ചരിത്ര നേട്ടവുമായി ഇന്ത്യ: പി.എസ്.എല്‍.വി- 37 വിക്ഷേപണം വിജയകരം

by Vadakkan | 15 February 2017 5:15 AM

ബംഗളൂരു: ബഹിരാകാശ ഗവേഷണ രംഗത്തെ ചരിത്രം മാറ്റിയെഴുതി ഇന്ത്യ. 104 ഉപഗ്രഹങ്ങള്‍ ഒന്നിച്ച്‌ ഭ്രമണപഥത്തിലെത്തിക്കുന്ന പി.എസ്.എല്‍.വി സി-37 വിക്ഷേപണം വിജയിച്ചു. ചരിത്ര നേട്ടവുമായി ഐ.എസ്.ആര്‍.ഒ ഇന്ത്യയുടെ യശസ് വാനോളമുയര്‍ത്തി. രാവിലെ 9.28ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍നിന്നായിരുന്നു വിക്ഷേപണം.
ഇതോടെ 37 ഉപഗ്രഹങ്ങള്‍ ഒന്നിച്ച്‌ വിക്ഷേപിച്ച റഷ്യയുടെ റെക്കോര്‍ഡ് ഇന്ത്യ മറി കടന്നു. 29 എണ്ണം ഭ്രമണപഥത്തിലെത്തിച്ച അമേരിക്കയായിരുന്നു രണ്ടാമത്. 2016 ജൂണ്‍ 22ന് 20 ഉപഗ്രഹങ്ങള്‍ ഒന്നിച്ച്‌ ഭ്രമണപഥത്തിലെത്തിച്ചതായിരുന്നു രാജ്യത്തിന്റെ ഉപഗ്രഹ വിക്ഷേപണത്തിലെ റെക്കോഡ്.
തദ്ദേശീയമായി വികസിപ്പിച്ച കാര്‍ട്ടോസാറ്റ് 2ഡി, ഐ.എന്‍.എസ് 1എ, ഐ.എന്‍.എസ് 1ബി എന്നിവയും 101 വിദേശ ഉപഗ്രഹങ്ങളുമാണ് വിക്ഷേപിച്ചത്.

പ്രധാന ഉപഗ്രഹമായ കാര്‍ട്ടോസാറ്റ് 2ഡിക്ക് 714 കിലോഗ്രാമും മറ്റു ഉപഗ്രഹങ്ങള്‍ക്കെല്ലാം കൂടി 664 കിലോഗ്രാമുമാണ് ഭാരം. അമേരിക്കയില്‍നിന്നുള്ള 96 ഉപഗ്രഹങ്ങള്‍ക്കുപുറമെ നെതര്‍ലന്‍ഡ്സ്, സ്വിറ്റ്സര്‍ലന്‍ഡ്, ഇസ്രാഈല്‍, യു.എ.ഇ, കസാഖിസ്താന്‍ എന്നിവിടങ്ങളില്‍നിന്നുള്ള ഉപഗ്രഹങ്ങളാണ് ഇന്ത്യയില്‍നിന്നുള്ള മൂന്നെണ്ണത്തിനൊപ്പം 505 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലെത്തിക്കുക.

ബഹിരാകാശ ചരിത്രത്തില്‍ ആദ്യമായാണ് നൂറിലധികം ഉപഗ്രഹങ്ങള്‍ ഒന്നിച്ച്‌ വിക്ഷേപിക്കുന്നത്. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ഇന്ത്യ 121 ഉപഗ്രഹങ്ങള്‍ വിജയകരമായി വിക്ഷേപിച്ചിട്ടുണ്ട്. 34 വിക്ഷേപണങ്ങളില്‍ 75 ഉപഗ്രഹങ്ങളും വിദേശത്തുനിന്നുള്ളതായിരുന്നു. ഏറ്റവും കുറഞ്ഞ നിരക്കില്‍ വിദേശ ഉപഗ്രഹങ്ങള്‍ വിക്ഷേപിതക്കുന്ന ഏജന്‍സിയും ഐ.എസ്. ആര്‍.ഒ ആണ്.

Source URL: https://padayali.com/%e0%b4%9a%e0%b4%b0%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0-%e0%b4%a8%e0%b5%87%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b5%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d/