ക്രേത്തയിലെ പെരുവയറന്മാരും, വീട്ടിലെ സഭായോഗവും

ക്രേത്തയിലെ പെരുവയറന്മാരും, വീട്ടിലെ സഭായോഗവും
May 14 11:48 2020 Print This Article

ഗ്രീസിന് തെക്കുപടിഞ്ഞാറായി ഏകദേശം 150മൈൽ നീ beളവും 30 മൈൽ വരെ വീതിയും ഉള്ള ഒരു ദ്വീപാണ് ക്രേത്ത. അവിടെയുണ്ടായിരുന്ന സഭകളിൽ ഒരു പെരുമാറ്റച്ചട്ടം ഉണ്ടാക്കേണ്ടതിനായി പൗലോസ്, തീത്തോസിനെ ചുമതലപ്പെടുത്തന്നതായി നമുക്ക് കാണാൻ കഴിയും.

തീത്തോസ് 1:5  ഞാൻ ക്രേത്തയിൽ നിന്നെ വിട്ടേച്ചുപോന്നതു: ശേഷിച്ച കാര്യങ്ങളെ ക്രമത്തിലാക്കേണ്ടതിന്നും ഞാൻ നിന്നോടു ആജ്ഞാപിച്ചതുപോലെ പട്ടണംതോറും മൂപ്പന്മാരെ ആക്കി വെക്കേണ്ടതിന്നും തന്നേ.

ക്രേത്തയിലെ സഭകളിൽ ചില ക്രമക്കേടുകൾ ഉണ്ടായിരുന്നു. അതിന്റെ പരിഹാരമായി അവിടുത്തെ സഭകളിൽ മൂപ്പന്മാരെ (പാസ്റ്റർ, ബിഷപ്പ്, പ്രിസ്‌ബെറ്റെർ എന്നും പറയാം) ആക്കിവെക്കേണ്ടത് അത്യന്താപേക്ഷിതം ആയിരുന്നു.

അവിടുത്തെ പ്രശ്നങ്ങൾ താഴെ കുറിച്ചിട്ടുണ്ട്. തീത്തോസ് 1:10-12, വൃഥാവാചാലന്മാരും മനോവഞ്ചകന്മാരുമായി വഴങ്ങാത്തവരായ പലരും ഉണ്ടല്ലോ വിശേഷാൽ പരിച്ഛേദനക്കാർ തന്നേ. അവരുടെ വായ് അടെക്കേണ്ടതാകുന്നു. അവർ ദുരാദായം വിചാരിച്ചു അരുതാത്തതു ഉപദേശിച്ചുകൊണ്ടു കുടുംബങ്ങളെ മുഴുവനും മറിച്ചുകളയുന്നു.

ക്രേത്തർ സർവ്വദാ അസത്യവാദികളും ദുഷ്ടജന്തുക്കളും മടിയന്മാരായ പെരുവയറന്മാരും അത്രേ എന്നു അവരിൽ ഒരുവൻ, അവരുടെ ഒരു വിദ്വാൻ തന്നേ, പറഞ്ഞിരിക്കുന്നു. അരുതാത്തതു ഉപദേശിച്ചു കുടുംബങ്ങളെ മുഴുവൻ തെറ്റിക്കുന്ന, ദുരുപദേശം പഠിപ്പിക്കുന്ന ചിലർ അവിടെ ഉണ്ടായിരുന്നു. അവരുടെ ലക്ഷ്യം ദുരാദായം ആയിരുന്നു. ചിലർ വെറും ശാപ്പാട്ടുരാമന്മാരും ആയിരുന്നു. പൗലോസ് പറയുന്നത് അവരുടെ വായ് അടപ്പിക്കണമെന്നാണ്.

