നാണയം വിഴുങ്ങിയ കുട്ടി മരിച്ചു; ചികില്‍സ നിഷേധിച്ചെന്ന് ആരോപണം

by Vadakkan | 2 August 2020 11:38 AM

കൊച്ചി:നാണയം വിഴുങ്ങിയ മൂന്നു വയസ്സുകാരനായ കുട്ടി മരണപ്പെട്ടു. ആലുവ കടുങ്ങല്ലൂര്‍ സ്വദേശികളായ നന്ദിനി-രാജു ദമ്ബതികളുടെ മകന്‍ പ്രിഥ്വിരാജാണ് മരിച്ചത്. കണ്ടെയിന്‍മെന്റ് സോണില്‍ നിന്നു വന്നതിനാല്‍ ചികില്‍സ നിഷേധിക്കുകയും വൈകുകയും ചെയ്തതാണ് മരണത്തിനു കാരണമെന്ന് കുടുംബം ആരോപിച്ചു. ഇന്നലെയാണ് കുട്ടി നാണയം വിഴുങ്ങിയത്. തുടര്‍ന്ന് ആശുപത്രികളിലെത്തിയെങ്കിലുംചികില്‍സ നല്‍കാന്‍ തയ്യാറായില്ലെന്നാണ് പരാതി. കണ്ടെയ്ന്‍മെന്റെ സോണില്‍ നിന്നെത്തിയതിനാല്‍ പ്രവേശിപ്പിക്കാനാവില്ലെന്നും ഡോക്ടര്‍മാര്‍ ഗൗരവത്തോടെ കണ്ടില്ലെന്നും കുടുംബം ആരോപിച്ചു.

കുട്ടിയെ ആദ്യം ആലുവ സര്‍ക്കാര്‍ ആശുപത്രിയിലാണ് എത്തിച്ചത്. അവിടെ നിന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് പോവാന്‍ പറഞ്ഞു. എറണാകുളം ജനറല്‍ ആശുപത്രിയിയിലെ നിര്‍ദേശപ്രകാരം ആലപ്പുഴ മെഡിക്കല്‍ കോളജിലും കുട്ടിയെ കൊണ്ടുപോയി. കുട്ടിക്ക് പഴവും ചോറും കൊടുത്താല്‍ മതിയെന്ന് പറഞ്ഞു മടക്കിയെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇന്നലെ രാത്രിയോടെ കുട്ടിയുടെ നില മോശമായി. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണപ്പെടുകയായിരുന്നു. കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് വരുന്നതിനാല്‍ കുട്ടിയെ അഡ്മിറ്റ് ചെയ്യാനാവില്ലെന്ന് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ നിന്ന് പറഞ്ഞെന്നാണ് കുട്ടിയുടെ മാതാവ് നന്ദിനി പറയുന്നത്. എന്നാല്‍, പീഡിയാട്രിക് സര്‍ജന്‍ ഇല്ലാത്തതിനാലാണ്.

എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് പോവാന്‍ പറഞ്ഞതെന്നാണ് ആലുവ ജനറല്‍ ആശുപത്രി സൂപ്രണ്ട് പറയുന്നത്. കുട്ടിയുടെ എക്‌സറേ എടുത്തിരുന്നുവെന്നും കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നാണോ എന്ന് ചോദിച്ചിരുന്നില്ലെന്നും സൂപ്രണ്ട് പ്രസന്നകുമാരി വ്യക്തമാക്കി.

Source URL: https://padayali.com/%e0%b4%a8%e0%b4%be%e0%b4%a3%e0%b4%af%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%b4%e0%b5%81%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf%e0%b4%af-%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%ae/