയുടെ ശബ്‌ദരേഖ സി.എന്‍.എന്‍. പുറത്തുവിട്ട്‌ ട്രംപ്‌ ക്യാമ്പിനെ പരിഭ്രാന്തരാക്കി. (വോട്ടര്‍മാരെ അല്ല എന്ന്‌ ഇപ്പോള്‍ മനസിലാക്കാം.) ആ മാസം 16 സ്‌ത്രീകളാണ്‌ ട്രംപിനെതിരേ ലൈംഗിക ആരോപണങ്ങളുയര്‍ത്തിയത്‌; മുന്‍ലോകസുന്ദരി മുതല്‍ നീലച്ചിത്രനായിക വരെ. തന്റെ പ്രചാരണക്യാമ്പയിനെ അമേരിക്കയിലെ ഏറ്റവും സ്വാനീധനമുള്ള പത്രങ്ങളിലൊന്നായ വാഷിങ്‌ടണ്‍ പോസ്‌റ്റ്‌ റിപ്പോര്‍ട്ട്‌ ചെയ്‌ത രീതി ട്രംപിനെ ചൊടിപ്പിച്ചു. തന്റെ റാലി റിപ്പോര്‍ട്ട്‌ ചെയ്യുന്നതില്‍ നിന്ന്‌ വാഷിങ്‌ടണ്‍ പോസ്‌റ്റിന്റെ റിപ്പോര്‍ട്ടര്‍മാരെ വിലക്കി. സംവാദകരെയും മാധ്യമപ്രവര്‍ത്തകരെയും പോള്‍ സര്‍വേക്കാരെയും അകറ്റിനിര്‍ത്തി. എന്നിട്ടും ട്രംപ്‌ എങ്ങനെ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നു?ഒരു ദശാബ്‌ദം മുമ്പ്‌ അല്ലെങ്കില്‍ രണ്ട്‌ അമേരിക്കന്‍ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പുകള്‍ക്കു മുമ്പ്‌ ന്യൂയോര്‍ക്ക്‌ ടൈംസും സി.എന്‍.എന്നും അവഗണിച്ചാല്‍, അല്ലെങ്കില്‍ നെഗറ്റീവായി മാര്‍ക്കു ചെയ്‌താല്‍ ആ സ്‌ഥാനാര്‍ഥി തന്നെ ഇല്ലാതാകുമായിരുന്നു. എന്നാല്‍, മാധ്യമങ്ങളുടെ രീതികള്‍ തന്നെ മാറിയ കണ്‍വര്‍ജന്റ്‌ മീഡിയാകാലത്ത്‌ അതിന്റെ എല്ലാ സാധ്യതകളും ട്രംപ്‌ ക്യാമ്പ്‌ കൃത്യമായി ഉപയോഗിക്കുകയായിരുന്നുവെന്നു വേണം വിലയിരുത്താന്‍.നെറ്റ്‌വര്‍ക്ക്‌ഡ്‌ പ്ലാറ്റ്‌ഫോം അഥവാ വിവിധയിനം മാധ്യമങ്ങളുടെ സംഗമമായ കണ്‍വെര്‍ജന്റ്‌ മീഡിയ ആണു കഴിഞ്ഞ പതിറ്റാണ്ടിനിടെ മാധ്യമരംഗത്തുണ്ടായ ഏറ്റവും വലിയ മാറ്റങ്ങളിലൊന്ന്‌. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍, ടെലിവിഷന്‍ ചാനലുകള്‍ എന്നിവയും യൂ ട്യൂബ്‌, ട്വിറ്റര്‍, ഫെയ്‌സ്‌ബുക്ക്‌, ഇന്‍സ്‌റ്റാഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളും ചേര്‍ന്ന ലോകത്തെ മുഴുവന്‍ പലതരത്തില്‍ ബന്ധിപ്പിക്കുന്ന പ്ലാറ്റ്‌ഫോം. അതിനെ സമര്‍ഥമായി ഉപയോഗിച്ച്‌ പരമ്പരാഗത മാധ്യമങ്ങളെ കെണിയില്‍ വീഴ്‌ത്തി ട്രംപ്‌ ഐഡിയോളജി വളരെ കൃത്യമായി എത്തിച്ചുവെന്നുവേണം കരുതാന്‍. ഈ പ്ലാറ്റ്‌ഫോമുകള്‍ക്ക്‌ ചെറിയ സന്ദേശങ്ങള്‍ പോലും വളരെ കൃത്യമായി ടാര്‍ജറ്റഡ്‌ വോട്ടര്‍മാരിലേക്ക്‌ എത്തിക്കാനായിട്ടുണ്ട്‌. ഉദാഹരണത്തിനു ട്രംപിന്റെ പ്രകോപനപരമായ ചെറിയ ട്വീറ്റുകളോ, പിഴവുകളോ പോലും അദ്ദേഹത്തിന്റെ ആരാധകര്‍ വന്‍തോതില്‍ പ്രചാരത്തിലാക്കുകയും പരമ്പരാഗത മാധ്യമങ്ങള്‍ ഗത്യന്തരമില്ലാതെ വലിയ വാര്‍ത്തയാക്കുകയും ചെയ്‌തു.
