ജിഷ്ണുവിന്റെ മരണം:പ്രതികളായ നെഹ്റു കോളേജ് അധ്യാപകര്‍ ഒളിവില്‍

by Vadakkan | 13 February 2017 11:31 AM

പാമ്ബാടി നെഹ്റു കോളേജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികളായ അധ്യാപകര്‍ ഒളിവില്‍. പ്രേരണാകുറ്റം ചുമത്തി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെയാണ് അധ്യാപകര്‍ ഒളിവില്‍ പോയത്.
ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കോളേജ് വൈസ് പ്രിന്‍സിപ്പല്‍ അടക്കം അഞ്ച് പേര്‍ക്കെതിരെ പ്രേരണാകുറ്റം ചുമത്തി പോലീസ് കേസ് രജിസ്റ്റര്‍ ചെയിതിരുന്നു. വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍, ജിഷ്ണു കോപ്പിയടിച്ചുവെന്ന് പറയപ്പെടുന്ന സമയത്ത് പരീക്ഷാ ഹാളിലുണ്ടായിരുന്ന അധ്യാപകന്‍ സിപി പ്രവീണ്‍, എക്സാം സെല്‍ അംഗം വിപിന്‍,പിആര്‍ഒ സജിത്ത് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

തിങ്കളാഴ്ച പ്രതികളുടെ അറസ്റ്റുണ്ടായേക്കുമെന്ന സൂചനയുണ്ടായിരുന്നു. ഇന്ന് രാവിലെ പോലീസ് പ്രതികളുടെ വീട്ടിലെത്തിയെങ്കിലും അവരെ കാണാന്‍ സാധിച്ചില്ല. ഇവര്‍ക്കായി തിരച്ചില്‍ നടത്തുകയാണ്. പ്രതികള്‍ തമിഴ്നാട്ടിലേക്ക് കടന്നെന്ന സംശയത്തെ തുടര്‍ന്ന് തമിഴ്നാട്ടിലും തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.
അതേസമയം, വധഭീഷണി മുഴക്കിയെന്നാരോപിച്ച്‌ നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസിനെതിരെ രക്ഷിതാക്കള്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി.ജിഷ്ണുവിന്റെ മരണത്തില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികളുടെ രക്ഷിതാക്കളെ വിളിച്ച്‌ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം.

Source URL: https://padayali.com/%e0%b4%9c%e0%b4%bf%e0%b4%b7%e0%b5%8d%e0%b4%a3%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%82%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%95/