ഇതുപോലെ ചിലർ ഈ ലോക്കഡോൺ കാലത്തും ഇറങ്ങിയിട്ടുണ്ട്. അവരുടെയും വായ് അടപ്പിക്കേണ്ടതാണ്. എന്ത് കണ്ടാലും, നമുക്കെന്തൊവേണം, ദൈവം നോക്കിക്കൊട്ട് എന്നു പറയുന്ന ചിലർ ഉണ്ട്. അവർ കള്ളന് കഞ്ഞിവെച്ചുകൊടുക്കുന്നവർ ആണ്. തെറ്റിനോട് പ്രതികരിക്കാത്തവർ തെറ്റിന് കൂട്ടുനില്കുന്നവർ ആണ്. പൗലോസ് ആ കൂട്ടത്തിൽ അല്ലായിരുന്നു.

ഓൺലൈൻ കർത്തൃമേശയും വീട്ടിലെ സഭായോഗവും ഒക്കെയായി ഇറങ്ങിയിരിക്കുന്ന ചിലർ ക്രേത്തക്കാരെപ്പോലെ ഉള്ളവർ ആണ്. എല്ലാ വീടും ഓരോ സഭയാണെന്നും, വീട്ടുകാരൻ പാസ്റ്ററാകണമെന്നും പറയുന്നവർക്ക് ആവേശം കൂടിയതാണോ, സുബോധം പോയതാണോ (കിളി പോയവർ)എന്നു പരിശോധിച്ചാൽ കൊള്ളാം.

എന്ത് വെളിവ്കേടും പറഞ്ഞിട്ട് ‘പരിശുദ്ധാത്മാവ് രാത്രിയിൽ പറഞ്ഞതാണെന്ന്’ ഒരു കള്ളം കൂടെ പറയും. ഇവരോട് പകൽ ആത്മാവ് ഒന്നും പറയത്തില്ല. ദൈവിക സ്ഥാപനങ്ങളിൽ ഒരു ദൈവികക്രമം ഉണ്ട്. കുടുംബത്തിലും സഭയിലും ആ ക്രമം ദൈവം തന്നെ പറഞ്ഞിട്ടുണ്ട്‌. വീട്ടിൽ എല്ലാവരും അപ്പനല്ല. ഭർത്താവ്, ഭാര്യ, മക്കൾ (സങ്കീർത്തനം 128 നോക്കുക) എന്ന ക്രമം ഉണ്ട്. ഓരോരുത്തരുടെയും സ്ഥാനം, ചുമതല, അവകാശങ്ങൾ എല്ലാം പുതിയ നിയമത്തിൽ പറഞ്ഞിട്ടുണ്ട്‌.

ലോക്കഡോൺ പ്രമാണിച്ചു സ്ത്രീ ഭർത്താവും, പുരുഷൻ ഭാര്യയും ആകുന്നില്ല. (ചില വീടുകൾ ഭരിക്കുന്നത്‌ സ്ത്രീകൾ ആണ്). കുടുംബത്തിലെ പോലെ സഭയിലും ദൈവിക ക്രമം ഉണ്ട്. അത് മാറ്റാൻ ആരെയും, വിശേഷാൽ ചാനെലുകാരെയും ദൈവം ചുമതലപ്പെടുത്തിയിട്ടില്ല. ദുരുപദേശം കൂടുതൽ പ്രചരിപ്പിക്കുന്നത് ചാനെലുകാർ ആണല്ലോ.

ദുരാദായം ആണല്ലോ മിക്കവരുടെയും ലക്ഷ്യം. ലോക്കഡൗണിൽ ബിസിനസ്‌ നിലനിർത്താനും റേറ്റിംഗ് കൂട്ടാനും അവർ പല തന്ത്രങ്ങളും പ്രയോഗിക്കും. അതെല്ലാം കണ്ടു കോട്ടുവായും വിട്ടു സ്തോത്രം പറയാൻ കുറെ പാവങ്ങൾ ഉള്ളടത്തോളം ഇവർ ആത്മീയതയെ വ്യവസായവത്കരിച്ചു നേട്ടമുണ്ടാക്കും. എന്താണ്, ആരാണ് സഭ. സഭ (Ecclessia), ഒരു പ്രത്യേക ഉദ്ദേശ്യത്തിനു വേണ്ടി കർത്താവിനാൽ വിളിച്ചുചേർക്കപെട്ട, രക്ഷിക്കപ്പെട്ടവരുടെ കൂട്ടമാണ്. ലോകമെങ്ങും ഉള്ള ഇങ്ങനെ ഉള്ള ആളുകൾ ചേർന്നതാണ് ആണ് സാർവ്വർത്രിക സഭ (Universal Church ). ഒരു പ്രദേശത്തുള്ള ഇക്കൂട്ടർ ഒരുമിച്ചു കൂടുന്നത് പ്രാദേശിക സഭ (Local Church ).