ഇത്തരത്തില്‍ 200 കോടി ഡോളറിന്റെ പ്രചാരണം മുഖ്യധാര മാധ്യമങ്ങള്‍ ട്രംപിനു ചെയ്‌തുകൊടുത്തിട്ടുണ്ടെന്നാണൊരു കണക്ക്‌. ട്രംപിന്റെ ഐഡിയോളജി ശരിയോ തെറ്റോ എന്നുളളതു വിടുക, അവ വലിയൊരു വിഭാഗം അമേരിക്കക്കാരിലേക്ക്‌ എത്തിക്കാന്‍ ഈ സമര്‍ഥമായ മാധ്യമകാമ്പയിന്‌ സാധിച്ചിട്ടുണ്ട്‌. നെഗറ്റീവ്‌ പബ്ലിസിറ്റി എന്നതു വളരെ കൃത്യമായി മുതലാക്കിയെന്നുവേണം അനുമാനിക്കാന്‍. മര്യാദയും കുലീനതയും പൊതിഞ്ഞുപിടിച്ച നാട്യങ്ങളുമല്ല, ഭൂരിപക്ഷത്തിന്റെ മോഹങ്ങളെയും അമര്‍ഷങ്ങളെയും തൃപ്‌തിപ്പെടുത്തുന്ന ആക്രോശങ്ങളും വെല്ലുവിളികളും തുറന്നുപറച്ചിലുകളുമാണ്‌ ആഗോളാനന്തരകാലത്ത്‌ അമേരിക്കന്‍ രാഷ്‌ട്രീയത്തിന്റെയും വഴി എന്ന്‌ ട്രംപ്‌ തെളിയിച്ചു.
‘അമേരിക്കയെ വീണ്ടും മഹത്തരമാക്കാന്‍’
മെയ്‌ക്ക്‌ അമേരിക്ക ഗ്രെയ്‌റ്റ്‌ എഗെയ്‌ന്‍-അമേരിക്കയെ വീണ്ടും മഹത്തരമാക്കുക; അതായിരുന്നു ട്രംപ്‌ കാമ്പയിന്റെ മുദ്രാവാക്യം. ഉദ്ദേശം സ്‌പഷ്‌ടമായിരുന്നു.: കഴിഞ്ഞ എട്ടുവര്‍ഷം, അതായത്‌ കറുത്തവര്‍ഗക്കാരനായ പ്രസിഡന്റ്‌ ബരാക്‌ ഒബാമയുടെ കാലത്ത്‌ യുണൈറ്റഡ്‌ സ്‌റ്റേറ്റ്‌സ്‌ ഓഫ്‌ അമേരിക്കയുടെ പ്രതാപം നഷ്‌ടപ്പെട്ടുപോയി, അതു വീണ്ടെടുക്കണമെങ്കില്‍ വെളുത്തവര്‍ഗക്കാരന്റെ ആധിപത്യം വരണം. മാധ്യമങ്ങളിലൂടെയുള്ള ആസൂത്രിതമായ വംശീയ ദുഷിപ്പികളിലൂടെ ട്രംപ്‌ നല്‍കിയ സൂചനയിതാണ്‌. അമേരിക്കയിലെ മാത്രമല്ല ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളിലും ജര്‍മനിയും ഹോളണ്ടും സ്‌പെയിനും ഗ്രീസും അടക്കമുളള യൂറോപ്യന്‍ രാജ്യങ്ങളിലും വ്യാപകമായിക്കൊണ്ടിരിക്കുന്ന തീവ്രദേശീയതയിലധിഷ്‌ഠിതമായ വലതുപക്ഷ രാഷ്‌ട്രീയത്തിന്റെ അമേരിക്കന്‍ പതിപ്പാണ്‌ ട്രംപിന്റേത്‌. അമേരിക്കയിലെ ബഹുഭൂരിപക്ഷം വരുന്ന വെളുത്തവര്‍ഗക്കാര്‍ ഈ മാറ്റത്തിനായി കാത്തിരിക്കുകയായിരുന്നു എന്നുവേണം അനുമാനിക്കാന്‍. താന്‍ വംശയവാദിയാണെന്ന്‌ തുറന്നുസമ്മതിക്കാന്‍ മടിയില്ലാത്ത തരത്തിലേക്ക്‌ നല്ലൊരുശതമാനം അമേരിക്കക്കാരും ഈ എട്ടുവര്‍ഷം കൊണ്ട്‌ മാറിയിട്ടുണ്ടുവെന്നു സാരം2008ല്‍ ഒബാമ പ്രസിഡന്റ്‌ ആയി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ശക്‌തി പ്രാപിച്ച റിപബ്ലിക്കന്‍ പാര്‍ട്ടിയിലെ ടീ പാര്‍ട്ടി ഗ്രൂപ്പാണ്‌ ട്രംപിന്റെ ഉദയത്തിനു പിന്നില്‍. 1773ലെ അമേരിക്കന്‍ വിപ്ലവത്തിലെ പ്രതിഷേധസമരമായ ബോസ്‌റ്റണ്‍ ടീ പാര്‍ട്ടിയുടെ പേരിലാണ്‌ അറിയപ്പെടുന്നതെങ്കിലും പാര്‍ട്ടിക്കുള്ളിലെ തീവ്രയാഥാസ്‌ഥിതിക വിഭാഗമാണ്‌ ടീ പാര്‍ട്ടി. ഒബാമ അധികാരത്തിലെത്തിയതുമുതല്‍ ടീ പാര്‍ട്ടി അംഗങ്ങള്‍ സഹജമായ വെറുപ്പോടെയും അസഹിഷ്‌ണുതയോടെയുമാണ്‌ നേരിട്ടത്‌. വെളുത്തവര്‍ഗക്കാരന്റെ സാമൂഹികമായ മേല്‍ക്കൈ നഷ്‌ടമായി എന്ന പ്രചരണം സജീവമാക്കി നിലനിര്‍ത്തുന്നില്‍ അവര്‍ വിജയിച്ചു. 2011ലാണ്‌ ഒബാമ അമേരിക്കയിലാണോ ജനിച്ചത്‌ എന്നു പരസ്യമായി ചോദിച്ചുകൊണ്ട്‌ ട്രംപ്‌ ടീ പാര്‍ട്ടി മൂവ്‌മെന്റില്‍ പ്രാധാന്യം നേടുന്നത്‌. ഒബാമയോടു ജനനസര്‍ട്ടിഫിക്കറ്റ്‌ ഹാജരാക്കാനും ട്രംപ്‌ ആവശ്യപ്പെട്ടിരുന്നു. അതിനുശേഷം മാധ്യമങ്ങളുടേയും കോര്‍പറേറ്റുകളെയും സമര്‍ഥമായി ഉപയോഗിച്ച്‌ ഒബാമയെയും ഹിലരി ക്ലിന്റണെയും ഒന്നൊഴിയാതെ വിവാദങ്ങളില്‍ കൊരുത്തിടാനും വിദ്വേഷത്തിന്റെ ലഹരി അമേരിക്കയില്‍ വളര്‍ത്താനും വിജയിച്ചു. ആ വിജയവും തന്ത്രവും ക്യാപിറ്റോള്‍ ഹില്ലിലേക്കു കുടിയേറുമ്പോള്‍ ലോകവും കാക്കുകയാണ്‌. ട്രംപിസത്തിന്റെ കാലത്ത്‌ അമേരിക്ക എന്ന ഒന്നാം നമ്പറുകാരന്‍ എന്താകുമെന്ന്‌

Source URL: https://padayali.com/%e0%b4%ae%e0%b4%be%e0%b4%a7%e0%b5%8d%e0%b4%af%e0%b4%ae%e0%b4%b8%e0%b5%81%e0%b4%a8%e0%b4%be%e0%b4%ae%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%b5%e0%b5%80%e0%b4%a3%e0%b4%bf%e0%b4%b2/