ഒരു വീട്ടിലെ ഭാര്യയും ഭർത്താവും കുട്ടികളും ചേർന്ന് പാട്ടു പാടി പ്രാർത്ഥന കഴിച്ചാൽ വീട്ടിലെ സഭായോഗം ആ കത്തില്ല. അത് കുടുംബ പ്രാർത്ഥന ആണ്. വീട്ടിലെ സഭ എന്ന് ബൈബിളിൽ ഉണ്ടല്ലോ എന്ന് ഇപ്പോൾ ചിന്തിക്കും.  ഉണ്ട്. എന്തിനെ കുറിച്ചാണ് വീട്ടിലെ സഭ എന്ന് പറയുന്നത്?

വാക്യങ്ങൾ നോക്കാം.

1 കോരി 16:19 ആസ്യയിലെ സഭകൾ നിങ്ങളെ വന്ദനം ചെയ്യുന്നു; അക്വിലാവും പ്രിസ്കയും അവരുടെ ഭവനത്തിലെ സഭയോടുകൂടെ കർത്താവിൽ നിങ്ങളെ വളരെ വന്ദനം ചെയ്യുന്നു. The churches of Asia salute you. Aquila and Priscilla salute you much in the Lord, with the church that is in their house.ഇവിടെ വീട്ടിലെ സഭ എന്നത് അക്വീലാവും ഭാര്യയും പിള്ളാരും അല്ല. അവരുടെ വീട്ടിൽ കൂടിവന്നിരുന്ന ലോക്കൽ സഭയാണെന്നു മനസ്സിലാക്കാൻ സാമാന്യ ബുദ്ധി മതി. അവർ സഭയോടുകൂടെ (with the church )വന്നനം ചെയ്തു. അക്കാലത്തു സഭകൾക്ക് വേറെ കെട്ടിടങ്ങൾ ഇല്ലായിരുന്നു.

ലവുദിക്യയിലെ സഹോദരന്മാർക്കും നുംഫെക്കും അവളുടെ വീട്ടിലെ സഭെക്കും വന്ദനം ചൊല്ലുവിൻ. (കോലോ.4:15)

ലവുദിക്യയിലെ സഹോദരന്മാർക്കും നുംഫെക്കും അവളുടെ വീട്ടിലെ സഭെക്കും വന്ദനം ചൊല്ലുവിൻ. ഇവിടെയും അവളുടെ വീട്ടിൽ കൂടിയിരുന്ന ലോക്കൽ സഭയെ കുറിച്ചാണ് പറഞ്ഞത്.

വാക്യങ്ങൾ പഠിച്ചു വേണം കാര്യങ്ങൾ പറയാൻ. അല്ലാതെ ഓരോ വീട്ടുകാർ പാടുന്നതും മറ്റും മുഖ പുസ്തകത്തിലും മറ്റും ഇട്ടു വീട്ടിലെ സഭായോഗം എന്ന് പറയുന്നതിൽ അർഥം ഇല്ല. ഗ്രഹ നാഥൻ പാസ്റ്ററല്ല. പാസ്റ്ററാകാൻ വിളിയുള്ളവർ ആകട്ടെ. ഓരോരുത്തരുടെയും വിളിയും കൃപാവരങ്ങളും തിരിച്ചറിയട്ട്. വാളെടുക്കുന്നവൻ എല്ലാം വെളിച്ചപാട് എന്ന പോലെ അല്ല സഭ.
സഭയിൽ ദൈവം ആക്കി വെച്ച ശുശ്രുഷകർ ഉണ്ട്….

“ദൈവം സഭയിൽ ഒന്നാമതു അപ്പൊസ്തലന്മാർ, രണ്ടാമതു പ്രവാചകന്മാർ മൂന്നാമതു ഉപദേഷ്ടാക്കന്മാർ ഇങ്ങനെ ഓരോരുത്തരെ നിയമിക്കയും പിന്നെ വീര്യപ്രവൃത്തികൾ, രോഗശാന്തികളുടെ വരം, സഹായം ചെയ്‍വാനുള്ള വരം, പരിപാലനവരം, വിവിധഭാഷാവരം എന്നിവ നല്കുകയും ചെയ്തു.”(1കോരി 12:28).

“അവൻ ചിലരെ അപ്പൊസ്തലന്മാരായും ചിലരെ പ്രവാചകന്മാരായും ചിലരെ സുവിശേഷകന്മാരായും ചിലരെ ഇടയന്മാരായും ഉപദേഷ്ടാക്കന്മാരായും നിയമിച്ചിരിക്കുന്നു;”(എഫേ 4:11).

“മിലേത്തൊസിൽ നിന്നു അവൻ എഫെസൊസിലേക്കു ആളയച്ചു സഭയിലെ മൂപ്പന്മാരെ വരുത്തി.”(അ. പ്ര 20:17).  വീട്ടിലെ മൂപ്പനെയല്ല, ജനറൽബോഡിയും അല്ല. മൂപ്പൻമാരെ പൗലോസ് വരുത്തി കാര്യങ്ങൾ പറഞ്ഞു. ഈ മൂപ്പൻമാരോടു പറയുന്നു….

“….നിങ്ങളെത്തന്നേയും താൻ സ്വന്തരക്തത്താൽ സമ്പാദിച്ചിരിക്കുന്ന ദൈവത്തിന്റെ സഭയെ മേയ്പാൻ പരിശുദ്ധാത്മാവു നിങ്ങളെ അദ്ധ്യക്ഷരാക്കിവെച്ച ആട്ടിൻ കൂട്ടം മുഴുവനെയും സൂക്ഷിച്ചുകൊൾവിൻ ഞാൻ പോയ ശേഷം ആട്ടിൻ കൂട്ടത്തെ ആദരിക്കാത്ത കൊടിയ ചെന്നായ്ക്കൾ നിങ്ങളുടെ ഇടയിൽ കടക്കും എന്നു ഞാൻ അറിയുന്നു.
ശിഷ്യന്മാരെ തങ്ങളുടെ പിന്നാലെ വലിച്ചുകളവാനായി വിപരീതോപദേശം പ്രസ്താവിക്കുന്ന പുരുഷന്മാർ നിങ്ങളുടെ ഇടയിൽ നിന്നും എഴുന്നേൽക്കും….”(അ. പ്ര 20:28-30).

അക്കാലത്തു തന്നെ ദുരുപദേശം പറയുന്നവർ ഉണ്ടായിരുന്നു. ഭാവിയിലും ഉണ്ടാകും എന്നും താക്കിത് നൽകി. ഇവരെ പ്രതിരോധിക്കുക എന്നതും മൂപ്പന്റെ കർത്തവ്യം ആണ്. ലോക്കഡോൺ കാലത്തും പുതിയ ദുരുപദേശവുമായി ചിലർ മലയാളികളുടെ ഇടയിൽ നിന്നും സാമൂഹ്യ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.

സഭയെ പരിപാലീക്കാൻ പരിശുദ്ധ ആത്മാവ് ആക്കിയ മൂപ്പന്മാർ ഉണ്ട്. പ്രായം കൂടിയാൽ വയസ്സൻ അകത്തുള്ളൂ, മൂപ്പനാകില്ല. മൂപ്പന്മാരെആക്കാൻപറഞ്ഞപൗലോസ്തന്നെ,അവർക്കുണ്ടായിരിക്കേണ്ട യോഗ്യതകളും പറയുന്നുണ്ട്. തീത്തോസ് 1:6-9 വരെ നോക്കുക. അവിടെ അവസാനം പറഞ്ഞിരിക്കുന്നത് ശ്രദ്ധേയമാണ്…..

പത്ഥ്യോപദേശത്താൽ പ്രബോധിപ്പിപ്പാനും വിരോധികൾക്കു ബോധം വരുത്തുവാനും ശക്തനാകേണ്ടതിന്നു ഉപദേശപ്രകാരമുള്ള വിശ്വാസ്യവചനം മുറുകെപ്പിടിക്കുന്നവനും ആയിരിക്കേണം.”

ഉപദേശം അറിയാവുന്നവനും, അത് പഠിപ്പിക്കുന്നവനും, ദുരുപദേശകരെ തിരുത്താനും അറിയുന്നവനെയാണ് മൂപ്പനാക്കേണ്ടത്. അല്ലാതെ എല്ലാ വീടും സഭയും വീട്ടുകാരൻ പാസ്റ്ററും ആകാനല്ല പറഞ്ഞത്. എല്ലാ വീടും ഓരോ സഭയായും, ഓരോ വീട്ടുകാരനെയും പാസ്റ്ററായും എണ്ണി റിപ്പോർട്ട്‌ അയച്ചു പണം തട്ടുന്ന ചില മിഷൻ സംഘടനകളെപ്പറ്റി കേട്ടിട്ടുണ്ട്‌.

ലോക്കഡോൺ ഉടനെ മാറും. പക്ഷെ ഈ കാലയളവിൽ പഠിപ്പിക്കുന്ന ദുരുപദേശങ്ങൾക്കു ദൂരവ്യാപകമായ പ്രതിഫലനം ഉണ്ടാകും. ആരോടും കണക്കു ബോധിപ്പിക്കണ്ടാത്തവരും, ആർക്കും കീഴ്‌പെടാത്തവരുമായ കുറെ ഓൺലൈൻ മൂപ്പന്മാരെ (പാസ്റ്റർമാരെ) നിങ്ങൾ സൃഷ്ടിക്കും. ഒരു സഭയിലും പോകാതെ, വീട്ടിലിരുന്നു ഓൺലൈൻ കൂട്ടായ്മക്ക് പോകുന്ന, തോന്നി യതുപോലെ ജീവിക്കുന്ന ഒരു തലമുറയെ നിങ്ങൾ സൃഷ്ടിക്കും.

അവർ ഓൺലൈൻ സ്തോത്ര കാഴ്ച പിരിച്ചു, ഓൺലൈൻ തിരുവത്താഴവും നടത്തി മുന്നേറും. ചാനലുകാർക് പുതിയ വരുമാന മാർഗങ്ങൾ ഉണ്ടാകും. അപ്പോൾ കള്ളപ്രവാചകന്മാർ പറയും…. “പിശാച് തടഞ്ഞു വെച്ച ചില നന്മകളെ ഞാൻ തരും, പുതിയ ഉറവകളെ തുറക്കും….. ”
പ്രിയരേ, നാം വഞ്ചിതരാകരുതു.

ദൈവിക ക്രമങ്ങൾക്കു കീഴ്പെടാമാം. ക്രമം കേട്ടു നടക്കുന്നവരെ ബുദ്ധി ഉപേഷിക്കേണ്ടവർ തന്നെ ക്രമം തെറ്റിക്കുമ്പോൾ വേദന ഉണ്ട്. ശേഷിച്ച കാര്യങ്ങളെ ക്രമപ്പെടുത്താം.കോവിഡിനെ നാം ദൈവത്താൽ അതിജീവിക്കും.

കഷ്ടത്തിലായ സഹജീവികളെ സഹായിക്കാം, പ്രാർത്ഥിക്കാം. കർത്താവിന്റെ വരവിനായി ഒരുങ്ങാം, സുവിശേഷം പ്രചരിപ്പിക്കാം.

–  ഫിലിപ്പ് പി.തോമസ്

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.